ഇരുപത്തിനാല്‌

അവസാനത്തെ ഒരാഴ്‌ച സ്ഥലത്തെ പ്രധാന ദിവ്യന്മാരെ കാണാനും ഗവേഷണപദ്ധതികൾക്ക്‌ സഹായസഹകരണങ്ങൾ ഉറപ്പാക്കാനും ഉപയോഗിക്കണമെന്ന അഭിപ്രായം വന്നു. ഇതെല്ലാം നിലയവിദ്വാൻമാർ കൈകാര്യം ചെയ്യേണ്ട കാര്യമേയുള്ളൂ. എങ്കിലും വിദേശത്തുനിന്നുള്ള ഉപദേഷ്ടാക്കളെന്ന നിലയിൽ അല്ലറചില്ലറ അടുക്കളപ്പോരിൽനിന്നകന്ന്‌ വസ്തുനിഷ്‌ഠമായി കാര്യവിചാരം ചെയ്യാൻ ഞാനും ജൂലിയുമായിരിക്കും ഉത്തമമെന്നു കരുതിക്കാണണം.

ഷാർമീൻ വീണ്ടും വഴികാട്ടിയായി.

ആദ്യദിവസം കാലാവസ്ഥാകേന്ദ്രത്തിൽ. അത്‌ലാന്റിക്‌ സമുദ്രത്തിൽ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളാറുണ്ട്‌. അവ കരീബിയൻകടലിലെത്തുമ്പോൾ മിക്കവാറും വഴിതിരിഞ്ഞുപോവുക പതിവുണ്ട്‌. എങ്കിൽതന്നെയും അവയുടെ പാർശ്വഫലങ്ങൾ കരീബിയൻദ്വീപുകളിൽ കാര്യമായനുഭവപ്പെടുന്നു. പവിഴക്കടലിനകത്ത്‌ തിരകൾ തള്ളിക്കയറുകയില്ലെങ്കിലും പുറങ്കടൽ ആഴ്‌ചകളോളം പ്രക്ഷുബ്ധമായിരിക്കും. കൊടുങ്കാറ്റ്‌ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതയ്‌ക്കുന്നു. അതോടൊന്നിച്ചുള്ള പേമാരിയും ദ്വീപുകളെ വെള്ളത്തിലാഴ്‌ത്തുന്നു. അരുവികൾ കരകവിഞ്ഞൊഴുകുന്നു. കടൽക്കരയിലെ ചളിത്തിട്ടകൾ ഇടിഞ്ഞുവീഴുന്നു. അതും പോരാഞ്ഞ്‌ ചുഴലിക്കൊടുങ്കാറ്റുകൾ സമുദ്രത്തിലുണ്ടാക്കുന്ന രാസഭൗതികജൈവികസമ്മർദ്ദങ്ങൾ. അവയെപ്പറ്റി കുറച്ചെങ്കിലുമറിയാൻ അന്തരീക്ഷവിദഗ്ധരുടെ സഹായം കൂടിയേ തീരൂ. കാലാവസ്ഥാകേന്ദ്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ മഹ രാജ്‌ അവരുടെ സജ്ജീകരണങ്ങളെല്ലാം കൂടെ നടന്നു കാട്ടിത്തന്നു. കയ്യിലുള്ള വിവരങ്ങൾ കാലാകാലം കൈമാറാമെന്നും ഉറപ്പുതന്നു.

തീരസംരക്ഷണസേനയ്‌ക്ക്‌ അനേകം കൊച്ചുകപ്പലുകളുണ്ട്‌. സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കടലിൽ നിരന്തരം റോന്തുചുറ്റുന്ന ഈ കപ്പലുകൾ പലേ സമുദ്രശാസ്ര്തനിരീക്ഷണങ്ങൾക്കും പ്രയോജനപ്പെടുത്താം. അവരുടെ പ്രത്യക്ഷസമ്മതവും പ്രത്യേകസഹകരണവും ഉണ്ടെങ്കിലേ എന്തെങ്കിലും നടക്കൂ. ഈ ആശയത്തിന്‌ അഭൂതപൂർവമായ സ്വീകരണമാണ്‌ നാവികോദ്യോഗസ്ഥരിൽനിന്നു ലഭിച്ചത്‌. വെറും വിരസതയും ആവർത്തനസ്വഭാവവുമുള്ള ഔദ്യോഗികജീവിതത്തെ അൽപം വഴിതിരിച്ചുവിട്ട്‌ ശാസ്ര്തസാമൂഹ്യപ്രതിബദ്ധതയുടെ അന്വർഥമാക്കാൻ അവർ വെമ്പുകയാണെന്നു തോന്നി.

കടൽമലിനീകരണവും നഗരമലിനീകരണവും തമ്മിൽ കാര്യകാരണബന്ധമുണ്ടല്ലോ. സമുദ്രസർവേ-കാര്യാലയത്തിന്റെ തലവനെ കണ്ടുമുട്ടിയപ്പോഴാണറിയുന്നത്‌, അദ്ദേഹത്തിന്റെ ഭാര്യയാണ്‌ നഗരാസൂത്രണത്തിന്റെ തലപ്പത്തെന്ന്‌. ‘കരയും കടലും മുഴുവൻ തങ്ങൾ രണ്ടാളുടെ വരുതിയിലാണ്‌’ എന്നു പറഞ്ഞത്‌ അൽപം ഔദ്ധത്യത്തോടെ. എങ്കിലും വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ ഓഫീസിലും തുടരും എന്ന അദ്ദേഹത്തിന്റെ തമാശ ഞങ്ങൾക്കു നന്നേ രസിച്ചു. കടൽത്തട്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തരാമെന്നേറ്റു.

സർവകലാശാലയുമായി മുമ്പുതന്നെ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നതിനാൽ അവിടെ കാര്യങ്ങൾ എളുപ്പമായിരുന്നു. സമുദ്രഗവേഷണത്തിന്‌ വിദ്യാർഥികളെ പരിശീലിപ്പിക്കുവാനുള്ള ചുമതല അവർക്കാണല്ലോ. അതിനുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ പങ്കുവച്ചു. പ്രത്യേകിച്ചും കടലിലെ പ്രായോഗികപരീക്ഷണ-നിരീക്ഷണങ്ങൾക്ക്‌.

സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ശാസ്ര്ത-സാങ്കേതികവിഭാഗങ്ങളിൽ കാര്യങ്ങൾ വിചാരിച്ചമാതിരി മുറപോലെ തണുപ്പൻ. അവിടെ അധികം സമയം പാഴാക്കാതെ ഞങ്ങൾ തുറമുഖത്തേക്കു നീങ്ങി. അവിടത്തെ കപ്പൽചാലിൽ മണ്ണടിഞ്ഞുണ്ടാകുന്ന അസൗകര്യങ്ങളും മണ്ണുതോണ്ടി മാറ്റുന്നതിലുള്ള സാങ്കേതികതടസ്സങ്ങളും അധികൃതർ വിവരിച്ചു തന്നു. പ്രശ്നത്തിന്‌ ഒരു പരിഹാരം കണ്ടെത്താമെങ്കിൽ ഗവേഷണത്തിനുള്ള ധനസഹായംവരെ അവർ വാഗ്ദാനം ചെയ്തു.

ടൂറിസം ഈ രാജ്യത്തിന്റെ പ്രധാനപ്പെട്ട വരുമാനമാർഗം. കടൽക്കരയും പവിഴക്കായലും തീരക്കടലുമാണ്‌ ഇവർക്ക്‌ പ്രകൃത്യാ കിട്ടിയ മൂലധനം. അവയെ പരിക്കേൽപ്പിക്കുന്ന ഒരു പ്രവൃത്തിയും നടന്നുകൂടാ. ദിശാബോധമില്ലാത്ത ടൂറിസം വരുംകാലങ്ങളിൽ കുഴിതോണ്ടും. ഓരോ വിനോദകേന്ദ്രത്തിന്റെയും സ്ഥാപനത്തിനും നടത്തിപ്പിനും സമുദ്രവിജ്ഞാനത്തിന്റെ അടിത്തറ കൂടിയേ തീരൂ. ടൂറിസം അധികാരികൾ ഗൗരവമായിത്തന്നെയാണ്‌ ഞങ്ങളുടെ വീക്ഷണം ചെവിക്കൊണ്ടത്‌. പരിസരപ്രശ്നങ്ങളിൽ കൂട്ടായ പ്രവർത്തനത്തിന്‌ അവർ സന്നദ്ധരായിരുന്നു.

മത്സ്യഗവേഷണകേന്ദ്രങ്ങളും ഞങ്ങൾ കയറിയിറങ്ങി. മീൻപിടിത്തത്തിലെ ഏറ്റക്കുറച്ചിലുകൾ അവരെയും വല്ലാതെ അലട്ടുന്നുണ്ട്‌. സമുദ്രത്തിലെ വ്യതിയാനങ്ങൾ മുൻകൂട്ടിക്കണ്ട്‌ മത്സ്യത്തിന്റെ തരവും അളവും പ്രവചിക്കാൻ പറ്റിയെങ്കിൽ അവർക്കുപകാരമാകും. അത്തരം പഠനങ്ങൾക്ക്‌ അവരുടെ പിൻതുണയുമുണ്ടാകും.

പിന്നെ കുറെ വ്യവസായസ്ഥാപനങ്ങളായിരുന്നു. കടലുമായി ബന്ധപ്പെട്ടവ. പ്രായോഗികതലത്തിലേക്ക്‌ സമുദ്രശാസ്ര്തം ഇറങ്ങിവരുമെങ്കിൽ അവരുടെ സഹായമുണ്ടാകും.

സമുദ്രശാസ്ര്തശാഖയുടെ പ്രായോഗികസാധ്യതകളെപ്പറ്റിയും അതിനൊത്തവണ്ണം ഗവേഷണശാലയെ നയിക്കേണ്ടതിനെക്കുറിച്ചും ലെമോസിനെയും സഹപ്രവർത്തകരെയും ഞാൻ ബോധ്യപ്പെടുത്തി. വാരാന്തത്തിൽ ഉച്ചതിരിഞ്ഞതോടെ എല്ലാവരെയുംകൂട്ടി ഒരു കൊച്ചു സമ്മേളനം. എനിക്കുള്ള യാത്രയയപ്പുകൂടിയായിരുന്നു അത്‌. അപ്പോഴും അദ്ദേഹത്തിനു പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂഃ “കുറേകാലം കൂടി ഇവിടെ നിൽക്കൂ. വിതച്ചതു കൊയ്തിട്ടു പോകൂ.”

എല്ലാവരുടെയും സന്മനസ്സിനു നന്ദിമാത്രം പറഞ്ഞിറങ്ങി. ഒട്ടേറെ ഭക്ഷ്യ പദാർഥങ്ങളും പാനീയങ്ങളും നിരത്തിയിരുന്നെങ്കിലും എന്തെങ്കിലുമൊന്ന്‌ എടുത്തു കഴിക്കാൻ തോന്നിയില്ല.

തീറ്റയും കുടിയും അർധരാത്രിവരെ നീണ്ടുവെന്ന്‌ പിന്നീടറിഞ്ഞു.

പിറ്റേദിവസം കാലത്തു തന്നെ വിമാനത്താവളത്തെത്തണം. ഇംഗ്ലണ്ടുവഴി വേണം മടക്കം. അവിടെ രണ്ടു ദിവസത്തെ പരിപാടിയുണ്ട്‌. ടിക്കറ്റ്‌ ഇനിയും ഏജന്റിന്റെ കയ്യിലാണ്‌. അവസാനനിമിഷത്തിലെ ചില ഏടാകൂടങ്ങൾ. ഫോൺ ചെയ്തു. അപ്പുറത്ത്‌ കളമൊഴിഃ “ഇഫ്‌ യു ആർ റെഡി അയാം റെഡി. ആർ യു റെഡി ഫോർ മീ?” കരീബിംഗ്ലീഷ്‌ ബഹുവിശേഷം. കാര്യം ഇത്രയേ ഉള്ളൂഃ ‘എല്ലാം തയാറാണ്‌. വരാൻ കഴിയുമോ?’

മറ്റർഥമില്ലെങ്കിലും എന്തർഥമാണെങ്കിലും മലയാളിയുടെ മനസ്സിൽ വൃത്തികേടല്ലേ തോന്നൂ. ഇതാ വരുന്നു, “അയാം റെഡി ഫോർ യൂ!” എന്നറിയിച്ച്‌ ഫ്രെഡിയുടെ കൂടെ പാഞ്ഞു.

പിറ്റേന്ന്‌ ഷാർമീനാണ്‌ എന്നെ വിമാനത്താവളത്തിൽ എത്തിച്ചത്‌. കാറോടിക്കുമ്പോൾ അവൾക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂഃ “കുറഞ്ഞ കാലത്തിനുള്ളിൽ ഇത്രമാത്രം ആത്മബന്ധമുണ്ടാവുക അപൂർവമാണ്‌. അമ്മയും അച്ഛനും അന്നുപറഞ്ഞതു ഓർക്കുന്നില്ലേ? ഞങ്ങളുടെ കുടുംബസുഹൃത്തിന്റെ പുനർജന്മമാവും. ജന്മജന്മാന്തരങ്ങളുടെ നൂലാമാലകൾ ആരറിഞ്ഞു? നമ്മൾ ഇനിയും കണ്ടുമുട്ടിയേക്കും.”

കാറിറങ്ങി. വിമാനത്താവളത്തിനകത്തുവരെ അവളെന്നെ അനുഗമിച്ചു.

“ഇനിയും കാണണം. അതുവരെ വിട.”

കൈരണ്ടും കൂട്ടിപ്പിടിച്ച്‌ അവളെന്നെ യാത്രയാക്കി.

അവളുടെ കണ്ണിലെത്തിയ നീർത്തുള്ളി കറുപ്പോ വെളുപ്പോ അല്ലായിരുന്നു.

Generated from archived content: vishtikkoru24.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here