കുഞ്ഞോതി

കുഞ്ഞോതിയെ ജോണിക്ക്‌ മറക്കാനാവില്ല, എത്രതന്നെ ശ്രമിച്ചാലും. അനുവാദമില്ലാതെ ബോധമനസ്സിലേക്ക്‌ അയാൾ നടന്നു കയറിവരും; കറുത്ത വട്ടമുഖത്ത്‌, നിറഞ്ഞു തെളിയുന്ന ചിരിയുമായി. നിരയൊത്ത വെളുത്ത പല്ലുകൾക്കിടയിലൂടെ ‘കുട്ടാ…’ എന്നൊരു വിളി പുറത്തേയ്‌ക്ക്‌ ഒഴുകുന്നതുപോലെയും തോന്നും.

അന്നും അതുതന്നെയാണ്‌ സംഭവിച്ചത്‌. ഇട്ടിക്കൊല്ലന്റെ ആലയിൽ കോടാലി മൂർച്ചകൂട്ടാൻ കൊടുത്തിട്ടുവരികയായിരുന്നു അവൻ. കൂരന്റെ കയറ്റമിറങ്ങി, കുറവൻ ചതുപ്പിന്റെ തെക്കേയറ്റത്തെ കുളത്തിൻ കരയിൽ എത്തിയപ്പോഴേക്കും ‘കുട്ടാ…’ എന്നൊരു വിളി. അവൻ തിരിഞ്ഞുനോക്കി. ആരെയും കണ്ടില്ല. പക്ഷേ ആ സ്വരം അവൻ ശരിക്കും കേട്ടതാണു താനും. അൽപ്പനേരം നിന്നതിനുശേഷം കുളത്തിന്റെ കൈവരിയിലൂടെ മുകളിലേയ്‌ക്ക്‌ നടക്കാൻ ശ്രമിച്ചപ്പോഴും ആ വിളി അവൻ കേട്ടു. കുറെക്കൂടി കൃത്യമായി.

‘കുട്ടാ… നീയെന്നെ മറന്നോ.’

മേഘദുന്ദുഭിയും ഉരഗസീൽക്കാരവും കേട്ടു തഴമ്പിച്ചിട്ടും ആ മലയോര കർഷകസന്തതി ചെവിയിൽ വന്നലച്ച ക്രന്ദനം കേട്ട്‌ ശരവേഗത്തിൽ വീട്ടിലേക്കു പാഞ്ഞു.

അവന്‌ ഓർമ്മ വെച്ച നാൾമുതൽ കുഞ്ഞോതി വീട്ടിലുണ്ട്‌, അപ്പന്‌ തുണയാളായി. പറമ്പിലും പാടത്തും പെണ്ണാളുകളോടൊപ്പം അയാൾ ജോലി ചെയ്‌തു. ഇടവേളകളിൽ അവനോട്‌ നുണക്കഥകൾ പറഞ്ഞു; കൂരൻ കുന്നിന്റെ നെറുകയിൽ കൂട്ടം കൂടി നിൽക്കുന്ന കരിമ്പനകളിൽ യക്ഷികൾ താമസിക്കുന്നുണ്ടെന്നും, നിലാവുളള രാത്രികളിൽ അയാളവരെ നേരിട്ടു കണ്ടിട്ടുണ്ടെന്നും മറ്റും. അന്തിക്കളളടിച്ച്‌ തിരിച്ചു വരുമ്പോൾ അയാളെ അവർ കൈകാട്ടി വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ശരിയായിരിക്കും. പണിക്കാരി പെണ്ണുങ്ങൾ കുഞ്ഞോതിയെ ഒളിക്കണ്ണിട്ടു നോക്കുന്നതും പൊതിച്ചോറ്‌ വിളമ്പാൻ നേരത്തും മുറുക്കാൻ കൊടുക്കുമ്പോഴുമൊക്കെ കയ്യിൽ തൊടുന്നതും അവൻ കണ്ടിട്ടുണ്ട്‌. ശ്വാസം മുഖത്തടിക്കുന്ന വിധത്തിൽ ചേർന്നു നിൽക്കുന്നതുകണ്ട്‌ വല്ലാതെ വരാറുണ്ട്‌. ഇരുട്ടായിരുന്നെങ്കിൽ അവരൊക്കെ ഇയാളെ കെട്ടിപ്പിടിച്ചേനെ എന്നും തോന്നിയിട്ടുണ്ട്‌. അപ്പോൾ പിന്നെ ആരെയെങ്കിലും കിട്ടിയാൽ മതി എന്നു കരുതി നടക്കുന്ന യക്ഷികളുടെ കാര്യം പറയണോ. കെട്ടിത്തൂങ്ങിയവരും കൊല്ലപ്പെട്ടവരുമൊക്കെയാണ്‌ യക്ഷിയാകുന്നതെന്ന്‌ പറഞ്ഞപ്പോൾ തെല്ലൊരു ഭയം തോന്നി. ചെല്ലയ്യന്റെ കാമുകി, ഗർഭിണിയായിരുന്നപ്പോൾ തൂങ്ങി മരിച്ച, രുഗ്‌മിണിയുടെ മുഖം നിലാവിൽ തിരിച്ചറിഞ്ഞുവെന്ന്‌ കുഞ്ഞോതി പറഞ്ഞതു മുതൽ അവൻ കഥകൾ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. അല്ലെങ്കിൽ തന്നെ കുഞ്ഞോതിയെ അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അയാൾ മറ്റു പണിക്കാരെപ്പോലെയായിരുന്നില്ല. വീട്ടിലെ സകല കാര്യത്തിലും അയാൾ ഉണ്ടായിരുന്നല്ലോ.

അടുക്കള വരാന്തയിൽ നിന്നും അമ്മച്ചി ‘കുഞ്ഞോതി’ എന്ന്‌ നീട്ടിവിളിക്കുന്നതിന്‌ ഒരു പ്രത്യേക താളമുണ്ടായിരുന്നു. വിളി തീരുന്നതിനുമുമ്പേ തണ്ടികയിൽ നിന്നും അയാൾ മുന്നിലെത്തിയിരിക്കും. തൊഴുത്തിനോട്‌ ചേർന്ന രണ്ടു മുറികളിലൊന്നിൽ പണിയായുധങ്ങൾ നിറച്ചിരിക്കുന്നു. നുകവും നേഞ്ഞിലും, ഞവിരിയും, പിരിച്ചുകെട്ടി വടിയും (മുടിങ്കോൽ), തൂമ്പയും പിക്കാസുമൊക്കെ. അടുത്ത മുറിയിൽ കാര്യമായൊന്നുമില്ല. ഒന്നുരണ്ട്‌ കാലിച്ചാക്കുകൾ കാണും. അതു തറയിൽ വിരിച്ച്‌ അതിൽ മലർന്ന്‌ കിടന്നു മയങ്ങുകയായിരിക്കും പലപ്പോഴും കുഞ്ഞോതി. പണിക്കാർക്ക്‌ വിശ്രമിക്കാനുളള ആ മുറിയുടെ ഭിത്തിയിൽ കുറേ ആണികൾ അടിച്ചിട്ടുണ്ട്‌. അതിലാരുടെയെങ്കിലും ഷർട്ട്‌ തൂങ്ങി കിടപ്പുണ്ടാകും. വേനൽക്കാലങ്ങളിൽ മുറിയുടെ മൂലയ്‌ക്ക്‌ ഉറങ്ങിയ റബ്ബർ ഷീറ്റുകൾ അട്ടിയിട്ടിട്ടുണ്ടാവും. പണി സമയം കഴിഞ്ഞാലും ഇരുളുംവരെ കുഞ്ഞോതി തണ്ടികയിൽ കാണും. കാളകൾക്ക്‌ രാത്രിയിലേയ്‌ക്കുളള വെളളവും വയ്‌ക്കോലും പുൽത്തൊട്ടിയിൽ നിക്ഷേപിച്ചിട്ടേ അയാൾ പോകൂ.

അന്ന്‌ കളത്തിൽ വീട്ടുകാർക്ക്‌ രണ്ടേർ കാളകളുണ്ട്‌. ഉയരം കൂടിയ നാല്‌ പാണ്ടിക്കാളകൾ. പുളളി, ചെമ്പൻ, ചുട്ടി, മാട എന്നിങ്ങനെ ജോണി അരുമയോടെ വിളിക്കുന്ന കരുത്തന്മാർ. സാധാരണയായി ഇത്തരം കാളകളെ വണ്ടിക്കാളകളായാണ്‌ ഉപയോഗിക്കുന്നത്‌. ഭാരവണ്ടി വലിക്കുന്നതിന്‌ ഉയരവും ശക്തിയും വേണം. കളത്തിൽ കുടുംബക്കാരുടെ പാടശേഖരം ചതുപ്പു നികത്തിയെടുത്തതാണ്‌. ശരാശരി ഒരു കോൽ താഴ്‌ചയുണ്ടാകും. ഈ ചെളിക്കയങ്ങളിലൂടെ നടന്നു നീങ്ങണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്നുകൊണ്ടുവരുന്ന വലിയ കാളകൾ തന്നെ വേണം.

പുളളിയേയും ചെമ്പനേയും ഒരു നുകത്തിൽ പൂട്ടി മാത്തച്ചനും, ചുട്ടിയേയും മാടയേയും മറ്റൊന്നിൽ പൂട്ടി കുഞ്ഞോതിയും തെളിക്കും. ഒന്നാം ചാൽ നീളത്തിലും രണ്ടാം ചാൽ കുറുകെയും വട്ടമെത്തിക്കഴിഞ്ഞാൽ കണ്ടത്തിൽ ചവറ്‌ നിരത്തും. തമ്പകമലയിലെ ഉയരം കുറഞ്ഞ മരങ്ങളിൽ നിന്നും കുറ്റിച്ചെടികളിൽ നിന്നും വെട്ടിയെടുക്കുന്ന ചെറുചില്ലകൾ ഒരാൾക്കെടുക്കാവുന്ന കെട്ടുകളാക്കി പെണ്ണാളുകൾ ചുമന്നുകൊണ്ടുവരുന്നു. ഇലപൊഴിക്കുന്ന വൻമരങ്ങളും നിത്യഹരിതമായ അടിക്കാടും ഈ കുന്നിന്റെ പ്രത്യേകതയാണ്‌. താഴ്‌വരയിലെ കൃഷിക്കാർ ഈ സർക്കാർ വനത്തെ ആവുംവിധം ചൂഷണം ചെയ്യുന്നു. നുകവും നുകക്കയ്യും എന്നുവേണ്ട, നേഞ്ഞിലിന്റെ പിടിവരെ നാട്ടുകാർ വനത്തിൽ ചുമത്തുന്ന അനധികൃത നികുതിയിൽപ്പെടുന്നു. രാസവളം പ്രചാരത്തിലെത്തിയെങ്കിലും പച്ചിലവളവും ചാണകവുമ പാടത്ത്‌ പൊന്നുവിളയിപ്പിക്കുമെന്ന്‌ അവർ വിശ്വസിക്കുന്നു. മൂന്നാം ചാലുഴുവുന്നത്‌ ചവറ്‌ ചവിട്ടി താഴ്‌ത്താനാണ്‌. അതിനുശേഷം ഞവിരി പൂട്ടി കണ്ടം നിരത്തും. തേകി നനയ്‌ക്കുന്ന പാടങ്ങളിൽ വെളളം ഒരു പരപ്പെങ്കിലും ഒഴുകിയെത്താൻ നിലത്തിന്‌ നിരപ്പ്‌ അത്യാവശ്യമാണ്‌. എന്നിട്ടേ വിത്തെറിയൂ. വേങ്ങയുടെ പലകയാണ്‌ ഞവരിയുണ്ടാക്കാനുപയോഗിക്കുന്നത്‌. ഒമ്പതടി നീളവും ഏഴിഞ്ചുവീതിയും ഒന്നരയിഞ്ചു കനവുമുളള പലകയിൽ കൈപ്പിടി ഉറപ്പിച്ചിരിക്കും.

കുഞ്ഞോതിയുടെ ശരീരത്തിലെ കരുത്തുറ്റ മാംസപേശികൾ അവൻ നോക്കിനിൽക്കാറുണ്ട്‌. തന്റെ അപ്പന്‌ എത്ര മെലിഞ്ഞ ശരീരമാണുളളത്‌. അഞ്ചാറാൾ പൊക്കമുളള കുടപ്പനയിൽ കയറി കുഞ്ഞോതി ഓല വെട്ടിയിടുന്നത്‌ അവൻ കണ്ടിട്ടുണ്ട്‌. തെങ്ങിൻ മടലിനെക്കാൾ വലുപ്പമുളള പനമ്പട്ടകൾക്ക്‌ രണ്ടുവരി മുളളുകളുണ്ട്‌. ഈർച്ച വാളിന്റെ മൂർച്ചയും അതിനേക്കാൾ അടുപ്പവുമുളള മുളളുകൾ. അവയൊക്കെ തരണം ചെയ്‌ത്‌ ഒരു മരഞ്ചാടിയെപ്പോലെ കയറി പോകുമ്പോൾ ഉയരങ്ങൾ കീഴടക്കുന്നതിലെ ഉത്സാഹം അയാളുടെ മുഖത്തുകാണാം. കൂർത്ത മുളളുകളിൽ ചവിട്ടുന്നതു കണ്ടാൽ തെങ്ങിന്റെ കവിളൻ മടലിൽ കാൽ വെയ്‌ക്കുകയാണെന്നേ തോന്നൂ. ഭൂമിയുടെ പരുക്കൻ പ്രതലങ്ങളിലൂടെ നഗ്നപാദനായി നടന്നു ശീലിച്ച അയാൾക്ക്‌ പനയുടെ പ്രതിരോധം എത്ര നിസ്സാരം!

കുടപ്പനയിൽ താമസക്കാരുണ്ട്‌. വിസ്‌താരമേറിയ ഇലകളുടെ ഞരമ്പുകൾ കടിച്ചൊടിച്ച്‌ താഴേയ്‌ക്ക്‌ മടക്കി മഴ നനയാത്ത, ശത്രുക്കളാക്രമിക്കാത്ത വാസസ്ഥലമുണ്ടാക്കുന്നു, നരിച്ചീറുകൾ. ഇലവെട്ടിയിടുമ്പോൾ അവയുടെ കുഞ്ഞുങ്ങൾ താഴെവീഴും. അവയെ പിടികൂടാനാണ്‌ ജോണി കാവൽ നിൽക്കുന്നത്‌.

പനയോല തൊഴുത്തുമേയാനും പനങ്കൈകൾ കെട്ടുവളളിയുണ്ടാക്കുവാനും ഉപയോഗിക്കുന്നു. പനമ്പട്ട തല്ലിച്ചതച്ച്‌ പുറംതൊലി ചീന്തിക്കളഞ്ഞാൽ നല്ല വഴക്കമുളള കെട്ടുവളളികളായി. ഇതുകൊണ്ടാണ്‌ നുകത്തെ നേഞ്ഞിലിന്റെ ഇയാക്കോലുമായി ബന്ധിപ്പിക്കുന്നത്‌. ഇരുപൂൾ മരത്തിന്റെ കാതലോടു ചേർന്ന വെളളയാണ്‌ ഇയാക്കോലിന്‌ ഉപയോഗിക്കുന്നത്‌. വളഞ്ഞാലും ഒടിയില്ല. അരയ്‌ക്കു താഴുന്ന ചെളിക്കണ്ടങ്ങളിൽ കലപ്പ അപ്രായോഗികമാണ്‌. അതുകൊണ്ട്‌ അതിന്റെ പൂർവ്വരൂപമാണ്‌ നേഞ്ഞിലാണ്‌ ഇക്കാലത്തും ഉപയോഗിക്കുന്നത്‌. നേഞ്ഞിലിന്റെ കൊഴുവിന്‌ വീതി കുറവാണ്‌. നാവിന്‌ മുഖക്ഷൗരം ചെയ്യാനാവുന്നവിധം മൂർച്ചയുമുണ്ട്‌. ഇത്‌ ഉഴവുകാളകളുടെ ആയാസം കുറയ്‌ക്കുന്നു.

ഉഴവു ദിനങ്ങളിൽ പാടത്തേയ്‌ക്ക്‌ ചോറുകൊണ്ടുപോകുന്നത്‌ ജോണിയാണ്‌. തലയിൽ ചോറുകുട്ടയും കൈയിൽ വെളളവും തൂക്കി അവൻ വരമ്പത്തെത്തും. കാളയെ നിർത്തി തോട്ടിൽ കൈകഴുകി അപ്പനും കുഞ്ഞോതിയും കയറി വരും. ചോറുണ്ണാൻ വരമ്പത്തു തന്നെ ഇല വിരിയ്‌ക്കും. ആ തക്കം നോക്കി ജോണി കണ്ടത്തിലിറങ്ങും. നേഞ്ഞപ്പിടിയിൽ കൈവച്ചു കഴിഞ്ഞാൽ കാളകൾ നടക്കാൻ തുടങ്ങുകയായി. ചാലിലൂടെയൊന്നുമല്ല, അവയ്‌ക്ക്‌ തോന്നുന്ന വഴിക്ക്‌. കണ്ടം വിട്ട്‌ പോകാറില്ലെന്നുമാത്രം.

‘എന്താ കുഞ്ഞോതി ഇവറ്റകൾക്ക്‌ ഒരു അനുസരണേമില്ലാത്തേ…’

ഒരിക്കൽ അവൻ പരിഭവിച്ചു.

‘അതേ കുഞ്ഞേ അവറ്റകൾക്ക്‌ ആളറിയാം. ജീവികൾക്ക്‌ ബുദ്ധീണ്ട്‌. മനുഷൻമാർക്ക്‌ മാത്രേളളൂന്ന്‌ നമ്മള്‌ പറയും, പക്ഷേല്‌ ഏൻ പറയാലോ ഒന്നുകിൽ എല്ലാറ്റിനും ബുത്തീണ്ട്‌. അല്ലേല്‌ ആർക്കൂല്ല്യ…’

കുഞ്ഞോതിയോട്‌ തർക്കിക്കാൻ അവനാളല്ല. മകൻ പണി പഠിക്കട്ടേയെന്നു കരുതി, പാടത്തിറങ്ങുമ്പോൾ മാത്തച്ചൻ അവനെ തടുക്കാറില്ല. ഊണു കഴിയുമ്പോഴേയ്‌ക്കും അവൻ രണ്ടുമൂന്നു തൊടി ചുറ്റിയിരിക്കും.

‘കുഞ്ഞേ, വടക്കേ വരമ്പിന്റടുത്ത്‌ കാളേ തെളിക്കരുത്‌. അവിടെ ചതുപ്പാ… താഴും. പണ്ടെങ്ങാണ്ടോ കുളം നികത്തീതാ. നോക്കി കാലുവച്ചില്ലെങ്കിൽ താണുപോകും…’ കുഞ്ഞോതി താക്കീതു നൽകി.

‘ഞാൻ നോക്കിക്കൊളളാം..’ അവൻ തിരിഞ്ഞു നോക്കാതെ വിളിച്ചുപറഞ്ഞു.

‘ഹോ… അതു ഞാനോർത്തില്ല കുഞ്ഞോതീ. നിനക്കെന്തോരോർമ്മ ശക്തിയാ…’ അവറാച്ചൻ അത്ഭുതപ്പെട്ടു.

‘ഇതടിയന്റെ ചോറല്ലേ. ഏനിതൊക്കെ മറന്നാ ശരിയാവ്വോ…’

കുഞ്ഞോതി മാത്രമേ പണിക്കുളളുവെങ്കിൽ അവന്‌ കൂടുതൽ സമയം ഉഴുവാൻ കിട്ടും. ഊണു കഴിഞ്ഞാൽ അയാൾ പിന്നാലെ നടന്ന്‌ കാളകളോട്‌ സംസാരിച്ചുകൊണ്ടിരിക്കും. തിരിയെടാ… ചുറ്റിയടിക്കെടാ… എന്നൊക്കെ. കന്നുപൂട്ടുന്നവൻ കാലികളുടെ മനസ്സറിയണം. അത്‌ കുഞ്ഞോതിയ്‌ക്കറിയാം; കാളകൾ അവന്‌ കൂടപ്പിറപ്പുകളായിരുന്നു.

കുഞ്ഞോതിക്കുളള പൊതിച്ചോറിൽ വീട്ടിൽ വിളമ്പാത്തത്‌ എന്തെങ്കിലും കാണും. അമ്മച്ചി പ്രത്യേകം തയ്യാറാക്കിയത്‌. മുട്ട വറുത്തതോ ഇറച്ചി ചുട്ടതോ എന്തെങ്കിലും.

‘അത്‌ എനക്കുളള സ്‌പെഷൽ. വിതയ്‌ക്കുന്നതും വിളയിക്കുന്നതും ഏനല്ലേ അതോണ്ടാ…’

കുഞ്ഞോതി അഭിമാനത്തോടെ തട്ടിവിടും. അവന്‌ അസൂയ തോന്നും.

അന്ന്‌, പാടം വിതയ്‌ക്കൊരുക്കുന്ന ദിവസമായിരുന്നു. കണ്ടങ്ങളെല്ലാം മൂന്നു ചാലും ഉഴുതുകഴിഞ്ഞു. ഇനിയെല്ലാം കൂടി ഞവരികെട്ടി അടിച്ചു നിരത്തണം. എന്നിട്ടു വേണം വെളളം വറ്റിച്ച്‌ വിതയ്‌ക്കാൻ. സ്‌കൂൾ അവധിയായതിനാൽ പാടത്തിനരികത്തെ കുളത്തിൽ ചൂണ്ടലിട്ടുകൊണ്ടിരിക്കുകയായിരുന്നു ജോണി. കളളുപനയുടെ കൈവെട്ടിയെടുത്ത്‌ ഇല ചീകി കഴിഞ്ഞാൽ പ്രകൃതിദത്തമായി വളവുളള ചൂണ്ടക്കണ തയ്യാറായി. അതിന്റെ അറ്റത്ത്‌ ചൂണ്ടനൂൽ കെട്ടി, മണ്ണിരയെ കൊരുത്ത്‌, പൊങ്ങുതടിയും പിടിപ്പിച്ച്‌ കുളത്തിന്റെ മദ്ധ്യത്തിലേയ്‌ക്ക്‌ നീട്ടിയെറിഞ്ഞിട്ട്‌ കരയിൽ കാത്തിരിക്കുക. അതവന്‌ രസമാണ്‌.

ഞവരിയടിക്കുന്ന ദിവസമായതുകൊണ്ട്‌ അവന്റെ മുഴുവൻ ശ്രദ്ധയും കണ്ടത്തിലായിരുന്നു. അപ്പൻ ഞവരി പിടിച്ചിരിക്കുന്നു. കുഞ്ഞോതി കാള മറിയുകയാണ്‌. ഞവരിയേയും നുകത്തേയും ബന്ധിച്ചിരിക്കുന്ന രണ്ട്‌ കമ്പികൾക്കിടയിൽ ഇറങ്ങിനിന്നുവേണം കാളകളെ നിയന്ത്രിക്കാൻ. പിന്നിൽ നിൽക്കുന്നയാൾ ഞവരിക്കൈയമർത്തിപ്പിടിച്ച്‌ നിലം നിരപ്പാക്കിപ്പോകും.

കാളമറിയുന്നത്‌ ശ്രദ്ധിച്ചുവേണം. ഇല്ലെങ്കിൽ വീഴും. ഞവരി തലയ്‌ക്കുമീതെ കയറിയിറങ്ങും. ചെളിയിൽ പുതഞ്ഞുപോയതുതന്നെ.

വടക്കേ വരമ്പിനോടു ചേർന്ന്‌ ഞവരിപിടിക്കുകയായിരുന്നു മാത്തച്ചൻ. പെട്ടെന്ന്‌ ഞവരി ചെളിയിൽ നിന്നും അല്‌പമുയർന്നു. കാളകളുടെ വേഗം കൂടി. ഞവരി തട്ടി കുഞ്ഞോതി ചെളിയിൽ കമഴ്‌ന്നു വീണു. ഞവരി അയാളുടെ മുകളിലൂടെ കയറിയിറങ്ങി. അപ്പൻ കാളയെ നിറുത്താതെ ചവറു ചവിട്ടുന്നതുപോലെ കുഞ്ഞോതിയെ ചതുപ്പിൽ ചവിട്ടിപിടിക്കുന്നതവൻ കണ്ടു. അവൻ ഓടി വരമ്പത്തെത്തിയപ്പോഴേയ്‌ക്കും കുഞ്ഞോതി ചതുപ്പിൽ താണു കഴിഞ്ഞിരുന്നു. അവൻ ആർത്തുവിളിച്ചു. മറ്റു പണിക്കാരോടിയെത്തി, പണിപ്പെട്ടാണ്‌ കുഞ്ഞോതിയെ പൊക്കിയെടുത്തത്‌. മൂക്കിലും വായിലുമൊക്കെ ഉഴവുചളി കയറിയതിനാൽ അയാൾക്ക്‌ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. തോർത്തുകൊണ്ട്‌ തുടച്ചും, തോട്ടുവെളളത്തിൽ കഴുകിയും അവരൊക്കെ ആവത്‌ ശ്രമിച്ചു. പക്ഷേ അപ്പോഴെക്കും കുഞ്ഞോതി മരിച്ചു കഴിഞ്ഞിരുന്നു​‍ു.

‘കാള മറിഞ്ഞപ്പോൾ കാലുതെന്നിയതാ…’

അപ്പൻ സംഭവം വിവരിക്കുന്നതവൻ കേട്ടു. അപ്പോൾ ജോണിയുടെ കാലുകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. അവന്റെ നാവിറങ്ങിപ്പോയിരുന്നു.

അപ്പൻ എന്തിനാണിങ്ങനെയൊരു അതിക്രമം കാണിച്ചതെന്ന്‌ എത്രയാലോചിച്ചിട്ടും അവന്‌ പിടികിട്ടിയില്ല. ഉറക്കമില്ലാത്ത രാത്രികൾ വിരുന്നുവന്നുകൊണ്ടേയിരുന്നു. ഒടുങ്ങാത്ത ചിന്തകളും. ആരൊടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അൽപ്പം സമാധാനം കിട്ടിയേനെ. പക്ഷേ എന്തുചെയ്യാൻ മനസ്സിന്റെ തുലാസിൽ അപ്പനും കുഞ്ഞോതിയും സ്ഥാനം പിടിച്ചു. തട്ടുകൾ ഉയരുകയും താഴുകയും ചെയ്‌തുകൊണ്ടേയിരുന്നു.

അത്തവണ മുണ്ടകൻ വിതയുണ്ടായില്ല. പണിക്കാരില്ലാത്തതുകൊണ്ട്‌ പുളളിയേയും മാടയേയും അപ്പൻ വിറ്റുകളഞ്ഞു. പിന്നെ വിരിപ്പൂകൃഷിക്ക്‌ ആ കണ്ടത്തിൽ കാളപൂട്ടുകയായിരുന്നു മാത്തച്ചൻ. വടക്കേ വരമ്പിനടുത്തെത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ ചുട്ടിക്കാള നുകമൊടിച്ച്‌ അയാളെ കുത്തി-അതെ കുഞ്ഞോതിയുടെ പ്രിയപ്പെട്ട, നെറ്റിയിൽ വെളുത്ത ചുട്ടിയുളള, മിടുക്കൻ തന്നെ-അതിനുശേഷം മാത്തച്ചൻ കന്നുപൂട്ടിയിട്ടേയില്ല. കൃഷിപ്പണി അതോടെ നിന്നു.

എല്ലാം മായ്‌ക്കുന്ന കാലം അവനെയും തുണച്ചു. എങ്കിലും പാടത്തെത്തുമ്പോഴൊക്കെ അവന്റെ കണ്ണുകൾ നിറഞ്ഞു. അങ്ങനെ ആ വഴിക്കുളള നടത്തം അവസാനിപ്പിച്ചു. ഇപ്പോൾ വർഷം പത്തു കഴിഞ്ഞിരിക്കുന്നു. അപ്പനും കാലയവനികയ്‌ക്കുളളിൽ മറഞ്ഞുകഴിഞ്ഞു. വളരുംതോറും, പഴയകാല സംഭവങ്ങൾ, അവൻ ചേർത്തുവായിക്കാൻ തുടങ്ങി.

പാടത്ത്‌ ഉഴവുനടന്നുകൊണ്ടിരിക്കുന്ന ദിനങ്ങൾ. ഒരു രാത്രിയിൽ കുറുക്കൻമാർ ഓരിയിടുന്നതു കേട്ടാണ്‌ അവനുണർന്നത്‌. കിടക്കയിൽ പരതിയപ്പോൾ അമ്മയില്ല. അപ്പൻ അടുത്ത മുറിയിലാണുതാനും. അവൻ പിടഞ്ഞെണീറ്റു. ജനാലയ്‌ക്കപ്പുറത്ത്‌ ആരോ സംസാരിക്കുന്നതുപോലെ അവനു തോന്നി. പേടിച്ച്‌ ശബ്‌ദമുണ്ടാക്കാതെ അവൻ ജനലിന്റെ കതകു തളളിത്തുറന്നു. ഒരു കുളിർകാറ്റ്‌ അവനെ തഴുകി കടന്നുപോയി. മുറ്റവും മാവിൻതോപ്പും കരിമ്പടം പുതച്ചുകിടക്കുന്നു. ഒന്നും വ്യക്തമല്ല.

പതുക്കെ മേഘപടം പകഞ്ഞുമാറ്റി അർദ്ധചന്ദ്രൻ പുഞ്ചിരിച്ചു. നരച്ച നിലാവെളിച്ചത്തിൽ രണ്ടു മനുഷ്യരൂപങ്ങൾ തെളിഞ്ഞുവന്നു.

‘അമ്മേ…’ അവൻ വിളിച്ചു.

മറുപടിയുണ്ടായില്ല. രണ്ടു രൂപങ്ങളും തെന്നിയകലുന്നതും ഒരാൾ വീടിനുനേരെ വരുന്നതും അവൻ കണ്ടു.

‘ആരാ അമ്മേ അത്‌..’

വന്നുകയറിയപാടേ അവൻ ചോദിച്ചു.

‘ആരൂല്ലാ… മോൻ കിടന്നുറങ്ങാൻ നോക്ക്‌.’

അവൻ കിടന്നുറങ്ങി. പക്ഷേ നീലനിശീഥിനിയുടെ നിശ്ശബ്‌ദ യാമങ്ങളിൽ, കാലാതിവർത്തിയായ രൂപങ്ങൾ കൈക്കൊണ്ട ദൈത്യന്യായങ്ങൾ, ഒറ്റയ്‌ക്കൊറ്റയ്‌ക്കും കൂട്ടമായും അവനു ചുറ്റും നൃത്തം ചെയ്‌തുകൊണ്ടേയിരുന്നു.

Generated from archived content: story1_aug17_05.html Author: dr_jks_veettor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here