1. ഫാഷൻ ഷോ
(Wardrobe Malfunction എന്നു ചെല്ലപ്പേര്)
ഉരിയുന്നെന്തെടീ, നിന്റെ
തുണിയോ
എന്റെ തൊലിയോ?
2. പാരസമണി
(Paris Hilton-ന് രണ്ടാം ജയിലിൽ Skin Cream അനുവദിച്ചില്ലത്രെ. എന്തൊരു ദുർവിധി!)
മറ്റൊരു ‘സീത’യെ
കാട്ടിലേക്കയക്കുന്നു
ദുഷ്ടനാം കോടതി വീണ്ടും —
ഇതാ തോലിൽ തീമഴ ചാർത്തി
അവൾ
കാഞ്ചനസീതയുമായി.
3. ശബരിമല-ഗുരുവായൂർ (മൂന്നാർ വഴി)
തന്ത്രിക്കു മന്ത്രവും
മന്ത്രിക്കു തന്ത്രവും
അച്ചുവിൻ യന്ത്രവും
ആന്ത്രത്തിൽ വായുവും!
4. ചിക്കുൺ ഗുണിയ
അഷ്ടിക്കു മുട്ടി
വട്ടിയിൽ കഷ്ടി
മുഷ്ടിക്കു പറ്റി
ദൃഷ്ടിക്കു തെറ്റി.
5. ആത്മീയകല
ആത്മാവിനാനന്ദം
ബുദ്ധിക്കാഹ്ലാദം
മനസ്സിനു സന്തോഷം
ഇന്ദ്രിയങ്ങൾക്കു സുഖം
6. രാഷ്ര്ടപ്രതിഭയ്‌ക്ക്
അക്കം തെറ്റിയ കാലവും
കാലം തെറ്റിയ കോലവും
പാട്ടിലായ പ്രതിഭയും
വെട്ടിലായ വട്ടും —
കാലം കൂടിയാൽ
കോലം കെട്ടേ തീരൂ.
ഷേർവാണിക്കും
ചേലത്തുമ്പിനും
സ്ഥിരം സ്വസ്തി!
രാജപുത്രന്മാർ
വിജയിപ്പൂതാക!
7. ശൂന്യതയ്‌ക്ക്
(സുനിത വില്യംസിന്)
വന്ദനം വരൂ, വീണ്ടും
പോവുക പറന്നേറി
പാതകൾ പിറക്കാത്ത
പാവനാകാശം തേടി.
സർവവും പിറക്കുന്ന
പിറന്നാൽ പറക്കുന്ന
ജലമില്ലാ ജലാശയം
ബലമില്ലാ ബലാബലം
സ്വർഗസിദ്ധിയോ ശൂന്യം,
സർഗവൃദ്ധിയോ യാനം!
വിയർപ്പായൊഴുകാത്ത
കണ്ണീരായലിയാത്ത
നഷ്ടഭൂമിയോ സ്വർഗം,
നഷ്ടസ്വർഗമോ ഭൂമി?
8. കരാട്ടെ
പ്രകാശമില്ലെങ്കിലെന്തു സ്വർണം?
മനോമോഹനം ആണവർ മൽപിടിത്തം!
9. കോക്കറോച്ചി
കൊതുകിനെക്കൊല്ലാൻ
കായംകുളം കത്തി വേണ്ട.
‘കോക്കറോച്ചി’നെത്തട്ടാൻ
ബോഫോഴ്സ് ഗണ്ണും പോര!
10. വിപ്രലംഭി-പാർട്ടി
കയ്യെത്തുംദൂരത്ത്
കയ്യുംകെട്ടി……
11. മാനത്തെ മൈന
(ഭൂമിയിലെ മൈനോ)
പറയുവാൻ പറയാൻ
എന്തെളുപ്പം.
എന്നാൽ
പറയാതിരിക്കലാ-
ണതിലെളുപ്പം!
12. അടിയന്തരാവസ്ഥ
ആടിയാടി നടക്കുമ്പോഴാ-
ണനുഭവത്തിന്നനുഭൂതികൾ.
അടിയേ തെറ്റിപ്പോയാ-
ലടിയന്തരത്തിന്റെ പൂതികൾ!
Generated from archived content: poem1_dec28_07.html Author: dr_g_narayanawamy