നെടുമങ്ങാട്ടു കേശവപണിക്കർ

ഡോ. എൻ. കെ. പണിക്കരെ ഞാൻ ആദ്യമായി കാണുന്നത്‌ എന്റെ ഗവേഷണ ഫെല്ലോഷിപ്പിനുള്ള ഇന്റർവ്യൂവിനാണ്‌. 1972-ൽ കൊച്ചിയിൽവച്ച്‌.

അന്നദ്ദേഹം ഗോവയിലെ ദേശീയസമുദ്രഗവേഷണസ്ഥാപനത്തിന്റെ സ്ഥാപകഡയറക്‌റ്ററായിരുന്നു. തികച്ചും ഒരു കറുത്ത സായിപ്പ്‌. നെറ്റിയിൽ ‘ഉണ്ടോ, ഇല്ല; ഇല്ലേ, ഉണ്ടല്ലോ’ എന്നൊരു മട്ടിൽ എന്തോ ഒരു കല ചാടിക്കളിക്കും.

വാക്ക്‌ വാക്കാണ്‌ ഡോ. പണിക്കർക്ക്‌. ഒന്നുവേണ്ടിടത്ത്‌ പക്ഷെ അരയേ പറയൂ. അദ്ദേഹത്തിന്റെ ‘ഉം’-മൂളലിന്‌ രണ്ടുണ്ടു രാഗമെന്നും അതനുസരിച്ച്‌ രണ്ടു വിപരീതാർഥവുമാണെന്നും (yes/no) കാലക്രമേണ മനസ്സിലായി.

ആ ബ്രിട്ടീഷ്‌-സറ്റയറും പേരുകേട്ടതാണ്‌. ഗോവയിൽ ‘മണ്ണിന്റെ മക്കൾ’ വാദം തീപ്പിടിച്ചു തുടങ്ങിയ കാലം. അന്ന്‌ ഞങ്ങളുടെ സ്ഥാപനത്തെകൂടാതെ ആകാശവാണിയുടെയും ഒറ്റ-ഇംഗ്ലീഷ്‌ പത്രത്തിന്റെയും മിലിട്ടറി യൂണിറ്റിന്റെയും മറ്റു പ്രധാനപ്പെട്ട കാര്യാലയങ്ങളുടെയുമെല്ലാം തലപ്പത്ത്‌ മലയാളികൾ. ഒരു ലോക്കൽമന്ത്രി ഇതു ചൂണ്ടിക്കാട്ടി, ഡോ. പണിക്കരോട്‌ മണ്ണിന്റെ മക്കളെ ജോലിക്കെടുക്കണമെന്നു ശഠിച്ചു. ‘ഞങ്ങളുടേത്‌ ദേശീയസ്ഥാപനമാണ്‌’, പണിക്കർ പറഞ്ഞു, താൻ ഗോവക്കാരനാണെന്നും. ‘പേരു നോക്കൂ – ’പാണീകർ‘. വെള്ളത്തിൽ ജനിച്ചവൻ.’ ഗോവക്കാർ പരക്കെ ജനിച്ച ഗ്രാമത്തിന്റെ പേരോടുകൂടെ ‘കർ’ ചേർത്താണ്‌ സ്വന്തംപേരുണ്ടാക്കുക (മങ്കേഷ്‌കർ, മാഷേൽകർ, ബന്ദോദ്‌കർ, നാവേൽകർ, കുഡ്‌ചാഡ്‌കർ, മായേംകർ, പെഡ്നേകർ,…..).

അതേ പണിക്കർ, കേരളസമാജം ഒരു സ്വീകരണത്തിനു വിളിച്ചപ്പോൾ താനിപ്പോൾ മലയാളി മാത്രമല്ലെന്നു തുറന്നടിച്ചും പറഞ്ഞു.

ഞാൻ മുണ്ടുടുത്താണ്‌ മുഖാമുഖത്തിനു പോയത്‌. കേറിയപാടെ എന്നെ ആകെയൊന്നു ഉഴിഞ്ഞുനോക്കി ഇരിക്കാൻ ക്ഷണിച്ചു. ഉടനെ കറകളഞ്ഞ ഇംഗ്ലീഷിൽ ഒറ്റച്ചോദ്യംഃ

‘കല്യാണം കഴിച്ചതാണോ?’

ഞാൻ, പാവം പയ്യൻ, കലാശാലവിട്ടു പുറത്തുവന്നിട്ടേയുള്ളൂ. പ്രേമിച്ചും തീർന്നിട്ടില്ല, നാണവും മാറിയിട്ടില്ല. കടൽകിഴവന്റെ ചോദ്യം!

ഇല്ലെന്നു പറഞ്ഞു. അദ്ദേഹം മുമ്പിലെ കടലാസ്സിൽ എന്തോ അടയാളപ്പെടുത്തി.

‘നീന്താൻ അറിയാമോ?’, അടുത്ത ചോദ്യം.

‘അറിയാം’.

കള്ളമല്ലായിരുന്നു. ഞാൻ നന്നായി നീന്തും, കുളത്തിൽ. പക്ഷെ മുങ്ങാൻകുഴി? ഒരു നിമിഷംപോലും പറ്റില്ല. കടലിലെ നീന്തൽ വേറൊരു കലയാണെന്നു പിന്നീടറിഞ്ഞു. കടലിൽ തലകുത്തിവീണ്‌ പലതവണ വെള്ളവും കുടിച്ചു പിന്നീട്‌.

അപ്പോഴും അദ്ദേഹം കടലാസ്സിൽ എന്തോ കറിച്ചു.

എന്നിട്ട്‌ അടുത്ത ചോദ്യം. ‘മീൻ തിന്നുമോ?’

മുട്ടപോലും തിന്നാത്ത ആളോടാണ്‌.

‘ഇല്ല’. ഞാൻ മറുപടി വൈകിച്ചില്ല.

അദ്ദേഹം ഒരു ഗുണനചിഹ്നം വരക്കുന്നതുമാത്രം കണ്ണിൽപെട്ടു.

വശങ്ങളിലിരുന്ന മാന്യൻമാരെ പേരിനൊന്നു നോക്കി ഡോ. പണിക്കർ എനിക്കു കൈതന്നു പറഞ്ഞുഃ ‘മൂന്നിൽ രണ്ടുമാർക്കേയുള്ളല്ലോ. ഗോവയിൽ പോസ്‌റ്റുചെയ്യുന്നു. കത്തിനു കാത്തിരിക്കുക. ഒരു വർഷത്തിനകം മീൻ തിന്നണം. എന്തിലും മൂന്നിൽ മൂന്നു വേണം. നല്ലതു വരട്ടെ.’

നല്ലതേ വന്നുള്ളൂ. ഒരു വർഷമല്ല, ഒരു മാസത്തിനുള്ളിൽ മീൻ തിന്നേണ്ടി വന്നു ഗോവയിൽ. ഉരുളക്കിഴങ്ങും തക്കാളിയും ഉള്ളിയും അരിയും പരിപ്പുമല്ലാതെ സസ്യാഹാരം വേറൊന്നും, പാലുപോലും, കാര്യമായി കിട്ടില്ലായിരുന്നു അക്കാലത്തവിടെ. താമസിയാതെ അദ്ദേഹം വിരമിച്ചു.

ഡോ. നെടുമങ്ങാട്ടു കേശവപണിക്കർ പിന്നീട്‌​‍്‌ കൊച്ചി ശാസ്ര്തസാങ്കേതിക സർവകലാശാലയുടെ വൈസ്‌ ചാൻസലറായി. 1977-ൽ മരിച്ചു.

Generated from archived content: chilarum1.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാർട്ടൂൺ
Next articleവർണം, വിവേചനം
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here