ഇരുപത്തിയഞ്ച്‌

ഭൂമധ്യരേഖമുറിച്ച്‌ അത്‌ലാന്റിക്‌ കടന്ന്‌ വിഷ്ടിയുടെ കപ്പൽ തെക്കേ ആഫ്രിക്കയിലെ കേപ്‌ ടൗണിലെത്തി നങ്കൂരമിട്ടു. ഇവിടെ കുറച്ചാളുകൾ ഇറങ്ങും. കറച്ചാളുകൾ കേറും. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പുറപ്പെടും. മൗറീഷ്യസ്‌ വഴി ആസ്ര്തേലിയയിലേക്ക്‌. ഇന്ത്യാസമുദ്രത്തിലൂടെ നെടുങ്കനൊരു യാത്ര. അതിനുള്ള തയാറെടുപ്പിലായിരുന്നു കപ്പൽക്കാർ.

തപാൽപെട്ടി എത്തി. ആകാംക്ഷയോടെ ഏവരും.

അമ്മയുടെയും ഇളയ സഹോദരിയുടെയും കത്തുകളുണ്ട്‌ വിഷ്ടിക്ക്‌. ഫ്രെഡിയും നാസറുംകൂടി ഒരു ആശംസാകാർഡും അയച്ചിരിക്കുന്നു.

അമ്മയുടെ കത്തിൽ നിറയെ ‘രാം, രാം, രാം“. ഒരു വരി മാത്രം തനിക്ക്‌ഃ ’എവിടെയാണെങ്കിലും സുഖമായി ജീവിക്കൂ. ദൈവം കാക്കും.‘

ഇളയ സഹോദരി എഴുതിയിരിക്കുന്നുഃ ’മൂത്തവൾ താമസം മാറി. കൂട്ടുകാരനൊത്ത്‌. വിവാഹിതരായേക്കും. അമ്മയുടെ മനസ്സാകെ ആടി ഉലയുകയാണ്‌. എപ്പോഴും പൂജാമുറിയിൽതന്നെ. ഭക്തിയും ഉന്മാദവും ഒന്നാണെന്നോ? വേഗം തിരിച്ചു വരൂ. നമുക്കുള്ളതു മതി. ഒന്നിച്ചിരിക്കുന്നതേ സന്തോഷമാണ്‌. അകന്നിരിക്കുന്നതിൽ ചേച്ചിക്കുമില്ലേ വിഷമം?‘

വിഷ്ടി കണ്ണടച്ചിരുന്നു. ചിന്തയാകെ ചിതറുന്നു. തിരിച്ചുപോകണമെങ്കിൽ ഈ നിമിഷം തീരുമാനിക്കണം. പിടിച്ചുനിൽക്കാനാണെങ്കിൽ ഇനിയും ഒന്നുരണ്ടു മാസത്തിലേറെയുണ്ട്‌. തിരിച്ചു ചെന്നാലെന്ത്‌? തിരിച്ചു ചെന്നിട്ടെന്ത്‌? വേണോ വേണ്ടയോ?

അന്തസ്സുള്ള തൊഴിൽ. അതിനൊത്ത വേതനം തെറ്റില്ലാത്ത ജീവിതം. അതിനൊത്ത മനക്കരുത്ത്‌. കുറെ അലോസരങ്ങളുണ്ടെന്നതു ശരി. അത്‌ എവിടെയും ഉണ്ടല്ലോ. വിട്ടുപോകാൻമാത്രം പ്രശ്നങ്ങളുണ്ടോ?

പിന്നെ വീട്ടിലെ കാര്യങ്ങൾ. എന്നെങ്കിലും തമ്മിൽതമ്മിൽ വഴി മാറേണ്ടേ? അനിയത്തിയുടെ വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. അവൾ വളരുമ്പോൾ അവൾക്കുമുണ്ടാകും മനക്കട്ടി. അല്ലെങ്കിൽ ഉണ്ടാകണം.

വിഷ്ടി തീരുമാനിച്ചു. കുറേകൂടി കാക്കാം.

അവൾ ആശംസാകാർഡു തുറന്നു. ഫ്രെഡിയും നാസറും ജോലിവിട്ടു. ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്‌. സമുദ്രസംബന്ധമായ സേവനങ്ങൾ ചെയ്തുകൊടുക്കാൻ. ഒന്നുരണ്ടു പണികൾ ഒത്തിട്ടുണ്ട്‌. രാപ്പകൽ പ്രയത്നിക്കണമെന്നുമാത്രം. സ്വന്തം കാലിൽ നിൽക്കുമ്പോൾ സുഖമൊന്നു വേറെ. സ്വാമി ഇന്ത്യയിൽനിന്ന്‌ ആശംസകളറിയിച്ചിട്ടുണ്ട്‌. താമസിയാതെ ഫ്രെഡി കല്യാണം കഴിച്ചേക്കും. നാസറിനിയും പയ്യനാകുന്നു. ലെമോസും ജോലിയിൽനിന്നു വിരമിച്ചു. മാർസലാണ്‌ ഇപ്പോൾ എല്ലാമെല്ലാം.

എല്ലാവർക്കും അവൾ തിരിച്ചെഴുതി.

ആഫ്രിക്കയിലെ ദിവസങ്ങൾ എണ്ണപ്പെട്ടതായിരുന്നു. നഗരത്തിൽ വിഷ്ടി സോഫിയയോടൊത്തു കറങ്ങി. തന്റെ സഹോദരീസഹോദരന്മാരുടെ നാട്‌. പുത്തൻപുലരിയിലെ പൂങ്കൊത്തുപോലെ കാപ്പിരികളുടെ ആത്മസത്ത തുടിക്കുന്നു. യുഗങ്ങൾ പിന്നിട്ടപ്പോൾ ഇതാ അവരും മനുഷ്യരായി. മനുഷ്യൻ മനുഷ്യനെ ചങ്ങലയ്‌ക്കിടാതായി. വെള്ളക്കാർക്കിടയിൽ ചോദ്യചിഹ്നംപോലെ അവർ കറുത്തവർ നിവർന്നുനിന്നു. ഒരു ആഫ്രിക്കൻപ്രസിദ്ധീകരണത്തിൽ കണ്ട കറുത്ത തലക്കെട്ട്‌ അവളുടെ മനസ്സിൽ മാറ്റൊലിക്കൊണ്ടുഃ ’യൂ ആർ, ബിക്കോസ്‌ വീ ആർ‘ (​‍്രൂയ മനപഷ ങപസമയപെ ജപ മനപ). നിങ്ങൾ നിങ്ങളായത്‌ ഞങ്ങൾ ഞങ്ങളായതുകൊണ്ടാണ്‌.

കറുത്തവരുടെ തോക്ക്‌ പക്ഷെ വെളുത്തവരുടേതിനേക്കാൾ കടുത്തതായി.

എങ്കിലും അവരും അവരുടെ തനിമ കണ്ടെത്തി.

രണ്ടാംയാത്രയിൽ അവൾ സഹപ്രവർത്തകർക്കു തികച്ചും പരിചിതയായി. പൊതുവെ കാര്യശേഷിയുള്ളവൾ എന്ന പേരും കിട്ടി. ആരിൽനിന്നും അകൽച്ചയില്ല. അധികം അടുപ്പവുമില്ല. സോഫിയയോടുള്ള മനഃസ്ഥിതിയിലും മാറ്റമൊന്നുമുണ്ടായില്ല. അവൾക്ക്‌ അവളുടെ വഴി. തനിക്കു തന്റെ വഴി. സുഹൃത്തുക്കളെ അവരെങ്ങിനെയോ അതേപോലെ സ്വീകരിക്കാൻ കഴിയണം. നല്ലതും ചീത്തയും കാണും. നല്ലതു പങ്കു വയ്‌ക്കുക. ചീത്ത മറന്നുകളയുക.

കുറച്ചുകൂടി യാത്രക്കാരെ കയറ്റാനും സാധനസാമഗ്രികൾ ശേഖരിക്കാനുമായി കപ്പൽ മൗറീഷ്യസ്‌ തുറമുഖത്തടുത്തു. ഇതും ഒരു കൊച്ചു ദ്വീപ്‌. തന്റേതുപോലെ കൊച്ചു രാജ്യം. ഇവിടെയും തന്റെ സഹോദരർ. പകുതിയിലധികം ഇന്ത്യയിൽനിന്നു വന്നവർ. വടിവും വാക്കും ഭാവവും വൈഭവവും തികച്ചും ഭാരതീയം. കയ്യെത്തിച്ചാൽ ഇന്ത്യ തൊടാമോ? വെള്ളത്തിൽ ചാടി നീന്തിച്ചെന്നാലോ? ഒരു നേരം കരയിൽ ഇറങ്ങിനടക്കാൻ സൗകര്യം കിട്ടിയപ്പോൾ വിഷ്ടി സോഫിയയെ പിടിച്ചു കാണിച്ചുഃ ’ഇതെല്ലാം എനിക്കു സുപരിചിതം!‘

ഉഷ്ണമേഖലയിലൂടെയുള്ള യാത്ര അൽപം വിഷമമുള്ളതായിരുന്നു. ഇടയ്‌ക്കിടയ്‌ക്കു കാറ്റും കോളും. പലപ്പോഴും മഴ. കടൽചൊരുക്കിൽ പലരും കഷ്ടപ്പെട്ടു. യാത്രക്കാർ ആദ്യയാത്രയിലത്ര ഉത്സാഹഭരിതരായിരുന്നില്ല.

ആസ്ര്തേലിയയിൽ എത്തിയപ്പോൾ കിട്ടിയത്‌ മരണവാർത്ത. വിഷ്ടി നടുങ്ങി. അമ്മ മരിച്ചു. ആ വിളക്കും പടുതിരി കത്തിയണഞ്ഞു. വിഷ്ടി മുഖംപൊത്തിക്കരഞ്ഞു. മനസ്സു നൊന്തായിരിക്കണം അന്ത്യം. അടുത്ത്‌ താനില്ലാതെ പോയി. ആ കൊച്ചുപെണ്ണ്‌, തന്റെ സഹോദരി, തനിച്ചെന്തു ചെയ്യും?

ഈ പരുവത്തിൽ ഇനിയും രണ്ടുമാസം തുടരാൻ വയ്യ.

സോഫിയ ഉപദേശിച്ചു. തൽക്കാലം നാട്ടിലേക്കു തിരിക്കൂ. എല്ലാം ഒന്നൊതുങ്ങിയ ശേഷം വീണ്ടും കപ്പൽകമ്പനിയിൽ ചേരാമല്ലോ. തിർച്ചയായും അവർ തിരിച്ചെടുക്കും. വഴിക്കെവിടെയെങ്കിലും ഒന്നിക്കാം.

എല്ലാം ഒന്നു പച്ചപിടിച്ചതുപോലെ തോന്നിയതാണ്‌. തനിക്കൊരു ജോലി. വീട്ടുകാർക്കൊരു താങ്ങ്‌. ഇന്ത്യയിലിറങ്ങി തന്റെ വേരുകൾ തിരയാൻ അവസരം. എല്ലാം ഒരൊറ്റക്കാറ്റിൽ പറന്നുപോയി. കൈവിട്ടകലുന്ന സൗഭാഗ്യങ്ങൾ.

എന്തു ചെയ്യണമെന്നറിയാതെ അവൾ തേങ്ങി.

കപ്പൽകമ്പനിക്കാർ വേണ്ടുന്ന സഹായമെല്ലാം ചെയ്തുകൊടുത്തു. എങ്കിലും സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക്‌ വിമാനക്കൂലിയായി.

നാട്ടിൽ തിരിച്ചെത്തിയ വിഷ്ടിയെ എതിരേറ്റത്‌ ശ്മശാനമൂകത. തികച്ചും ഒറ്റപ്പെട്ട പ്രതീതി. അനിയത്തി പകച്ചു നിൽക്കുന്നു. മൂത്തവൾ അകന്നു നിൽക്കുന്നു. ഇവ്വിധം അധികംനാൾ പിടിച്ചുനിൽക്കാനാവില്ല. ഈ ഊഷരജീവിതത്തെ എവിടെയെങ്കിലുമെത്തിക്കണം.

അവിചാരിതമായി ഫ്രെഡി വിളിച്ചു. തങ്ങളുടെ കമ്പനിയിൽ ചേരുന്നോ? ജോലിയേറുന്നു. ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്നു. ലാഭത്തിലൊരു വിഹിതം. അത്രയൊക്കെയേ തൽക്കാലം തരാനൊക്കൂ. അന്യോന്യം അടുത്തറിയാവുന്ന ആൾക്കാരായതിനാൾ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലോ.

വിഷ്ടി വൈകിച്ചില്ല. ഉള്ളതു മതി. അനിയത്തി ഒരു നിലയിലെത്തുന്നതുവരെ ഇത്രയൊക്കെ മതി. തൽക്കാലമൊരു നങ്കൂരമായി. ബാക്കി പിന്നീടു നോക്കാം. വരുന്നപോലെ വരട്ടെ.

അവളുടെ ആഹ്ലാദം തിരിച്ചു വന്നു. അത്യാഗ്രഹമുള്ളവർക്കല്ലേ ഇച്ഛാഭംഗമുണ്ടാകൂ. സ്വന്തം കാലിൽ നിൽക്കണം. ജീവിക്കാനുള്ള വക കിട്ടണം. ജീവിതത്തിന്‌ അർഥമുണ്ടാകണം. തന്റെ തനിമ തേടണം.

ഫ്രെഡിയും നാസറും മെയ്‌ മറന്നു പ്രവർത്തിച്ചു. ആനാട്ടിൽ സമുദ്രസേവനരംഗത്ത്‌ ആദ്യത്തെ സംരംഭമായതിനാൽ ഒരുപാടു സഹകരണം ലഭിച്ചു. ഇതേവരെ വിദേശക്കമ്പനികളുടെ കുത്തകയായിരുന്നു. വിദേശികൾക്കു പണമൊന്നേ ചിന്ത. അവർ കൊള്ളലാഭമുണ്ടാക്കുകയായിരുന്നു. ഫ്രെഡിയും നാസറും അതു തിരുത്തി. നാടിനുചേർന്ന സാങ്കേതികവിദ്യ. ആവശ്യംവരുമ്പോൾമാത്രം വിദേശത്തുനിന്ന്‌ വിദഗ്ധരെ വിളിക്കും. അവരുടെ വിഹിതം അവർക്കു കൊടുക്കും. അനാവശ്യച്ചെലവുകൾ വെട്ടിക്കുറയ്‌ക്കും. സർക്കാരിന്റെ നികുതി സർക്കാരിന്‌. ബാക്കി തുക മാന്യമായി പങ്കു വയ്‌ക്കും. കാണാക്കണക്കില്ല. കാണാക്കടമില്ല. കാണാക്കുരുക്കില്ല.

വെല്ലുവിളികൾ ഇല്ലാതിരുന്നില്ല. ഫ്രെഡിയുടെ സത്യസന്ധതയും നാസറിന്റെ ഊർജസ്വലതയും വിഷ്ടിയുടെ കാര്യവിവരവും സർക്കാരിന്റെ സഹകരണവും പലേ വിദഗ്ധരുടെ സഹായവും മൂലധനമായുള്ളപ്പോൾ അവർക്കൊന്നും വിഷമിക്കാനില്ലായിരുന്നു.

Generated from archived content: vishtikkoru25.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്തിനാല്‌
Next articleനാല്‌
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English