ആയിരം കരിന്തിരികൾ ഒന്നിച്ചു കത്തുന്നു.
നിലാവിറക്കത്തിൻകീഴേ കരിമണക്കുന്നു.
ചാണകം ചായം പൂശിയ മണിയറയിൽ
പുളേളാത്തി പുളളുവൻ പാട്ട് മൂളുന്നു.
രതിഭാവസാന്ദ്രമായ് കാറ്റ് മൂളുന്നു.
മാടമ്പിക്കസവുടഞ്ഞാടിയുലയവേ,
തിമിർത്താട്ടങ്ങൾക്കൊടുവിലതു പടിയിറങ്ങവേ,
കാതിരിക്കുന്നീകൂരിരുട്ടിൽ, ഞാൻ
പുളളുവ മണവാളൻ, ശാന്തിമുഹൂർത്തത്തിനായ്.
ഇനിയുമലിയാത്തൊരാലിപ്പഴവുമായ്
കളളിൽ മായാത്ത പുഞ്ചിരിപ്പൂവുമായ്
അവളിരിക്കുന്നിതാ തിരിത്താഴ്‌ത്തിയ ദീപമായ്
കാതരമെന്നോടു ചൊല്ലുവാൻ, പ്രേമകവിതയായ്.
ഞാനാര്?, ഞാനാരീ പശയ്‌ക്കുന്ന തിരുശേഷിപ്പിൽ
അന്തിയുറങ്ങാൻ വിധിയുളേളാൻ, ചേമൻ
വാ പൊത്തി, കൺപൂട്ടി കാവലിരിക്കാൻ
ഈയിരുട്ടിന്റെ മണവാളൻ, ചേമൻ.
Generated from archived content: poem1_jan7_09.html Author: dr_jk_vijayakumar