ഏതോ ഒരു പെർസാദിന്റെ വീട്ടിലെ കല്യാണത്തിന് ചന്ദറും ചക്കറിയുമാണ് എന്നെ കൊണ്ടുപോയത്. പെർസാദ് ആരാണെന്ന് എനിക്കറിയില്ല. വലിയ ബിസിനസ്സുകാരനാണത്രേ. ഒരു ദിവസം ക്ഷണം വന്നു. പിറകെ സഹപ്രവർത്തകർ ചന്ദറും ചക്കറിയും വന്നുഃ “വന്നുകാണുക ഞങ്ങളുടെ വിവാഹരീതികൾ”. അത്രതന്നെ.
പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല ഞാൻ. ആർഭാടമുണ്ടെങ്കിൽ ഒട്ടുമില്ല. കല്യാണം ആണിന്റെയും പെണ്ണിന്റെയും സ്വകാര്യമാണെന്നാണ് എന്റെ പക്ഷം. അതിനു ചെലവാകുന്ന പണം, സ്വന്തമായി ജീവിതം തുടങ്ങുമ്പോൾ വന്നുചേരുന്ന ദുർദിനങ്ങളിൽ ഉപയോഗിക്കാമല്ലോ.
കേട്ടതുവച്ച് ഇതൊരു പൊടിപൊടിപ്പൻ പരിപാടിയായിരിക്കണം. ഉത്തരേന്ത്യക്കാരുടെ കല്യാണച്ചിട്ട കുറെ കണ്ടിട്ടുണ്ട്. എങ്കിലും മനസ്സില്ലാമനസ്സോടെ പോകാനൊരുങ്ങി. കുറഞ്ഞപക്ഷം മറുനാട്ടിലൊരു അനുഭവമാകട്ടെ.
ചന്ദറിന്റെ ബന്ധുവാണ് പെർസാദ്. എന്നെപ്പോലെ ചക്കറിക്കും അവിടെ ആരേയുമറിയില്ല. ഈ നാട്ടിൽ കല്യാണത്തിൽ പങ്കെടുക്കുവാൻ അതൊന്നും വേണ്ടത്രെ. പണ്ട് ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ താമസിച്ചപ്പോൾ കൂട്ടരൊത്ത് വിവാഹമേളകൾക്കു പോയിട്ടുള്ളതോർത്തു –ഒരു ക്ഷണവുമില്ലാതെ. ആതിഥേയത്വം ഒട്ടും കറവില്ലായിരുന്നു ഇവിടെയും.
ചെന്നെത്തുമ്പോൾ ജുബ്ബയിലൂം സൂട്ടിലും ടീഷർട്ടിലുമായി വലിയൊരു കൂട്ടം. കുറേപേർക്ക് തലേക്കെട്ടുമുണ്ട്. തിലകവും. സാരിയിലും പാശ്ചാത്യവേഷത്തിലും പെണ്ണുങ്ങൾ. വെട്ടിത്തിളങ്ങുന്ന സാരി പലർക്കും ഉടുക്കാനറിയില്ല. കണങ്കാലെത്താതെ വലിച്ചുവാരി ചുറ്റിയിരിക്കുന്നു. എല്ലാവരും നെറ്റിയിൽ പളപളക്കുന്ന പൊട്ടൊട്ടിച്ചിരിക്കുന്നു. കൈമൂടിയും കയ്യിടുക്കുകാട്ടിയുമെല്ലാം ലലനാമണികൾ. എങ്ങും പരിമളം. ഫ്രാൻസും അറേബിയയും ഒന്നിച്ചിറങ്ങിവന്നപോലെ. പിന്നെ ചന്ദനത്തിരിയും. ആകപ്പാടെ വല്ലാത്ത വീർപ്പുമുട്ടൽ.
ആരും ആരേയും ക്ഷണിച്ചിരുത്തുന്നതു കണ്ടില്ല. എല്ലാവരുമങ്ങു കേറിവരുന്നു.
ഞാൻ വരനും വധുവിനുമായി തേടി. അവരെയും കണ്ടില്ല.
അതിനിടെ ചന്ദർ എന്നെ ഒന്നാംനിലയിലെത്തിച്ചു. കുപ്പികളുമായി അവിടെ കുറേപേർ. ഒരു ഗ്ലാസ് എനിക്കുനീട്ടി. ഞാനൊഴിഞ്ഞു. ചക്കറി വാങ്ങി. വെറുതെയിരുന്നു മടുത്തപ്പോൾ ഞാൻ താഴേക്കിറങ്ങി. ആരെയെങ്കിലും പരിചയപ്പെടാം. പെർസാദിനെയും ഒന്നു കാണണം.
അപ്പോഴേക്കും താഴെ തറയിൽ ഹോമകുണ്ഡം ഒരുങ്ങിയിരുന്നു.
ഒരടിയിൽ കവിയാത്ത മൊസേക് പാളിയിൽ അലുമിനിയംതകിടു വിരിച്ച് മരത്തൂളുകൾ കത്തിച്ചുണ്ടാക്കിയ ‘ഹോമാഗ്നി’. സാരിയിൽ തലമൂടിയ പെണ്ണും കസവുകിരീടംവച്ച ആണും. വർണക്കടലാസ്സുകൊണ്ട് വരണമാല്യം. ഒരു പൂജാരി കൊക്കകോളക്കുപ്പിയിൽനിന്ന് ഇടയ്‌ക്കിടെ എണ്ണയൊഴിക്കുന്നു. പുസ്തകംനോക്കി ഇംഗ്ലീഷിൽ മന്ത്രം ഉരുവിടുന്നു. വധൂവരൻമാർ ഏറ്റുപറയുന്നു.
അതുതീരുംമുമ്പേ അപ്പുറത്ത് മൈക്കുവച്ചു ഓർക്കെസ്‌ട്ര. മിക്കവരും അവിടെയെത്തി. മീന എന്നൊരുവളെക്കൊണ്ട് നടത്തിപ്പുകാരൻ ഒന്നിനുപിറകെ ഒന്നായി പാട്ടുപാടിച്ചു. അവിടത്തെ പേരുകേട്ട ഗായികയാണത്രെ. എല്ലാം ഹിന്ദി സിനിമാഗാനങ്ങൾ. ചുരിദാറിട്ട ഒരു വൃദ്ധ കൈപൊക്കി ആടാൻ തുടങ്ങി. അതു മറ്റുള്ളോർക്ക് ഉത്തേജനമായി. ഒരു പയ്യനും ആട്ടം തുടങ്ങി. കുറെകഴിഞ്ഞപ്പോൾ അവൻ ഒരു പെണ്ണിനെ വലിച്ചുകൊണ്ടുവന്നു. പിന്നെ അവർ രണ്ടാളുമായി. പെണ്ണിനെച്ചുറ്റി അവനാടി. ഇടയ്‌ക്കിടെ അവളെ കാൽപൊക്കിയുരുമ്മി. അവൾക്കും മദമിളകി. പിന്നൊരു കോലാഹലമായിരുന്നു. എവിടെനോക്കിയാലും ഇണയൊത്തുള്ള തുള്ളിച്ചാട്ടം. തിരക്കിനിടയിൽ പലരും കെട്ടിപ്പിടിക്കുന്നു. ഒളിവിൽ ചുംബനം കൈമാറുന്നു. അഡൾട്സ് ഒൺലി.
പിന്നീടറിഞ്ഞു ഇതു കരാറടിസ്ഥാനത്തിൽ ചെയ്തുകൊടുക്കുന്ന കലാപരിപാടിയാണെന്ന്.
പെട്ടെന്ന് പെരുമ്പറയുടെ ശബ്ദം. ഞാനാവശത്തേക്കു നീങ്ങി. രണ്ടുപേർ വിയർത്തൊലിച്ച് കൊട്ടിത്തിമിർക്കുന്നു. വീട്ടിൽനിന്നു വെളിയിലേക്ക് കൈകോർത്തുവരുന്ന വധൂവരന്മാരെ വഴിതടയുന്നു. വരൻ അവരെ തള്ളിമാറ്റാൻ വീണ്ടും വീണ്ടും ശ്രമിക്കുന്നു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ അവർ താളം മുറുക്കുന്നു. അതു കുറെ നീണ്ടു. ഒടുവിൽ വരൻ കുറെ നോട്ടുകൾ അവരുടെ കീശയിൽ തിരുകുന്നു. അതോടെ അവർ വഴിമാറുന്നു. പുതുജീവിതത്തിലേക്കിറങ്ങുന്ന നവദമ്പതിമാരെ അസുരന്മാർ വിരട്ടിപ്പേടിപ്പിക്കുന്നതാണത്രെ.
സംഭവം തീരുന്നില്ല.
തിരിച്ചുവീട്ടിലേക്കു കയറുന്ന ദമ്പതിമാരെ വരന്റെ സഹോദരിമാർ വഴിമുടക്കുന്നു. അതും അസുരവർഗം തന്നെ. അവിടെയും നോട്ടുകൾ കൈമാറി വരൻ തടസ്സം നീക്കുന്നു. ചുറ്റുമുള്ളവർ കൈകൊട്ടിച്ചിരിക്കുന്നു. പുറംലോകത്തെയും അകത്തളത്തെയും കൈകാര്യം ചെയ്യാൻ വരനുള്ള പരിശീലനമാണ്. കാശുകൊടുത്താൽ കാര്യം കാണാമെന്നായിരിക്കും. അവിഘ്നമസ്തു.
തിരക്കിലൂടെ കടന്നുവന്ന് ചക്കറി എന്നെ ആഹാരസ്ഥലത്തുകൊണ്ടുപോയി. നീളത്തിലിട്ട മേശകൾ. ഇരിക്കുംമുമ്പേ ഇല വന്നു. കുളവാഴയുടെ നീണ്ട ഇല. അതിൽ പറോട്ട വിളമ്പി. പിന്നെ കുറെ കറികൾ. ഒരുകൈ നിറയെ ചില പച്ചിലത്തണ്ടുകളും. കുടിക്കാൻ പഴരസം. ശീതളപാനീയങ്ങളും. ചോറും കൊണ്ടുവന്നു. ഞാൻ വേണ്ടെന്നുവച്ചു.
ഇത്രയായിട്ടും പെർസാദെന്ന ആതിഥേയനെ എനിക്കു കാണാൻ കിട്ടിയില്ല. അദ്ദേഹം അന്തര്യാമിയായിത്തന്നെ ഇരിക്കട്ടെ എന്നു ഞാനുംവച്ചു. എനിക്കു മടുത്തുതുടങ്ങിയിരുന്നു. ചന്ദറിനെ പിന്നിൽവിട്ട് ചക്കറിയുമൊത്തു മടങ്ങി.
ഉച്ചതിരിഞ്ഞു കഴിഞ്ഞു. കാപ്പിക്കു പറ്റിയ സമയം. പക്ഷെ പറ്റിയ കടകളൊന്നും കണ്ടില്ല.
വഴിയായ വഴിയെല്ലാം ‘സ്‌റ്റൗട്ടി’ന്റെ പരസ്യം. എന്താണു ‘സ്‌റ്റൗട്ട്’? ചക്കറിയോടാരാഞ്ഞു. ഒരു തരം ബിയറാണ്. കരിമ്പിൽനിന്നുണ്ടാക്കുന്ന പാനീയമാണ്. കരിമ്പിൻനീരിൽനിന്ന് പഞ്ചസാരയെടുത്തശേഷം കൊഴുത്ത ദ്രാവകത്തിൽ നിന്നുണ്ടാക്കുന്നത്. അധികം പുളിപ്പിച്ചു മദ്യമാക്കുന്നതിനുമുമ്പുള്ളത്. ബിയറിന്റെ വീര്യവും പഞ്ചസാരയുടെ മധുരവും ചക്കരയുടെ മണവുമുള്ളത്. കറുത്തിരിക്കും. “വരൂ, കഴിക്കാം,” നിരത്തിനരികിലുള്ള ബാറിൽ ചക്കറി വണ്ടി നിർത്തി. ഒരു പഴഞ്ചൻ ഷെഡ്‌ഡ്. കൗണ്ടറിൽ പെൺകുട്ടികളാണ്. ചക്കറി രണ്ടുകുപ്പി ‘സ്‌റ്റൗട്ട്’ വാങ്ങി. കൊച്ചുകുപ്പിയുമെടുത്ത് വട്ടമേശക്കരികിൽ ഇരുന്നു.
അതിനിടെ കൗണ്ടറിലിരിക്കുന്ന സ്‌റ്റൗട്ടുപോലെ കറുത്ത പെൺകുട്ടികളിൽ ഒരുവൾ ചക്കറിയോടെന്തോ കുശുകുശുത്തു. ‘ഇനിയൊരിക്കലാകാം’ എന്നുമാത്രം മറുപടി പറയുന്നതുകേട്ടു.
ഞാനെന്തെന്നു തിരക്കി. കൂട്ടുവേണമോ എന്നാണത്രെ. വേണമെന്നു പറഞ്ഞാൽ കൂടെവന്നിരിക്കും. കുടിക്കാനെന്തെങ്കിലും ലഹരിപാനീയം വേണമെന്നു പറയും. അതു മിക്കവാറും നിറമില്ലാത്ത ജിന്നെന്നായിരിക്കും. അതു നമ്മൾ വാങ്ങിക്കൊടുക്കണം. ജിന്നെന്നുപറഞ്ഞ് പച്ചവെള്ളവുമെടുത്ത് അടുത്തുവന്ന് ഒട്ടിപ്പിടിച്ചിരിക്കും. പിന്നെ വിലപേശാം. വിലയ്‌ക്കൊത്ത് എന്തുമാകാം. പുറകിൽ മുറിയുണ്ടാകും. വേണമെങ്കിൽ പുറത്തും കൂടെ വരും.
ബാറിൽ പലരുടെയും കൂടെക്കണ്ടു കെട്ടിപ്പിടിച്ചുംകൊണ്ടു കൂട്ടുകാരികൾ. ഇതും ജീവിതം. ജീവിക്കാൻ ഇതുമൊരു മാർഗം.
Generated from archived content: vishtikkoru9.html Author: dr_g_narayanawamy