സ്‌നേഹപൂർവ്വം

എവിടെയെങ്കിലും കണ്ടുവോ നീയെന്നെ

കവിളിലൂടെ ജലംവാർന്നിടുന്നതായ്‌

എവിടെയെങ്കിലും കേട്ടുവോ നീയെന്റെ

യവിയുമാത്മാവിന്റെ ഗദ്‌ഗദവീചികൾ

ഇവിടെ ഞാൻ നിന്റെ കാവലാൾ നൊമ്പര-

ച്ഛവിയുമായ്‌ മുഖംമൂടി നടപ്പവൻ

ഇവിടെ ഞാനെൻ മനസ്സുലഞ്ഞെത്തുന്ന

കവിത ചൊല്ലിക്കടം വീട്ടിനീങ്ങുവോൻ

തെരുവിലെന്ന നീ കണ്ടിരിക്കാമന്നു

ചകിത ചിത്തനായ്‌ കൈനീട്ടിനില്‌പതായ്‌

വയലിൽ നീയെന്നെ കണ്ടുകാണാം കതിർ

വയറുകാഞ്ഞു, പറിച്ചുതിന്നുന്നതായ്‌

അവിടെ നിന്റെ മുഖം തിരിയുന്നതും

പുതുവഴിക്ക്‌ കഴലുകൾ പോവതും

ഒരുമിഴിക്കന്നു കണ്ടതാം സത്യത്തെ

മറുമിഴിക്കു നിഷേധിച്ചുനിന്നു ഞാൻ

അറിയുകയില്ല, യിവനെൻ വയസ്യന-

ല്ലവനിയിൽ കണ്ടതോർക്കുന്നതില്ല ഞാൻ

പലചെവികൾ മറിഞ്ഞെത്തിയെൻ കാതിൻ

പടലമാകെ കുലുക്കിയ വാക്കിനെ

തലകുടഞ്ഞു പുറത്തു കളഞ്ഞുഞ്ഞാൻ

മറവി മർത്യന്റെ കൂടപ്പിറപ്പുതാൻ

ചെറിയ തീർപ്പുകൾ കല്പിച്ചിടട്ടെയെൻ

അറിവുതുച്ഛമാണെങ്കിലുമിങ്ങനെ

അറിയൂ നീ എന്നുമെന്നുടെ സോദരൻ

അറിവു ഞാൻ നിനക്കാരുമല്ലെന്നുമേ.

Generated from archived content: poem1_june13_08.html Author: dr_jks_veettor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here