അഞ്ച്‌

പണിത്തിരക്കിന്റെ ദിവസങ്ങൾ എന്റെ മുന്നിൽ. ആദ്യം എല്ലാവരേയും പരിചയപ്പെട്ടു. കൂട്ടുജോലിക്കായി ബ്രിട്ടനിൽനിന്ന്‌ ജൂലി മാസങ്ങൾക്കുമുമ്പേ എത്തിയിരുന്നു. സർക്കാരനുവാദത്തിനു താമസിച്ചതിനാൽ എനിക്കു വൈകിയതാണ്‌. ഫ്രെഡി തീലക്‌സിംഗും നാസർ ഗോപാലും ഞങ്ങളെ സഹായിക്കും. രണ്ടും പയ്യൻമാരാണ്‌. ഗവേഷണസ്ഥാപനത്തിന്റെ തലവൻ ലെമോസ്‌. കറുമ്പൻ. വയസ്സൻ. സുമുഖൻ. സൗമ്യൻ. കുണ്ടൻകിണറിന്റെ ഒച്ച. കണ്ടപാടെ കെട്ടിപ്പിടിച്ചു. പഴയ പരിചയമാണ്‌. ഇന്ത്യൻ സുഹൃത്തുക്കളുടെ സുഖവിവരമാരാഞ്ഞു. എന്റെയും. കാർന്നോർ പരിഭവിച്ചുഃ “കുറെമാസങ്ങൾ പോര. ഒരുവർഷമെങ്കിലും ഇവിടെ നിൽക്കണം.”

പറ്റില്ലെങ്കിലും നോക്കാമെന്നു പറഞ്ഞൊഴിഞ്ഞു. എനിക്കെന്റെ ഉദ്യോഗമുണ്ട്‌ നാട്ടിൽ. അതു കളഞ്ഞുകുളിക്കാനാവില്ല. ജൂലിയെപ്പോലെയല്ല. അവർക്കിനിയും സ്ഥിരം ജോലിയില്ല ബ്രിട്ടനിൽ. ഒന്നിച്ചു കഴിയുന്നത്ര ചെയ്യാം ഇവിടെ. ബാക്കി ജൂലി മുഴുമിക്കട്ടെ. ഭർത്താവും കുഞ്ഞുങ്ങളുമായി വീടടച്ചുവന്ന അവർക്ക്‌ ഒന്നുരണ്ടു കൊല്ലത്തേക്ക്‌ ഉപജീവനമാകട്ടെ. അവർക്കെന്റെ പ്രായമായി.

ജൂലിയുടെ ഭർത്താവ്‌ പീറ്ററും തൊഴിൽരഹിതൻ. മികച്ച കംപ്യൂട്ടർ എഞ്ചിനീയറായിട്ടെന്താ? ജോലി കിട്ടണ്ടേ? ഭാര്യയോടൊപ്പം കുറ്റി പറിച്ചിങ്ങുപോന്നു. ജൂലിക്ക്‌ രണ്ടു പ്രസവത്തിൽ കുട്ടികൾ മൂന്ന്‌. എഡ്വിന മകൾ. മൂത്തത്‌. ആൺകുട്ടികൾ ഇരട്ട. ലൂയിസും ടോമും. ടോമും ലൂയിസും എന്നുപറഞ്ഞാലും ആരും തിരിച്ചറിയില്ല.

അഞ്ചുപേരും കടൽകടന്നുവന്നത്‌ സ്വന്തം പായ്‌ത്തോണിയിൽ. സമുദ്രശാസ്ര്തം പഠിച്ച ജൂലിയെ പീറ്ററിനോടടുപ്പിച്ചത്‌ അദ്ദേഹത്തിന്റെ കപ്പലോട്ടക്കഴിവാകണം. രണ്ടുപേരും മുക്കുവസമുദായത്തിൽനിന്നാണ്‌. ‘നീലരക്ത’മല്ലെന്ന്‌ ജൂലിതന്നെയാണ്‌ തുറന്നടിച്ചു പറഞ്ഞത്‌. എഡ്വിനയ്‌ക്ക്‌ അഞ്ചുവയസ്സു തികഞ്ഞുകാണില്ല. പൊടിയൻമാർക്ക്‌ രണ്ടോ മൂന്നോ. ആ കുടംബം, നാവികച്ചാർത്തും കുടിവെള്ളവും പാചകവാതകവും ടിന്നിലടച്ച ഭക്ഷണവുമായങ്ങു പുറപ്പെട്ടു.

എഞ്ചിനില്ലാത്ത പായ്‌കപ്പൽ. പേര്‌ ‘മെറിവാട്ടർ’. പത്തുപതിനഞ്ചടിയേ നീളം കാണൂ. കാറ്റുനോക്കി പായ്‌വിരിക്കും. കടലമ്മയെ കടൽപിള്ളേർക്കറിയില്ലേ. കരപറ്റിയേ നീങ്ങൂ. പാട്ടുംപാടി പണിയെടുക്കും. ഒരാളുറങ്ങുമ്പോൾ മറ്റെയാൾ ചുക്കാൻപിടിക്കും. ഉള്ള സ്ഥലത്ത്‌ കുഞ്ഞുങ്ങൾ കളിക്കും. ഉണ്ണും. ഉറങ്ങും.

അവസാനദിവസം ദിശയൽപം മാറിപ്പോയതൊഴിച്ചാൽ കുഴപ്പമൊന്നുമില്ലാതെ അവർ കരയണഞ്ഞു. താമസിക്കാൻ വീടുകിട്ടുന്നതുവരെ നങ്കൂരമിട്ട്‌ തുറമുഖത്തിൽതന്നെ പായ്‌ത്തോണിയിൽ കഴിഞ്ഞു. ആദ്യംതന്നെ ഒരു പഴയ കാർ വാങ്ങി. പിന്നെ കുട്ടികളെ സ്‌കൂളിൽ ചേർത്തു.

ഞാനാരാഞ്ഞുഃ ഇതിനുമാത്രം പണം കയ്യിൽ കരുതിയിരുന്നോ?

ഇല്ലില്ല. എല്ലാം കടക്കാശാണ്‌. പണിയെടുത്തുവേണം തീർക്കാൻ. ഭർത്താവിനും ജോലി കിട്ടിയാൽ എളുപ്പമായി. തൽക്കാലം പീറ്റർ കുട്ടികളെ നോക്കുന്നു. വീട്ടുവേലചെയ്യുന്നു.

ദൈവമേ! അവരുടെ ധൈര്യം ഇത്തിരി എനിക്കുണ്ടായിരുന്നെങ്കിൽ! നമ്മൾ കുത്തിയും കുറിച്ചും കൂട്ടിയും കുറച്ചും കഷ്ടപ്പെടുന്നു. നമുക്കുമാത്രമല്ല, നമ്മുടെ മക്കൾക്കും മരുമക്കൾക്കും മക്കളുടെ മക്കൾക്കുമായി എന്തെങ്കിലും കരുതാൻ തത്രപ്പെടുന്നു. എന്നിട്ടോ? അവിടെയും ഇവിടെയുമില്ലാതെ ആവലാതിപ്പെടുന്നു. ജീവിക്കുംമുമ്പേ മരിക്കുന്നു. അല്ലെങ്കിൽ ജീവിക്കാതെ മരിക്കുന്നു. ഇവരോ?

ഗവേഷണസ്ഥാപനത്തിന്‌, അധികമകലെയല്ലാതെ സ്വന്തമായൊരു വിരുന്നുവീടുണ്ട്‌. അതിന്റെ താക്കോൽ എനിക്കുതന്നു. കൂടെ ഒരു കാറിന്റെ താക്കോലും. ഞാൻ കുഴങ്ങി. എനിക്കു കാറോടിക്കാൻ ലൈസൻസ്‌ ഇല്ല. ഇവിടൊന്ന്‌ എടുക്കാനൊരു പഴുതുമില്ല. സ്ഥാപനത്തിനാണെങ്കിൽ കാറുകളേയുള്ളൂ. ഡ്രൈവർമാരില്ല. ആവശ്യക്കാർ സ്വയമോടിക്കണം. ബസ്സിനുമാത്രം ഡ്രൈവർ. ബസ്‌ എന്റെവഴി വരില്ല. മൂന്നാംലോകത്തിനും മറുപുറമോ?

എന്നും എന്നെ കൊണ്ടുപോയി കൊണ്ടുവരാമെന്നേറ്റു ഫ്രെഡി. വേറെ വഴിയുമില്ലായിരുന്നു.

മാക്വെറീപ്‌. അതൊരു മുനമ്പാണ്‌. അവിടെയാണു എനിക്കു തന്ന ഔദ്യോഗികവീട്‌. കടൽക്കരയിൽ. അവിടെനിന്നാൽ അകലെ തെക്കേ അമേരിക്കയിലെ ‘വെനുസ്വേല’ രാജ്യം കാണാം. പത്തൻപതു നാഴികയകലെ.

പൊയ്‌ക്കാലിൽ പണിത വീട്‌. കേറിച്ചെല്ലുന്നതേ ഒന്നാംനിലയിലേക്ക്‌. ചുമരായ ചുമരെല്ലാം അഴിയില്ലാത്ത ജനലുകൾ. അടക്കാനും തുറക്കാനും വിലങ്ങനെ മരപ്പാളികൾ. വീട്ടുസാമാനങ്ങളെല്ലാം ഒരുക്കിയിരിക്കുന്നു. ഫോണും ടെലിവിഷനുമടക്കം. വീടൊന്നു ചുറ്റിനോക്കി. മൂന്നു കിടപ്പറകൾ. കിടക്കവിരിവരെ വിരിച്ചുവച്ചിരിക്കുന്നു. അടുക്കളയിലും എല്ലാമുണ്ട്‌. സാധനങ്ങൾ വാങ്ങിയാൽ ചോറുവയ്‌ക്കാം.

ഇനി ഈ വീട്ടിൽ കുറേനാൾ ഒറ്റക്ക്‌.

സോഫയിലിരുന്ന്‌ ഞാനും ഫ്രെഡിയുംകൂടി വാങ്ങേണ്ട സാധങ്ങളുടെ ലിസ്‌റ്റുണ്ടാക്കിഃ “ഒരു പ്ലാസ്‌റ്റിക്‌ ബക്കറ്റ്‌. തുണിയലക്കാൻ.”

ഫ്രെഡി പുരികം ചുളിച്ചുഃ “എന്തിന്‌, താഴെ വാഷിംഗ്‌ മെഷീനുണ്ടല്ലോ.”

“ഒരു പ്ലാസ്‌റ്റിക്‌ മഗ്ഗ്‌. കക്കൂസിലുപയോഗിക്കാൻ.”

“എന്തിന്‌, ടോയ്‌ലറ്റ്‌ പേപ്പറുണ്ടല്ലോ.”

“ഒരു തലയണ.”

“എന്തിന്‌, ഈ കിടക്ക ശരീരവടിവൊത്തു കുഴിഞ്ഞോളും.”

അവനറിയില്ലല്ലോ കേരളക്കാരന്റെ ശീലങ്ങൾ.

വെളിച്ചെണ്ണ. ആദ്യദിവസം പരസ്യം കണ്ടതോർത്തെഴുതി. പിന്നെ അരി, പഞ്ചസാര, ചായ, കാപ്പി, പാൽ, പഴം, പച്ചക്കറി. അത്യാവശ്യം മഞ്ഞൾപ്പൊടിയും മുളകുപൊടിയും മസാലപ്പൊടിയും മാങ്ങാക്കറിയുമെല്ലാം കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. കടുകും പുളിയും? അതു പിന്നെ നോക്കാമെന്നുവച്ചു. സദ്യയ്‌ക്കല്ലല്ലോ ഇവിടെ!

പച്ചക്കറിക്കടയിൽ കണ്ടതും കാണാത്തതുമെല്ലാം. ചേന, മത്തൻ, മരച്ചീനി, വഴുതനങ്ങ, കായ, അച്ചിങ്ങ, പാവയ്‌ക്ക, വെണ്ടയ്‌ക്ക. പിന്നെ യൂറോപ്യൻമലക്കറികൾ. കുറെ വാങ്ങിക്കൂട്ടി. വലിയ സ്‌റ്റോറിൽനിന്ന്‌ ബാക്കിസാമാനങ്ങളും വാങ്ങി. അത്താഴത്തിന്‌ അവിടെത്തന്നെയുള്ള ഇന്ത്യൻ ആഹാരക്കടയിൽനിന്ന്‌ ‘റോട്ടി’ മേടിച്ചു. പരിപ്പുവേവിച്ചു ചേർത്ത ആനത്തലയൻ ചപ്പാത്തിക്കകത്ത്‌ ആവശ്യപ്രകാരം കൊത്തിയരിഞ്ഞ പച്ചക്കറിയോ മൃദുമാംസമോ നിറച്ച്‌ ‘സോസ്‌“ തളിച്ചുമടക്കി പൊതിഞ്ഞു തരും. സോസിന്‌ പച്ചമുളകോ ചുവന്നമുളകോ കുരുമുളകോ സോയയോ.

ഒരിക്കൽ ദോശക്കടയിൽ കൊണ്ടുപോകാമെന്നായി ഫ്രെഡി. ദോശ കടൽകടന്നിട്ടുവേണമെന്നില്ലല്ലോ. ഞാൻ ചിരിച്ചപ്പോൾ ഫ്രെഡിക്ക്‌ എന്തുതോന്നിയോ ആവോ.

മടങ്ങുമ്പോഴേയ്‌ക്കും സമയം വൈകിയിരുന്നു. വീട്ടിലും പരിസരത്തും നിറഞ്ഞ ഏകാന്തത. ഒരുതരം രാപ്പക്ഷികൾ ഇടതടവില്ലാതെ കൂകുന്നു. ഇടയ്‌ക്കിടെ പാട്ടും പാടിച്ചു പായുന്ന കാറുകൾ. ഒരുവശത്തെ അയൽവീട്ടിൽ മാത്രം അൽപം ആളനക്കം.

ആലോചിച്ചാൽ ഞാനെവിടെ? ഇതേ അക്ഷാംശത്തിൽതന്നെ എന്റെ വീടും വീട്ടുകാരും. പക്ഷെ രേഖാംശമോ? ഞാൻ പതിനായിരം നാഴികയകലെ. ഏകദേശം ഭൂമിയുടെ മറുവശത്ത്‌. എന്റെ സമയമോ പത്തരമണിക്കൂർ പിറകെ. അവരെല്ലാം ഇപ്പോൾ അടുത്ത ദിവസത്തിലായിരിക്കും.

ചിന്തയ്‌ക്കു ചങ്ങലയിടാൻ ടെലിവിഷനിട്ടു. വാർത്തയാണ്‌. പെട്ടെന്നു പെൺമണി എന്റെ പേർ പറയുന്നുഃ

”ഭാരതത്തിൽ നിന്നെത്തിയിരിക്കുന്നു തങ്ങളെ സമുദ്രഗവേഷണത്തിൽ സഹായിക്കാൻ. രണ്ടു സൗഹൃദരാജ്യങ്ങളുടെ സംഗമം. മൂന്നാംരാഷ്ര്ടങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം.“

ഉച്ചയ്‌ക്കുകണ്ട്‌ വർത്തമാനവും പറഞ്ഞിരുന്ന ഡൺകൻ പറ്റിച്ച പണിയായിരിക്കണം. സ്ഥാപനത്തിന്റെ ഔദ്യോഗിക വക്താവാണ്‌ ഡൺകൻ. ഇരിക്കട്ടെ. മൂക്കില്ലാരാജ്യത്തെ മുറിമൂക്കനല്ലേ ഞാനിപ്പോൾ.

ഫോണടിച്ചു. ഫ്രെഡിയാണ്‌ഃ ”ന്യൂസ്‌ കേട്ടോ? ശരി. വിളിച്ചതതിനല്ല. എന്റെ ഫോൺനമ്പർ തരാൻ വിട്ടു. ഇതാ നമ്പർ. ആവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കണം.“

എനിക്കെന്റെ നമ്പറും അറിയില്ലെന്ന്‌ അപ്പോഴാണ്‌ ബോധമുദിച്ചത്‌. ചിരിച്ചുകൊണ്ട്‌ അതും ഫ്രെഡി തന്നു.

”ഗുഡ്‌ നൈറ്റ്‌.“

പോയിക്കിടന്നു. പക്ഷെ ഉറക്കം വന്നില്ല. പുതിയ ഗൃഹമല്ലേ. പതിയെ ഗൃഹാതുരത്വം പിടികൂടുന്നോ? അതോ പ്രായത്തിന്റെ പ്രതികാരമോ? രാക്കിളികളുടെ കലമ്പലോ? രാത്രീഞ്ചരന്മാരുടെ കാറോട്ടമോ?

പെട്ടെന്നു കട്ടിലാടി. ജനലുകൾ കലമ്പിച്ചു. കിളികൾ ഒന്നിച്ചു പറന്നു. പട്ടികൾ ഓലിയിട്ടു. തെന്നിമാറിയ കിടക്കയിൽനിന്നു ചാടി നിലത്തിറങ്ങി.

കാലിടറുന്നു. ഏതാനും നിമിഷങ്ങൾ.

അതൊരു ഭൂകമ്പമായിരുന്നു. അയൽവീടുകളിൽ വിളക്കണയുന്നതുവരെ നോക്കിനിന്നു. ഇനിയുമൊന്നു വന്നെങ്കിലോ എന്നു കാത്തിരുന്നു.

വന്നില്ല.

Generated from archived content: vishtikkoru5.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂന്ന്‌
Next articleഏഴ്‌
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English