ലങ്കാലക്ഷ്‌മിയും മുരളിയിലെ രാവണനും

സി.എൻ.ശ്രീകണ്‌ഠൻ നായരുടെ ‘ലങ്കാലക്ഷ്‌മി’ എന്ന അതിശ്രേഷ്‌ഠമായ നാടകത്തെക്കുറിച്ചും ഇരുപതുവർഷങ്ങൾക്കുമുമ്പ്‌ നരേന്ദ്രപ്രസാദ്‌ സംവിധാനം ചെയ്‌ത ആ നാടകത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചും മലയാള നാടകവേദിയിലെ ഒരു അത്ഭുത പ്രതിഭാസമെന്ന നിലയിൽ പലപ്പോഴും കേട്ടിട്ടുണ്ട്‌. “അന്ന്‌ തന്റെ സത്വത്തിലാവേശിച്ച രാവണത്വം മുരളിയിലിന്നും നിലനിൽക്കുന്നതായി തനിക്കു തോന്നുന്നുവെന്ന്‌” കവി കടമ്മനിട്ട രാമകൃഷ്‌ണൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു. ലങ്കാലക്ഷ്‌മിയിലെ രാവണനെ അനശ്വരനാക്കിയ മുരളി അഭിനയകലയുടെ ഭാവശുദ്ധിയാണ്‌ ലണ്ടനിലെ മലയാളികളുടെ മുമ്പിലെത്തിച്ചത്‌; അതവർക്കൊരു പുതിയ അനുഭവമായി. ഒരു നീണ്ട തപസ്സ​‍്യയിലൂടെയാവാം അമാനുഷ ശക്‌തിയും രാക്ഷസവീര്യമുളള ലങ്കാധിപനെ അത്ര സമഗ്രമായി അവതരിപ്പിക്കുവാൻ മുരളിയ്‌ക്കു സാധിച്ചത്‌. മലയാളനാടകവേദിയുടെ വരദാനമായ സി.എൻ.-ന്റെ ഇരുപത്തിയഞ്ചാം ചരമാചരണവേളയിൽ, നടനകലയുടെ അത്യുച്ചപദവിയിലെത്തിയവർ പോലും ഏറ്റെടുക്കാൻ തുനിയാത്ത ഒരു സംരംഭം, ഏകഹാര്യനായി ചെയ്യാൻ, തന്നെ പ്രേരിപ്പിച്ചതും ആ ഉപാസനയാവാം. പക്ഷേ, മലയാളി ഫെസ്‌റ്റിവലിന്റെ ഭാഗമായി ‘ലങ്കാലക്ഷ്‌മിയെ’ ലണ്ടനിൽ അവതരിപ്പിച്ചു കണ്ടപ്പോൾ, അന്നുവരെ കേട്ടതെല്ലാം നിഷ്‌പ്രഭമായെന്നു തോന്നി. നരേന്ദ്രപ്രസാദിനെ മനസ്സാൽ നമിച്ച്‌, ആ ഗുരുപാദങ്ങളിൽ ‘ലങ്കാലക്ഷ്‌മി’യെ സമർപ്പിച്ചുകൊണ്ടായിരുന്നു മുരളി തന്റെ പകർന്നാട്ടയജ്‌ഞ്ഞത്തിനു തുടക്കമിട്ടത്‌.

തിരശ്ശീല ഉയരുമ്പോൾ കൈയ്യിൽ ഒരു ‘ചഷകവു’മായാണ്‌ ഗാംഭീര്യതേജസ്സു വഴിയുന്ന രാക്ഷസരാജാവ്‌ പ്രജകളെ വീക്ഷിക്കുന്നത്‌. വാനരസേനയും രാമനും തന്നെ വളഞ്ഞിരിക്കുന്നതറിയുമ്പോൾ, ആ ‘സാങ്കല്പിക ചഷകം’ എറിഞ്ഞുടയ്‌ക്കുന്ന നിമിഷം ശബ്‌ദനിയന്ത്രണം, ശരീരഭാഷ, സാന്ദ്രത മാറി മാറി വരുന്ന വെളിച്ചത്തിന്റെ പ്രകാശം, സംഗീതം എന്നിവ തമ്മിലുളള ഒരു സമന്വയ പ്രതിഭാസമാണ്‌ കാണികളുടെ മുമ്പിൽ. യുദ്ധത്തിലും ലക്ഷ്യശുദ്ധി വേണമെന്നുപദേശിക്കുന്ന സുപാർശ്വൻ, സൗന്ദര്യമുളളതെന്തും ലങ്കയ്‌ക്കുവേണം, സീതയുൾപ്പെടെ, എന്നു വാദിക്കുന്ന പരാക്രമിയായ രാവണൻ, തനിക്കു രംഭയും അപ്രാപ്യയല്ലെന്നു വീമ്പിളക്കുന്ന രാക്ഷസവീരൻ, ശിവഭക്തനായ രാവണപ്രഭു, വാനോളം ഉയരുന്ന ശൂരനായ പടനായകൻ, കാരുണ്യവാനായ ലങ്കാധിപൻ, പ്രേമലോലുപൻ ഇവരെല്ലാം, മുരളിയുടെ പ്രകാശമേറിയ ആ കണ്ണുകളിലും മുഖത്തും ശാരീരഭംഗിയിലും ശരീരശക്തിയിലും ഏകഹാര്യമായി ജ്വലിച്ചു. സീതയെ അപഹരിച്ചതിന്റെ ന്യായീകരണങ്ങൾ വിശദീകരിക്കുന്ന സന്ദർഭത്തിൽ, ‘ഹെലൻ ഓഫ്‌ട്രോയി’യ്‌ക്കുവേണ്ടി നടന്ന ട്രോജൻ-ഗ്രീക്ക്‌ യുദ്ധത്തെക്കുറിച്ചോർത്തു പോയി.

ഏകഹാര്യനായി, രാക്ഷസരാജാവിനെയും അദ്ദേഹത്തോടു സംവാദം നടത്തുന്ന പ്രധാന കഥാപാത്രങ്ങളെയും എഴുപതു മിനിറ്റു നീണ്ട ‘ലങ്കാലക്ഷ്‌മി’യിലൂടെ അവതരിപ്പിച്ചപ്പോൾ കാണികൾ അത്ഭുതപ്പെട്ടു. പകർന്നാട്ടത്തിലൂടെ, കുംഭകർണ്ണൻ, മേഘനാദൻ, അംഗദൻ, സുപാർശ്വൻ, മാല്യവാൻ, വിഭീഷണൻ, മണ്‌ഡോദരി എന്നിവരുമായുളള സംഭാഷണത്തിന്റെ സ്വരഭേദങ്ങൾ ഭാവം, രാഗം, താളം എന്നിവ കീഴടക്കിയ ഒരു നാട്യകലാമന്നന്റെ ലാഘവത്തോടെയാണ്‌ മുരളി നേരിടുന്നത്‌; അതോടൊപ്പം, എഴുപതു നിമിഷങ്ങളോളം നിർവിഘ്‌നമായൊഴുകുന്ന ആ സംവാദ സ്രോതസ്സിലൂടെ, മുരളി തന്റെ ഓർമ്മശക്തിയുടെ അത്യുന്നപീഠങ്ങൾ കാണികളുടെ മുമ്പിലെത്തിക്കുന്നു. കളരിപ്പയറ്റുതന്ത്രങ്ങൾ, നൃത്തം, സംഗീതം എന്നിവ ഉൾകൊണ്ട്‌, ശരീരവും മനസ്സും ഒന്നാക്കി, ഗാംഭീര്യം നിറഞ്ഞ പടനായകൻ, മുതുമുത്തച്ഛനായ മാല്യവാൻ, അമ്മാവനായ സുപാർശ്വൻ, വിഭീഷണൻ, കുംഭകർണ്ണൻ, അംഗദൻ, മകനായ മേഘനാദൻ എന്നിവരെ മിന്നൽവേഗത്തിലാണ്‌ പകർന്നാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്‌.

ലങ്ക തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടങ്ങളും യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ്‌ സൈന്യങ്ങൾക്ക്‌ ആജ്ഞ നൽകുന്നതിന്റെ ഗാംഭീര്യവും കണ്ടപ്പോൾ, രാവണൻ വാനോളം ഉയർന്നതുപോലെ തോന്നി; അപ്പോൾ, ലണ്ടനിലെ ‘ഷേക്‌സ്‌പിയർ ഗ്ലോബിൽ’ ‘കിംഗ്‌ ലിയർ’ ആയി അഭിനയിച്ച കലാമണ്‌ഡലം രാമൻകുട്ടിനായരുടെ കഥകളിവേഷത്തിന്റെ മാഹാത്മ്യം മനസ്സിലോർത്തു. മുത്തച്ഛനായി വരുമ്പോൾ കൂനിക്കൂടിയ ഒരു ചെറിയ രൂപമാകുന്നു; അംഗദനാകുമ്പോൾ വാനരസാമ്യവും. അശോകവനത്തിലെ ഓരോ മൊട്ടിനെയും പൂവിനെയും താലോലിച്ചു വളർത്തുന്ന ലങ്കാധിപന്റെ ദൗർബ്ബല്യങ്ങൾ, സഹോദരസ്‌നേഹം, കാരുണ്യം, എന്നീ മൃദുലവികാരങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നതിൽ മുരളി വിജയിച്ചിരിക്കുന്നു. എല്ലാം നശിച്ചുവെന്നറിയുമ്പോൾ ശിവഭക്‌തനായ രാക്ഷസരാജാവ്‌, ‘ലങ്കയുടെ ശക്‌തി’യായ, തന്റെ പ്രിയസഖി മണ്‌ഡോദരിയെയാണു സമീപിക്കുന്നത്‌. പ്രാണപ്രിയയായ മണ്‌ഡോദരിയോട്‌, “രാവണന്റെ ജീവിതം ഒരു പാഴ്‌ചെലവായിരുന്നോ” എന്നു ചോദിക്കുന്ന രംഗത്തിൽ മരണം മുന്നിൽ കാണുന്ന രാവണന്റെ ഹൃദയവേദനപോലും കാണികളിലേയ്‌ക്കു പകരാൻ മുരളിയ്‌ക്കു കഴിഞ്ഞു. സ്വന്തം ബലത്തിൽ മാത്രം വിശ്വസിക്കുന്ന ഏകാധിപതിക്ക്‌, വിധി ഒന്നു മാത്രം ഃ‘പതനം’, എന്ന സൂചനയോടെ തിരശ്ശീല വീഴുന്നു. പ്രകാശവും സംഗീതവും പകർന്ന പ്രമോദ്‌ പയ്യന്നൂർ, സുനിൽ കുടവട്ടൂർ, ചന്ദ്രൻ തുടങ്ങിയവർ അതിയായ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മുരളിയുടെ വജ്രസമാനമായ അഭിനയതികവിനു മാറ്റുകൂട്ടാൻ പറ്റിയ രീതിയിൽ പശ്ചാത്തലസംഗീതവും വെളിച്ചവും അരങ്ങിലെത്തിച്ചതിൽ പ്രമോദിനും സുനിലിനും അഭിമാനിക്കാം.

നാട്യകലയുടെ എല്ലാ അതിർവരമ്പുകളും മറികടന്നു നില്‌ക്കുന്ന അഭിനയ ചാരുതയാണ്‌ രാക്ഷസരാജാവായ രാവണനിലൂടെ, അഭിനയചക്രവർത്തിയായ ഭരത്‌ മുരളി ‘ലങ്കാലക്ഷ്‌മി’ എന്ന കലാരൂപത്തിൽ വരച്ചുകാട്ടുന്നത്‌. അസാമാന്യ ശബ്‌ദക്രമീകരണവും, അത്ഭുതകരമായ ശരീരഭാഷയും കലർത്തി തന്റേതായ ഒരു ശൈലി മെനഞ്ഞെടുത്ത, കലയെ ഉപാസിക്കുന്ന, അഭിനയം ഹൃദയത്തിൽ നിന്നുത്ഭവിക്കുന്നുവെന്നു വിശ്വസിക്കുന്ന മുരളി, ചിന്തിക്കുന്ന മലയാളിയുടെ ഹൃദയത്തുടിപ്പായിരിക്കും എന്നും.

Generated from archived content: essay_mar10.html Author: dr_elizhabethmenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English