ലാറി ബേക്കർ

ലാറി ബേക്കറിനെപ്പറ്റി ആരെല്ലാം എത്രയെഴുതിയാലും തീരില്ല. ആ നിറകുടം തുളുമ്പിയിട്ടേയില്ല.

മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള എന്റെ വീട്‌. കുറെയേറെ കാലമായി ആൾപാർപ്പില്ലാത്തതിനാൽ മുഴുവൻ ചിതൽ. സ്വതേ ദുർബല. കേരളത്തിലുടനീളം അനുഭവപ്പെട്ട ഭൂകമ്പത്തിൽ അടുക്കളച്ചുമർ അപ്പാടെ വിണ്ടുകീറി. കൂനിന്മേൽ കുരുവെന്നപോലെ, അടുത്ത കാലവർഷക്കാറ്റിൽ മുമ്പേ മിന്നലേറ്റൂ തളർന്ന മുത്തശ്ശിമാവ്‌ വീടിനുപുറത്തും.

പുതിയതൊന്നു പണിയാൻ കാശില്ല. പുതുക്കിപ്പണിയാനും കാശില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. ഇടയ്‌ക്കാണെങ്കിലും വന്നുതാമസിക്കണമല്ലോ. തുപ്പാനും വയ്യ, ഇറക്കാനും വയ്യ.

അക്കാലത്താണ്‌ ലാറി ബേക്കറെപ്പറ്റി കേട്ടറിയുന്നത്‌. താമസിയാതെ നാട്ടിലെത്തുമ്പോൾ, വൈറ്റിലയിൽ ബേക്കർ വരുന്നുണ്ടെന്നറിയുന്നു.

പോയിക്കണ്ടു. ഒരു ചെറിയ സദസ്സ്‌. യോഗംനടന്ന ആ കൊച്ച്‌ ഓഫീസ്‌-വീടുതന്നെ ബേക്കറിന്റെ നൈപുണ്യം വിളിച്ചോതി. ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റൊഴിച്ചാൽ ഒരുമണിക്കൂറിലേറെ സംവാദമായിരുന്നു. മറയില്ലാതെ, മുറിവാക്കില്ലാതെ, മുട്ടുതർക്കമില്ലാതെ എല്ലാം ശുദ്ധകാര്യങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ആശയവും വിലപ്പെട്ടതായിരുന്നു. ആ പതിഞ്ഞ ഫലിതവും ഒന്നു വേറെ.

ഓടിട്ട വീടിന്റെ ഗുണവും, അഥവാ കോൺക്രീറ്റുതന്നെ വേണമെന്നുണ്ടെങ്കിൽ ചരിവിട്ടുള്ള വാർപ്പുരീതിയും, അതിനു ചെലവുചുരുക്കാൻ കനം കുറയ്‌ക്കലും ഓടുപതിക്കലുമെല്ലാം വിസ്തരിച്ചു. പി. ഡബ്ല്യു. ഡി.-ക്കാർ തീപ്പെട്ടി-വീടിന്റെ കൂരവാർപ്പിനു ആറിഞ്ചു കനംപറയുമ്പോൾ, ചരിഞ്ഞ കൂരയ്‌ക്ക്‌ ബേക്കറിനത്‌ മൂന്നോ നാലോ മാത്രം. അദ്ദേഹം കണക്കുകൂട്ടിക്കാണിച്ചു; ഒരു ചതുരശ്ര അടി കനംകുറഞ്ഞ കോൺക്രീറ്റിനുപോലും ഒരാനയെ താങ്ങാനാകും. ഒരു ചതുരശ്ര അടിയിലാകട്ടെ ഒരാനയ്‌ക്കു നിൽക്കാനും കഴിയില്ല! പിന്നെന്തിനു പേടിക്കണം കൂരയുടെ കനംകുറയ്‌ക്കാൻ? മേൽതട്ടു ചരിഞ്ഞതാകുമ്പോൾ നീർക്കെട്ടും ഈർപ്പവും ഉണ്ടാകില്ല. അവ തടയാനുള്ള ചെലവും ലാഭം.

അതുപോലെതന്നെ കല്ലിൽ വേണ്ടാത്തിടത്തെ സിമന്റുതേയ്‌ക്കലും.

തലയിലൊരുപാടു കാര്യങ്ങൾ ചുമന്നുകൊണ്ടാണ്‌ ഞാനന്നു മടങ്ങിയത്‌.

മീറ്റിംഗിനുവന്ന ആർക്കിടെക്‌റ്റ്‌ ദമ്പതിമാർ മടക്കത്തിൽ എനിക്കു ‘ലിഫ്‌റ്റ്‌’ തന്നു. യാത്രയ്‌ക്കിടയിൽ, “ഓ, ഇതൊന്നും ശരിയാകത്തില്ല. ഇങ്ങനെയൊക്കെ പണിതാൽ പെരയുടെ ‘റീ-സെയിൽ വാല്യു’ പോകത്തില്ലിയോ? ജാളിയൊക്കെയുണ്ടേൽ വീടുമൊത്തം കൊതുക്‌ എലി പെരിച്ചാഴി ഈനാംപേച്ചി. വീടെങ്കിൽ ഇച്ചിരി പത്രാസു വേണ്ടായോ,” എന്നായിരുന്നു അവരുടെ പ്രതികരണം.

ഞാനൊന്നും പറഞ്ഞില്ല; വഴിക്കിറങ്ങി.

കോസ്‌റ്റ്‌ഫോഡിന്റെ (COSTFORD-Centre of Science & Technology for Rural Development) ബേക്കർ-പുസ്തകങ്ങൾ പുറത്തുവന്നുതുടങ്ങിയിരുന്നു. കത്തയച്ചിട്ടു കിട്ടിയില്ലെങ്കിലും, ഒരു സുഹൃത്തുമുഖേന കുറെ പുസ്തകങ്ങൾ സമ്പാദിച്ചു. ഭവനനിർമാണകാര്യങ്ങളിൽ ഇന്നുമവയാണ്‌ എനിക്കു ഭഗവൽവാക്യം.

അക്കാലത്താണ്‌ ഞാൻ ലെ കോർബൂസിയെ (Le Corbusier ) എന്ന ഫ്രെഞ്ച്‌-വാസ്തുശിൽപിയെക്കുറിച്ചും അറിയുന്നത്‌. ഛണ്ഡീഘഢ്‌ തുടങ്ങിയ നഗരങ്ങൾ സംവിധാനംചെയ്ത അദ്ദേഹം കൂറ്റൻകെട്ടിടങ്ങൾക്കും പാർപ്പിടസമുച്ചയങ്ങൾക്കും മനുഷ്യത്വമേകി. അതുപോലെയോ അതിൽകൂടുതലോ, കൊച്ചുവീടുകൾക്കു മനുഷ്യത്വവും കൂടെ വ്യക്തിത്വവും നൽകി ലാറി ബേക്കർ.

പിന്നീടു ഞാൻ ബേക്കറെ കാണുന്നത്‌ കൊച്ചി-ദില്ലി വിമാനത്തിൽവച്ചാണ്‌. ഗോവവരെ വർത്തമാനംപറഞ്ഞിരുന്നു. അന്നേയ്‌ക്ക്‌ അദ്ദേഹം ശാരീരികമായി തളർന്നുതുടങ്ങിയിരുന്നു. ഞങ്ങളുടെ ശാസ്ര്തഗവേഷണസ്ഥാപനത്തിന്റെ ഇരുപത്തഞ്ചാംവാർഷികത്തിന്‌ ഞാൻ ഇരുപത്തഞ്ചു വിദഗ്ധരുടെ വിശേഷപ്രഭാഷണങ്ങൾ ഒരുക്കിക്കൊണ്ടിരുന്ന സമയം. ബേക്കർക്കു സമ്മതമായിരുന്നെങ്കിലും അതിൽ പങ്കെടുക്കാൻ കഴിയുന്ന പരുവത്തിലായിരുന്നില്ല അദ്ദേഹം. “ഗോവയിൽ പലരും ‘ബേക്കർവീടുകൾ’ എന്ന പേരിൽ പലതുംപണിഞ്ഞു കാശുണ്ടാക്കുന്നുണ്ട്‌. നക്ഷത്രഹോട്ടലുകളിൽ വെറും മൺചട്ടി മോഹവിലയ്‌ക്കുവിറ്റു കാശാക്കുന്നപോലെ!” അൽപം വേദനയോടെതന്നെ ബേക്കർ പറഞ്ഞു.

തിരിച്ചെന്റെ പൊളിഞ്ഞവീട്ടിലേയ്‌ക്ക്‌.

ആദ്യംതന്നെ ‘ദീർഘവീക്ഷണം’ എന്ന ലാറി ബേക്കർ തത്ത്വം ഉൾക്കൊണ്ടു. എന്തിന്‌ എട്ടുംപത്തും മുറികൾ? പഴയ വീട്ടിൽനിന്ന്‌ തകർന്നതും വേണ്ടാത്തതുമായ സകലതും മുറിച്ചുമാറ്റി.

പിന്നെ ‘തദ്ദേശവസ്തു’-തത്ത്വം. ഒരുകല്ലെങ്കിലും പാഴാക്കിയില്ല, മേടിച്ചുമില്ല. ഒരു പലകയെങ്കിലും പാഴാക്കിയില്ല, മേടിച്ചുമില്ല. ഒരൊറ്റ ഓടെങ്കിലും പുതുതായി വേണ്ടിവന്നില്ല. വാങ്ങേണ്ടിവന്നതു കുറെ കോൺക്രീറ്റ്‌ കട്ടിളകൾ, നിവൃത്തിയില്ലാഞ്ഞുമാത്രം. ഭിത്തികൾ അത്രയ്‌ക്കു ദുർബലമായിരുന്നു.

സിമന്റ്‌, കമ്പി, ചരൽ, കണ്ണാടി, പ്ലാസ്‌റ്റിക്‌ ഇവ ഏറ്റവും കുറഞ്ഞ ആളവിൽ മാത്രം. കുമ്മായം, കല്ല്‌, കളിമണ്ണ്‌, പൂഴിമണ്ണ്‌, ഇവ ചുറ്റുവട്ടത്തുനിന്നു മാത്രം.

ഭിത്തിയുടെ മടക്കുകളും ചുമരിലെ കമാനങ്ങളും വീടിനുറപ്പുകൂട്ടാനും ചെലവു ചുരുക്കാനും ഉപയോഗിക്കാം എന്ന ‘സാങ്കേതിക’തത്ത്വവും പരമാവധി പ്രയോഗിച്ചു.

‘മുറിസംവിധാന’മായിരുന്നു അടുത്തത്‌. കാറ്റും വെളിച്ചവും വെയിലും നിലാവും മഴയും മഞ്ഞും വേണ്ടത്ര വേണ്ട സ്ഥലത്താവണം. രാത്രിയായാലും പകലായാലും വിദ്യുച്ഛക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും ഏതു ഋതുവിലും വീട്ടിനകത്ത്‌ സുഖമായിരിക്കണം. കാറ്റോട്ടം കൃത്യമായിരിക്കണം. കയ്യാളുന്ന സ്ഥലമെല്ലാം കൺവെട്ടത്തും കൈവട്ടത്തുമാ​‍ായിരിക്കണം. ആർഭാടമല്ല, ആവശ്യമാണു വലുത്‌. അത്യാവശ്യത്തിൽ കുറവും പാടില്ല.

ഇനി ‘പരിസര’തത്ത്വം. ഒരൊറ്റ മരം മുറിക്കരുത്‌. കഴിയുന്നത്ര വച്ചുപിടിപ്പിക്കുക. പൂക്കട്ടെ ചെടികൾ. കായ്‌ക്കട്ടെ മരങ്ങൾ. പൊഴിയട്ടെ ഇലകൾ. പറക്കട്ടെ പക്ഷികൾ. വളരട്ടെ ജന്തുക്കൾ!

എനിക്കിതേവരെ ചെയ്യാൻ പറ്റിയില്ലെങ്കിലും പറയുകയാണ്‌. ചുറ്റുമതിൽ കോട്ടപോലെയാകരുത്‌. പറമ്പിന്റെ ‘ശ്വസനം’ ഉയരം കുറഞ്ഞതും ദ്വാരങ്ങളുള്ളതുമായ മതിലിൽകൂടിയാകണം. പുറത്തുള്ളവർ അകംകണ്ടാലോ? ഒരുചുക്കുമില്ല. ഇനി കള്ളന്മാരാണെങ്കിൽ, അവർ ഏതുവഴിയും വരും. വല്ലപ്പോഴുമൊരിക്കൽ ഒരാനയെങ്ങാനും വരുമായിരിക്കും. വന്നോട്ടെ.

ഇല്ല; മേനിപറയുന്നില്ല. പരിമിതികൾമൂലം ബേക്കറിന്റെ ആശയങ്ങളിൽ പകുതിയേ എനിക്കു പ്രായോഗികമാക്കാൻ തരപ്പെട്ടുള്ളു. എന്നിട്ടുപോലും ചെലവ്‌ മറ്റുള്ളവർ പേടിപ്പിച്ചതിന്റെ മൂന്നിലൊന്നുമാത്രം! പണിക്കാരുടെ കൂടെനിന്നു പണിയേണ്ടിവന്നെന്നതു സത്യം. അതിന്റെ അനുഭൂതിയും ഒന്നു വേറെയല്ലേ.

പണിക്കിടെ പഴയ ആശാരി ആരാഞ്ഞുഃ “നമുക്ക്‌ വേറെ പഴയ വീടുകളും ഇങ്ങനെയങ്ങെടുത്തു പുതുക്കിയാലോ?”

ഞാൻ മനസാ ബേക്കർക്കു നന്ദി പറഞ്ഞു. അവർക്ക്‌ ലാറി ബേക്കർ എന്ന ‘പാവങ്ങളുടെ പെരുന്തച്ച’നെപ്പറ്റി പറഞ്ഞുംകൊടുത്തു. ആർക്കിടെക്‌റ്റ്‌-എഞ്ചിനിയർ-കോൺട്രാക്‌റ്റർ പ്രഭൃതികളുടെ അങ്കലാപ്പിനെക്കുറിച്ചും.

മൗറീഷ്യസിലെ ഒരു ആർകിടെക്‌റ്റ്‌-സുഹൃത്തിന്‌ ഞാൻ കൊടുത്തത്‌ ഗൗതം ഭാട്ടിയയുടെ ലാറി ബേക്കറെക്കുറിച്ചുള്ള പ്രസിദ്ധ ഇംഗ്ലീഷ്‌പുസ്തകമാണ്‌. അയാളിന്നും അതു നിധിപോലെ സൂക്ഷിക്കുന്നത്രെ.

Generated from archived content: chilarum9.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരാജകീയം
Next articleഅജിത്തിന്റെ നായികയായി കത്രീന തമിഴിൽ
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English