സമുദ്രശാസ്‌ത്ര സംബന്ധമായ ജോലിക്കായി ഏതാനും മാസത്തേക്കാണ് ഞാൻ ഈ ദ്വീപിലെത്തിയത്. വിമാനമിറങ്ങുമ്പോൾതന്നെ പവിഴപ്പഴപ്പും പച്ചവിരിപ്പും എന്നിലലിഞ്ഞു.
വെയിൽ ചായുന്നേയുളളൂ.
പലേ സമയമേഖലകളിലൂടെ ഒരു ദിവസത്തിലേറെ നീണ്ട വിമാനയാത്രയും അപരിചിതമായ യൂറോപ്യൻ ഇടത്താവളങ്ങളിലെ താമസവും ക്രമംതെറ്റിയ ഭക്ഷണവും എന്നെ ഒരുതരം പനിച്ചൂടിലെത്തിച്ചിരുന്നു. വെറും സാധാരണവസ്‌ത്രത്തിൽ പെട്ടിയുമുന്തി വൈകിയെത്തിയ എന്നെ ആമി വേഗം തിരിച്ചറിഞ്ഞ് കാത്തിരുന്ന കാറിൽ കയറ്റി.
ആദ്യത്തെ ഏതാനും ദിവസം ഹോട്ടലിൽ തങ്ങണം. രണ്ടുമൂന്നുനാൾക്കുളളിലേ താമസിക്കാനുളള വീട് ശരിയാകൂ.
മധ്യവയസ്സോടടുത്ത ആമി കാറോടിക്കുമ്പോൾ വാചാലയായി. അധികം സംസാരിക്കാനുളള അവസ്ഥയിലല്ലായിരുന്നു ഞാൻ. എങ്കിലും മനസ്സ് പുതുതായി എന്തെല്ലാമോ കാണാനും അറിയാനും തയ്യാറെടുത്തുനിന്നു.
വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്കുളള കാർയാത്ര വിമാനത്തിലേതുപോലെതന്നെ അനക്കമില്ലാതെ. നെടുങ്കൻ റോഡിൽ ആറുവരിയായി ഒഴുകിയോടുന്ന വാഹനങ്ങൾ. പുതുപുത്തൻ വണ്ടികൾക്കൊപ്പം പഴകിപ്പൊളിഞ്ഞവയും പന്തയത്തിനെത്തി. വഴിനീളെ നിയോൺപരസ്യങ്ങൾ സന്ധ്യാസൂര്യനെ നിഷ്‌പ്രഭമാക്കി.
‘നാരിയേൽ’ എന്ന പേരിലുളള വെളിച്ചെണ്ണയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുളള പരസ്യം എന്നെ പുറകോട്ടു വലിച്ചു. അത്‌ലാന്റിക് സമുദ്രത്തിലെ ഒരു കൊച്ചുദ്വീപിൽ കേരളത്തിന്റെയും ഭാരതത്തിന്റെയും വിദൂരസ്പർശം ഞാനറിഞ്ഞു.
ദ്വീപിനെക്കുറിച്ചു പൊതുവായും എന്റെ കൂടെ പണിയെടുക്കുവാൻ പോകുന്നവരെപ്പറ്റി വിസ്‌തരിച്ചും ആമി പറഞ്ഞു. ആ ‘കരിബീയൻ ഇംഗ്ലീഷ് പിടിച്ചെടുക്കാൻ കുറെ പാടുപെട്ടു. എന്റെ ’തിരുമൊഴി‘ തിരിച്ചും.
ആമി ചാങ്ങ് ചൈനക്കാരിയാണത്രെ. പക്ഷെ മൂന്നുതലമുറയായി ഇവിടെത്തന്നെ. ഭർത്താവും. ചാങ്ങ്-ദമ്പതിമാർക്ക് കുട്ടികളില്ല. ഇംഗ്ലണ്ടിൽ പഠിച്ച താൻ ക്രിസ്‌തുമതക്കാരിയാണ്. ഭർത്താവിന് ബുദ്ധനോട് പ്രിയമുണ്ട്. ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും നന്നായറിയാം. ബുദ്ധന്റെ നാടല്ലേ.
“നിങ്ങൾക്കെല്ലാമുണ്ട്.” ആമി പറഞ്ഞു. ’ഡോളറൊഴിച്ച്.‘
’ഡോളർ‘ എന്നുച്ചരിച്ചപ്പോൾ അവർ ഇന്ത്യക്കാരേയും അമേരിക്കക്കാരേയും മാറിമാറി അനുകരിച്ചു ചിരിച്ചു. ’നിങ്ങൾക്ക് അതും ഉണ്ടാക്കിക്കൂടേ? നാടിനുചേർന്ന സാങ്കേതികവിദ്യയുണ്ടല്ലോ ധാരാളം!“ അൽപം കളിയാക്കുന്ന മട്ടിൽ അവർ തുടർന്നു. ”നിങ്ങളുടെ അണുബോംബിനെയാണു ഞങ്ങൾക്കു പേടി.“
എനിക്കു ഡോളറിനെയാണു പേടി; ഞാൻ പറഞ്ഞില്ല.
അതൊരു വെളളിയാഴ്‌ചയായിരുന്നു. ഹോട്ടലിൽ വിട്ടശേഷം, ഞായർ ഉച്ചക്ക് ഒന്നിച്ചു വീട്ടിലാകാം ഊണെന്നുറപ്പിച്ച് അവർ പിരിഞ്ഞു.
ഇളംതണുപ്പിലും ഈർപ്പംനിറഞ്ഞ വായു. കാറ്റിനെ കടൽ തടുത്തപോലെ. ചെമ്പരത്തിപ്പൂവിന്റെ നിറവും നിഴലുമാടുന്ന പരിസരം. മുറിയിൽ മൃദുസ്വരത്തിൽ കരീബിയൻസംഗീതം. ടിവിയുടെ തിരശ്ശീലയിൽ പുളച്ചാടുന്ന ശരീരങ്ങൾ. ചാനൽമാറ്റിയപ്പോൾ ഹിന്ദിയിൽ ‘മഹാഭാരതംകഥ’.
കുളിച്ച് കുറെ കിടന്നുറങ്ങി. ഫോൺ മണി കേട്ടാണുണർന്നത്.
കൊച്ചിക്കാരൻ പിള്ളയാണ്. യാത്രയ്‌ക്കിടയിൽ കണ്ടുമുട്ടിയതാണ്. വിമാനത്തിൽ കയറിയപ്പോഴേ സംശയം തോന്നിയിരുന്നു നാട്ടുകാരനാണെന്ന്. പക്ഷെ തീർച്ചയില്ലായിരുന്നു. വെസ്‌റ്റ് ഇന്റീസുകാർ പലർക്കും മുഖച്ഛായ നമ്മുടെ. നാടൻ കൈപ്പെട്ടി കണ്ടപ്പോൾ സംശയം പകുതി തീർന്നു. പെട്ടിക്കുള്ളിലെ ഗുരുവായൂരപ്പനെ കണ്ടപ്പോൾ തീർച്ചയുമായി. ഒരു ഭൂഗോളക്ലബ്ബിന്റെ എതിർസന്ദർശന പരിപാടിക്കു വരികയാണു പിള്ള. ”രണ്ടുമൂന്നു ദിവസമേ ഈ ദ്വീപിൽ കാണൂ. ഒരു കരീബിയൻ കുടുംബത്തിന്റെ കുടെയാകും താമസം. തമ്മിൽ കാണാൻ ശ്രമിക്കാം. ഹോട്ടലിന്റെ പേരു തരൂ. വിളിക്കാം,“ വിമാനത്തിൽനിന്ന് ഇറങ്ങുംമുമ്പേ പിള്ള പറഞ്ഞിരുന്നു.
ആ വിളിയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ വെർണൻ എന്നൊരാൾ കാറുംകൊണ്ടു വരും. അറ്റോർണി മോഹൻചന്ദ് എന്നൊരാളുടെ വീട്ടിലെ അത്താഴവിരുന്നിനു വരണം. ഒരുങ്ങിയിരിക്കണം.
കൂറ്റൻ ഒറ്റനിലവീടിന്റെ വരാന്തയിൽ അറ്റോർണി മോഹൻചന്ദ് കാത്തുനിന്നിരുന്നു. കാറിൽനിന്നിറങ്ങിയ ഉടനെ തോളിൽ കയ്യിട്ടുകൂട്ടി എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.
”ഇത് ഇന്ത്യയിൽനിന്ന് ഇന്നു പറന്നെത്തിയ ശാസ്ര്തഗവേഷകൻ. നമ്മുടെ അതിഥി. നമ്മുടെ നാടിന്റെ അതിഥി. ആദ്യസന്ദർശനം. ആദ്യവിരുന്ന് നമ്മോടൊത്ത്.“ കൊള്ളാം. അറ്റോർണിയല്ലേ, വാചകക്കസർത്തിൽ മോശമില്ലെന്നുതോന്നി.
പത്തുനാൽപതുപേരുണ്ടാകും സ്വദേശികളും വിദേശികളുമായി. ഉദ്യോഗസ്ഥരും ബിസിനസ്സുകാരും സുഹൃത്തുക്കളും ബന്ധുക്കളും വിരുന്നുകാരും. ഇന്ത്യക്കാരാണു പലരും. അറ്റോർണിയുടെ ഭാര്യയെ എവിടെയും കണ്ടില്ല. വിഭാര്യനാണെന്നറിഞ്ഞു. മോഹന് രണ്ടു പെൺമക്കളാണ്. മൂത്തവൾ ആദ്യഭാര്യയിൽ. അച്ഛന്റെ കയ്യിൽതൂങ്ങി അവൾ നടന്നു. എനിക്കായി ഒരു വലിയ ഗ്ലാസ്സ് നിറയെ പഴച്ചാറുമായി ഇളയവളോടിവന്നു. അവൾക്കു ജോലി ഞാൻ തങ്ങുന്ന അതേ ഹോട്ടലിൽ. അവളാണ് പിള്ളയ്‌ക്കെന്നെ ഫോൺചെയ്തുകൊടുത്തത്.
ഇംഗ്ലീഷാണെങ്കിലും അവരുടെ ശൈലി വേറെന്തോ ആയിരുന്നു. അവർ പറഞ്ഞതു പലതും എന്നെത്തൊടാതെ പറന്നു. അവരുടെ ചിരിയിലും ചിന്തയിലും ഞാനന്യനായി. യാത്രച്ചൊരുക്കിൽ ഞാൻ പകുതി ഉറക്കത്തിലുമായിരുന്നു. ചപ്പാത്തിയും പുലാവും കറികളും പഴങ്ങളും കഴിച്ചെന്നു വരുത്തി. തീർച്ചയായും വീണ്ടും കാണാമെന്ന ഉറപ്പിൽ മോഹൻചന്ദ് എന്നെ പോകാനനുവദിച്ചു. കാറിൽ കയറുമ്പോൾ ഇളയമകൾ വീണ്ടും ഓടിയെത്തി. വിട പറയുമ്പോൾ അവളൊരു മിഠായി നീട്ടി.
മുറിയിൽവന്ന് മിഠായിക്കടലാസ് ചവറ്റുകുട്ടയിലിടുമ്പോൾ അവിചാരിതമായാണ് അതു കണ്ടത്. കടലാസ്സിനുള്ളിൽ കുനുകുനെ അച്ചടിച്ചിരിക്കുന്നുഃ *Kiss me in the dark’. നിഷ്‌കളങ്കമായ ഇളംമനസ്സുകൾ ഇളകിയാടാൻ മറ്റൊരു വിപണനതന്ത്രം.
ഇരുട്ടത്തെന്നെ ഉമ്മവച്ചത് ഉറക്കം.
Generated from archived content: vishtikkoru3.html Author: dr_g_narayanawamy