‘സ്വര്‍ഗ വാതില്‍ തുറക്കുന്നതിനുള്ള താക്കോല്‍ എല്ലാ മനുഷ്യനും നല്‍കപ്പെട്ടിട്ടുണ്ട്. നരകത്തിന്റെ വാതില്‍ തുറക്കാനും പ്രസ്തുത താക്കോല്‍ ഉപയോഗിക്കാവുന്നതാണ്’ – ശ്രീബുദ്ധന്‍. ഒരേ സമയം, സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും വാതിലുകള്‍ തുറക്കാന്‍ പര്യാപ്തമായ ഒരു താക്കോല്‍. ഒരു പക്ഷെ, ശ്രീബുദ്ധന്‍ ഇക്കാര്യം ശിഷ്യരോട് പറഞ്ഞ കാലത്ത്, അവര്‍ക്ക് അതിന്റെ അര്‍ഥം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നു വേണം അനുമാനിക്കാന്‍. പക്ഷെ, ഇക്കാലത്ത് അങ്ങനെയല്ല. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ ജീവിതം ചിട്ടപ്പെടുത്തുന്ന ഇന്നത്തെ തലമുറയ്ക്ക് ഉണ്ണാനും ഉറങ്ങാനും ആനന്ദിക്കാനും യന്ത്രസാമഗ്രികളും വേണം. വിദ്യുത്ച്ഛക്തിയുടെ പ്രവാഹം നിലച്ചാല്‍ ജീവിതം നിശ്ചലമാകുന്ന കാലം.
ആധുനിക മനുഷ്യന്റെ ജീവിതം ആനന്ദപൂര്‍ണമാക്കാനുള്ള മത്സരയോട്ടത്തില്‍ മുന്‍പന്തിയിലുള്ളത് മീഡിയയാണ്. പ്രത്യേകിച്ച് ഇലക്ട്രോണിക് മീഡിയ. ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും താക്കോലുകളാണ് അവര്‍ക്ക് ആനന്ദത്തിന്റെയും അനന്ത വിഹായസുകള്‍ തുറന്നു കൊടുക്കുന്നതും പലപ്പോഴും നരകത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുന്നതും.
ടെലിവിഷനും ഇന്റര്‍നെറ്റും ആധുനിക മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. അറിവിന്റെ അനന്ത സീമകള്‍ ജനങ്ങള്‍ക്കു തുറന്നു കൊടുക്കുന്ന രണ്ടു സംവിധാനങ്ങളാണിവ. അതോടൊപ്പം അപകടത്തിന്റെ ആഴക്കയങ്ങളിലേക്കും നിരാശയുടെയും ലക്ഷ്യബോധമില്ലായ്മയുടെയും അഗാധ ഗര്‍ത്തങ്ങളിലേക്കു തള്ളിയിടാനും ഇവയ്ക്കു കഴിയുന്നു. സിനിമകളിലെയും ടെലിവിഷന്‍ സീരിയലുകളിലെയും നായികാ നായകന്മാരെ അന്ധമായി അനുകരിക്കുന്ന സാധുമനുഷ്യരെ എത്രവേണമെങ്കിലും നമുക്കു ചുറ്റും കാണാന്‍ സാധിക്കും. ബാങ്കു കവര്‍ച്ചകളും ഭവന ഭേദനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് പലരെയും സഹായിക്കുന്നത് ടിവി, സിനിമാ നായക-നായിക കഥാപാത്രങ്ങളാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പല ബാങ്ക് കവര്‍ച്ചകളിലെയും പിടിയിലാക്കപ്പെട്ട പ്രതികള്‍ തുറന്നുസമ്മതിക്കുന്ന വസ്തുതയാണിത്. ഓരോ ടിവി ചാനലും ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ചതിയന്മാരായ പുരുഷന്മാരും ചതിക്കപ്പെടുന്ന സ്ത്രീകളുമാണ് ഒട്ടുമിക്ക സീരിയലുകളിലെയും കഥാപാത്രങ്ങള്‍. തോരാത്ത കണ്ണീരുമായി കഴിയുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന പുരുഷന്മാരെ ചതിയും വഞ്ചനയും ഉപയോഗിച്ച് കീഴ്‌പ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ ലക്ഷ്യം. സ്ത്രീകളും തിന്മയുടെ ആള്‍രൂപമായ ആണുങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ കഥകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തും. ശാക്തീകരിക്കപ്പെട്ട സ്ത്രീകളും കൊഞ്ഞണന്മാരായ ആണുങ്ങളും കഥാപാത്രങ്ങളാകുന്ന പരമ്പരകളും കുറവല്ല. പുരുഷ മേധാവിത്വം അവസാനിപ്പിച്ച് സ്ത്രീകളുടെ പരമാധികാരം ഊട്ടിയുറപ്പിക്കുക എന്നതാണ് ഇത്തരം പരമ്പരകളുടെ ലക്ഷ്യം.
അന്ധവിശ്വസങ്ങളുടെ പുനരാവിഷ്‌കാരമാണ് മറ്റു ചില പരമ്പരകളുടെ മുഖ്യവിഷയം. ദുര്‍മന്ത്രവാദങ്ങളും അഭിചാരവൃത്തികളും കാര്യപ്രാപ്തിക്കു സഹായകരമാകുമെന്ന സന്ദേശമാണ് ഇത്തരം പരിപാടികള്‍ പ്രചരിപ്പിക്കുന്നത്. ക്രൂരതയുടെ ഭീഭത്സരൂപങ്ങള്‍, പേടിപ്പിക്കുന്ന രംഗപശ്ചാത്തലം, ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ഒരു പറ്റം സീരിയലുകളുടെ ചേരുവകള്‍.
ആനന്ദത്തോടൊപ്പം മനുഷ്യമനസില്‍ ഇത്തരം ടിവി പരിപാടികള്‍ വിതയ്ക്കുന്നത് അപകടത്തിന്റെ വിത്തുകളാണ്. ദ്വയാര്‍ഥ പ്രയോഗങ്ങള്‍, വികലമായ ഉച്ചാരണ രീതികള്‍ എന്നിവ മൂലമുണ്ടാകാനിടയുള്ള അപകടങ്ങള്‍ വേറെ. മദ്യപാനാസക്തി, വഴിവിട്ട ലൈംഗികത, ഹിംസാത്മകത, ദ്രവ്യാഗ്രഹം തുടങ്ങിയ ശീലങ്ങള്‍ ബാലമനസുകളില്‍ വളര്‍ത്തുന്ന കാര്യത്തില്‍ മീഡിയകളില്‍ കൂടി സംപ്രേക്ഷണം ചെയ്യുന്ന കലാപരിപാടികള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്.
യൂറോപ്പിലെ ടെലിവിഷന്‍ പ്രേക്ഷകരില്‍ എഴുപത്തിയഞ്ചു ശതമാനം പേരും ചാനലുകളുടെ അടിമകളാണെന്നാണ് 2005ല്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്. അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വെറും മൂന്നു ശതമാനം മാത്രമാണ് വിദേശ നിര്‍മിത സിനിമകള്‍. എന്നാല്‍ മറ്റ് ലോക രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളില്‍ എണ്‍പത്തിയഞ്ചു ശതമാനവും അമേരിക്കന്‍ സിനിമകളാണ്. ഈ സിനിമകളിലെ മുഖ്യ പ്രതിപാദ്യ വിഷയം ലൈഗികതയും ഹിംസാത്മകതയുമാണെന്ന കാര്യം മറക്കരുത്. ഇത്തരം സിനിമകള്‍ പതിവായി കാണുന്നവരില്‍ ഉണ്ടാകാനിടയുള്ള പ്രവണതകളെപ്പറ്റി ബ്രിട്ടനിലെ ബര്‍മിങ് ഹാം യൂണിവേഴ്‌സിറ്റി ഒരു പഠനം നടത്തി. ‘ ചെറുതോ വലുതോ ആയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ഹിംസ ദൃശ്യങ്ങള്‍ പതിവായി കാണുന്ന കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ചു ഹിംസാത്മകത കൂടുതലാണ്’ എന്ന നിഗമനത്തിലാണ് ആ പഠനം എത്തിയത്.
വിനോദത്തിനു വേണ്ടി മാത്രം മീഡിയയെ പ്രത്യേകിച്ച് ടെലിവിഷനെയും സിനിമയെയും ആശ്രയിക്കുന്ന കുട്ടികള്‍ അലസരും ഭോഗാസക്തരും സുഖലോലുപരും ഹിംസാതത്പരരും ലൈംഗിക ഭ്രാന്തന്മാരും ആയിത്തീരുമെന്നു നിരവധി മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ കുടുംബങ്ങളിലെയും കുട്ടികളുടെ പഠനം, പ്രാര്‍ഥന, ഭക്ഷണം, ഉറക്കം തുടങ്ങിയവയെല്ലാം ടിവി സീരിയലുകളുടെ സമയക്രമം അനുസരിച്ച് ചിട്ടപ്പെടുത്തുമ്പോള്‍ ജയിക്കുന്നത് ചാനലുകളും, ജീവിത വിജയത്തില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുന്നത് ടിവി പ്രേക്ഷകരായ കുട്ടികളുമാണെന്ന സത്യം മറക്കരുത്.
Generated from archived content: essay1_may28_13.html Author: dr_em_thomas
Click this button or press Ctrl+G to toggle between Malayalam and English