ആനകൾ കാർട്ടൂണുകളിലൂടെ

ഭൂതലത്തിലെ മനോഹരമായ ജീവികളിൽ ഏറ്റവും വലുത്‌ ആനയാണ്‌. മേൽച്ചുണ്ടു വളർന്ന ഒരു അത്ഭുതമൂക്കായി തീർന്ന തുമ്പിക്കൈ ആണ്‌ ആനയുടെ പ്രത്യേകത. പണ്ട്‌ ഇത്തരത്തിൽ മുന്നൂറ്റി അമ്പത്‌ ആനവർഗ്ഗങ്ങൾ ഉണ്ടായിരുന്നുവത്രേ. പരിണാമത്തിലൂടെ രൂപാന്തരം പ്രാപിച്ച്‌ ഇന്ന്‌ ലോകത്തിൽ രണ്ട്‌ ആനവർഗ്ഗങ്ങൾ മാത്രമായി; ആഫ്രിക്കനും ഏഷ്യനും.

ഗജപുരാണമനുസരിച്ച്‌ സകല ജീവജാലങ്ങളുടെയും സൃഷ്‌ടികർത്താവായ ബ്രഹ്‌മാവ്‌തന്നെയാണ്‌ ആനകളെയും സൃഷ്‌ടിച്ചത്‌. ദേവലോകത്തിലെ ആനകൾക്ക്‌ ചിറകുകളും നാല്‌ ജോടി കൊമ്പുകളും ഉണ്ടായിരുന്നുവത്രേ. കുസൃതികളായ ആനകൾ മഹർഷിമാരുടെ പർണ്ണശാലകൾ നശിപ്പിച്ചതിന്റെ ഫലമായി അവർ ആനകളെ ശപിച്ചു. അതിന്റെ ഫലമായി ചിറകുകളും ഒരു ജോടി കൊമ്പുകളും നഷ്‌ടപ്പെട്ടു. തുടർന്ന്‌ അവ ഭൂതലത്തിൽ ചേക്കേറുകയും ചെയ്‌തു.

ആഫ്രിക്കൻ, ഏഷ്യൻ ആനകൾ തമ്മിൽ വളരെ വ്യത്യാസങ്ങളുണ്ട്‌. അതിൽ പ്രധാനം ആഫ്രിക്കനിൽ ആണിനും പെണ്ണിനും ഒരുപോലെ കൊമ്പുകൾ ഉണ്ട്‌ എന്നതാണ്‌. ഏഷ്യൻ ആനകൾക്കാണെങ്കിൽ ആണിനു മാത്രം കൊമ്പ്‌, പിടിയാനകൾക്കും മോഴക്കും തേറ്റകൾ മാത്രം.

ആനകളുടെ സ്വഭാവത്തെപ്പറ്റി പരിജ്ഞാനമില്ലാത്ത പാപ്പാന്മാർ കൈകാര്യം ചെയ്യുന്നതിനിടയിൽ ആനകൾക്ക്‌ പല പീഡനങ്ങളും ഉണ്ടാകുന്നു. ആനകൾക്ക്‌ പല പ്രത്യേക സ്വഭാവങ്ങളുമുണ്ട്‌. അവ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കണം. അതിൽ പ്രധാനം മദംപൊട്ടലാണ്‌. തലയ്‌ക്ക്‌ ഇരുവശത്ത്‌ തൊലിക്കടിയിൽ സ്‌ഥിതിചെയ്യുന്ന മദഗ്രന്ഥി, പ്രായപൂർത്തിയായ കൊമ്പനാനകളിൽ വീർത്ത്‌ അതിൽനിന്നും മദജലം ഒഴുകുന്നു. സാധാരണ ഒരു മാസം മുതൽ മൂന്നു മാസം വരെ ഇത്‌ നീണ്ടു നിൽക്കും. കൊല്ലത്തിൽ ഒരിക്കൽ മാത്രമേ ഈ പ്രതിഭാസം ഉണ്ടാകൂ. ഈ സമയത്ത്‌ മദമുള്ള ആനകൾക്ക്‌ ശരിയായ ബോധം ഉണ്ടാവുകയില്ല. അതിന്റെ ഫലമായി അവ അക്രമാസക്തരാകുകയും പല തരത്തിലുള്ള ഉപദ്രവങ്ങൾ ഉണ്ടാക്കിത്തീർക്കുകയും ചെയ്യും. ആനകളെ മദാരംഭത്തിൽ തന്നെ ചങ്ങലയ്‌ക്കിട്ട്‌ നല്ലവണ്ണം ബന്തവസ്സിൽ മരത്തിൽ കെട്ടുകയും തുടർന്നു മദാവസാനത്തിൽ മാത്രം അവയെ അഴിക്കുകയും ചെയ്‌താൽ ഇത്തരത്തിലുള്ള അപകടങ്ങൾ വളരെയധികം കുറയ്‌ക്കുവാൻ സാധിക്കും. എന്നാൽ ഇന്ന്‌ പല ഉടമസ്‌ഥരും പാപ്പാന്മാരും ഇപ്രകാരം ചെയ്യുന്നതിന്‌ വിമുഖത കാട്ടുന്നു. അതിനാലാണ്‌ ആനകൾ ഓടി സ്‌ഥാവരജംഗമവസ്‌തുക്കൾക്കും മനുഷ്യന്റെ ജീവനും നാശനഷ്‌ടങ്ങൾ ഉണ്ടാക്കിത്തീർക്കുന്നത്‌. ഒരളവോളം ശരിയായ വിധത്തിലുള്ള ബോധവത്‌കരണം പാപ്പാന്മാർക്കും ആനയുടമകൾക്കും ഉത്സവാഘോഷകമ്മിറ്റിക്കാർക്കും നല്‌കുകയാണ്‌ ഇതിനൊരു പരിഹാരം.

ഈ ബോധവത്‌കരണം പല തരത്തിലാകാം. കാർട്ടൂണുകളുടെ സഹായത്തോടെ ‘കേരള കാർട്ടൂൺ അക്കാദമി’ അങ്ങനെയൊരു സംരംഭത്തിന്‌ മുൻകൈയെടുത്തിരിക്കുന്നു. ഇതിലെ എല്ലാ കാർട്ടൂണുകളുടെയും ലക്ഷ്യം അതല്ല എങ്കിൽക്കൂടി ഈ ദൗത്യം ശ്ലാഘനീയമാണ്‌. വളരെ കുറഞ്ഞ വരകൾകൊണ്ടും കുറിക്കുകൊള്ളുന്ന ആശയങ്ങൾകൊണ്ടും കാർട്ടൂണിസ്‌റ്റുകൾ ലക്ഷ്യം സാധിച്ചിരിക്കുന്നു. ഈ കുറിപ്പിന്റെ ആരംഭത്തിൽ പരാമർശിച്ച ‘ആനശാപം’ കാർട്ടൂണിസ്‌റ്റുകൾക്ക്‌ അനുഗ്രഹമായി എന്നു തോന്നുന്നു. അല്ലെങ്കിൽ നാലുകൊമ്പും ചിറകും അലങ്കാരങ്ങളുമായി ഒരാനയെ വരച്ച്‌ ‘ഒപ്പിക്കാൻ’ അവർക്ക്‌ നന്നേ കഷ്‌ടപ്പെടേണ്ടി വരുമായിരുന്നില്ലേ?

പ്രസാധകർ ഃ ഡി.സി. ബുക്‌സ്‌

Generated from archived content: book1_apr17_10.html Author: dr_kc.panikar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here