എന്തൊരു കുതിപ്പായിരുന്നു ലോകത്തിന്! ദിവസം പിന്നിടുന്തോറും വേഗം കൂടിക്കൊണ്ടിരുന്ന പ്രയാണം. ചുറ്റിലുമുള്ളവരെയൊന്നു കാണാതെ മുന്നോട്ടു മാത്രം നോക്കി, ലാഭത്തിൽ തന്നെ കണ്ണുവച്ച്. ‘Too swift arrivers as tardy as too slow എന്ന് Romeo and Juliet-ൽ ഷേക്‌സ്‌പിയർ പറഞ്ഞത് മറന്നുപോയതുപോലെ.
അങ്ങനെയോടിയാൽ എന്താണു സംഭവിക്കുകയെന്ന് നാമിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഫോൺകണക്ഷന് കാശുകെട്ടിവച്ചവനോട്, തിരക്കി ചെല്ലുമ്പോൾ ബി.എസ്.എൻ.എൽ. അധികൃതർ; ഫോണില്ല, ഫോണുള്ളപ്പോൾ തൂണില്ല, തൂണുള്ളപ്പോൾ കമ്പിയില്ല എന്നൊക്കെ, പറഞ്ഞിരുന്നതുപോലെ, ലോണെടുക്കാൻ ചെല്ലുന്നവനോട് അപ്പൂപ്പന്റെ ജാതകം വരെ ചോദിച്ചിരുന്ന ബാങ്കുകൾ നട്ടപ്പാതിരയ്‌ക്ക് വീട്ടിലേയ്‌ക്കു വിളിച്ച് കുശലന്വേഷണം നടത്തുകയും ലോൺ വേണമോയെന്നു തിരക്കുകയുമൊക്കെ ചെയ്‌ത സമീപകാലത്ത് എവിടെയോ എന്തോ പന്തികേട് എനിക്കു തോന്നിയിരുന്നു. പ്ലസ് വണ്ണിനു കണക്കെടുത്തു പഠിച്ചവനെ റോഡിലിറങ്ങിനിന്നാൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾ പിടികൂടാനെത്തുന്നതുപോലെയൊരു അനുഭവം. ഒരു ഡോക്‌ടറായതുകൊണ്ട് പണം തിരിച്ചുകിട്ടുമെന്നുള്ള ഉറപ്പുകൊണ്ടായിരിക്കാം ഇങ്ങനെയുള്ള പരാക്രമങ്ങൾ എന്നു സമാധാനിച്ചു. പക്ഷേ അപഥ സഞ്ചാരിണികളുടെ തേൻമൊഴികൾകേട്ട് തന്നോടുമാത്രമേ സ്‌നേഹമുള്ളുവെന്ന് ഒരു നാട്ടുമ്പുറത്തുകാരൻ തെറ്റിദ്ധരിക്കുന്നതുപോലെയായിരുന്നു എന്റെ ധാരണയെന്നുമാത്രം. പ്രൈവറ്റ് ബാങ്കുകൾ എല്ലാവരോടും ചോദിച്ചു കൊണ്ടേയിരുന്നു – ലോൺ വേണമോയെന്ന്
തിരിച്ചടയ്‌ക്കാൻ ആഗ്രഹിക്കുന്നവൻ ലോൺ തുക പരമാവധി കുറയ്‌ക്കാൻ ശ്രമിക്കും. അത്രയും കുറച്ച് ഭാരം വലിച്ചാൽ മതിയല്ലോ. എന്നാൽ ലോണടച്ചു തീർക്കാൻ മനസ്സില്ലാത്തവൻ കിട്ടിയ അവസരത്തിൽ പരമാവധി തുക കീശയിലാക്കാൻ ശ്രമിക്കും. എന്തായാലും കടം, എന്നാൽപ്പിന്നെ ഉള്ളതും പോരട്ടെ എന്ന മട്ടിൽ. എന്തെല്ലാം വായ്‌പകളാണ് വച്ചു നീട്ടുന്നത് സ്‌ഥലം വാങ്ങാൻ വായ്‌പ, വീടുവയ്‌ക്കാൻ വായ്‌പ, പണിതത് പുതുക്കാൻ വായ്‌പ, ഉപകരണങ്ങൾ വാങ്ങാൻ, തുണി വാങ്ങാൻ എന്തിനധികം പലചരക്കുകടയിൽ നിന്നു സാധനം വാങ്ങാനുള്ള കാർഡുകൾ. നല്ലതുതന്നെ. പക്ഷെ ഇതൊക്കെ തിരിച്ചടയ്‌ക്കാൻ ശേഷിയുള്ളവർക്കാണോ കൊടുക്കുന്നതെന്ന് നല്‌കുന്നവർ ഉറപ്പാക്കണം. അല്ലാതെ വാങ്ങുന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്താണ് നമ്മുടെ നാട്ടിൽ അടുത്തകാലത്ത് നടന്നുകൊണ്ടിരുന്നത്?
– ഒന്നാംതരം ഒറ്റനിലകെട്ടിടത്തിൽ മുറ്റവും പിന്നാമ്പുറവുമൊക്കെയായി ശുദ്ധവായു ശ്വസിച്ചുകഴിഞ്ഞു കൊണ്ടിരുന്നവനെ പട്ടണത്തിലെ, തീപ്പെട്ടിയടുക്കിവച്ചതുപോലെയുള്ള ഫ്‌ളാറ്റുകളിലേയ്‌ക്കും ആകർഷിക്കുക. കൈവിട്ടാൽ വീണ് ആളെത്തിച്ചറിയാത്തത്ര ഉയരത്തിൽ എത്തിക്കുക.
– തൊട്ടാവാടിയും, അടയ്‌ക്കാമണിയനും വളർന്ന് നിന്ന തരിശുകൾ, ആന വീണാൽ താണുപോകുന്ന ചതുപ്പുകൾ, കൊടിത്തുവപോലും മുളയ്‌ക്കാത്ത കുന്നിൻ പുറങ്ങൾ എന്നിവയൊക്കെ പറഞ്ഞവിലയ്‌ക്കോ പറയാത്ത വിലയ്‌ക്കോ ആരെക്കെയോ വന്നു വാങ്ങിക്കുക.
– ഉല്ലാസ നൗകയിൽ കള്ളടിച്ച് വീലായി നടുക്കടലിൽ ആകാശം നോക്കി കിടക്കുക. ബാംഗ്ലൂരിൽ നിന്ന് കൊള്ളാവുന്ന ഒരുത്തിയെ മധുരം പകരാൻ കൂടെ നിർത്തുക.
– ചുറ്റും നൂറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയിട്ട് വലിയ സ്‌ഥാപനങ്ങളെ അങ്ങോട്ട് ആനയിക്കുക. ചെന്നില്ലെങ്കിൽ രാഷ്‌ട്രീയ ചരടു വലികളിലൂടെ വരുത്തുക.
– ഭരണാധികാരികൾ ഇടയ്‌ക്കിടെ ഉറക്കം ഞെട്ടി ഐ.റ്റി. ടെക്‌നോ, വികസനം എന്നൊക്കെ പുലമ്പുക.
– പഠിത്തം തീരുന്നതിനു മുമ്പ് ഐ.റ്റി.വിദ്യാർത്ഥികളെ കമ്പനി മാനേജർമാർ നേരിട്ടെത്തി റാഞ്ചിയെടുക്കുക (കാമ്പസ് റിക്രൂട്ടിംഗ്). ഐ.റ്റി. പ്രൊഫഷണലുകൾ ശമ്പളം തലച്ചുമടാക്കി വീട്ടിലെത്തിക്കുക. വെറുതെയൊന്ന് സിംഗപ്പൂർ കാണാൻ പോവുക. എന്തൊക്കെയായിരുന്നു മേളം.
ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ കാശുകൊണ്ട് മൂന്നു സെന്റ് സ്‌ഥലം വാങ്ങി അതിലൊരു വീടുവച്ച് വാദ്ധക്യം തള്ളിനീക്കാമെന്നു വിചാരിച്ച കർഷകത്തൊഴിലാളിയും കയർത്തൊഴിലാളിയുമൊക്കെ നാൾതോറും ഇരട്ടിക്കുന്ന സ്‌ഥലവില കണ്ട് നെഞ്ചുപൊട്ടിപ്പകച്ചു നിൽക്കുന്ന കാഴ്‌ച ആരും ഗൗനിച്ചില്ല. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് നാലുപാടുമുയരുന്ന ബഹുനിലകെട്ടിടങ്ങൾ കണ്ട് ഒരു നിലയുമില്ലാത്തവന്റെ കണ്ണു തള്ളി.
ഷെയർ മാർക്കറ്റുകളിൽ ശീതീകരിച്ച മുറിയിലിരുന്ന് ഊഹക്കച്ചവടം കൊണ്ട് പണം പെരുപ്പിച്ചെടുത്തുകൊണ്ടിരുന്നവനും കള്ളനോട്ടുകാരനുമൊക്കെ വിയർത്ത് അപ്പം ഭക്ഷിക്കുന്നവന്റെ കഞ്ഞിയിൽ പാറ്റ ഇട്ടു. പത്ത് സെന്റ് സ്‌ഥലമുള്ളവൻ ബ്രോക്കർമാരുടെ ശല്യം സഹിക്കാതെ ഈ സ്‌ഥലം വില്‌പനയ്‌ക്കില്ലെന്ന് ബോർഡ് വച്ചു.
അമേരിക്കയിലാണെങ്കിൽ കമ്പനികളിലേയ്‌ക്ക് വരുന്ന ഫോൺപോലും അറ്റൻഡുചെയ്യാൻ മനസ്സില്ലാത്തതിനാൽ അതൊക്കെ ഇൻഡ്യയേപ്പോലെയുള്ള രാജ്യങ്ങളിലേയ്‌ക്ക് വഴിതിരിച്ചു വിട്ടു. സായിപ്പ് ഉണരുന്ന നേരത്ത് നമ്മൾ ഉറക്കമിളച്ചിരുന്ന് അവനൊക്കെ നാക്കു വടിക്കാതെ സംസാരിക്കുന്നതിന് മറുപടി പറഞ്ഞു. ബ്രിട്ടീഷുകാരന്റെ queens english സംസാരിച്ചിരുന്ന നമ്മുടെ കുട്ടികൾ slang ശരിയാക്കാൻ വെളിച്ചണ്ണ വായിലൊഴിച്ച് അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ച് കോൾ സെന്ററുകളിൽ ജോലി നേടി. രാത്രി പകലാക്കി.
അതുമാത്രമോ, അമേരിക്കയിലെ ഡോക്‌ടർമാരെഴുതുന്ന കുറിപ്പടി നേരചൊവ്വേ വായിച്ച് വൃത്തിയായി പകർത്താൻ ഒരു സായിപ്പിനും ക്ഷമയില്ലാത്തതിനാൽ അതൊക്കെ കുത്തിയിരുന്ന് അതാതു കോളത്തിലേയ്‌ക്ക് എഴുതിപ്പിടിപ്പിക്കുകയായിരുന്നു മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ എന്ന പേരിൽ കുറേ അഭ്യസ്‌ഥവിദ്യർ ബാംഗ്ലൂരിലും മറ്റും.
ഇതൊക്കെ കണ്ടപ്പോൾ പലരേയും പോലെ ഞാനും കരുതി, ഈ സമയത്തൊക്കെ സായിപ്പ് ഗൗരവമായ എന്തെങ്കിലും ചെയ്യുകയായിരുന്നുവെന്ന്; ചൊവ്വയിൽ വെള്ളം തിരയുകയോ, ലാർജ് ഹാഡ്രോൺ കൊളൈഡറിൽ പ്രപഞ്ചോല്‌പത്തി പുനരാവിഷ്‌ക്കരിക്കുകയോ ഒക്കെയാണെന്ന് – അങ്ങനെയൊക്കെയാണല്ലോ നാം ദിവസവും വായിക്കുന്നത്.
എന്നാൽ വാസ്‌തവം അതൊന്നുമായിരുന്നില്ലെന്ന് അമേരിക്കൻ ബാങ്കുകൾ എട്ടുനിലയിൽ പൊട്ടിയപ്പോഴല്ലേ മനസ്സിലായത്. ശരാശരി അമേരിക്കക്കാരൻ ബാങ്കിൽ നിന്ന് കടം വാങ്ങിയ കാശുകൊണ്ട് നമ്മൾ നിലക്കടലകൊറിക്കുന്നതുപോലെ കശുവണ്ടിപ്പരിപ്പ് ചവച്ചുകൊണ്ട് ആരെയൊക്കെയൊ കെട്ടിപിടിച്ച് കിടന്നുറങ്ങുകയായിരുന്നെന്ന്. രാജ്യത്തിനുവേണ്ടി ഒന്നും ഉണ്ടാക്കാതെ, ഭൂഗോളത്തിന്റെ അവിടയുമിവിടെയുമൊക്കെ കറങ്ങി നടന്ന് വ്യഭിചരിക്കുകയും മദ്യപിക്കുകയുമായിരുന്നുന്നെന്ന്. മുഴുപ്പട്ടിണിക്കാരന്റെ മുന്നിലൂടെ ബിരിയാണി കൊണ്ടുപോകുന്നതുപോലെ മദാമ്മമാരെ മതിയായി വസ്‌ത്രം ധരിപ്പിക്കാതെ മൂന്നാം ലോകത്തെ ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവരുടെ മുന്നിലൂടെ നടത്തുകയായിരുന്നുവെന്ന്. നാട്ടിലുള്ളവരെ വേലയെടുപ്പിക്കാൻ ശ്രമിക്കാതെ മറ്റുരാജ്യങ്ങളുടെ മേൽ കുതിരകയറുകയായിരുന്നെന്ന്.
സാമ്പത്തിക മാന്ദ്യത്തിനു മുമ്പ്, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, ലോകം ഏക ധ്രുവഘടനയിൽ ഉറച്ചുപോയ കാലത്ത്, അമേരിക്കൻ കറൻസിയായ ഡോളർ ഏറ്റവും സുസ്‌ഥിരമായ കറൻസിയായി (സ്വർണ്ണംപോലെ എപ്പോൾ കൊടുത്താലും വിലകിട്ടുന്ന) അംഗീകരിക്കപ്പെടുകയും ലോകരാഷ്‌ട്രങ്ങൾ തങ്ങളുടെ ആസ്‌തി ഡോളറിലാക്കാൻ ശ്രമിക്കുകയും ചെയ്‌തു. അങ്ങനെ ഡോളറിന്റെ വില കൂടി. അതോടെ മറ്റു രാജ്യങ്ങളുടെ ഉല്‌പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക് വാങ്ങിക്കൂട്ടാൻ അമേരിക്കയ്‌ക്ക് എളുപ്പമായി. ഇറക്കുമതി കൂടിയപ്പോൾ അമേരിക്കയുടെ ആഭ്യന്തര ഉല്‌പാദനമേഖല മുരടിച്ചു. അതോടെ അമേരിക്കയുടെ വിദേശ കടം കഴിഞ്ഞ പത്തുവർഷത്തിനിടെ നാലിരട്ടിയായി കൂടി. എപ്പോഴും വാങ്ങുന്നവനേക്കാൾ മിടുക്കൻ ഉല്‌പാദകനാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ആഭ്യന്തര ഉല്‌പാദനം മെച്ചപ്പെടുതുന്നതിനു ശ്രമിക്കാതെ ഔട്ട് സോഴ്‌സിംഗ് എന്ന പേരിൽ പുറം രാജ്യങ്ങളെ ആശ്രയിച്ചപ്പോൾ തൊഴിൽ മേഖല അനിവാര്യമായി സ്‌തംഭിച്ചു. ഇതിൽ നിന്നും കരകയറാൻ വസ്‌തു വിപണിയിൽ (റിയൽ എസ്‌റ്റേറ്റ് ബിസിനസ്സിൽ) ശ്രദ്ധ കൊടുക്കുകയും ധാരാളമായി ലോൺ ഏർപ്പാടാക്കുകയും ചെയ്‌തു. മാന്ദ്യത്തിൽ നിന്ന് (2002 കാലഘട്ടത്തിലെ) താല്‌കാലികമായി കരകയറിയെങ്കിലും തത്വദിക്ഷയില്ലാത്ത വായ്‌പാ വിതരണം ബാങ്കുകളെ പ്രതിസന്ധിയിലാക്കി. കടംവാങ്ങി ധൂർത്തടിച്ച കാശ് തിരിച്ചെത്താത്തതിനാൽ ബാങ്കുകൾ തകർന്നു. ഭൂപണയബാങ്കുകളായ ഫാനിമേ, ഫ്രെഡിമാക് എന്നീ ബാങ്കുകൾ പൂട്ടി. പിന്നാലെ 1923-ൽ സ്‌ഥാപിതമായ ബിയർസ്‌റ്റേൺസ് – ഈ ബാങ്ക് 2500 കോടി ഡോളറിന് ജെ.പി. മോർഗൻ ബാങ്ക് ഏറ്റെടുത്തു. 1914-ൽ സ്‌ഥാപിതമായ മെറിൻലിഞ്ചിനെ 5000 കോടി ഡോളറിന് ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്തു. 1809-ൽ പ്രവർത്തനമാരംഭിച്ച ഗോർഡ്‌മാൻ സാച്ചസ് ബാങ്ക്, 1935-ൽ തുടങ്ങിയ മോർഗൻ & സ്‌റ്റാൻലി ബാങ്ക് എന്നിവയ്‌ക്കു പിന്നാലെ 1850-ൽ സ്‌ഥാപിതമായ അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ലേമാൻ ബ്രദേഴ്‌സും മൂക്കു കുത്തി.
തന്നിഷ്‌ടപ്രകാരം ലോൺ കൊടുത്തു മുടിഞ്ഞ ബാങ്കുകളെ രക്ഷിക്കാൻ സർക്കാർ പണം (നികുതിദായകന്റെ) എടുത്തെറിയുന്നതിനെതിരെ ജനരോഷം ഇരമ്പിയതിനാൽ ലേമാൻ ഏറ്റെടുക്കാൻ അമേരിക്കൻ സർക്കാരിനായില്ല. അതോടെ 6000 കോടി ഡോളറിന്റെ കിട്ടാക്കടം കാണിച്ച് ലേമാൻ ബാങ്ക് പാപ്പർ ഹർജി നൽകി. തകർന്ന ബാങ്കുകളുടെ സെക്യൂരിറ്റികൾക്ക് ഇൻഷുറൻസ് നല്‌കിയ ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പ് (എ.ഐ.ജി) പ്രതിസന്ധിയിലാകാൻ അധികം താമസമുണ്ടായില്ല. സർക്കാരിന്റെ തക്ക സമയത്തെ സാമ്പത്തിക ഇടപെടൽ മൂലം അത് പിടിച്ചു നിൽക്കുന്നു.
ഇന്ത്യയിലെ ബാങ്കുകൾ ദേശസാത്‌ക്കരിച്ച ഇന്ദിരഗാന്ധിക്ക് സ്‌തുതി പറയാതെ വയ്യ. ഈ വക പ്രതിസന്ധികൾ മുന്നിൽക്കണ്ടാണെങ്കിലും അല്ലെങ്കിലും പൊതുജനങ്ങളുടെ പണം സർക്കാരിന്റെ അറിവോടെയേ ചെലവഴിക്കാവൂ എന്ന ഒരു ദീർഘവീക്ഷണം അവർക്കുണ്ടായത് ഭാരതീയർക്കാകെ അഭിമാനിക്കാൻ വകയായി.
മൂലധനത്തിന്റെയും ചരക്കുകളുടെയും സഞ്ചാരം ആഗോള വ്യാപകമായി സുഗമമാക്കുകയാണ് ആഗോളവൽക്കരണവും ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങളിലെ ഉദാരവൽക്കരണവും ചെയ്‌തത്. അതുകൊണ്ട് അമേരിക്കയിലെ പ്രതിസന്ധിയും എല്ലായിടത്തേയ്‌ക്കും വ്യാപിച്ചു. ഏതെല്ലാം രാജ്യങ്ങൾ തങ്ങളുടെ വിപണിയെ നിയന്ത്രണങ്ങളില്ലാതെ തുറന്നു വച്ചുവോ, അവരൊക്കെ പ്രതിസന്ധിയിലായി. താരതമ്യേന കടുത്ത നിയന്ത്രണങ്ങൾ നിലനിർത്തിയിരുന്ന ഇന്ത്യയേപ്പോലുള്ള രാജ്യങ്ങൾ ഒരുവിധം പിടിച്ചു നിൽക്കുന്നു. ഇൻഡ്യയിലെ ദേശസാൽക്കൃത ബാങ്കുകളുടെ പ്രവർത്തനം മുന്നേ പ്രസ്‌താവിച്ചതുപോലെയായതിനാൽ തിരിച്ചടവിനുശേഷിയില്ലാത്തവരുടെ കയ്യിൽ വളരെ കുറച്ചു പണമേ ചെന്നുപെട്ടുള്ളു.
ഒരു രാജ്യത്തിന്റെ ഉല്‌പാദനത്തിന്റെ സിംഹഭാവവും ആ രാജ്യത്തിന്റെ ആഭ്യന്തരവിപണിയെ ലക്ഷ്യമാക്കിയാണെങ്കിൽ കയറ്റുമതി കുറഞ്ഞാലും പ്രതിസന്ധിയുണ്ടാകില്ല. പല രാജ്യങ്ങളും യൂറോപ്യൻ വിപണിയെ ലക്ഷ്യമിട്ട് തങ്ങളുടെ ഉല്‌പാദന മേഖലയെ വഴിതിരിച്ചുവിട്ടതിന്റെ തിക്തഫലം അനുഭവിക്കുകയാണ്, നമ്മുടെ നാട്ടിലെ വാനില കർഷകരെപ്പോലെ. വിയർപ്പിന്റെയും കണ്ണീരിന്റെയും വിലയറിയാത്ത ഒരു സമൂഹവും തുടർന്നു പോവുകയില്ല. പൊരിവെയിലിൽ പാടത്ത് പൊന്ന് വിളയിക്കുന്നവനേയും, കയറുപിരിക്കുന്നവനേയും പരുത്തി കൃഷിക്കാരനേയുമൊക്കെ രാജ്യം ശ്രദ്ധിച്ചേ മതിയാവൂ. നഗരങ്ങളുടെ വളർച്ചയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ഉത്‌പാദനമേഖലകളെക്കൂടി ആവുന്നത്ര പ്രോത്സാഹിപ്പിച്ചേ മതിയാവൂ.
കടം വാങ്ങി പാപ്പരായിപ്പോയ ഒരു രാജ്യം തന്നെയുണ്ട്. അറ്റ്‌ലാന്റിക്കിന്റെ വടക്കുഭാഗത്ത് സ്‌ഥിതിചെയ്യുന്ന ഐസ്‌ലാന്റ് മൂന്നേകാൽ ലക്ഷം ആളുകൾ മാത്രമുള്ള ഈ രാജ്യം യൂറോപ്യൻ ബാങ്കുകളിൽ നിന്ന് വായ്‌പവാങ്ങി മറിച്ചുകൊടുത്ത് കുശാലായി ജീവിക്കുകയായിരുന്നു. യൂറോപ്പ് പ്രതിസന്ധിയിലായതോടെ കടം കിട്ടാൻ വഴിയില്ലാതായ ഐസ്‌ലാന്റ് പാപ്പരായി. ആരോഗ്യരംഗത്തും സാക്ഷരതയിലും ഒന്നാമതായ രാജ്യം അങ്ങനെ പാപ്പരാകുന്നതിലും ഒന്നാമതെത്തി.
അമേരിക്കൻ പ്രതിസന്ധിയോടെ ലോകവിപണിയിൽ പെട്രോൾ വില കുറഞ്ഞു. ഒരു കാര്യവുമില്ലാതെ പെട്രോൾ കത്തിച്ചു കളഞ്ഞവരുടെയൊക്കെ കാർ ഷെഡ്‌ഡിലെത്തിയെന്നർത്ഥം – നമുക്ക് ലാഭം, അന്തരീക്ഷത്തിനും നന്ന്.
വസ്‌തു കൈമാറ്റത്തിൽ ഇടനിലക്കാർ നടത്തുന്ന താല്‌ക്കാലിക പ്രമാണങ്ങളും രജിസ്‌ട്രാഫീസിലെ പുസ്‌തകത്തിൽ രേഖപ്പെടുത്തണമെന്ന വ്യവസ്‌ഥ ഉണ്ടാക്കിയതാണ് കഴിഞ്ഞ മൂന്ന് വർഷത്തെ അച്യുതാനന്ദൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. വേണമെങ്കിൽ ഇപ്പോൾ വാങ്ങിക്കോ. ഇല്ലെങ്കിൽ നാളെ വിലകൂടും എന്നനിലയിൽ ഒരു തരംഗം ഉണ്ടാക്കിവിടാൻ വസ്‌തുമാഫിയയ്‌ക്ക് കഴിഞ്ഞുവെന്നതും ഭൂമി മുഴുവൻ ഉടൻ തീർന്നുപോയേക്കും എന്നൊരു തോന്നൽ ജനങ്ങൾക്കുണ്ടായി എന്നതും വാസ്‌തവം. സ്‌ഥലത്തിന് വാക്കുപറഞ്ഞ് അഡ്വാൻസ് തുക കൊടുത്തിട്ട് പിന്നെ ശരിയായ ആവശ്യക്കാരനെ തേടിനടക്കുകയാണ് ഇടനിലക്കാർ ചെയ്‌തു വന്നത്. വസ്‌തു ഉടമയ്‌ക്കു കൊടുക്കേണ്ട തുകയേക്കാൾ കൂട്ടി മൂന്നാമന് വസ്‌തു കൈമാറ്റം ചെയ്‌ത് രജിസ്‌റ്ററാക്കുമ്പോൾ അഡ്വാൻസ് തുക മാത്രം ചിലവാക്കിയുള്ള കളിയിലൂടെ ഇടനിലക്കാരൻ കൈ നനയാതെ മീൻ പിടിക്കുന്നു.
പല രാജ്യങ്ങളും ഉപയോഗിക്കുന്ന, സായിപ്പ് ചവച്ചു തുപ്പിയ റുപ്പി എന്ന നാണയം അറബിക്കടലിൽ കളഞ്ഞ് ഇന്ത്യയുടെ തനതു നാണയമായി ദേശീയ പതാകയുടെ നടുക്കു കാണുന്ന ചക്രം ആവിഷ്‌ക്കരിച്ചാൽ എന്താണ് കുഴപ്പം? നൂറ് രൂപയുടെ മൂല്യം ഒരു ചക്രത്തിനെന്ന് നിജപ്പെടുത്തുക. കാലം കഴിയുമ്പോൾ ഇന്നത്തെ പൈസയുടെ ഗതി രൂപയ്‌ക്ക് താനെ വന്നുകൊള്ളും. വസ്‌തുവിന്റെയോ കാറിന്റെയോ വിലയെഴുതുമ്പോൾ ഭാവയിൽ രണ്ട് പൂജ്യം കുറയുമല്ലോ.
ലോകമാകെ പ്രതിസന്ധി നേരിടുമ്പോൾ നമുക്ക് ഒരല്‌പം പതുക്കെ നടക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആലംബഹീനർക്കുമൊക്കെ കൂടെയെത്തുകയോ, കണ്ട് പിന്നാലെ നടക്കുകയോ ചെയ്യാവുന്ന വേഗത്തിൽ.
Generated from archived content: essay1_may26_09.html Author: dr_jks_veettor