ആറ്‌

അടുത്തദിവസം കാലത്തേ ഓടിവന്നു അസീസ്‌. തലേന്ന്‌ ലീവിലായിരുന്നതിനാൽ കാണാൻ പറ്റിയിരുന്നില്ല. ഇന്ത്യയിൽ ഞങ്ങളുടെകൂടെ കുറേനാൾ ഉണ്ടായിരുന്നതാണ്‌. ഞാൻ പുറപ്പെടുന്നത്തിനു കുറച്ചുമുമ്പാണ്‌ അസീസ്‌ ദ്വീപിലേയ്‌ക്കു മടങ്ങിയത്‌. പെട്ടിയിലെ അധികഭാരം എന്നെ ഏൽപ്പിച്ചിരുന്നു. അതുകൈമാറി. അസീസ്‌ അന്നത്തെ ദിനപത്രം എന്നെ തുറന്നുകാട്ടി. അതിലുമുണ്ട്‌ ഈ ഭാരതീയനെപ്പറ്റി വാർത്ത. അസീസിനാകെ ഉത്സാഹംഃ “വീട്ടിലേക്കു വരണം. കാണാൻ വീട്ടുകാർ കാത്തിരിക്കുന്നു. വരും ശനിയാഴ്‌ച.”

അതിനിടെ എനിക്കൊരു ഫോണുണ്ടെന്നറിയിപ്പ്‌.

വിളിച്ചയാൾ ഒരു വൃദ്ധൻ. മുൽക്‌രാജ്‌. ഇഴഞ്ഞിഴഞ്ഞ ഇംഗ്ലീഷിൽ ഹിന്ദിയറിയാമോ എന്നു ചോദിച്ചു.

“അറിയാമല്ലോ.”

“എന്നാൽ ഹിന്ദിയിൽ സംസാരിക്കാമോ?”

ഞാൻ സമ്മതിച്ചു. അദ്ദേഹത്തിന്റെ ‘ഹിംഗ്ലീ’ഷും എന്റെ ‘മലയന്ദി’യും കസറി. കാലം കുറെ ആയത്രെ ഹിന്ദിയിൽ ആരോടെങ്കിലും വർത്തമാനം പറഞ്ഞിട്ട്‌. കൊതിച്ചിട്ടാണ്‌. പേപ്പറിൽ കണ്ടു വിളിച്ചതാണ്‌. സന്തോഷമായി. ഇനിയും വിളിക്കും.

വിളിച്ചു. പല തവണ.

വേരറുക്കാൻ കൂട്ടാക്കാത്ത പഴയ തലമുറ. പുനർനവ.

വൈകുംവരെ പലരോടും ചർച്ചകൾ. ഒരോരുത്തരായി അവരുടെ ഗവേഷണമേഖലകൾ പറഞ്ഞുതന്നു. അവർ വഴിമുട്ടിനിൽക്കുന്നേടം ഞാൻ കുറിച്ചെടുത്തു.

ആമിക്ക്‌ തീരക്കടലിൽ മലിനജലം പരക്കുന്നതിനെപ്പറ്റി കൂടുതലറിയണം. അവരുടെ പവിഴക്കടൽ ജീവനുവേണ്ടി തുടിക്കുന്നു. ദ്വീപിനുചുറ്റും മരണക്കെണി മുറുകുന്നു. ഷാർമീൻ തീരസംരക്ഷണത്തിലാണ്‌. പക്ഷെ പ്രശ്നത്തിൽ കാര്യകാരണബന്ധം കാണാൻ കഴിയുന്നില്ല. കടലുമായി ബന്ധപ്പെട്ട്‌ ഒന്നിനൊന്നുപിറകെ വ്യവസായങ്ങൾ വരുന്നു. അവയ്‌ക്കു പറ്റിയ ഇടം കണ്ടുവയ്‌ക്കണം മാർസലിനും ബ്രൂസിനും. കടൽജീവികളെ തരംതിരിക്കുന്ന ഷൈലയ്‌ക്ക്‌ കടൽവെള്ളത്തിന്റെ ഭൗതികമാറ്റങ്ങൾ തിട്ടപ്പെടുത്തിക്കിട്ടണം. റിച്ചാർഡിന്‌ മത്സ്യക്കൂട്ടങ്ങളെ സ്വാധീനിക്കുന്ന സമുദ്രഘടകങ്ങളുടെ വിന്യാസം കിട്ടണം. ഫ്രെഡിക്കും നാസറിനും കടലൊഴുക്കിനെ പ്രവചിക്കാൻ പഠിക്കണം. തിരയടി വിശകലനം ചെയ്യാനും. സർവകലാശാലയിലെ വിദ്യാർഥികൾക്ക്‌ പുത്തൻപുതിയ ഗവേഷണവിഷയങ്ങളറിയണം. കാലാവസ്ഥാനിരീക്ഷകർക്ക്‌ ഉപഗ്രഹചിത്രങ്ങൾ വേണം. നാവികർക്ക്‌ ചില സമുദ്രശാസ്ര്തവിവരങ്ങൾ വേണം. ചിതറിക്കിടക്കുന്ന കരീബിയൻദ്വീപസമൂഹങ്ങൾക്കെല്ലാംകൂടി ഒരു സമുദ്രശാസ്ര്തനയം രൂപീകരിക്കണം.

അങ്ങനെയങ്ങനെ.

ഒരു വ്യക്തിക്കോ ഒരു രാജ്യത്തിനോ തനിയെ ചെയ്യാൻ വയ്യാത്തത്ര വിപുലമാണ്‌ സമുദ്രപഠനം. ഓരോ രാഷ്രത്തിനും ഓരോ പ്രശ്നങ്ങൾ. പക്ഷെ ഏഴുകടലും ഒന്നാണ്‌. ഒന്നിലെ വ്യതിയാനം മറ്റൊന്നിൽ പ്രതിഫലിക്കുന്നു. ഈ വിദൂരബന്ധം ഇന്നുമൊരു പ്രഹേളികയാകുന്നു. കടലും കരയും അന്തരീക്ഷവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. വെള്ളത്തിലൂടെയും വായുവിലൂടെയും കരയിലെ വസ്തുക്കൾ കടലിലേയ്‌ക്കൊഴുകുന്നു. കടലിലേയ്‌ക്കു പുറന്തള്ളുന്നത്‌ കരയിലേക്കു തിരിച്ചുവരുന്നു.

കടലിലെ മാറ്റങ്ങൾ ദീർഘസ്ഥായിയാണ്‌. അവയ്‌ക്കുപിന്നിൽ നിമിഷങ്ങൾതൊട്ട്‌ യുഗങ്ങൾവരെ നീളുന്ന പ്രക്രിയകൾ. അവയെല്ലാമറിയാൻ പരീക്ഷണനിരീക്ഷണങ്ങൾ വേണം. ചെലവേറും. ആൾബലം വേണം. പിൻബലം വേണം. വികസ്വരരാജ്യങ്ങൾക്കുണ്ടോ അതിനുള്ള സമയവും സൗകര്യവും? വികസിതരാജ്യങ്ങൾ തൻപാടുനോക്കും. നമുക്ക്‌, “നാമേപണിവതു നാകം നരകവുമതുപോലെ.” നമ്മൾ കൈകോർത്താൽ നമുക്കൊക്കും. ഇത്തരമൊരു കൂട്ടായ്മയ്‌ക്കു ഞങ്ങളൊരുങ്ങി.

പറ്റുന്നത്ര പ്രശ്നസ്ഥലങ്ങൾ കണ്ടു പഠിച്ചു പരിഹാരം തേടാൻ പരിപാടിയിട്ടു. ഷാർമീൻ മുൻകയ്യെടുത്തു. സഹായിക്കാനും വണ്ടിയോടിക്കാനും ഏതെങ്കിലും ടെക്നീഷ്യൻ മാറിമാറി വരും. പകൽ മുഴുവൻ യാത്ര. ആഴ്‌ചകളോളം യാത്ര. ഒന്നുരണ്ടു ബോട്ടുകളുമായി തീരസേനക്കാരും കടലിൽകൊണ്ടുപോകാൻ കാത്തിരുന്നു. ജൂലിയും ഫ്രെഡിയും നാസറും കൂടെക്കൂടും. കടലിൽ കാൽനനച്ചേ കടലിനെപ്പറ്റി അറിയാനൊക്കൂ. ശീതീകരിച്ച മുറിയിൽ കംപ്യൂട്ടറിൽ കടൽവരച്ചു രസിക്കുന്ന ചില മാന്യസഹപ്രവർത്തകരെ ഓർത്തു. അവർ തിരയെണ്ണി കാലം കഴിക്കുന്നു. അവരുടെ ജലരേഖകളും ശാസ്ര്തരേഖകളാകുന്നു.

നീഗ്രോരക്തം സിരകളിലോടുന്ന ഷാർമീൻ. വട്ടക്കണ്ണും വൻവായും കട്ടച്ചുണ്ടും ചുരുളൻമുടിയും. അൽപവസ്ര്തത്തിൽ പൊതിഞ്ഞ കൃഷ്ണശില. വിവാഹിതയെങ്കിലും കുട്ടികളില്ല. വേണ്ടെന്നു വച്ചിട്ടാണ്‌. പതുക്കെ മതിയെന്ന്‌.

രാവിലെ പുറപ്പെടുമ്പോൾ പ്രാതലിനായി ‘അവക്കാഡോ’ കൊണ്ടുവന്നുതരും ഷാർമീൻ. അകത്ത്‌ വെണ്ണക്കട്ടിക്കാമ്പുള്ള ഭീമൻകായ. അത്‌ കരീബിയൻ ഇഷ്‌ടഭക്ഷണം. ചിലപ്പോൾ വഴിക്ക്‌ ‘ഡബിൾസ്‌’ വാങ്ങിത്തിന്നും. കോള കുടിക്കും.

അവർക്കൊന്നും ഇന്നസമയത്ത്‌ ഇന്നതെന്നില്ല. പണിയെടുക്കുമ്പോൾ വിശക്കും. വിശക്കുമ്പോൾ തിന്നും. എന്തും തിന്നും. ഒരുപാടു തിന്നും. ചായക്കും കാപ്പിക്കും വലിയ പ്രിയമൊന്നുമില്ല. പ്രാതലിന്‌ മീൻ തിന്നെന്നിരിക്കും. അത്താഴം ചിലപ്പോൾ കുതിർത്ത പയറാണെന്നിരിക്കും. വൃത്തികേടുതോന്നിയാൽ കുളിക്കും. ഉടൽമറയ്‌ക്കാൻ തുണി. അത്‌ ആവുന്നത്ര കുറയ്‌ക്കാൻ നോക്കും. അവനവന്റെ ശരീരത്തെപ്പറ്റി അമിതബോധമില്ല. അപകർഷതാബോധം ഒട്ടുമില്ല. ഒട്ടൊക്കെ അഭിമാനവുമുണ്ട്‌. അതു കാണിക്കുന്നതും കാണിക്കാതിരിക്കുന്നതും സ്വന്തം കാര്യം. അതിസുന്ദരി അറുവികൃതനെ കെട്ടിപ്പിടിച്ചുനടക്കുന്നതു കാണാം. മറിച്ചും. തുണയ്‌ക്കിണ. “Every bread have a cheese” എന്നൊരു കരീബിയൻചൊല്ലുതന്നെയുണ്ട്‌.

പൊതുവെ അലസരെങ്കിലും സമയനിഷ്‌ഠയുണ്ട്‌ അവർക്കെല്ലാം. എനിക്കാണെങ്കിൽ മറിച്ചാണ്‌. അവരുമായി ഒന്നിച്ചപ്പോൾ സമയം ധാരാളം. തിരിച്ചായില്ലല്ലോ. ഭാഗ്യമെന്നുകരുതി.

ദ്വീപാകെ ഒരു ‘0’വട്ടം മാത്രം. കാറൽപം സ്പീഡിൽപോയാൽ കടലിൽവീഴും എന്നൊരു തമാശയുണ്ടിവിടെ. തീരമായതീരമെല്ലാം കണ്ടു. കേരളത്തിലേക്കാൾ തെങ്ങുകണ്ടു. പകൽ കാൽപതിക്കുമ്പോൾ ഒച്ചവക്കുന്ന തീരമണൽ കണ്ടു. രാത്രി കാൽവയ്‌ക്കുമ്പോൾ വെളിച്ചമുതിർക്കുന്ന മണലും കണ്ടു. പലേവർണത്തിൽ പവിഴപ്പുറ്റുകണ്ടു. കണ്ണീർപോലെ തെളിഞ്ഞ പവിഴക്കടൽ കണ്ടു. അതിൽ കൂപ്പുകുത്തിക്കളിക്കുന്ന നീർനായ്‌ക്കളെ കണ്ടു. കാറ്റിൽപെട്ടുലഞ്ഞു. പേമാരിയിൽകുതിർന്നാടി. അമാവാസിനാൾ മുട്ടയിടാൻവരുന്ന കൂറ്റൻകടലാമകളെ കണ്ടു. കറുത്ത ടാർ നിറഞ്ഞു കട്ടപിടിച്ച തടാകം കണ്ടു. ക്രൂഡെണ്ണയൂറുന്ന ചാലുകൾ കണ്ടു. പാറയിൽ കടൽത്തിര കൊത്തിയ ശിൽപങ്ങൾ കണ്ടു. കടൽവിസ്മയങ്ങളിൽ രോമാഞ്ചംകൊണ്ടു.

ആരുമെന്നെ വിദേശിയെന്നു തിരിച്ചറിഞ്ഞില്ല. എന്റെ രൂപവും ഭാവവും അവിടത്തുകാർക്കുമുണ്ടല്ലോ. വർത്തമാനം പറയാൻ തുടങ്ങുമ്പോൾ മാത്രം ചോദിക്കുംഃ

“ഇന്ത്യൻ?”

“അതെ. ‘ഇന്ത്യൻ’. ഈസ്‌റ്റ്‌ ഇന്ത്യൻ.”

മിക്കവരും പുഞ്ചിരിച്ചു. ചിലരെങ്കിലും മുഖംതിരിച്ചു. അന്യനെ വെറുക്കുന്ന മണ്ണിന്റെ മക്കൾ എവിടെയുമുണ്ടല്ലോ.

കൃത്രിമസജ്ജീകരണങ്ങളാൽ സംരക്ഷിക്കപ്പെട്ട ഒരു കടപ്പുറം കാണാൻ ചെന്നതാണ്‌. ‘ആംഗോസ്തുറ’ക്കമ്പനിയുടേത്‌. പ്രകൃതിയെ തോൽപ്പിക്കാൻ മനുഷ്യന്റെ കൈക്രിയ. നമ്മുടേതുമാതിരിയല്ല. കരീബിയൻനാടുകളിൽ കാശുണ്ടെങ്കിൽ കടപ്പുറം സ്വന്തമാക്കാം. ‘ആംഗോസ്തുറ’ (Angostura) കുടുംബം ലോകത്തിലേക്കും പണക്കാർ. ഏതോ മരത്തൊലിയിൽനിന്ന്‌ ഉണ്ടാക്കുന്നതാണത്രെ ‘ആംഗോസ്തുറ ബിറ്റേഴ്സ്‌’ എന്ന സാധനം. പടിഞ്ഞാറൻനാടുകളിൽ പാചകത്തിന്‌ ഒരു ചേരുവ. കൊക്കകോളയിലും ഉണ്ടത്രെ. പുറമെ ആർക്കുമറിയില്ല അതിന്റെ രഹസ്യം. പരമ്പരയായി കൈമാറിവരുന്നതാണ്‌. അമേരിക്കയിലാണ്‌ അവരുടെ കച്ചവടക്കമ്പനികൾ പലതും. ഈ ദ്വീപിന്റെ മക്കളാണ്‌.

അവർക്ക്‌ ദ്വീപിൽ പരക്കെ വസ്തുവഹകളുണ്ട്‌. പരന്നുകിടക്കുന്ന തോട്ടത്തിനുനടുവിൽ ഒരു ഓഫീസ്‌. ചെറിയൊരു വണ്ടിയിലെത്തിയ ഞങ്ങൾക്ക്‌ അവർ വലിയൊരെണ്ണം തന്നു. കുടിക്കാൻ ഇളനീരും.

കാട്ടുപാതയിലൂടെ ഞങ്ങൾ നീങ്ങി. പലേടത്തും പഴുത്തുനിൽക്കുന്ന പപ്പായ. നിരനിരയായി കായ്‌ച്ചുനിൽക്കുന്ന മാവുകൾ. കുലച്ചുനിൽക്കുന്ന തെങ്ങുകൾ. നിലംനിറയെ ഓലയും തേങ്ങയും. അവർക്ക്‌ തെങ്ങുകേറ്റമില്ല. സാധ്യവുമല്ല. അത്രയ്‌ക്കുണ്ട്‌ തെങ്ങ്‌. ഇടതടവില്ലാതെ. നിലത്തുവീഴുന്നതു പെറുക്കിയെടുക്കും.

വഴിനീളെ പൂത്തുനിൽക്കുന്ന മരങ്ങൾ. ചെടികൾ. വള്ളികൾ. ഇരുമ്പിൽ വാർത്ത പീരങ്കിക്കുറ്റിപോലെ ഒരുതരം വേരുകൾ. കാനൺ ട്രീ. കണ്ടാൽ അസ്സൽ പീരങ്കിയെന്നേ തോന്നൂ.

വണ്ടിയോടിക്കുന്ന ചക്കറി ഇടയ്‌ക്കൊന്നു നിർത്തി. കല്ലെറിഞ്ഞു പച്ചമാങ്ങ വീഴ്‌ത്തി. മണ്ണിൽവീഴുംമുമ്പേ കയ്യിൽപിടിച്ചു. കടിച്ചുമുറിച്ചു തിന്നു.

പല്ലുപുളിച്ചത്‌ എനിക്കായിരുന്നു.

കടൽക്കരയിലെത്തിയപ്പോഴേയ്‌ക്കും സുര്യൻ നന്നേ ചാഞ്ഞിരുന്നു. തിടുക്കത്തിൽ കടപ്പുറം കണ്ടു മടങ്ങി. ഇരുട്ടിൽ വഴി തെറ്റരുതല്ലോ. താമസിയാതെ ഇതുമൊരു വമ്പൻ വിനോദകേന്ദ്രമായേക്കും. അന്നേയ്‌ക്ക്‌ ഈ പ്രകൃതിഭംഗി ബാക്കിനിൽക്കുമോ?

Generated from archived content: vishtikkoru6.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂന്ന്‌
Next articleഏഴ്‌
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here