സ്വൽപം ആക്കം കുറഞ്ഞെങ്കിലും എന്റെ പണി മുടങ്ങിയില്ല.
തീരസംരക്ഷണത്തിനും സമുദ്രപരിപാലനത്തിനും അത്യാവശ്യം വേണ്ട ഗവേഷണപരിപാടികൾ എഴുതി തയാറാക്കി. കരീബിയൻകടൽ മൊത്തമായെടുത്തു പഠിക്കേണ്ട ചില പദ്ധതികളും ഉരുത്തിരിഞ്ഞുവന്നു. സമുദ്രഗവേഷണസ്ഥാപനങ്ങൾ തമ്മിൽ സഹകരിക്കാനുള്ള മേഖലകളും വ്യക്തമാക്കി. ദ്വീപിലെ സമുദ്രഗവേഷണസ്ഥാപനത്തിന്റെ സുഗമമായ പുരോഗതിക്കാവശ്യമായ മാർഗനിർദേശങ്ങളും മുൻഗണനാക്രമത്തിൽ ഉൾക്കൊള്ളിച്ചു.
ജൂലിയും ഗൗരവത്തിൽതന്നെയാണ് സൈദ്ധാന്തികതലത്തിൽ മുന്നേറിയത്. കംപ്യൂട്ടർ മാതൃകാരൂപീകരണത്തിൽ ജൂലിക്കു കൂടുതൽ അനുഭവജ്ഞാനമുണ്ട്. രണ്ടുപേരും തലപുകഞ്ഞ് പ്രായോഗികതലത്തിൽ നിരീക്ഷണശൃംഖലയ്‌ക്കുള്ള വട്ടംകൂട്ടി. പിന്നെ അതിനോടനുബന്ധിച്ചുള്ള സമുദ്രയാത്രയിലായി.
ഇവിടത്തെ സർക്കാരിന്റെ ഉടമസ്ഥതയിൽ രണ്ടു ഗവേഷണബോട്ടുകളുണ്ട്. ഒന്നിന്റെ പേര് ‘കാവാല’. എനിക്കു കാവാലം ചുണ്ടന്റെ ഓർമ വന്നു. മറ്റേത് ‘കനവ’. രണ്ടും സ്പാനിഷ്-പേരുകളാണെന്നു മുതിർന്നവർ പറഞ്ഞു. കനവ ഒരുതരം മീനാണത്രെ. നമ്മുടെ കണവയാകണം. മലയാളത്തിൽ അനവധി സ്പാനിഷ്-വാക്കുകളുണ്ടല്ലോ. കഴിഞ്ഞകാലത്തെ കടൽബന്ധം.
ആ സമയത്താണ് ഇന്ത്യൻ സ്ഥാനപതിയുടെ ഓഫീസിൽനിന്ന് ഫോൺ സന്ദേശം വന്നത്. ഈ ദ്വീപിൽ ആദ്യം കാൽകുത്തിയ ഇന്ത്യക്കാരുടെ ഓർമയ്‌ക്കായി ‘ആഗമൻ’ ദിനം കൊണ്ടാടുന്നു പിറ്റേന്ന്. വിശ്വവിശ്രുതനായ ഇന്ത്യൻസംഗീതജ്ഞൻ വിശിഷ്‌ടാതിഥിയായി എത്തിയിട്ടുണ്ട്. പങ്കെടുക്കണം. സമയം പറഞ്ഞാൽ കാർ അയക്കും.
പിറ്റേന്ന് മറുദ്വീപിൽ പോകേണ്ടിയിരുന്നതിനാൽ അതിൽ പങ്കെടുക്കാൻ പറ്റിയില്ല. നിർഭാഗ്യമെന്നുകരുതി.
ഇവിടെ എത്തിയ ഉടനെ കോൺസുലേറ്റിൽചെന്ന് ഇന്ത്യൻസ്ഥാനപതിയെ കണ്ടിരുന്നതാണ്. തികഞ്ഞൊരു മാന്യൻ. അന്തസ്സുറ്റ പെരുമാറ്റം. ഞാൻ ചെല്ലുന്നതിനു മുമ്പേ എന്നെക്കുറിച്ചും ഞാൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തെക്കുറിച്ചും ഗ്രഹിച്ചിരുന്നു. ചുരുങ്ങിയ കാലയളവിൽ ആ നാടിനെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയുമിരുന്നു ആ പഴയ പ്രൊഫസർ. നാട്ടുകാർക്കു പൊതുവിലും ഇന്ത്യൻ വംശജർക്കു പ്രത്യേകിച്ചും പ്രിയങ്കരൻ. ‘മാരിവില്ലിൽ ഒരു മൂന്നാം ലോകം’. അതാണീ നാട്. അദ്ദേഹം വിവരിച്ചു. ദ്വീപിലെ ‘മഴവിൽ’സംസ്‌കാരത്തിന്റെ പ്രത്യേകതകളെപ്പറ്റി എന്നെ ആദ്യമായി ബോധവാനാക്കിയത് അദ്ദേഹമാണ്. പണി തീരുമ്പോൾ വീണ്ടും വന്നുകാണണമെന്നും അതിനിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ചെയ്യുന്ന ജോലിക്ക് പൂർണസഹകരണം വാഗ്‌ദാനം ചെയ്തുകൊണ്ട് അന്നെന്നെ യാത്രയാക്കി.
റിപ്പോർട്ടിന്റെ അന്തിമരൂപം ശരിയായപ്പോഴേക്കും ഡയറക്‌ടർ ലെമോസ് തിരിച്ചെത്തി. പേജുകൾ മറിച്ചുനോക്കി പൊട്ടിച്ചിരിച്ചുഃ “വാട്ട് മാൻ! തിരിയെ പോകാൻ ഒരുങ്ങിക്കഴിഞ്ഞോ? ഇപ്പറഞ്ഞ ഗവേഷണപദ്ധതികളെല്ലാം ആരു നടപ്പാക്കും? ഞങ്ങൾ കുഴിമടിയന്മാരാണ്. ഇതിനെല്ലാം തുടക്കമെങ്കിലും കുറിച്ചിട്ടു പോകൂ.”
“തുടക്കമെല്ലാം കുറെ ആയി. ബാക്കി മേൽനോട്ടത്തിന് ജൂലിയുണ്ടല്ലോ,” ഞാൻ പറഞ്ഞോഴിയാൻ നോക്കി.
“ഇല്ലില്ല. എനിക്ക് നിങ്ങൾ രണ്ടാളും ഒരുവർഷത്തേക്കെങ്കിലും ഇവിടെ വേണം. ഞാൻ ഉടനെ ഇന്ത്യൻസ്ഥാനപതിയെ വിളിച്ചു പറയാൻ പോകുന്നു. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും.”
ആശാൻ അതിനും മടിക്കില്ല. ഇവർക്കു മനസ്സിലാവില്ല. തിരിച്ചെത്താൻ ഒരു ദിവസം വൈകിയാൽപോലും നമ്മുടെ സർക്കാർ പൊറുക്കില്ല. എന്നിട്ടല്ലേ ഒരു വർഷം. എനിക്കു മടങ്ങാതെ വയ്യ.
“അതിനെന്താ? ഇനിയും വരാമല്ലോ. കുറേക്കൂടി സാവകാശത്തിൽ അടുത്ത തവണ,” ഞാൻ പറഞ്ഞത് ആത്മാർത്ഥമായിട്ടായിരുന്നു.
“ ‘കാസ്‌കഡു’ തിന്നിട്ടുണ്ടല്ലേ.”
“ഉവ്വ്,” ഞാൻ മറുപടി പറഞ്ഞു.
‘കാസ്‌കഡു’ ഇവിടത്തെ ഒരു മീനാണ്. അതു തിന്നവർ വീണ്ടുംവീണ്ടും ഈ നാടു സന്ദർശിക്കും എന്നാണു വിശ്വാസം. പ്രിയപ്പെട്ട വിരുന്നുകാരെ കാസ്‌കഡു തീറ്റാതെ വിടില്ല ആതിഥേയർ.
ആമിയാണ് അതെനിക്കു വിളമ്പിയത്. ജോലി വിട്ടതിനുശേഷം ജൂലികുടുംബത്തെയും എന്നെയും ഒരു വൈകുന്നേരം വീട്ടിലേക്കു വിളിച്ചിരുന്നു. അപ്പോഴേക്കും ഒരു കൊച്ചുപെൺകുഞ്ഞിനെ ആമി-ചാങ്ങ് ദമ്പതിമാർ ദത്തെടുത്തിരുന്നു. ഇനി കുഞ്ഞില്ലാത്ത ദുഃഖമില്ല. കുട്ടിയെ വളർത്താൻ തടസ്സമായി ജോലിയുമില്ല.
വിശിഷാതിഥികൾ ഇനിയും വരാനുണ്ടെന്ന് ആമി സൂചിപ്പിച്ചു. പറഞ്ഞുതീരേണ്ട താമസം ഒരു കാർ വന്നുനിന്നു. ഒരു സുമുഖൻ ചെറുപ്പക്കാരനും സുന്ദരി ഭാര്യയും.
“നിങ്ങളെന്നെ അറിയുമോ?” വീട്ടിൽ കേറേണ്ട താമസം ചെറുപ്പക്കാരൻ ചോദിച്ചു. “നാട്ടിൽ നമ്മുടെ വീടുകൾ തമ്മിൽ നടന്നെത്താവുന്ന ദൂരമേയുള്ളൂ.”
ഞാൻ ഓർമയിൽ വൃഥാ പരതി. ആമി നിന്നു ചിരിക്കുന്നുഃ “ഇതാ അന്യോന്യമറിയാത്ത അയൽക്കാർ!”
“സാരമില്ല. എനിക്കു നിങ്ങളെ അറിയാം. ഞാൻ റോണി ഡിസൂസ. ഇവൾ ഭാര്യ. ഇവിടത്തുകാരിയാണ്. നമ്മുടെ ഭാഷ പറഞ്ഞു കൊല്ലല്ലേ!” അയാൾ മുന്നറിയിപ്പു നൽകിഃ “എന്റെ ഇംഗ്ലീഷുകൊണ്ട് ഇവൾ മരിക്കുകയാണത്രെ. ഇവളുടെ ഭാഷ കേട്ട് ഞാനും മരിച്ചതുതന്നെ.”
“പ്രേമത്തിനു കണ്ണും മൂക്കുമെന്നല്ല, ചെവിയുമില്ലെന്നു മനസ്സിലാക്കണം,” ഞാൻ പറഞ്ഞു.
റോണി ഗോവയിൽ ജനിച്ചു. ബോംബെയിൽ പഠിച്ചു. കമ്പനി ഇവിടെ ഫാക്‌റ്ററി തുറന്നപ്പോൾ ഇങ്ങോട്ടുപോന്നു. പെണ്ണുകെട്ടി. സസുഖം വാഴുന്നു. അടുത്തതവണ നാട്ടിലേക്ക് ഇവളൊന്നിച്ചായിരിക്കും. അന്നു വന്നു കാണാം.
വേറൊരു വിരുന്നുണ്ടായിരുന്നതിനാൽ അവർ പെട്ടെന്നു പോയി.
അന്നാണ് ആമി ‘കാസ്‌കഡു’വിന്റെ ഐതിഹ്യം പറഞ്ഞത്.
കപ്പൽചേതം സംഭവിച്ച് ദ്വീപിലടിഞ്ഞ ഏതോ നാവികൻ ജീവൻ രക്ഷിക്കാൻ ഈ ശുദ്ധജലമത്സ്യം തിന്നിരിക്കണം. ആ രുചിയുടെ ആകർഷണത്തിൽ വീണ്ടുംവീണ്ടും വന്നിരിക്കണം. അതോ അതു നൽകിയ കരീബിയൻസുന്ദരിയുടെ നിറത്തിന്റെയും മണത്തിന്റെയും രൂപത്തിന്റെയും വശീകരണത്തിലോ.
കാസ്‌കഡു തിന്നില്ലെങ്കിലും ഈ മാണിക്യദ്വീപിലേക്ക് ആരും ആകർഷിക്കപ്പെടും എന്ന കാര്യം വേറെ.
ഓഫീസ്‌കാര്യങ്ങൾ പറഞ്ഞ് ആ നല്ല സായാഹ്നം ഞങ്ങൾ നശിപ്പിച്ചില്ല. ബാക്കിയെല്ലാം സംസാരിച്ചു. ‘കോൺഫറൻസ് ഓഫ് ദ കൊളോണിയൽ കസിൻസ്’. ഞങ്ങൾ അതിനു പേരിട്ടു.
ജൂലിയുടെ കുസൃതിപ്പിള്ളേർ എന്നോട് തുടക്കം മുതലേ വളരെ ഇണങ്ങിയിരുന്നു. കറുപ്പും വെളുപ്പുമൊന്നും അവർക്കറിയില്ലല്ലോ. ഒരു മുക്കുവപ്പാട്ട് ജൂലി തുടങ്ങിവച്ചു. എന്തിനോ പിണങ്ങി കിണുങ്ങിനിന്ന മകളടക്കം വാശിപിടിച്ചു പാട്ടായി പിന്നെ. ആമിയുടെ പുന്നാരക്കുട്ടി ഒന്നുമറിയാതെ ഉറങ്ങി.
നേരം പോയതറിഞ്ഞില്ല. മടക്കത്തിൽ മഴച്ചാറ്റലിൽ പോൾ സൂക്ഷിച്ചു വണ്ടിയോട്ടി. ജൂലിയും പിള്ളേരും പിൻസീറ്റിലുറങ്ങി.
പോളാകെ നിരാശയിലാണ്. ഒരു കാലത്ത് ഇത് ഭാഗ്യാന്വേഷികളുടെ സ്വപ്നലോകമായിരുന്നു. ‘എൽ ദൊരാദോ’ (El Dorado). പിന്നെ ഉദ്യോഗാർഥികളുടെ പറുദീസയായി. ഇവിടെയിപ്പോൾ തൊഴിലില്ലായ്മ മൂർച്ഛിച്ചിരിക്കുന്നു. വിദേശികൾക്ക് ജോലി കണ്ടെത്താൻ വലിയ വിഷമമായിത്തുടങ്ങിയിരിക്കുന്നു. ഭാര്യക്കും ഭർത്താവിനും ഒന്നിച്ചു വർക്ക്-പെർമിറ്റ് കിട്ടാൻ ബഹുബുദ്ധിമുട്ടാണ്. ബ്രിട്ടനിൽ തൊഴിൽകിട്ടാതെ മടുത്തിട്ടാണു വന്നത്. അമേരിക്കയിലേക്കു കടന്നാൽ രക്ഷപ്പെട്ടേക്കും. രണ്ടുപേർക്കും അതിനു വലിയ താത്‌പര്യമില്ല. ആ സംസ്‌കാരത്തോട് അലിഞ്ഞുചേരാൻ എളുപ്പമാവില്ല. കുട്ടികൾ മൂന്നല്ലേ. ഉപായത്തിൽ ജീവിച്ചാൽ പോരല്ലോ. സ്വന്തം നാട്ടിൽ ഒരു തൊഴിൽ ഒക്കുന്നതുവരെ ഇവിടെ തങ്ങണം. ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലും ശരിപ്പെടുത്തണം.
നമ്മെ ഭരിച്ച ബ്രിട്ടീഷുകാരുടെ സ്ഥിതിയിൽ കഷ്‌ടം തോന്നി. ഒന്നു സുന്ദരമായി ഇരക്കാൻകൂടി വയ്യാത്ത പരുവം. ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു’ എന്നും പറഞ്ഞിരുന്നാൽ പോരല്ലോ.. അതവർ മറ്റു യൂറോപ്യൻമാരെപ്പോലെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. കാലം പോയ പോക്ക്.
ഒരു മാസം മുമ്പാണ്. ഓഫീസിലേക്ക് കാറെടുക്കാതെ ജൂലി ബസ്സിൽ വന്നു. രണ്ടുമൂന്നുനാൾ അതു തുടർന്നു. കാറിനെന്തെങ്കിലും കേടായിരിക്കുമെന്നു വിചാരിച്ചു മിണ്ടാതിരുന്നു. ഒരേ വസ്ര്തത്തിൽതന്നെ ഒരുപാടുനാൾ കണ്ടപ്പോൾ എന്തോ പന്തികേടുതോന്നി. ഉച്ചഭക്ഷണം കൊണ്ടുവരുന്നില്ല. ഞങ്ങളുടെ കൂടെ വരുന്നുമില്ല. ഉച്ചയ്‌ക്ക് ഒരു മഗ് കാപ്പിയുണ്ടാക്കിക്കുടിക്കും. മിക്ക സമയവും മൗനം. ഭർത്താവുമായെന്തെങ്കിലും? വിദേശീയരോട് വ്യക്തിപരമായ കാര്യങ്ങൾ അധികം സംസാരിക്കാതിരിക്കുന്നതാണല്ലോ വിവേകം. ഞാൻ അറിഞ്ഞ ഭാവം കാട്ടിയില്ല. വല്ല അസുഖവുമാകുമോ എന്നും സംശയം തോന്നി.
ഓഫീസിലേക്കു കുതിച്ചുപാഞ്ഞ ജൂലി ആഹ്ലാദത്തോടെയാണു തിരിച്ചു വന്നത്. “അവസാനം കിട്ടി,” ജൂലി പിറുപിറുത്തു. എന്തോ കാരണവശാൽ ജൂലിയുടെ ശമ്പളം വൈകിപ്പോയി. “ഇന്നതു കിട്ടി. കയ്യിൽ തീരെ കാശില്ലാതെ വന്നു. എന്നുവച്ചാൽ ഇനിയൊരു നേരം കുട്ടികൾക്കു പാലുവാങ്ങാൻ പോലും പണം കഷ്‌ടി. ഇന്നായിരുന്നു സഹനശക്തിയുടെ നെല്ലിപ്പടി.”
എന്നിട്ടും ഒരു വാക്ക് ഞങ്ങളോടു പറഞ്ഞില്ലല്ലോ. “നോക്കൂ. ഞാൻ ഇവിടെ ഒറ്റത്തടി. പാഴ്‌ചെലവൊന്നും ഇല്ലാത്തതിനാൽ കയ്യിലെപ്പോഴും കുറെ കാശുകാണും. ഒന്നു ചോദിക്കാമായിരുന്നില്ലേ?” ഞാൻ പരിഭവിച്ചു.
അതവർക്കു കുറച്ചിലായി തോന്നിയിരിക്കണം. ഇത്രക്കു മനക്കട്ടിയോ? ഇത്രക്ക് ആത്മാഭിമാനമോ? ഞാനായിരുന്നെങ്കിൽ തലങ്ങും വിലങ്ങും അലമുറയിട്ടേനേ. കണ്ടവരോടെല്ലാം കടംകൊണ്ടേനേ. ആപൽഘട്ടത്തിൽ സഹായത്തിനില്ലെങ്കിൽ സുഹൃത്തുക്കളെന്തിന്? ജൂലിക്കത് മനസ്സിലാവില്ലെന്നു തോന്നി.
“പ്രശ്നം തീർന്നല്ലോ” ജൂലി എത്ര ലാഘവത്തോടെയാണ് ഇതെടുക്കുന്നത്!
ഉടനെ ഭർത്താവു പോളിനെ ഫോൺചെയ്തു വരുത്തി ജൂലി. ഉച്ചയ്‌ക്ക് ഞങ്ങളെല്ലാവരേയും ആഹാരത്തിനു കൊണ്ടുപോയി. കാശു കിട്ടിയ ദിവസമല്ലേ. ആഘോഷിച്ചുകളയാമെന്നായിരിക്കും.
എന്തുപറഞ്ഞിട്ടും എന്നെക്കോണ്ടു ബില്ലു കൊടുപ്പിച്ചില്ല. “അടുത്ത തവണ,” ജൂലി എന്നെ വിലക്കിക്കൊണ്ടു പറഞ്ഞു.
“അത് ഇത്തരത്തിൽ വരാതിരിക്കട്ടെ,” പോൾ ജൂലിയെപ്പിടിച്ചു ചുംബിച്ചു.
ജൂലികൂടി വായിച്ചു തീർത്തതോടെ എന്റെ റിപ്പോർട്ടിന്റെ അന്തിമരൂപം ശരിയായി.
“നിങ്ങൾ ഇന്ത്യക്കാർക്ക് ഒരു ശരാശരി ഇംഗ്ലീഷുകാരനേക്കാൾ പദാവലിയും വാഗ്വിലാസവുമുണ്ട്. സമ്മതിക്കാതെ വയ്യ. ചില പദവിന്യാസത്തിലും വ്യാകരണത്തിലുമാണ് കുറെ പിഴ വരുന്നത്. അവ തിരുത്തിയിട്ടുണ്ട്,” ജൂലി റിപ്പോർട്ട് തിരിച്ചേൽപ്പിച്ചു പറഞ്ഞു. “സാങ്കേതിക കാര്യങ്ങളിൽ പരിപൂർണമായി യോജിക്കുന്നു. ഒന്നിച്ചു പണിയെടുക്കാൻ ഇനിയും അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.”
കുട്ടിപ്പള്ളിക്കൂടത്തിലും സർക്കാർവിദ്യാലയങ്ങളിലും മാതൃഭാഷയിൽ പഠിച്ച എനിക്ക് ഇതിലും വലിയ സാക്ഷ്യപത്രം വേണ്ട. ജൂലിക്കു നന്ദി പറഞ്ഞു. ഇംഗ്ലീഷ് അവർക്കു ജന്മനാ കിട്ടിയത്. നമ്മളുടെ ഇംഗ്ലീഷ് പെറുക്കിയെടുത്തത്. വിലക്കൂടിയതല്ലേ കുരുമുളകു ‘തിരിവ്’?
ഇംഗ്ലീഷിനെപ്പറ്റി നമുക്കുള്ള അപകർഷതാബോധം അസ്ഥാനത്താണെന്നു തോന്നി. എന്തിന് ഇംഗ്ലീഷുകാരെപ്പോലെ ഉച്ചരിക്കണം എന്ന വാശി? ഇവിടത്തുകാരെ കണ്ടില്ലേ? ഭാഷ വായിലല്ല. കരളിലാണ്.
കഴിവിലോ? അതിലും നമ്മൾ മോശക്കാരല്ലെന്നു ബോധ്യം വന്നു.
ആഗസ്‌റ്റ് പതിനഞ്ച്. സ്വാതന്ത്ര്യദിനത്തിൽതന്നെ റിപ്പോർട്ടിന്റെ ഒരു കോപ്പി ഇന്ത്യൻസ്ഥാനപതിയെ ഏൽപ്പിച്ച് ആത്മസംതൃപ്തിയോടെ വിടപറഞ്ഞു പിരിഞ്ഞു.
Generated from archived content: vishtikkoru22.html Author: dr_g_narayanawamy