പതിനൊന്ന്‌

ബ്രയൻ ഷാർമീന്റെ അച്ഛൻ. ബ്രയന്‌ വയസ്സ്‌ അറുപതിൽ കവിയും. എങ്കിലും വാർധക്യത്തിന്റെ വയ്യാവേലികളില്ല. ഉയർന്നു മെലിഞ്ഞ്‌ പട്ടാളക്കാരന്റെ സ്വരൂപം. ഒറ്റനോട്ടത്തിൽ ആഫ്രിക്കൻവംശജനാണെന്നു പറയില്ല.

കണ്ട ഉടൻ കൈകൂട്ടിപ്പിടിച്ചു. ഷാർമീന്റെ വീട്ടിലെ പിൻവരാന്തയിലിരുത്തി പഴച്ചാർ തന്നു. ചാറ്റൽമഴയുണ്ട്‌. അഞ്ചാറുവീടുകൾ ഒരുനിരയായി പണിതിരിക്കുന്നു. പിൻവരാന്തകളെത്തഴുകി നെടുനീളൻ നീന്തൽക്കുളം. ഒരു അരുവിക്കരയിലാണ്‌ ഇതെല്ലാം. അടുത്തുനിൽക്കുന്ന മലഞ്ചെരുവിലെ വെള്ളച്ചാട്ടം അരുവിയായൊഴുകുന്നു. അതിനൊരു കൈവഴിവെട്ടി നീന്തൽക്കുളത്തിലേയ്‌ക്ക്‌. നീന്തൽക്കുളത്തിന്റെ മറ്റേ അറ്റം വീണ്ടും അരുവിയിലേയ്‌ക്ക്‌. അങ്ങനെ നീന്തൽക്കുളത്തിൽ സദാ ശുദ്ധജലം ഒഴുകുന്നു. കാറ്റിൽ വെള്ളച്ചാട്ടത്തിൽനിന്നു വരാന്തയിലേയ്‌ക്ക്‌ വെള്ളത്തുള്ളികൾ പാറിവീഴുന്നു. അതിമനോഹരമായ ചുറ്റുപാടുകൾ. സ്വപ്നലോകത്താണെന്നു തോന്നി.

വരാന്തയിൽ എന്നെവിട്ട്‌ പെട്ടെന്ന്‌ അകത്തേയ്‌ക്കുപോയി ബ്രയൻ. രണ്ടുനിമിഷംകഴിഞ്ഞു വന്നയാൾ വീണ്ടും അകത്തേയ്‌ക്ക്‌. ഇത്തവണ ഭാര്യയെയും വലിച്ചുകൊണ്ടുവന്നു. അവരുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. എന്നെനോക്കി തേങ്ങലടക്കി. ഞാൻ പകച്ചു. ബ്രയനു ചിരി.

അവർക്കൊരു ഇന്ത്യൻസുഹൃത്തുണ്ടായിരുന്നത്രെ. സ്വന്തം മകനെപ്പോലെയായിരുന്നു അയാളവർക്ക്‌. കാറപകടത്തിൽ മരിച്ചു. വർഷങ്ങളേറെക്കഴിഞ്ഞു. അയാളുടെ തത്സ്വരൂപമാണത്രെ ഞാൻ. എന്നെക്കണ്ടപ്പൊഴേ ആ അമ്മയുടെ മനസ്സു കാളി. എന്റെ നരയും നടപ്പും കൂനും ഒച്ചയും ഭാഷാശൈലിയും, എന്തിന്‌ കയ്യോട്ടവും കണ്ണേറും എന്തെങ്കിലും കഴിച്ചാൽ ചുണ്ടുതുടപ്പുംവരെ അയാളുടെ. അയാൾ ജീവിച്ചിരുന്നാൽ ഇപ്പോഴത്തെ എന്റെ പ്രായം. അവർക്കു വിശ്വസിക്കാനാകുന്നില്ല ഞാൻ അയാളല്ലെന്ന്‌. മരിച്ചയാൾ മുന്നിൽവന്നു നിന്നപ്പോൾ അവരാകെ കുഴഞ്ഞു.

ഒരാളെപ്പോലെ ഏഴുപേർ ഉണ്ടാകുമത്രെ ഈ ലോകത്ത്‌. ബ്രയൻ പറഞ്ഞു. എങ്കിലും ഇത്രമാത്രം ഒത്തിണങ്ങുമോ? വിശ്വസിക്കാനാകുന്നില്ലപോൽ. ഒന്നടങ്ങിയപ്പോൾ ആയമ്മയും പറഞ്ഞൊപ്പിച്ചുഃ “ഇരിക്കൂ. പിതൃദിനമാണിന്ന്‌. ഷാർമീന്റെയാണു പാചകം. ടർക്കിയാണു പ്രധാനം. ഊണുകഴിക്കാം.”

ഷാർമീൻ അടുക്കളയിലാണ്‌. ഭർത്താവു സഹായിക്കുന്നു. ഒരു വട്ടപ്പാത്രത്തിൽ കായവറുത്തത്‌. അറിയാതെന്റെ കൈനീണ്ടു. ഞാൻ ധരിച്ചിരുന്നത്‌ ഇതു കേരളക്കരയിൽമാത്രമുള്ളതെന്നാണ്‌. മഞ്ഞൾ ചേർത്തിട്ടില്ലെന്നുമാത്രം. അപ്പോൾ കാണുന്നു എണ്ണയിൽ നേന്ത്രപ്പഴം പൊരിക്കുന്നത്‌. ടർക്കിയുടെകൂടെ അതും വിളമ്പി.

അതിനിടെ അയൽപക്കത്തെ ഒരു കരീബിന്ത്യൻ പെണ്ണെത്തി. നീന്തൽവേഷത്തിൽ നനഞ്ഞുകുതിർന്ന്‌. രണ്ടു വൈൻഗ്ലാസ്‌ നിറയെ വെർമൗത്ത്‌ വാങ്ങി നടന്നു.

ഊണുകഴിഞ്ഞ്‌ ഞങ്ങൾ പുറംവരാന്തയിലെത്തി. മഴയ്‌ക്കു കനം കൂടി. തണുപ്പും കൂടി. നീന്തൽക്കുളത്തിൽ കരീബിന്ത്യൻപെണ്ണും ഭർത്താവും കെട്ടിപ്പിണഞ്ഞുനിൽക്കുന്നു. ഷാർമീനെന്തോ തമാശ വിളിച്ചുപറഞ്ഞു. അവരൊന്നിച്ചു മുങ്ങാംകുഴിയിട്ടു.

ഷാർമീന്റെ ഭർത്താവ്‌ എഞ്ചിനീയറാണ്‌. തമ്മിൽകണ്ടു വിവാഹംചെയ്തതാണ്‌. അച്ഛനുമമ്മയ്‌ക്കും എതിർപ്പൊന്നുമില്ലായിരുന്നു. അവരും അങ്ങനെയായിരുന്നു. ഷാർമീന്റെ അച്ഛൻ കുറെനാൾ മിലിട്ടറിയിലായിരുന്നു. കുറെ വൈകിയായിരുന്നു കല്യാണം. ഇവളൊരു കുഞ്ഞേയുള്ളൂ.

കുറെക്കാലംമുമ്പ്‌ ഇവിടെയൊരു രാഷ്ര്ടീയകലാപം നടന്നു. സർക്കാർ ബ്രയനെ പട്ടാളത്തിലേക്ക്‌ തിരികെ വിളിച്ചു. നാശനഷ്ടങ്ങൾ വളരെയുണ്ടായില്ല. പക്ഷെ നാണയവില പകുതികണ്ടു കുറഞ്ഞു. അന്ന്‌ ഷാർമീൻ അമേരിക്കയിൽ പഠിക്കുകയായിരുന്നു. രായ്‌ക്കുരാമാനം പണത്തിന്റെ വിലയിടിഞ്ഞാലുള്ള കഷ്ടപ്പാടറിഞ്ഞു.

അടുത്തിടെ വീണ്ടുമൊരു വിപ്ലവശ്രമമുണ്ടായി. കുറെ മുസ്ലിംയുവാക്കൾ അധികാരം കയ്യടക്കാൻ നോക്കി. പൊട്ടിച്ചത്‌ ഒന്നുരണ്ടു വെടികൾമാത്രം. ആരും മരിച്ചില്ല. തലസ്ഥാനനഗരത്തിൽ കുറെ കൊള്ളയും കൊള്ളിവൈപ്പും നടന്നു. കുറേപേർ കയ്യിൽകിട്ടിയതെല്ലാം വാരിക്കൂട്ടി. വൈദ്യുതിപോലുമില്ലെങ്കിലും പാവപ്പെട്ടവരുടെ ചേരികളിൽ ഫ്രിജ്ജും ടിവിയുമെല്ലാമെത്തി. ചിലർ ടിവിയാണെന്നുകരുതി കംപ്യൂട്ടറുകൾ കട്ടു. വീട്ടിൽവന്നു പ്രവർത്തിപ്പിക്കുമ്പോൾ ഒന്നും കാണുന്നില്ല. അതെല്ലാം ചവറ്റുകുട്ടയിലായി. രാഷ്ര്ടപതി വിദേശത്തായിരുന്നതിനാൽ ഉപരാഷ്ര്ടപതിക്കായിരുന്നു അധികാരം. കലാപകാരികൾ അദ്ദേഹത്തെ തടങ്ങലിൽവച്ച്‌ തങ്ങൾ കുറ്റവിമുക്തരാണെന്നു കൈയൊപ്പുവാങ്ങി വിട്ടു. പട്ടാളമിടപെട്ട്‌ ഒരുദിവസത്തിനുള്ളിൽ കലാപമടക്കി. പഴയ സർക്കാർതന്നെ തുടർന്നു. എങ്കിലും വിപ്ലവകാരികളെ വിചാരണചെയ്യാൻ പ്രയാസംനേരിട്ടു. നിയമപ്രശ്നം. ഒരുവശത്ത്‌ രാഷ്ര്ടപതിയുടെ സാക്ഷാൽ അധികാരം. മറുവശത്ത്‌ ഉപരാഷ്ര്ടപതിയുടെ താത്‌കാലികാധികാരത്തിൽ കയ്യൊപ്പിട്ട പൊതുമാപ്പ്‌. എന്റെ ഗവേഷണസ്ഥാപനത്തിന്റെ തൊട്ടടുത്ത്‌ ഒരു ജെയിലിലാണ്‌ കലാപകാരികളെ പാർപ്പിച്ചിരുന്നത്‌. ലണ്ടനിലാണ്‌ വിചാരണ നടന്നത്‌. നിഷ്പക്ഷതയ്‌ക്കുവേണ്ടി. ഇപ്പോഴും അവിടെയാണ്‌ ഈ രാജ്യത്തിന്റെ സുപ്രീംകോർട്ട്‌. അവരെ പിന്നെ വെറുതെ വിട്ടു. പക്ഷെ നാണയമൂല്യം പിന്നെയുമിടിഞ്ഞു. ആലോചിച്ചുനോക്കൂ, ഒറ്റദിവസംകൊണ്ട്‌ സാധനങ്ങൾക്കിരട്ടിവില. തെക്കേഅമേരിക്കയിലും ആഫ്രിക്കയിലുമുള്ള കൊച്ചുരാഷ്ര്ടങ്ങളുടെ ശാപം. ഉപ്പുതൊട്ട്‌ കർപ്പൂരംവരെ ഇറക്കുമതിചെയ്യേണ്ട രാജ്യങ്ങളുടെ സ്ഥിതിയിതാണ്‌.

നമ്മൾ ഭാരതീയർ എത്രയോ ഭാഗ്യവാൻമാർ. നമുക്കുവേണ്ടതെല്ലാം നമ്മുടെ നാട്ടിൽത്തന്നെയുണ്ട്‌. പണമില്ലെങ്കിലും ഉള്ളതിനു വിലയുണ്ട്‌. ആഗോളവത്‌കരണവും ഉദാരവത്‌കരണവും സ്വകാര്യവത്‌കരണവുംകൊണ്ടു നടക്കുന്നത്‌ വികസ്വരരാഷ്ര്ടങ്ങളുടെ ദരിദ്രവത്‌കരണം.

ബ്രയന്‌ മുൻതലമുറയെപ്പറ്റി കാര്യമായ അറിവില്ല. തന്റച്ഛൻ ഇന്ത്യൻ താവഴിയാണെന്നു കരുതുന്നു. അച്ഛന്‌ ഒരു എണ്ണക്കമ്പനിയിലായിരുന്നു ജോലി. അമ്മവഴിയാണ്‌ ബ്രയന്‌ നീഗ്രോരക്തം. തന്നെപ്പോലൊരു സങ്കരചരിത്രമാണ്‌ തന്റെ ഭാര്യയ്‌ക്കും. ഷാർമീനിൽ ആഫ്രിക്ക തുടിച്ചു നിൽക്കുന്നു. അതുകൊണ്ടാവാം മരുമകനടുത്തത്‌. അവരുടെ കുഞ്ഞ്‌ എങ്ങിനെയിരിക്കുമോ. മകൾ മണ്ടിയല്ലല്ലോ, വെളുത്തതാകില്ല. ബ്രയന്‌ എല്ലാം തമാശയാണ്‌.

പ്രായേണ രക്തക്കലർപ്പു കുറഞ്ഞുകാത്തത്‌ അവിടത്തെ ഇന്ത്യക്കാരാണ്‌. ബ്രയൻ തുടർന്നു. അവരിന്നും സ്വന്തം വർഗത്തിൽനിന്നേ കഴിയുന്നിടത്തോളം വിവാഹിതരാകൂ. മതം മാറിയെന്നിരിക്കും. പക്ഷെ കുലം മാറുന്നില്ല. വെറുതെയല്ല അവർ ജനസംഖ്യയിൽ പകുതിയിലധികം.

കൂട്ടത്തിൽ നീഗ്രോവംശജർക്കാണ്‌ നഷ്ടക്കണക്ക്‌. കുറ്റം അവരുടേതുതന്നെ. ഒരുകാലത്ത്‌ കാശില്ലാതെ കഷ്ടപ്പെട്ടു. കാശുകിട്ടിയപ്പോൾ കളഞ്ഞുകുളിച്ചു. അമേരിക്കൻസംസ്‌ക്കാരവും മയക്കുമരുന്നുസംസ്‌ക്കാരവും അവരെ കീഴ്പെടുത്തി. ഇപ്പോൾ ഒന്നിനും കാശുപോരാതെ കരയുന്നു. ബ്രയൻ ഓർത്തു. തന്റെ പ്രായത്തിൽതന്നെയായിരുന്നു അലൻ. ആഫ്രിക്കയിൽനിന്നുള്ള അടിമകളായിരുന്നു അയാളുടെ മുതുമുത്തച്ഛൻമാർ. തികച്ചും മൃഗജീവിതം നയിച്ചവർ. പകൽമുഴുവൻ കഠിനാധ്വാനം. രാത്രി നേരംപോക്ക്‌ ഇണചേരൽ. കണ്ണിൽകണ്ടതെല്ലാം വാറ്റിക്കുടിക്കും. പെണ്ണുങ്ങളായപെണ്ണുങ്ങളെല്ലാം വെള്ളക്കാരന്റെ വികാരശമനത്തിനുള്ള വകയായിരുന്നു. ലക്കും ലഗാനുമറ്റ്‌ ഗുഹ്യരോഗങ്ങളുംപിടിച്ച്‌ ആ തലമുറ തകർന്നു. പടുമുളകളിൽ ഒരുവൻ അലൻ. കപ്പൽപണിയിൽ അതിവിദഗ്‌ദ്ധൻ. കയ്യിൽ കാശുവന്നപ്പോൾ ജീവിതരീതി മാറി. കാക്കപ്പൊന്നൊരുത്തിയെ കല്യാണവും കഴിച്ചു. ആഡംബരപൂർണമായ ജീവിതം. വീടും കാറും വിനോദപരമ്പരകളും.

ഭാര്യയ്‌ക്കു നന്നേ പിടിച്ചു. രാവേറെച്ചെല്ലും അവൾ വീടണയാൻ. മദ്യംനുണഞ്ഞ്‌ മതികെട്ട ഭർത്താവിനെ അവൾ തെല്ലും കൂസില്ല. ഒരുദിവസം ഉറക്കത്തിൽനിന്ന്‌ ഉണർന്നുനോക്കുമ്പോൾ സ്വന്തംവീട്ടിൽ ഭാര്യയുമൊത്ത്‌ മറ്റൊരാൾ. അവൾ അവനുമുകളിൽ കയറിയിരുന്നു രസിക്കുന്നു. രസിപ്പിക്കുന്നു. അലന്‌ കലി കയറി. കൈകാലനങ്ങുന്നില്ല. തലയ്‌ക്കുള്ളിൽ പുകമറ. കാൽതെറ്റിവീണതോർമയുണ്ട്‌. പിറ്റേന്നെപ്പോഴോ ബോധം തെളിഞ്ഞു. തലയിൽ മുറിവ്‌. നിലത്തെല്ലാം ചോര. അടുത്തൊരു വെട്ടുകത്തി. ആര്‌ ആരെ വെട്ടിയതെന്നറിയില്ല. ഭാര്യയെ കാണാനുമില്ല. അതോടെ ആ ദാമ്പത്യം അവസാനിച്ചെന്ന്‌ ആശ്വസിച്ചു.

ആശുപത്രിയിൽ കുറെ നാൾ. പിന്നെ കുറേക്കാലം മര്യാദയ്‌ക്കു ജീവിച്ചു. പാപബോധം അയാളെ വേട്ടയാടി. പരമ്പരയുടെ ശാപക്കെട്ടുമായി അയാളലഞ്ഞു. കടലായ കടലെല്ലാം താണ്ടി. പോയേടത്തെല്ലാം അന്യമായിത്തോന്നി. തിരിച്ചുവന്നതും ശൂന്യതയിലേക്ക്‌.

അന്തിക്കൊരുനാളാണ്‌ ബ്രയൻ അയാളെ ആദ്യമായി കാണുന്നത്‌. ലിഫ്‌റ്റ്‌ ചോദിച്ചുകൊണ്ട്‌ വഴിയരികിൽ. ആദ്യമൊന്നുമടിച്ചു. പിന്നെ കാറിൽ കയറ്റി. തലയുംകുമ്പിട്ടിരുന്നു അയാൾ. ഒരക്ഷരം മിണ്ടാതെ. എന്തോ മമതതോന്നി വീടും പേരും ചോദിച്ചു. പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ആദ്യമായാണ്‌ ഒരാണിങ്ങനെ പൊട്ടിക്കരയുന്നതു കണ്ടതെന്ന്‌ ബ്രയൻ ഓർക്കുന്നു. വീടിനുമുമ്പിൽ ഇറക്കിവിടുമ്പോൾ അയാൾ ക്ഷണിച്ചുഃ “വരൂ. കുറച്ചു വർത്തമാനം പറയാം.” കാര്യമായൊന്നും അയാളന്നു പറഞ്ഞില്ല. അവർ പിന്നീടും കണ്ടുമുട്ടി. അതൊരു സൗഹൃദമായി വളർന്നു. അവധി കഴിഞ്ഞ്‌ അയാൾ കപ്പൽ കയറി.

നാട്ടിലെത്തുമ്പോഴെല്ലാം ബ്രയനെ കാണും. കൂടെ ടെന്നീസ്‌ കളിക്കും. വീട്ടിൽ വിരുന്നുവരും. എല്ലാം ഒരുനിലയിലെത്തി എന്നു കരുതിയപ്പോഴാണ്‌ പഴയ ഭാര്യയുടെ വരവ്‌. കീറിപ്പറിഞ്ഞ വേഷത്തിൽ നനഞ്ഞുനാറിയ മനസ്സോടെ. കൂടെപ്പാർക്കാൻ തീരുമാനിച്ചുതന്നെയായിരുന്നു തിരിച്ചുവരവ്‌. അവജ്ഞ. അനുതാപം. അനുരാഗം. അവമതി. ഏതെന്നറിയാതെ അലൻ. എന്തുചെയ്യണമെന്നറിയാതെ അലൻ. മൗനത്തിൽ തുടങ്ങിയ സംഘർഷം മുള്ളുവാക്കിലെത്തി. അതുവളർന്ന്‌ വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയായി. അലൻ പതിയെ പഴയ ശീലങ്ങളിലേയ്‌ക്ക്‌. എത്ര ശ്രമിച്ചിട്ടും തെറ്റുതിരുത്താനായില്ല. അത്തവണ കപ്പൽകയറിയ അലൻ തിരിച്ചുവന്നില്ല.

ഭാര്യയ്‌ക്ക്‌ മറ്റൊരുവനെ കിട്ടി. മറ്റുപലരേയും കിട്ടി. മക്കൾ മൂന്നായി. ഒരാണും രണ്ടുപെണ്ണും. മകന്‌ വഴിവാണിഭം. പെൺമക്കൾക്ക്‌ മെയ്‌വാണിഭം. അവർ ടൂറിസത്തിന്റെ നിറവിൽ, നിഴലിൽ, പരാന്നഭോജികളായി. വിത്തുഗുണം പത്തുഗുണമായി. മയക്കുമരുന്നിന്റെ ഊരാക്കുടുക്കിലേയ്‌ക്കു തലനീട്ടി.

സുഖതൃഷ്ണയിൽ മയങ്ങി ഭോഗസുഖത്തിൽ മുഴുകി കണ്ണഞ്ചിച്ചുപോയ ആ കുടുംബം ബ്രയനെ വ്യാകുലനാക്കി. സ്വന്തം കൺമുമ്പിൽ കത്തിയണഞ്ഞ കരിന്തിരി. ഇക്കൂട്ടരുടെ ഭൂതവും ഭാവിയും ഒരുപോലെ ഭീകരം. ആദ്യം ശരീരവും പിന്നെ മനസ്സും തകർന്ന കറുത്തവരുടെ സ്വത്വം എന്നാണു തിരിച്ചുകിട്ടുക? അവർ തന്നെത്തന്നെ എന്നാണു തിരിച്ചറിയുക? ആഫ്രിക്കയിൽ സൂര്യനുദിക്കുന്നുണ്ടെന്നതു സത്യം. ചരിത്രത്താളിലെ അക്ഷരത്തെറ്റുകൾ തിരുത്താം. ചോരക്കറയോ? പുത്തൻപണം കാണുമ്പോൾ പേടിവരുന്നു. ബ്രയൻ നെടുവീർപ്പിട്ടു.

Generated from archived content: vishtikkoru11.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപത്ത്‌
Next articleപതിമൂന്ന്‌
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here