എട്ട്‌

അമാവാസിനാൾ അടുത്തു.

ഗവേഷണസ്ഥാപനത്തിലുള്ളവർ ഒരു അന്തിപിക്‌നിക്കിനുള്ള വട്ടത്തിലാണ്‌. രാത്രി കൂരിരുട്ടിൽ കടപ്പുറത്തു മുട്ടയിടാൻ വരുന്ന ആമക്കൂട്ടങ്ങളെ കാണാൻ. എന്നെയും കൂട്ടി. എല്ലാവരും അവരവരുടെ കാറിൽ വഴിക്കൊരിടത്തുകൂടി. അവിടെനിന്ന്‌ വളരെയേറെ പോകണം ആ കടപ്പുറത്തെത്താൻ. വരാൻ വൈകുന്നവരെ കാത്തിരിക്കുമ്പോൾ വെറോണിക്ക കാർസ്‌റ്റീരിയോവിന്റെ ഒച്ച കൂട്ടി. ആഫ്രിക്കൻ ആദിവാസിഗാനം. അഭൗമികമായ താളവട്ടം. തരിപ്പുകയറുന്നതുപോലെ ആദ്യം അവളുടെ കാൽ ചലിച്ചു. പിന്നെപ്പിന്നെ ശരീരം ചാഞ്ചാടി. നിമിഷങ്ങൾക്കുള്ളിൽ കൈവിരൽ ഞൊട്ടി താളംപിടിച്ച്‌ അതൊരു നൃത്തമായി. ആ ഹരം മറ്റുള്ളവരിൽ പടർന്നുകയറി. കൈകൾകോർത്ത്‌ താളംചവിട്ടി അതൊരു കൂട്ടക്കളിയായി. നടുറോട്ടിൽ നാട്യവിശേഷം. എട്ടുപത്തുമിനിറ്റായിക്കാണണം. എന്നിട്ടുമനങ്ങാതെ മണ്ണിൽ കാൽനട്ടുനിന്ന ഞാൻ അവർക്കൊരു അത്ഭുതവസ്തുവായി. എന്താ കൂടുന്നില്ലേ? അവരുടെ കണ്ണുകൾ ആരാഞ്ഞു. നമ്മുടെ തെന്മലയ്‌ക്കിപ്പുറമുണ്ടോ കൂട്ടുകൂടിയിട്ടൊരാട്ടം?

വന്നവർ വന്നവർ ആട്ടത്തിൽ ചേർന്നു. പാട്ടുതീർന്നതും പുറപ്പാടായി.

ദുർഘടംപിടിച്ച വഴി താണ്ടി. ഇടയ്‌ക്കിടെ വഴി തെറ്റി.

കടപ്പുറത്ത്‌ ഒരുപറ്റം സന്നദ്ധസേവകർ. കടലാമകളെ സംരക്ഷിക്കാൻ മുൻകയ്യെടുത്തു പ്രവർത്തിക്കുന്ന ഒരു സേവാസംഘം. മുതിർന്നവർമുതൽ കുട്ടികൾവരെ. അവർക്കെല്ലാം മഞ്ഞ ജാക്കറ്റ്‌. കയ്യിൽ ടോർച്ച്‌. കടലാമകളെപ്പറ്റി ചെറിയൊരു വിവരണം തന്നു. കടലാമകളെക്കുറിച്ചുള്ള ലഘുലേഖകൾ തന്നു.

കടൽ മന്ദ്രസ്ഥായിയിൽ ഇരമ്പുന്നു. കാറ്റനക്കമില്ല. നല്ല തണുപ്പ്‌. മണൽപരപ്പിൽ അങ്ങിങ്ങായി നിന്നു. പത്തമ്പതുപേർ ഉണ്ടാവണം. സമയം അർധരാത്രിയോടടുത്തു.

കാത്തുകാത്തിരിക്കേ അകലെ ഒരനക്കം. സേവാസംഘക്കാർ ഞങ്ങളെ ഒച്ചവയ്‌ക്കാതെ നടത്തി. ഇരുട്ടിൽ കാഴ്‌ചകുറഞ്ഞ എന്നെ വിഷ്ടി കൈപിടിച്ചു നയിച്ചു.

ടോർച്ചിന്റെ ഇത്തിരിവെട്ടത്തിൽ ഒരാമ മണ്ണുകോരുന്നു. താമസിയാതെ കുഴിക്കുള്ളിൽ മുട്ടയിടുന്നു. പിൻകാൽകൊണ്ട്‌ മണ്ണിട്ടുമൂടുന്നു. എല്ലാം ഭദ്രമായെന്ന്‌ ഉറപ്പായപ്പോൾ കടലിലേക്കിഴയുന്നു.

നോക്കിനിൽക്കേ അവിടെയുമിവിടെയുമെല്ലാം വേറെയും കടലാമകൾ. ചിലർ മുട്ട കയ്യിലെടുത്തുനോക്കി. പന്തിനേക്കാൾ വലുത്‌. തൂവെള്ളനിറം. ഇളംചൂട്‌. മുട്ടയിട്ട ആമകൾ ഒന്നൊന്നായി കടലിലേക്കു തിരിച്ചിറങ്ങി. ആയിരമായിരം മൈൽ താണ്ടിയാലും അവയെല്ലാം അടുത്ത സീസണിൽ തെറ്റാതെ ഇതേ കടപ്പുറം തേടി തിരിച്ചെത്തുമത്രേ. അവയുടെ നാവികവിദ്യ നമുക്കന്യം. ജീവിതചോദനയും.

കടലുണ്ടായ കാലത്തുതൊട്ടേ കടലാമകളുണ്ട്‌. കടലിലും കരയിലും ഒരുപോലെ ജീവിക്കാൻ കെൽപ്പുള്ള ജീവികൾ. ആദ്യജീവികൾ. കാലമേറെച്ചെന്നിട്ടും കാര്യമായ പരിണാമം സംഭവിക്കാത്ത അപൂർവജീവികൾ. ഇത്തരം കടലാമകൾ വംശനാശത്തിലാണ്‌. മനുഷ്യന്റെ ഇറച്ചിക്കൊതിക്കുമുമ്പിൽ അവയൊടുങ്ങുന്നു. മനുഷ്യനാണ്‌ അവയുടെ പ്രധാനശത്രു. പ്രകൃതിനിയമത്തെയും രാഷ്ര്ടനിയമത്തെയും പുല്ലായിക്കരുതുന്ന മനുഷ്യൻ. കാലറ്റ ഏതാനും ആമകളുടെ ജഡങ്ങൾ ഞങ്ങളവിടെ കണ്ടു. പുതിയ തലമുറയെയെങ്കിലും ഈ കൊടുംപാതകത്തിൽനിന്നകറ്റാൻ പാടുപെടുകയാണ്‌ ഈ സന്നദ്ധസേവകർ. അവരോടു നന്ദിപറഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞു.

രാവേറെച്ചെന്നു. മടക്കത്തിൽ ആരുമൊന്നും മിണ്ടിയില്ല. ഏവരും ചിന്തയിലാണെന്നു തോന്നി. ആരോ കുറെ സാന്റ്‌വിച്ച്‌ കരുതിയിരുന്നു. ഒരെണ്ണം കയ്യിലെത്തി. തിന്നാൻ തോന്നിയില്ല. വെളുക്കുന്നതിനു കുറച്ചുമുമ്പെ വീട്ടിലെത്തി. കാപ്പിയുണ്ടാക്കി. ഫ്രെഡിയും കുടിച്ചു.

ഞായറാഴ്‌ചയായതിനാൽ അന്നു വീട്ടിൽതന്നെ.

കുറച്ചുറങ്ങി. ഒമ്പതുമണിയോടെ നാട്ടിലേക്കു ഫോൺ ചെയ്യണം. അതാണു പതിവാക്കിയിരിക്കുന്നത്‌. എക്സ്‌ചേഞ്ചിലൂടെയായതിനാൽ ആദ്യം ഓപ്പറേറ്ററെ വിളിക്കണം. കിളിനാദം. നമ്പർ നൽകി. കുറെ കാത്തിരുന്നപ്പോൾ മണിയടിച്ചുഃ “സോറി. ഇന്ത്യയിലേക്കു ലൈൻ കിട്ടുന്നില്ല. കുറച്ചുകൂടി കാക്കാമോ?”

വീണ്ടും മണിയടി. വീണ്ടും ഓപ്പറേറ്ററാണ്‌ഃ “ഇല്ല. ഇനിയും കിട്ടിയിട്ടില്ല. കാത്തിരിക്കൂ. പറയൂ, ഹിന്ദി അറിയാമോ?”

എന്താണീ നാട്ടുകാർക്കെല്ലാം? എല്ലാവർക്കും ഒരേ ചോദ്യം. “എങ്കിൽ, ‘മണിയടിക്കുന്നു, ആരുമെടുക്കുന്നില്ല’ എന്ന്‌ ഹിന്ദിയിലെങ്ങിനെ പറയും?”

പറഞ്ഞുകൊടുത്തു.

“ഞങ്ങൾക്ക്‌ ഇന്ത്യയിൽനിന്ന്‌ ഒരുപാടു ഫോൺകോൾ വരുന്നുണ്ട്‌. അവയ്‌ക്കു മറുപടി പറയാനാണ്‌. വേറൊരുകാര്യം. നിങ്ങൾ മലയാളിയാണോ?”

ഭാരതീയനാണോ എന്നു ചോദിക്കാറുണ്ട്‌. കേരളീയനാണോ എന്നും ചോദിച്ചുകേട്ടിട്ടുണ്ട്‌. മലയാളിയാണോ എന്നു കൃത്യമായി ചോദിച്ചയാൾ മലയാളിതന്നെയായിരിക്കണം.

അതെ. എങ്കിൽ അല്ല.

“ഞാൻ മിസ്‌ കൊറാൻ. എന്റെ മുത്തച്ഛൻ മലയാളിയായിരുന്നു. മലബാറിൽനിന്ന്‌. ബ്രിട്ടീഷുകാരുടെകൂടെ വന്നതാണിവിടെ. ഇവിടത്തെ മലബാർ ഫാർമ്‌സ്‌ ഞങ്ങളുടേതായിരുന്നു. ഞങ്ങൾ കുറെ മലയാളം കേട്ടിട്ടുണ്ട്‌. അധികമറിയില്ല. മുത്തച്ഛന്റെ ഇംഗ്ലീഷ്‌ ഉച്ചാരണംതന്നെ നിങ്ങളുടേതും. അതുകൊണ്ടു ചോദിച്ചതാണ്‌. ഞായറാഴ്‌ചകളിൽ മിക്കവാറും ഞാനായിരിക്കും ഡ്യൂട്ടിയിൽ. ലൈൻകിട്ടാൻ വിഷമം വന്നാൽ അറിയിക്കൂ. സഹായിക്കാനൊക്കും. ഒരു മിനിറ്റ്‌. ലണ്ടൻവഴി ലൈൻ ക്ലിയർ. ഇതാ സംസാരിക്കൂ.”

വിളി കഴിഞ്ഞ ഉടൻ ഡയറക്‌റ്ററിയെടുത്തുനോക്കി. നായരും മേനോനും പിള്ളയുമായി കുറേപേർ. പിള്ളമാർ തമിഴരുമാകാം. സമയം കിട്ടുമ്പോൾ വിളിച്ചുനോക്കാം. സ്വാമിയുമുണ്ടു ധാരാളം. എല്ലാം സ്വാമിജിമാർ. വടക്കുനിന്നായിരിക്കണം. ഹിന്ദിക്കാരായിരിക്കും. ഹിന്ദുത്വം പരത്താനായിരിക്കും.

സിന്ധികൾ. ഗുജറാത്തികൾ. മറാഠികൾ. ആന്ധ്രക്കാർ. പാർസികൾ. ഇന്ത്യയുടെ ഒരംശം അവിടെ കണ്ടു. തലേക്കെട്ടുള്ള പഞ്ചാബികളെമാത്രം കണ്ടില്ല. ശകലംകൂടി കടൽതാണ്ടിയാൽ അമേരിക്കയിലും കാനഡയിലുമെല്ലാമെത്താമല്ലോ. പിന്നെന്തിനിവിടെ?

മുംബൈയിൽനിന്നാണ്‌ കേഴ്സിയും ഭാര്യയും. പാർസി ഭർത്താവും ആംഗ്ലോഇന്ത്യൻ ഭാര്യയും. അവരുടെ ഒരു സുഹൃത്ത്‌ ഇവിടത്തെ ഗവേഷണസ്ഥാപനത്തിലുണ്ട്‌. അവൾവഴി ഫോൺനമ്പറെടുത്ത്‌ എന്നെ വിളിച്ചു. അടുത്താണു വീട്‌. എന്നെ കൊണ്ടുപോകാൻ അരമണിക്കൂറിനുളളിൽ അവരെത്തി.

ഒരു ഇറ്റാലിയൻ ടൈൽകമ്പനിയിലാണ്‌ കേഴ്സി. വയസ്സ്‌ അമ്പതിലേറെ കഴിഞ്ഞു. പാർസിമുറ തെറ്റിച്ചായിരുന്നു വിവാഹം. നാട്ടിൽ പിന്നെ അധികകാലം തങ്ങിയില്ല. പലേ രാജ്യങ്ങളിലായി പലേകമ്പനികളിൽ പണിയെടുത്തു. ഇവിടം നന്നേപിടിച്ചു. ഭാര്യക്കും. സുഖകരമായ കാലാവസ്ഥ. കലാപമില്ലാത്ത രാജ്യം. കാപട്യമില്ലാത്ത മനുഷ്യർ. വേണ്ടുന്നത്ര സമ്പൽസമൃദ്ധി. പരിചിതസംസ്‌കാരധാരകൾ. ഇതിൽകൂടുതൽ ആശിക്കാമോ? ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയേക്കും. വർഷത്തിലൊരിക്കൽ മുംബൈയിൽ പോകും. ഒരുമാസമുണ്ടാകും. ബന്ധുക്കളെ കാണും. കുട്ടികളും പ്രാരബ്ധങ്ങളുമൊന്നുമില്ല. ഒരാൾക്കു മറ്റയാൾ. സുഖജീവിതം. ശാന്തജീവിതം.

ഭാര്യക്കാണെങ്കിൽ ഓർക്കിഡിനോട്‌ കടുത്ത പ്രിയം. ഒരു ഡസനിലേറെ വളർത്തുന്നു. പിന്നെ പ്രിയം ഹെലിക്കോണിയയോട്‌. ആന്തൂറിയത്തിനോട്‌. ഹിബിസ്‌കസ്സിനോട്‌. ചെമ്പരത്തിയുടെ കാണാത്തരങ്ങൾ അവരെനിക്കു കാട്ടിത്തന്നു. അവരുടെ വീട്ടിൽ ഒരു കിടപ്പുമുറി ചെമ്പരത്തിയുടെ ആത്മാവുൾക്കൊള്ളുന്നു. കർട്ടനും കിടക്കവിരിയും കുളിമുറിയുടെ നിലവും ചുമരുമുൾപ്പെടെ. അവിടമെല്ലാം ചെമന്നരാശി. മറ്റൊരുമുറി ശംഖുപുഷ്പത്തിന്റെ. അവിടെയെല്ലാം നീലരാശി. വിട്ടിനകത്തും പുറത്തുമെല്ലാം പൂച്ചെടികൾ. കള്ളിച്ചെടികൾ. സ്വീകരണമുറിയിലെ കണ്ണാടിക്കൂട്ടിൽ ലോകമെമ്പാടുനിന്നും കൗതുകവസ്തുക്കൾ. പുസ്തകങ്ങൾ. വർണചിത്രങ്ങൾ.

കുറെ ഇന്ത്യൻമസാലപ്പൊടിയും ഞാൻ വരച്ചൊരു രേഖാചിത്രവും അവർക്കു സമ്മാനിച്ചു. അവരെനിക്കു ചപ്പാത്തിയും കറിയുമുണ്ടാക്കിത്തന്നു. പൊട്ടിച്ചിരിയും കടങ്കഥകളുമായി ഒരു സായാഹ്നം.

എങ്കിലും അവരിരുവരുടെയും കണ്ണിൽ ഒരു ദുഃഖച്ഛവി. അതവർ മറച്ചുവച്ചുമില്ല. ഇങ്ങനെ എത്രകാലം? അവർക്കിടയിൽ ഒന്നേയുള്ളൂ തർക്കം. ആരാദ്യം മരിക്കണം?

ഇണയാദ്യം മരിക്കണം. തന്റെ മരണം താങ്ങാൻ മറ്റേയാൾക്കാവില്ല.

അപ്പോൾ താൻ തനിച്ചാവില്ലേ? ഞാൻ ചൂണ്ടിക്കാട്ടി.

അതിനെപ്പറ്റി തങ്ങൾക്കു വേവലാതിയില്ല. അവരൊന്നിച്ചു പറഞ്ഞു.

അധികനാൾ അതു വേണ്ടിവരില്ല.

Generated from archived content: vishtikkoru8.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആറ്‌
Next articleഒൻപത്‌
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English