സൗഗന്ധികങ്ങളുടെ സൗരഭ്യം

മീരയുടെ കവിതകൾ പലതും പ്രസിദ്ധീകരിക്കുന്നതിനു മുൻപുതന്നെ ഞാൻ വായിച്ചിട്ടുണ്ട്‌. ആരും അവ ഇഷ്‌ടപ്പെടും. നിഷ്‌കളങ്കതയുടെ സാക്ഷ്യപത്രങ്ങളാണാ ‘മൗനരാഗങ്ങൾ’; അതിലുപരി സഹനത്തിന്റെ ഉത്തമമാതൃകകളുമാണ്‌.

ഇരുപത്‌ വയസ്സിനുള്ളിൽ ഒട്ടേറെ സഹിച്ചിരിക്കുന്നു ഈ പെൺകുട്ടി. നട്ടെല്ലിന്റെ വളർച്ച പൂർണ്ണമാകാത്ത അവസ്‌ഥയിലായിരുന്നു ജനനം. മൂന്ന്‌ മാസത്തിനുള്ളിൽ ഒരു സർജറി. ആറുവയസ്സുവരെ എടുത്താണ്‌ സ്‌കൂളിൽ എത്തിച്ചിരുന്നത്‌. പത്തുവയസ്സിന്‌ ശേഷമാണ്‌ ഉപകരണങ്ങളുടെ സഹായത്തോടെ കുറച്ചെങ്കിലും നടക്കാൻ കഴിഞ്ഞത്‌. പതിമൂന്നാം വയസ്സിൽ കാലിന്‌ ഓപ്പറേഷൻ. കാലുകളുടെ സ്വാധീനക്കുറവ്‌ മുഴുവൻ മാറിയിട്ടില്ല. ഇപ്പോൾ മണിപ്പാലിൽ ബിരുദത്തിന്‌ പഠിക്കുന്നു.

കടുത്ത അനുഭവങ്ങളിലൂടെയാണ്‌ മീരയുടെ ബാല്യകൗമാരങ്ങൾ കടന്നുപോയത്‌. വെകല്യം വിലപ്പെട്ട പലതും ആ കുട്ടിക്ക്‌ നഷ്‌ടപ്പെടുത്തി. മറ്റു കുട്ടികൾ സ്‌പോർട്‌സിന്‌ പോകുമ്പോൾ മീര ഒറ്റയ്‌ക്ക്‌ ക്ലാസ്സിലിരിക്കും. സ്‌കൂൾ അസംബ്ലിയിൽ സംബന്ധിക്കാനാവാതെ മാറിനിൽക്കേണ്ടിവരാറുണ്ട്‌. പതിനൊന്നിലെത്തിയപ്പോൾ ഇഷ്‌ടപ്പെട്ട സയൻസ്‌ വിഷയം ഉപേക്ഷിച്ച്‌ കൊമേഴ്‌സിലേക്ക്‌ മാറേണ്ടി വന്നു. ഒറ്റപ്പെടലുകളിൽ പിടയുമ്പോൾ സാധാരണ കുട്ടികളിൽ അപകർഷതാ ബോധമാണുണ്ടാകാറുള്ളത്‌. മാനസികമായി തകർന്ന അവർ തന്നിലേക്ക്‌ തന്നെ ഉൾവലിയും. മീര അതല്ല ചെയ്‌തത്‌. സഹിച്ചു; എത്രയെന്ന്‌ അളക്കാനാവാതെ ഭാവനയുടെ സ്വർണ്ണച്ചിറകുകൾ അവൾക്ക്‌ സാന്ത്വനമേകി.

കവിതയുടെ കാല്‌പനികലോകം നഷ്‌ടപ്പെട്ടതെല്ലാം മീരയ്‌ക്ക്‌ നേടിക്കൊടുത്തു. ആത്മവിശ്വാസമായിരുന്നു ഏറ്റവും വലുത്‌. ഉത്‌കർഷേച്ഛയാണ്‌ വീണുകിട്ടിയ ജീവിതത്തെ മുറുകെ പുൽകാനും ആവേശത്തോടെ പരിമിതികളെ അതിജീവിക്കാനും കരുത്തേകിയത്‌. തപ്‌തനിശ്വാസത്തിന്റെ നെടുവീർപ്പുകളാണ്‌ ആത്മഹർഷത്തിന്റെ തുടിപ്പുകളായി പുറത്തുവന്നത്‌. അതാണാ വരികളുടെ ഊർജത്തിനും ആർജവത്തിനുമടിസ്‌ഥാനം. ഏകാന്തതകളെ പ്രണയിക്കുന്ന കുട്ടിയുടെ ജീവിതം സ്‌നേഹം തേടിയലയുന്ന ഒരു യാത്രയായി മാറി.

എന്തായാലുമെനിക്കറിയാമൊന്നുമാത്രം

എന്റേതുമാത്രമീ ദീർഘയാത്ര

സ്‌നേഹവാത്സല്യങ്ങൾ തേടും യാത്ര

ഒരിക്കലുമവസാനിക്കാത്ത യാത്ര.

ഈ യാത്രയുടെ പൊരുളറിയുന്നത്‌ സ്‌നേഹംകൊണ്ട്‌ തന്നെ പൊതിയുന്ന മാതാപിതാക്കളിലാണ്‌. ‘അച്ഛനെയാണെനിക്കിഷ്‌ടം’ എന്ന കവിത പിതൃക്കളോടുള്ള കൃതജ്ഞതയുടെ പ്രകടനമാണ്‌. അവരോടുളളതിലുമേറെ കടപ്പാടുണ്ട്‌ ഏട്ടനോട്‌. തന്റെ കൊച്ചുവാശിച്ചെപ്പ്‌ തുറക്കുമ്പോൾ പുഞ്ചിരിയുടെ പൂത്തിരികത്തിച്ച്‌ വെളിച്ചം വിതറിയത്‌ ഏട്ടനാണ്‌. ആ ബന്ധത്തെ വിവരിക്കാൻ വാക്കുകൾക്കാവില്ല.

പിതാവിൻ സംരക്ഷണവും മാതാവിൻ വാത്സല്യവും

പ്രിയനേകും സ്വപ്‌നങ്ങളും തോഴന്റെ സൗഹൃദവും

ഒരുമിച്ചെനിക്കേകീടുമെന്നും കൂട്ടിനുള്ളേട്ടൻ

തെറ്റുകൾ തൻ ചുഴിയിൽ നിന്നും കൈപിടിച്ചുയർത്തീടും

ഏതൊരു വാക്കുണ്ടീ ബന്ധം വിവരിക്കുവാൻ

പകരം നിന്നീടുവാനാർക്കെങ്കിലുമാകുമോ?

പരിമിതമായ ഈ കുടുംബവൃത്തത്തിലൊതുങ്ങുന്നില്ല കുട്ടിയുടെ ചിന്തകൾ. ചുറ്റുമുള്ള ജീവിതത്തോടും അതിലെ പൊരുത്തക്കേടുകളോടുമൊക്കെ പ്രതികരിക്കാൻ ആ മനസ്സ്‌ വെമ്പുന്നു. കൗമാരത്തിലെ മയിൽപ്പീലിയുടെ സ്വപ്‌നങ്ങളിൽ നിന്ന്‌ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക്‌ മനസ്സ്‌ കുതറിയോടുന്നു. അച്‌ഛനുമമ്മയും അവരുടെ സ്‌നേഹവുമിപ്പോൾ നേരിയൊരോർമ്മയാവുന്നു. പകരം ജീവിതസത്യങ്ങളിൽ പിഴയ്‌ക്കുന്ന മനുഷ്യമനസ്സുകളുടെ പാഴ്‌പ്രണയങ്ങളും പാപചിന്തകളും മനസ്സിനെ അലോസരപ്പെടുത്തുന്നു. ആരെയാണ്‌ പഴിക്കേണ്ടത്‌, മനുഷ്യനെയോ അവന്റെ സ്രഷ്‌ടാവിനെയോ എന്നോർത്ത്‌ കവിമനസ്സ്‌ വ്യാകുലപ്പെടുന്നു.

സൈബർലോകം ബന്ധങ്ങളെ യാന്ത്രികമാക്കുന്നതെങ്ങനെയെന്ന്‌ തെളിയിക്കുന്ന രണ്ടു കവിതകളുണ്ടീ സമാഹാരത്തിൽ – ‘സച്ചിന്മയവും ’ഓണസന്ധ്യ ഓരോർമ്മസന്ധ്യ‘യും. ആദ്യത്തേത്‌ ചിരിക്കാനറിയാത്ത, കളികൾ മറന്ന, സ്‌നേഹിക്കാൻ ശേഷിയില്ലാത്ത, ഇന്റർനെറ്റി​‍െൻ വലയിൽ കുടുങ്ങിയ ബാല്യങ്ങളെയോർത്തുള്ള വിലാപമാണ്‌.

അച്ഛനുമമ്മയുമബുദാബിയിലും

അമ്മാവന്മാരാഫ്രിക്കയിലും

മാതൃസ്‌നേഹം ഇ-മെയിലുകളിലും

പിതൃസ്‌നേഹം ഫോറിൻ ഡ്രാഫ്‌റ്റിലും

ഒതുക്കുന്ന, സ്വാശ്രയ വിദ്യാഭ്യാസക്കടലിൽ മുങ്ങിത്താഴുന്ന ഒരു തലമുറ നാടിന്നാപത്താണ്‌. ഈ തിരിച്ചറിവ്‌ ഉൾക്കാഴ്‌ചയുള്ളതാണ്‌. മൂല്യങ്ങളിൽ വിശ്വാസമില്ലാതെ, മാനവികതയുടെ മഹത്തായ പാഠങ്ങൾ പഠിക്കാതെ ഒരു കൂട്ടം സൈബർക്കുട്ടികൾ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. റാഗിങ്ങും, ആത്മഹത്യകളും അക്രമവും ബാലപാഠങ്ങളാക്കുന്ന ഒരു തലമുറയെപ്പറ്റിയുള്ള ഉത്‌ക്കണ്‌ഠയാണ്‌ ഈ കവിതയുടെ കാതൽ. ഇതിന്റെ പുരാണമാണ്‌ ഓണസന്ധ്യയുടെ ഓർമ്മ. പുതുതലമുറ മുതിർന്നവരിൽ നിന്നെത്രകാതമകന്നിരിക്കുന്നു എന്നാണത്‌ വ്യക്തമാക്കുന്നത്‌.’ എവിടെയമ്മേയെന്നോണപ്പുടവ‘ എന്ന്‌ ചോദിച്ച്‌ ഉത്രാടനാളിൽ ഉണ്ണിവരുമെന്നോർത്തു അമ്മ കാത്തിരിക്കുന്നു. മകനിടുന്ന ഓണപ്പൂക്കളം സ്വപ്‌നം കാണുന്ന അമ്മയെതേടിയെത്തുന്നത്‌ ഒരാശംസാകാർഡാണ്‌. ആവേശത്തോടെ ആ കാർഡെടുത്തു; സ്വരം കേൾക്കാൻ, നിശ്വാസം ഏറ്റുവാങ്ങാൻ. പക്ഷേ കണ്ടത്‌ കമ്പ്യൂട്ടർപ്രിന്റുകൾ മാത്രം; ജീവനില്ലാത്ത യന്ത്രപ്പണികൾ. തിരുവോണനാളിൽ തുമ്പപ്പൂച്ചോറായ്‌ വിഷാദം വിളമ്പിയ ഉണ്ണിയെയോർത്ത്‌ അമ്മ തേങ്ങുന്നു. പേരക്കുട്ടികൾക്കുള്ള സമ്മാനങ്ങൾ ചിതറിക്കിടക്കുന്നു. സാമ്പാറും കാളനും കൂട്ടുകറികളും ദുർഗന്ധം പരത്തുന്ന ഓർമ്മകളായി മാറുന്നു.

ഒരു തലമുറയുടെ കണ്ണീർ ഈ കവിതയെ ഈറനാക്കുന്നു. ഓണപ്പുടവയുമായി കാത്തിരുന്ന്‌ കൺകഴയ്‌ക്കുന്ന അമ്മ, കമ്പ്യൂട്ടർകാർഡിൽ കടമ തീർക്കുന്ന ഉണ്ണി; ഡ്രാഫ്‌റ്റുകളിലൊതുങ്ങുന്ന ബന്ധങ്ങൾ – ഇവയൊക്കെ സമകാലിക ജീവിതത്തിന്റെ കൈയ്യൊപ്പുകളാണ്‌. ഇവ മാറ്റാൻ ആർക്കും കഴിയില്ല. ആരുമിതിൽ തെറ്റുകാരല്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന്‌ ഉൾക്കൊള്ളാനേ എല്ലാവർക്കും കഴിയൂ. അതുകൊണ്ടാണ്‌ അമ്മ പരിഭവം പറയാത്തത്‌. കാർഡുപോലുമയയ്‌ക്കാത്ത ഒരു കാലമുണ്ടാകാമെന്ന ഉൾഭയമാകാം അമ്മയെ മൗനത്തിന്റെ ഗർഭത്തിലടയ്‌ക്കുന്നത്‌.

മയിൽപ്പീലിക്കും തുമ്പപ്പൂവിനും ഗദ്‌ഗദങ്ങൾക്കുമപ്പുറം പറക്കാൻ തന്റെ പക്ഷിക്ക്‌ പേശീബലമുണ്ടെന്ന്‌ വ്യക്തമാക്കുന്നു ’രാധയോ മീരയോ‘ എന്ന ലഘു കവിത. ലളിതമാണിതിന്റെ ഘടന. കാർവർണ്ണനോടൊരു ചോദ്യം – ’രാധയേയോ മീരയേയോ ആരെയാണ്‌ കണ്ണന്‌ കൂടുതലിഷ്‌ടം? രാധ കളിത്തോഴിയാണ്‌, പ്രണയാതുരയാണ്‌. പാദങ്ങളിൽ പൂമാലയർപ്പിക്കുന്ന ഭക്തയാണ്‌ മീര.

അനുരാഗലോലയാം രാധതൻ കൊഞ്ചലോ

പ്രേമാരാധനയാം മീരതൻ മന്ത്രമോ

നിന്നുടെ കർണ്ണങ്ങളേറ്റുവാങ്ങി

താലോലിപ്പതു ചൊല്ലൂ കണ്ണാ.

രണ്ടുമെനിക്കിഷ്‌ടമാണെന്ന ഒഴുക്കൻ മറുപടിയല്ല കവിക്ക്‌ വേണ്ടത്‌. പ്രേമവും ഭക്തിയും രതിയുടെതന്നെ ഭാവങ്ങളാണ്‌. രാസവിലാസവിലോലരസാകുലമാണ്‌ രാധാമാധവസങ്കല്‌പം. പ്രണയത്തിന്റെ പ്രതീകമാണത്‌ – രതി തന്നെ. വിരതിയിലേക്ക്‌, വൈരാഗ്യത്തിലേക്ക്‌ നയിക്കുന്ന കൈവല്യത്തിലർത്ഥം കണ്ടെത്തുന്നതാണ്‌ ഭക്തി. മൗലികമായ ഈ ഭേദം രതിവിരതികൾക്ക്‌ തമ്മിലുണ്ട്‌. ഇവ രണ്ടും കണ്ണനിൽ സംഗമിക്കുന്നു എന്നതാണ്‌ ഇവിടെയുള്ള വൈരുദ്ധ്യം. പ്രേമപ്രകർഷാത്‌മകമായൊരു ഭാവതലം സൃഷ്‌ടിച്ച്‌ പ്രേമഭക്തിയെന്ന ഓമനപ്പേരിൽ ഈ കുരുക്കഴിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്‌. ദാർശനികതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്‌ ഈ വിഷയം. മീരയുടെ കാവ്യലോകം കൗമാരമൃദുലതകളിൽ നിന്ന്‌ വളർന്നു എല്ലുറപ്പും മെയ്‌ക്കൊഴുപ്പും നേടുന്നു എന്നതിന്‌ സാക്ഷ്യമാണ്‌ ഈ കവിത.

എവിടെയെന്നറിയുവാൻ വാങ്ങിക്കൊടുത്തൊരാ-

മൊബൈലും മകളുമിന്നെവിടെയെന്നറിയുമോ?

തുടങ്ങിയ കൊച്ചു കവിതകളിലും ഈ സവിശേഷത കാണാം. വെറും കടങ്കഥകളല്ല അവ.

ഇതിലെ ഓരോ കവിതയെപ്പറ്റിയും ഇത്തരത്തിൽ ധാരാളം പറയാനുണ്ട്‌. അതിന്‌ തുനിയുന്നില്ല. ഒന്നുമാത്രമുറപ്പിച്ചുപറയാം; ഭാവങ്ങൾ പ്രകൃതിയുടെ വികൃതിയല്ല; ഹൃദയത്തിന്റെ മിടുപ്പുകളാണ്‌. ചേമ്പിലയിലെ ജലബിന്ദുപോലെയല്ലവ; സ്വപ്‌നവും സായൂജ്യവുമാണ്‌ കൗമാരത്തിന്റെ മയിൽപ്പീലി. എന്നും അതങ്ങനെ തന്നെയായിരിക്കട്ടെ എന്നാണ്‌ മൗനരാഗം മൂളുന്ന മീരയെ ആശംസിക്കാനുള്ളത്‌.

ഈ സമാഹാരത്തിലെ കവിതകളെല്ലാം ലോകോത്തരങ്ങളാണെന്നല്ലെ വിവക്ഷ. യാത്ര തുടങ്ങിയതേയുള്ളൂ; കാതങ്ങളെത്ര ഇനിയും താണ്ടാൻ കിടക്കുന്നു!! തുടക്കം നന്നായി. വരുംകാലവസന്തത്തിന്റെ പൂവിളികൾ ഇതിൽ മുഴങ്ങുന്നു; സൗഗന്ധികങ്ങളുടെ സൗരഭ്യം അടുത്തണയുന്നു. സ്‌നേഹനാദങ്ങളുടെ പച്ചത്തുരുത്തുകൾ, വരണ്ട മണ്ണിൽ വലിയൊരാശ്വാസമാണ്‌; പ്രതീക്ഷയും.

Generated from archived content: book1_july22_09.html Author: dr_kg_paulose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English