ദേശീയദിനമാണ് നാളെ.
നഗരത്തിരക്കിൽ ഊളിയിട്ടോടുമ്പോൾ പതാകവിൽപ്പനപ്പിള്ളേരുടെ തിരക്ക്.
ഒന്നു വാങ്ങി. ഒരു രൂപമാത്രം. മോൾക്കു കൊടുക്കാം.
ഞാനോർത്തു, കുട്ടിക്കാലത്ത് സ്‌ക്കൂളിൽ കൊണ്ടുപോകാൻ സ്വയം പേപ്പറൊട്ടിച്ചുണ്ടാക്കുന്ന കൊടികൾ. പതാകവന്ദനത്തിനുശേഷം കുട്ടികളും അധ്യാപകരും ‘ഭാരതമാതാ കീ ജയ്’ വിളിച്ചുപറഞ്ഞ് ഒന്നിച്ചു ജാഥയായി ഊരുചുറ്റും. പിന്നെ കൊടിയുംകൊണ്ടു വീട്ടിലേക്ക്. ഒരാഴ്‌ചയ്‌ക്ക് സ്‌ക്കൂളിൽ സ്ലേറ്റു തുടയ്‌ക്കാൻ കളർവെള്ളമാണ് കൊച്ചുകുപ്പിയിൽ കൊണ്ടുപോവുക.
ഇന്ന് കൊടികൾ കടയിൽ കിട്ടും. ജാഥ കുട്ടികൾ ടിവിയിൽ കാണും. പിന്നെ സ്ലേറ്റ് എന്നൊന്നില്ലല്ലോ.
ഓർമ പിൻവലിഞ്ഞപ്പോൾ ഒരു കരയുന്ന കോലം കണ്ണിൽ തട്ടി. ഒരുകെട്ടു കൊച്ചുകൊടികളുമായി പാതവക്കിൽ ഒരു കുഞ്ഞ്. കുറച്ചുപേർ മാറിനിന്നു ചിരിക്കുന്നു. ആ കുഞ്ഞിന്റെ കൊടികൾ ആരും വാങ്ങുന്നില്ല. അടുത്തുപോയി ഞാൻ ഒന്നുകൂടി വാങ്ങി. ഒരു രൂപയല്ലേയുള്ളൂ.
മാറിനിന്നിരുന്നവർ അതുകണ്ട് അട്ടഹസിച്ചു ചിരിച്ചു. എന്തോ പന്തികേടു തോന്നി. പട്ടണപ്രാന്തെന്നുകരുതി ഞാൻ നീങ്ങി.
കുറെ കഴിഞ്ഞാണു ശ്രദ്ധിച്ചത്. ആ കൊടി തലതിരിച്ചാണ് കമ്പിൽ ഒട്ടിച്ചിരിക്കുന്നത്. അബദ്ധമായല്ലോ. മാറ്റി വാങ്ങണം.
തിരിച്ചുചെന്നപ്പോൾ പാവം കുട്ടി കല്ലേറുകൊണ്ടോടുന്നു. തലതിരിഞ്ഞ കൊടികൾ ചിതറിക്കിടക്കുന്നു.
കൊടിക്കറിയില്ലല്ലോ കല്ലിന്റെ ക്രൂരത. കല്ലിനറിയില്ലല്ലോ കുട്ടിയുടെ വേദന. കുട്ടിക്കറിയില്ലല്ലോ കൊടിയും കല്ലൂം തമ്മിലെ ബാന്ധവം. കൊടി വിൽക്കാനും കല്ല് എറിയാനുമല്ലേ.
Generated from archived content: chilarum2.html Author: dr_g_narayanawamy