വിഷുഫലം -1178 മേടം 1 മുതൽ 1178 മീനം 30 വരെ

സംക്രമ പുരുഷന്റെ സ്ഥിത്യാദി വിശേഷങ്ങൾ

കാലവർഷം പ്രായേണ കൂടുതലായിരിക്കും. എങ്കിലും കർഷകർക്കു കർമ്മവൈമുഖ്യവും അലസതയും ഉണ്ടാകാനിടയുണ്ട്‌. ആവശ്യ ഉപഭോഗവസ്‌തുക്കളുടെ സുഭിക്ഷതയും ഉണ്ടാകും. എന്നാൽ ധാരാളം വീടുകളിൽ കളവ്‌ നടക്കും. കളളന്മാർക്ക്‌ ഈ വർഷം വളരെ നല്ലതാണ്‌. ദമ്പതികൾക്ക്‌ ഒരുമിച്ചുളള യാത്രകൾ കുഴപ്പങ്ങൾ ഉണ്ടാകും. പൊതുവിൽ അധികച്ചിലവുണ്ടാകും. രഹസ്യവ്യാപാരങ്ങൾ മദ്യം, മയക്കുമരുന്ന്‌ ഇവയുടെ ഉപയോഗം അമിതമായിട്ട്‌ വർദ്ധിക്കും. ഭാരതത്തിൽ പലയിടങ്ങളിലും സ്‌ഫോടനങ്ങളും ദുർമരണങ്ങളും ഉണ്ടാകും. വിമാനാദി വാഹനാപകടങ്ങൾ ധാരാളം ഉണ്ടാകും. രണ്ട്‌ തീവണ്ടി അപകടങ്ങളും 36 കരവാഹന അപകടങ്ങളുമായി ബന്ധപ്പെട്ട്‌ വളരെയധികം ജീവനാശം സംഭവിക്കും. എണ്ണ, പ്രകൃതിവാതകം ഇവയ്‌ക്ക്‌ വില വർദ്ധിക്കും. പരസ്പര വിശ്വാസമില്ലായ്‌മ, പരവഞ്ചന ഇവ ധാരാളമായി നടക്കും. ഭീകരവാദികളുടെ നിഗൂഢപ്രവൃത്തികൾ വർദ്ധിക്കും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ആർദ്രാപ്രവേശം

ആർദ്രാപ്രവേശം പകലാകയാൽ ജനങ്ങൾക്ക്‌ പലവിധ ആപത്തുകളും സസ്യാന്നനാശങ്ങളും ആഷാഢശുക്ലപഞ്ചമി വെളളിയാഴ്‌ചയാകയാൽ വർഷഗുണവും.

അമാവാസി ശനിയാഴ്‌ചയാകയാൽ അർഘനാശവും ആഷാഢകൃഷ്ണപക്ഷ ഏകാദശി രോഹിണി നക്ഷത്രത്തോടുകൂടിയാകയാൽ ധാരാളം മഴയും ധാന്യസമൃദ്ധിയും ഫലം. മകര സംക്രമം പകലാകയാൽ കലഹവും അനർത്ഥങ്ങളും ദുർദിക്ഷയും ഫലം. തുലാസംക്രമം പകലാകയാൽ ധനനാശം, കലഹം ഇവ ഫലം. വ്യാഴം കർക്കടത്തിലാകയാൽ സസ്യസമൃദ്ധിയും പുഷ്‌ടിയും, ശനി മിഥുനത്തിലാകയാൽ കാലപുഷ്‌ടിയും സസ്യസമൃദ്ധിയും ഉണ്ടാകും.

അശ്വതി, ഭരണി, കാർത്തിക അന്ത്യശൂലം ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക്‌ ആയുധംകൊണ്ടും പക്ഷി മുതലായവ നിമിത്തവും ദേഹത്തിൽ മുറിവുണ്ടാകുകയും രോഗാപത്തുകൾ അനുഭവപ്പെടുകയും ചെയ്യും. രോഹിണി മുതൽ 6 നാളുകളിൽ ജനിച്ചവർക്ക്‌ ജനനേതൃത്വവും മേലധികാരികളുടെ പ്രീതിയും അധികാരപ്രാപ്തിയും സുഖവും ഫലം. മകം, പൂരം, ഉത്രം, ആദിശൂലം ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക്‌ സർവ്വാഭീഷ്‌ടസിദ്ധിയും സൽകീർത്തിയും ഫലം. മൂലം, പൂരാടം, ഉത്രാടം മദ്ധ്യശൂലം ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്‌ ബന്ധുനാശവും സ്വജനവിരോധവും, അപമാനവും മനഃക്ലേശവും. തിരുവോണം മുതൽ 6 നാളുകളിൽ ജനിച്ചവർക്ക്‌ ലോകബഹുമാനാദി സ്ഥാനമാനങ്ങളും ജനപ്രീതിയും വിശേഷ വസ്‌ത്രാഭരണാദി ലാഭവും ഫലം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ദേവതാഫലം

അശ്വതി, രോഹിണി, പുണർതം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങൾക്ക്‌ ശിവൻദേവത. മനോദുഃഖവും കുടുംബസുഖഹാനിയും ഫലം.

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾക്ക്‌ ബ്രഹ്‌മാവ്‌ ദേവത. ഗുണദോഷസമ്മിശ്രഫലം.

കാർത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി, തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ നക്ഷത്രങ്ങൾക്ക്‌ വിഷ്‌ണു ദേവത. ബ്രാഹ്‌മണപ്രസാദി ഗുണഫലം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

മേടക്കൂറ്‌

അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക. കർമ്മാധിപനായ ശനി വിക്രമസ്ഥാനത്തും ഭാഗ്യാധിപനായ വ്യാഴം 2003 ജൂലായ്‌ 30വരെ കർക്കടം രാശിയിൽ ഉച്ചസ്ഥനായും അതിനുശേഷം പഞ്ചമഭാവത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്നു. 2003 സെപ്തംബർ 8ന്‌ രാഹുധനസ്ഥാനത്തുനിന്ന്‌ ജന്മത്തിലേക്കും കേതു അഷ്‌ടമഭാവത്തിൽ നിന്ന്‌ പഞ്ചമഭാവത്തിലേക്കും പരിവർത്തനം ചെയ്യുന്നു. 2003 മേയ്‌ 3 മുതൽ 2003 ഡിസംബർ 5 വരെ കുംഭം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ ഈ കൂറുകാർക്ക്‌ അനുകൂലമാണ്‌.

ഈ വർഷം പൊതുവെ സുഖദുഃഖ സമ്മിശ്രമാണ്‌. കുടുംബസുഖം, നാനാമാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരുമെങ്കിലും അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക്‌ പഠനത്തിനും പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയം നേടുന്നതിനും സഹായിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ടെസ്‌റ്റുകൾക്കും, അഭിമുഖത്തിനും ജോലി ലഭിക്കുന്നതിനും സഹായിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക്‌ അനുകൂലമായ കാലഘട്ടമാണ്‌. നിരീക്ഷണങ്ങൾ അനുകൂലമായിരിക്കും. മേലധികാരികളുടെ സഹകരണവും അഭിനന്ദനവും ഉണ്ടാകും. ഗവേഷണപ്രബന്ധം തൃപ്തികരമായി സമർപ്പിക്കാൻ കഴിയും. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ പ്രമോഷൻ അനായാസേന ലഭിക്കുന്നതാണ്‌. മാത്രമല്ല ആഗ്രഹിക്കുന്ന സ്ഥലത്തേക്ക്‌ സ്ഥലം മാറ്റം കിട്ടും.

കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസ്സുകൾ അനുകൂലമായി തീർപ്പ്‌ കല്‌പിക്കപ്പെടും. മദ്ധ്യസ്ഥതാ ശ്രമങ്ങൾ ഫലപ്രദമാകും. ചിരകാല സുഹൃത്തുക്കളുടെ സമാഗമമുണ്ടാകുകയും അപ്രതീക്ഷിത ധനലാഭം സിദ്ധിക്കുകയും ചെയ്യും.

ദേഹാസ്വാസ്ഥ്യങ്ങൾ ഉളളവർക്ക്‌ വൃശ്ചികം, ധനു, മകരം മാസങ്ങളിൽ രോഗം മൂർഛിക്കുവാനും ആശുപത്രിയിൽ പ്രവേശിക്കപ്പെടാനും സാധ്യത. ഈ മാസങ്ങളിൽ മാനസിക പിരിമുറുക്കം, വാതസംബന്ധമായ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ഹൃദ്‌രോഗം ഇവ ഉളളവർ സൂക്ഷിക്കണം. പുതിയ വാഹനം, വീട്‌, ഫ്ലാറ്റ്‌, ഭൂമി ഇവ വാങ്ങുവാൻ സാധിക്കും. ധാരാളം യാത്രകൾ നടത്തും. സ്വഗൃഹത്തിലും ബന്ധുഗൃഹങ്ങളിലും വിവാഹാദി മംഗളകർമ്മങ്ങൾ നടക്കും.

ഈ കൂറിൽ ജനിച്ച സ്‌ത്രീകൾക്ക്‌ സന്തോഷപ്രദമായ മാസങ്ങളാണ്‌ ഈ വിഷുവർഷം പ്രദാനം ചെയ്യുന്നത്‌. 2003 ഏപ്രിൽ മുതൽ ഡിസംബർ വരെ ശ്രേയസ്‌കരമായ അനുഭവങ്ങൾ ഉണ്ടാകും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണുകിട്ടും. മാധ്യമ പ്രവർത്തനം, ബ്യൂട്ടിപാർലർ, വ്യവസായം, ബാങ്കിംഗ്‌, കൃഷി, ഈ രംഗങ്ങളിലുളളവർക്ക്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാനാകും. സർക്കാർ തലത്തിൽ ജോലിചെയ്യുന്ന വനിതകൾക്ക്‌ സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹപ്രായമായവരുടെ വിവാഹം തീരുമാനിക്കപ്പെടും.

ലോണുകളും ക്രെഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ സഹായിക്കും. ഏജൻസി വ്യാപാരരംഗത്തുളളവർക്ക്‌ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. രാഷ്‌ട്രീയ നേതാക്കൻമാർ, പൊതുരംഗത്തുളളവർ, ഇവർക്ക്‌ നന്നായി ശോഭിക്കാനാകും. പോലീസ്‌, പട്ടാളം, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്‌ സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനങ്ങളും കരസ്ഥമാക്കാനാകും.

ശുഭമാസങ്ങൾ – മേടക്കൂറുകാർക്ക്‌

മേടം, ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, മകം.

പരിഹാരം

ഈ കൂറിൽ ജനിച്ചവർ ആദിത്യഹൃദയമന്ത്ര ജപവും സൂര്യനമസ്‌കാരവും ഞായറാഴ്‌ചതോറും ചെയ്യുന്നത്‌ ഐശ്വര്യപ്രദമാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇടവക്കൂറ്‌

കാർത്തികയുടെ അവസാനത്തെ 45 നാഴിക, രോഹിണി, മകയിരത്തിന്റെ ആദ്യത്തെ 30 നാഴികഃ 2003 ജൂലായ്‌വരെ തീഷ്ണഫലങ്ങൾ ഉണ്ടാകും. 2003 ജൂലായ്‌ 30 മുതൽ വ്യാഴം 4-ൽ സെപ്തംബർ 8-ന്‌ 12-ലേക്ക്‌ രാഹുവും 6-ൽ കേതുവും പകരുന്നു. 2003 ജൂലായ്‌ 30 മുതൽ വളരെ മെച്ചപ്പെട്ട ഫലങ്ങൾ അനുഭവിക്കും. ഗൃഹത്തിൽ സന്തോഷവും സമാധാനവും കളിയാടും. കടബാധ്യതകൾ തീർത്തെടുക്കുവാനാകും. പുതിയ ധനാഗമമാർഗ്ഗങ്ങൾ കണ്ടെത്തും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. അവിവാഹിതരുടെ വിവാഹാലോചനകൾ അനുകൂലമായി പുരോഗമിക്കും. സന്താനങ്ങളെകൊണ്ട്‌ അഭിവൃദ്ധിയുണ്ടാകും. ധാരാളം സുഹൃത്തുക്കളുണ്ടാകും.

ധനലാഭം, കാര്യവിജയം, ശത്രുജയം, സൽകീർത്തി ഇവയുണ്ടാകും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. മാധ്യമ പ്രവർത്തകർക്ക്‌ അംഗീകാരം കിട്ടും. എന്നാൽ ജൂലായ്‌ 30 വരെ പല തരത്തിലും കഷ്‌ടപ്പാടുകൾ അനുഭവിക്കേണ്ടിവരും. ശത്രുക്കളുടെ ഉപദ്രവം, ദമ്പതികൾക്ക്‌ അഭിപ്രായ ഭിന്നത, ശരീരസുഖക്കുറവ്‌ ഇവയുണ്ടാകും. നുണ പ്രചരണങ്ങളിൽ കുടുങ്ങരുത്‌. ഗൃഹത്തിൽ നിങ്ങളുടെ അഭ്യുദയകാംക്ഷികളായി വരുന്ന ബന്ധുക്കളെ സൂക്ഷിക്കണം. ഭൂമി ഇടപാടുകളിൽ നഷ്‌ടം ഉണ്ടാകും. അതിർത്തി തർക്കങ്ങളുണ്ടാകും. വിനോദസഞ്ചാരം, മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കുവാൻ ഇടയുണ്ട്‌. ക്രയവിക്രയത്തിൽ നഷ്‌ടം ഉണ്ടാകും. ഷെയർ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും പ്രതീക്ഷിച്ചതുപോലെ മുന്നേറുവാൻ കഴിയാതെ വരും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും ഭയം ഉണ്ടാകുവാനും മറവി സംഭവിക്കുവാനും ഇടയുണ്ട്‌. യാത്രകളിൽ ലഗേജുകൾ സുരക്ഷിതമാണെന്ന്‌ ഉറപ്പ്‌ വരുത്തണം. ഉദ്യോഗാർത്ഥികൾ മത്സരപ്പരീക്ഷകളിൽ ജാഗ്രതയോടെ തയ്യാറാവണം. അന്യഗൃഹങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണം. അലസതയും കർമ്മവിമുഖതയും പ്രകടമാകും. ബിസിനസ്സുകാർക്ക്‌ പങ്കാളികളിൽനിന്ന്‌ കുഴപ്പങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്‌ പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നതയ്‌ക്ക്‌ വഴിതെളിയിക്കുന്ന ധാരാളം സംഭവങ്ങൾ ഉണ്ടാകും.

കൃഷി, നാൽക്കാലികളുമായി ബന്ധപ്പെട്ടവർക്ക്‌ നഷ്‌ടകഷ്‌ടങ്ങളുണ്ടാകും. വാഹനസംബന്ധമായി ജോലി ചെയ്യുന്നവർക്ക്‌ വാഹനത്തിന്‌ കൂടെക്കൂടെ കേടുപാടുകളും അപകടങ്ങളും ഉണ്ടാകും. എന്നാൽ ജൂലായ്‌ 30-നുശേഷം ദീർഘ രോഗികൾക്ക്‌ ആശ്വാസം ഉണ്ടാകും. രാഷ്‌ട്രീയരംഗത്തുളള എം.എൽ.എ., മന്ത്രിമാർ, പൊതുജന പ്രവർത്തകർ, ട്രെഡ്‌ യൂണിയൻ നേതാക്കന്മാർ ഇവർക്ക്‌ നല്ല മതിപ്പ്‌ ഉളവാകും.

2003 ജൂലായ്‌ 30-നുശേഷം പൂർവ്വികസ്വത്തുക്കളിൽനിന്ന്‌ ആദായം ലഭിക്കും. കിട്ടാതിരുന്ന ധനം ലഭിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. വാഹനം വാങ്ങും. ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബിസിനസ്സ്‌ അഭിവൃദ്ധിപ്പെടുത്തും. പോലീസ്‌, പട്ടാളം, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക്‌ സ്ഥാനമാനങ്ങളും, മേലധികാരികളിൽനിന്ന്‌ ക്യാഷ്‌, ഇൻസന്റീവ്‌ അവാർഡുകളും ലഭിക്കും. ഈ കൂറിൽ ജനിച്ച സ്‌ത്രീകൾക്ക്‌ ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവമാകും. പണമിടപാടുകൾ നടത്തുന്നവർ, വൈദ്യശാസ്‌ത്രരംഗത്തുളളവർ തുടങ്ങിയവർ സൂക്ഷിക്കണം. രാഷ്‌ട്രീയ രംഗത്തുളളവർക്ക്‌ ചുവടുതെറ്റാനിടവരും. എതിരാളികളുടെ പ്രവർത്തനംമൂലം വിഷമിക്കും. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ അപമാനങ്ങളും ആരോപണങ്ങളും ഉണ്ടാകും. ഡാൻസ്‌, സംഗീത സ്‌കൂളുകൾ, ഡേകെയർ, ബ്യൂട്ടിപാർലർ തുടങ്ങിയവ നടത്തുന്നവർക്ക്‌ ധനവരവ്‌ കുറയും.

ശുഭമാസങ്ങൾ

ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്‌ചികം, കുംഭം, മീനം.

പരിഹാരം

ശനിയാഴ്‌ചകളിൽ ശാസ്‌താക്ഷേത്രത്തിൽ ദർശനം നടത്തി നീലാഞ്ജനം കത്തിക്കുകയോ ഹനുമാന്‌ എണ്ണവിളക്ക്‌ തെളിയിക്കുകയോ ചെയ്യുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

മിഥുനക്കൂറ്‌

മകയിരത്തിന്റെ അവസാനത്തെ 30 നാഴിക തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക ഭാഗ്യാധിപത്യവും അഷ്‌ടമാധിപത്യവും വഹിച്ച ശനി ഏഴര ആണ്‌. ശനിയായി ജന്മത്തിലും കർമ്മാധിപത്യവും കളത്ര സ്ഥാനാധിപത്യവും വഹിച്ച വ്യാഴം 2003 ജൂലായ്‌ 30വരെ ധനസ്ഥാനത്തും അതിനുശേഷം വിക്രമസ്ഥാനത്തും നിൽക്കുന്നു. ശനി ബലവാനാണെങ്കിൽ ഏഴരശ്ശനിയുടെ ദോഷം കുറഞ്ഞിരിക്കും. നാനാമാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. അതിനേക്കാൾ ചെലവ്‌ വർദ്ധിക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം ഉണ്ടാകാൻ താമസം നേരിടും. കേസ്സുകൾ അനുകൂലമായി തീർപ്പുകൽപ്പിക്കപ്പെടും. മുൻകോപംമൂലം ക്ലേശങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്‌. ഭക്ഷണം കൃത്യസമയത്ത്‌ കഴിക്കാൻ കഴിയാതെ വരും. ലോണുകൾ ലഭിക്കുവാൻ കാലതാമസം ഉണ്ടാകും. ജൂലായ്‌ 30വരെ കാര്യങ്ങൾ സുഗമമായി നടക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗലബ്‌ധി, അധികാര സ്ഥാനങ്ങളിൽനിന്ന്‌ സഹായം, നൂതന വസ്‌ത്രാഭരണ-അലങ്കാര പദാർത്ഥങ്ങളുടെ ലാഭം ഉണ്ടാകും. എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥികൾ ക്യാമ്പസ്‌ സെലക്‌ഷനിൽ തെരഞ്ഞെടുക്കപ്പെടും. ദേവാലയദർശനാദി പുണ്യകർമ്മങ്ങൾ അനുഷ്‌ഠിക്കും. കടബാധ്യതയിൽനിന്ന്‌ മോചനം നേടും. സമയനിഷ്‌ഠ, ആത്മസംയമനം എന്നിവ എല്ലാരംഗത്തും പാലിക്കപ്പെടും. ഇഷ്‌ടകാര്യലാഭം, ദൂരയാത്രകൾ, രാജമാന്യത, കർമ്മലാഭം ഇവയുണ്ടാകും. കോൺട്രാക്‌ട്‌ വ്യാപാരം നടത്തുന്നവർ നവീന കരാറുകളിൽ ഒപ്പുവയ്‌ക്കും. സർക്കാരിൽനിന്ന്‌ അംഗീകാരം സിദ്ധിക്കും. സൽക്കർമ്മസിദ്ധി, ഭാഗ്യപുഷ്‌ടി, വസ്തുക്രയവിക്രയം, സുകുമാര കലകളിൽനിന്നും പ്രശസ്തി, ശത്രുക്കളെ അമർച്ച ചെയ്യുക തുടങ്ങിയവയുണ്ടാകും. ഗ്യാസ്‌ട്രമ്പിൾ, വാതശല്യം, തസ്‌കരഭയം തുടങ്ങിയ ദോഷഫലങ്ങൾക്ക്‌ ഇടയുണ്ട്‌. അതിനാൽ സൂക്ഷിക്കണം. 2003 ജൂലായ്‌ 30-നുശേഷം ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ, രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ, വൈദ്യുതി, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം.

പരിഹാരം

ശനിയാഴ്‌ചകളിൽ ശിവന്‌ വില്വാർച്ചന, മുൻപിൽ വിളക്ക്‌, ശനി ഗായത്രി 108 ഉരു ജപിക്കുക. എളളുകൊണ്ട്‌ പായസം ഉണ്ടാക്കി ദാനം ചെയ്യുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

കർക്കടകക്കൂറ്‌

പുണർതത്തിന്റെ അവസാനത്തെ 15 നാഴിക, പൂരം, ആയില്യം, ഏഴരാണ്ട്‌ ശനിയാണ്‌ ഭാഗ്യാധിപൻ. വ്യാഴം ജന്മത്തിൽ ജൂലായ്‌ 30 വരെ സഞ്ചരിക്കുന്നു.

ഭാര്യാഭർത്തൃബന്ധത്തിന്‌ ഉലച്ചിൽ തട്ടും. അനാവശ്യച്ചിലവുകൾമൂലം കടം വാങ്ങേണ്ടി വരും. സ്വജനങ്ങളിൽനിന്നും ബന്ധുക്കളിൽനിന്നും ഉപദ്രവം ഉണ്ടാകും. കടക്കാരുടെ ശല്യം ഉണ്ടാകും. സുഹൃത്തുക്കളുമായി ഭിന്നതയുണ്ടാകും. നിശ്ചയിച്ച മംഗളകർമ്മം മാറ്റി വയ്‌ക്കേണ്ടിവരും. വിദേശത്ത്‌ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തേണ്ടിവരും. വളരെ വേണ്ടപ്പെട്ടവരുടെ വിയോഗംമൂലം ദുഃഖിക്കും. പല സന്ദർഭങ്ങളിലും കാര്യങ്ങൾ നന്നായി നടക്കാതെ വരും. സന്താനങ്ങളുടെ കാര്യത്തിൽ വ്യസനം ഉണ്ടാകും. ഇന്നലെവരെ സുഹൃത്തുക്കളായിരുന്നവർ ശത്രുക്കളായി മാറും. താമസിക്കുന്ന വീട്‌ വിറ്റുപോകുവാൻ തോന്നിക്കും. കലാരംഗത്തുളളവർക്കും, കച്ചവടം, വ്യവസായം ഇവ സ്വന്തമായി നടത്തുന്നവർക്കും ലാഭവും പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ അവസരവും ലഭിക്കും. സ്ഥാപനങ്ങൾ മോടിപിടിപ്പിക്കും. വിദ്യാർത്ഥികൾക്ക്‌ ഏറ്റവും അനുകൂലവും പരീക്ഷാദികളിൽ വിജയവും ബിരുദാനന്തര ബിരുദമുളളവർക്ക്‌ ഉദ്യോഗം, ടെസ്‌റ്റ്‌ തുടങ്ങിയവയിൽ പുരോഗതിയും കാണുന്നു.

വക്കീലന്മാർ, ചിട്ടി സ്ഥാപനം നടത്തുന്നവർ, ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർ ഇവർക്കും സൽപ്പേര്‌ കിട്ടും. ഗൃഹപരമായി നൂതന ഉപകരണങ്ങൾ വാങ്ങും. യാന്ത്രികജോലി ചെയ്യുന്നവർക്ക്‌ ചിങ്ങം, തുലാം മാസങ്ങളിൽ അപകടങ്ങളുമുണ്ടാകാം. രാഷ്‌ട്രീയകാർക്ക്‌ നല്ല സമയമാണ്‌. ഗൃഹനിർമ്മാണം, വാഹനം വാങ്ങൽ, കരാറുകളിൽ ഒപ്പുവയ്‌ക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യും. വിദേശയാത്രക്കുളള സ്‌പോൺസർഷിപ്പും മറ്റും ലഭിക്കുവാൻ തടസ്സമുണ്ടാകും. വിദേശത്ത്‌ ജോലി ചെയ്യുന്നവർ ജോലി കാര്യത്തിൽ ജാഗ്രത പാലിക്കണം. വിദ്യാർത്ഥികൾ പഠനവിഷയത്തിൽ അതീവ ശ്രദ്ധാലുക്കളാകും. ഗവേഷണ വിദ്യാർത്ഥികൾക്ക്‌ തടസ്സം കൂടാതെ പ്രബന്ധം അവതരിപ്പിക്കാൻ കഴിയും. ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യുന്നവർക്ക്‌ ധനപരമായി പ്രയാസങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയകാർക്ക്‌ ഗുണദോഷ സമ്മിശ്രമായ വർഷമാണ്‌. അനേകം വൈതരണികൾകൊണ്ട്‌ പ്രവർത്തന മേഖല ക്ലേശഭൂയിഷ്‌ടമാകും. ഉദ്യോഗസ്ഥന്മാർ സർക്കാർ നിയമങ്ങൾ കർശനമായി പാലിക്കണം.

ഈ കൂറിൽ ജനിച്ച സ്‌ത്രീകൾ വളരെ ശ്രദ്ധിക്കണം. അപവാദ ആരോപണങ്ങൾക്ക്‌ വിധേയമാകേണ്ടി വരും. ജോലിസ്ഥലത്ത്‌ തൃപ്തികരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകും. ബ്യൂട്ടിഷന്മാർ, എൽ.ഐ.സി. ഏജൻസിയുളളവർ, പൊതുമേഖല ജീവനക്കാരികൾ ഇവർക്ക്‌ പ്രതീക്ഷിച്ചതുപോലെ മുന്നേറാൻ കഴിയാതെ വരും.

ശുഭമാസങ്ങൾ ഃ മേടം, മിഥുനം, കന്നി, മകം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ചിങ്ങക്കൂറ്‌

മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക സഞ്ചാര സ്ഥാനാധിപത്യവും ഷഷ്‌ഠാധിപത്യവും വഹിച്ച ശനി പതിനൊന്നിൽ ഏറ്റവും ഗുണഫലപ്രദനാണ്‌. ജൂലായ്‌ 30 വരെ പഞ്ചമാധിപത്യവും അഷ്‌ടമാധിപത്യവും വഹിച്ച വ്യാഴം ദുരിതത്തിലും തദനന്തരം ജന്മത്തിലും സഞ്ചരിക്കുന്ന 2003 സെപ്തംബർ 8ന്‌ രാഹുകർമ്മത്തിൽനിന്ന്‌ ഭാഗ്യത്തിലേക്കും കേതു വിക്രമസ്ഥാനത്തേക്കും പരിവർത്തനം ചെയ്യുന്ന ജൂൺ 3വരെ ഭാഗ്യാധിപനായ വ്യാഴം അതിനുമേൽ സഞ്ചാരസ്ഥാനത്തും അതിനുമേൽ ഡിസംബർ 5ന്‌ അഷ്‌ടമത്തിലേക്കും പരിവർത്തനം ചെയ്യുന്നു. ഗൃഹാന്തരീക്ഷം സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കും. സന്താനങ്ങളെക്കൊണ്ട്‌ ഗുണഫലങ്ങൾ സിദ്ധിക്കും. ചിരകാല സുഹൃത്തുക്കളെകൊണ്ട്‌ ഗുണഫലങ്ങളുണ്ടാകും. വളരെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. ആത്മീയ പുരോഗതി കൈവരിക്കും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ ധാരാളമായി ചെയ്യും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ച്‌ സുഖവാസ കേന്ദ്രങ്ങളിൽ പോകും. വളരെക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും. പൊതുവെ ഗൃഹത്തിൽ ഐശ്വര്യം കളിയാടുന്ന അവസ്ഥ സംജാതമാകും. മന്ദഗതിയിൽ പോയിക്കൊണ്ടിരുന്ന ബിസിനസ്സിന്‌ നവജീവൻ ഉണ്ടാകും. സന്താനസുഖം, കുടുംബസുഖം ഇവ ഉണ്ടാകും. പല മാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. പങ്കുവ്യാപാരത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം മാറികിട്ടും. കോടതി കേസ്സുകൾ അനുകൂലമായി തീർപ്പ്‌ കല്‌പിക്കപ്പെടും.

സർക്കാർതലത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക്‌ അനായാസേന പ്രമോഷൻ ലഭിക്കും. കൃഷി, നാൽക്കാലികളെക്കൊണ്ടു ആദായം വർദ്ധിക്കും. ലോണുകളും ക്രെഡിറ്റ്‌ സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. വിദ്യാർത്ഥികൾക്ക്‌ ഗുണദോഷ സമ്മിശ്രഫലങ്ങൾ ഉണ്ടാകും. കുറ്റാന്വേഷണരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ പ്രവർത്തനവിജയവും സർക്കാരിൽനിന്ന്‌ പുരസ്‌ക്കാരങ്ങളും ലഭിക്കും. പോലീസ്‌, പട്ടാളം, നിയമവകുപ്പുകൾ കൈകാര്യം ചെയ്യുന്നവർക്ക്‌ കാലം അനുകൂലമാണ്‌. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയരംഗത്തുളളവർ, മന്ത്രിമാർ, എം.എൽ.എ.മാർ, തൊഴിലാളി പ്രവർത്തകർ ഇവർക്ക്‌ അണികളിൽ സ്വാധീനം വർദ്ധിക്കും. തെരഞ്ഞെടുപ്പുകളെ നേരിടുന്നവർക്ക്‌ വിജയം നേടാൻ കഴിയും.

ഈ കൂറിൽ ജനിച്ച സ്‌ത്രീകൾക്ക്‌ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗം ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ധാരാളം ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ആഭരണഭൂഷണ അലങ്കാരപദാർത്ഥങ്ങൾ വാങ്ങും.

പരിഹാരം

ചൊവ്വാഴ്‌ചകളിൽ ക്ഷേത്രദർശനം നടത്തുക. ശ്രീ സുബ്രഹ്‌മണ്യസ്വാമിയെ പൂജിക്കുക. ചൊവ്വാഴ്‌ചകളിൽ ഭഗവതി ക്ഷേത്രദർശനം നടത്തുക. ലളിത സഹസ്രനാമം നിത്യവും പാരായണം ചെയ്യുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

കന്നിക്കൂറ്‌

ഉത്രത്തിന്റെ അവസാനത്തെ 45 നാഴിക, അത്തം, ചിത്തിരയുടെ ആദ്യത്തെ 30 നാഴിക പഞ്ചമാധിപത്യവും, ഷഷ്‌ഠാധിപത്യവും വഹിച്ച ശനി കണ്ടകനായി കർമ്മസ്ഥാനത്തും കുടുംബസ്ഥാനാധിപത്യവും കളത്രസ്ഥാനാധിപത്യവും വഹിച്ച വ്യാഴം 2003 ജൂലായ്‌ 30വരെ സർവ്വാഭിഷ്‌ഠസ്ഥാനത്തും സഞ്ചരിക്കുന്നു. ഇക്കാലത്ത്‌ കണ്ടകശ്ശനിയുടെ ദോഷഫലങ്ങൾ കുറവായിട്ടേ അനുഭവമാകുകയുളളൂ. അതിനുമേൽ ശക്തിയായ ദോഷഫലങ്ങൾ ഉണ്ടാകും. ഗുണപ്രദമല്ലാത്ത ഒരുപാട്‌ അനുഭവങ്ങൾ ഉണ്ടാകും. ഗൃഹസംബന്ധമായി ഒരുപിടി പ്രശ്‌നങ്ങളുണ്ടാകും. സുഖഹാനി, ധനനഷ്‌ടം, സ്വജനവിരോധം, കേസുകളിലും തർക്കങ്ങളിലും പെടുക, മാനസിക പിരിമുറുക്കം അനുഭവപ്പെടുക, കടക്കാരുടെ ശല്യം ഇവമൂലം വിഷമിക്കും.

വിദ്യാഭ്യാസരംഗത്തുളളവർ, നിയമപാലകർ, ഇവർക്ക്‌ സർക്കാരിൽനിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. നിർത്തിവച്ചിരുന്ന മരാമത്തുപണികൾ പുനരാരംഭിക്കും. പരോപദ്രവം ചെയ്യാനുളള പ്രവണതയുണ്ടാകും. സഹോദരങ്ങളിൽനിന്ന്‌ മത്സരബുദ്ധിയോടുകൂടിയ പെരുമാറ്റം ഉണ്ടാകും. മേടമാസത്തിൽ സഹായികളിൽനിന്ന്‌ ഉപദ്രവം അനുഭവപ്പെടും. മിഥുനമാസത്തിൽ ആരോഗ്യം മോശമാകും. ഉദരരോഗാദികൾമൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടും. വൃശ്‌ചികത്തിൽ സ്വജ്ജനങ്ങളുടെ വിയോഗവും, വളരെ വേണ്ടപ്പെട്ടവരുടെ വിയോഗവുംമൂലം വിഷമിക്കും. കുംഭമാസത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. മനോദുഃഖത്തിന്‌ ആശ്വാസം ഉണ്ടാകും. സ്ഥാനമാനങ്ങളും സാമ്പത്തികനേട്ടങ്ങളും ബന്ധുക്കളിൽനിന്ന്‌ ഉപകാരവും പ്രതീക്ഷിക്കാവുന്നതാണ്‌. മീനമാസത്തിൽ കുൽസിത പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവഹാരാദികളിൽ ഏർപ്പെടും. കൃഷിക്കാർക്ക്‌ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. കാർഷികലോണുകൾ സർക്കാർ എഴുതിത്തളളും. വിള പരിപാലനത്തിന്‌ ജാഗ്രത പുലർത്തും. നാൽക്കാലികളെക്കൊണ്ട്‌ ഗുണം സിദ്ധിക്കും.

രാഷ്‌ട്രീയ നേതാക്കൻമാർ, മന്ത്രിമാർ, എം.എൽ.എ.മാർ ഇവർക്ക്‌ ഡിസംബർ 5വരെ നന്നായി ശോഭിക്കാനാകും. ഡിസംബർ 5നുശേഷം മാർച്ച്‌ 10വരെയുളള കാലഘട്ടത്തിൽ പരിവർത്തനം. കാലുമാറിചവിട്ടും.

വിദ്യാർത്ഥികൾക്ക്‌ വളരെ നല്ല വർഷമാണ്‌. പരീക്ഷകളിലും ടെസ്‌റ്റുകളിലും പ്രശസ്‌തവിജയം കരസ്ഥമാക്കാനാകും. കായികതാരങ്ങൾക്ക്‌ വളരെ ഗുണാനുഭവങ്ങളുണ്ടാകും. ദേശവിദേശങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനാകും. കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ഇടവം, മിഥുനം, ചിങ്ങം, തുലാം, മീനം മാസങ്ങളിൽ മെച്ചപ്പെട്ട അനുഭവങ്ങൾ ഉണ്ടാകും.

ഈ കൂറിൽ ജനിച്ച സ്‌ത്രീകൾക്ക്‌ ഗുണദോഷസമ്മിശ്രഫലങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗം ലഭിക്കാനും, സ്വയംതൊഴിൽ ചെയ്യുന്നവർക്ക്‌ നല്ല സമ്പാദ്യം ഉണ്ടാക്കാനും കഴിയും. വീട്ടമ്മമാർക്ക്‌ സന്താനങ്ങളെക്കൊണ്ടും, ഭർത്താവ്‌, ബന്ധുക്കൾ ഇവരെക്കൊണ്ടും ശ്രേഷ്‌ഠമായ അനുഭവങ്ങൾ ഉണ്ടാകും. യുവതികളുടെ പ്രേമകാര്യങ്ങൾ ചിങ്ങമാസത്തിൽ പുരോഗമിക്കും. വൃശ്‌ചികത്തിൽ അവിവാഹിതരുടെ വിവാഹം നിശ്ചയിക്കപ്പെടും.

പരിഹാരം

വ്യാഴാഴ്‌ചതോറും വിഷ്‌ണുക്ഷേത്രത്തിൽ ദർശനം നടത്തി സഹസ്രനാമാർച്ചന. തുളസിയില നെയ്‌വിളക്ക്‌ തെളിയിക്കുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

തുലാക്കൂറ്‌

ചിത്തിരയുടെ അവസാനത്തെ 30 നാഴിക, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക. ശനിഭാഗ്യത്തിലും, വ്യാഴം ജൂലായ്‌ 30വരെ കർമ്മത്തിലും, സെപ്‌തംബർ 8വരെ രാഹു അഷ്‌ടമത്തിലും, കേതു ധനസ്ഥാനത്തും, അതിനുശേഷം രാഹു സഞ്ചാരസ്ഥാനത്തും, കേതു ജൻമത്തിലും സഞ്ചരിക്കുന്നു. മെയ്‌ 3വരെ ചൊവ്വ മകരം രാശിയിൽ ഉച്ചം പ്രാപിച്ചും മെയ്‌ 8 മുതൽ ഡിസംബർ 5വരെ കുംഭത്തിൽ പഞ്ചമഭാവത്തിലും ഡിസംബർ 5 മുതൽ ചൊവ്വ മീനം രാശിയിൽ ആറാമെടത്തും സഞ്ചരിക്കുന്നു.

ഈ വർഷം വളരെയധികം ഗുണഫലങ്ങൾ ഉണ്ടാകും. നിർത്തിവച്ചിരുന്ന സ്ഥാപനങ്ങൾ പുനരാരംഭിക്കും. ഉന്നത വ്യക്തികളുടെയും സർക്കാരിന്റെയും സഹായങ്ങൾ ഉണ്ടാകും. പിതാവ്‌ തുടങ്ങിയ ഗുരുജനങ്ങളിൽനിന്ന്‌ സാമ്പത്തിക സഹായങ്ങൾ ലഭിക്കും.

ജൂലായ്‌ മാസത്തിൽ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന്‌ ക്ഷണിക്കപ്പെടും. പരീക്ഷകളിലും ടെസ്‌റ്റുകളിലും പ്രശസ്‌തവിജയം നേടും. പ്രത്യേകിച്ച്‌ വ്യാഴദശക്കാർക്ക്‌. ബിസിനസ്സുകാർക്ക്‌ ലാഭം കൊയ്യുവാൻ കഴിയും. ഒന്നിലധികം ശാഖകൾ ആരംഭിക്കും. ഉൽപന്നങ്ങൾക്ക്‌ നല്ല വിപണി കണ്ടെത്താൻ കഴിയും. ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ഭാഗ്യക്കുറി, ചിട്ടി മുതലായവ ചിങ്ങമാസത്തിൽ വീണുകിട്ടും. കൃഷിക്കാർക്ക്‌ ഇടവം, മിഥുനം, കന്നി, മകരം, കുംഭം മാസങ്ങൾ അനുകൂലമാണ്‌. പുതിയ കൃഷിഭൂമി വാങ്ങുന്നതിന്‌ ശ്രമിക്കും. ലോണുകളും, ക്രെഡിറ്റ്‌ സൗകര്യങ്ങളും യഥാകാലം ലഭിക്കും. പലിശ ഇളവ്‌ ലഭിക്കും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ചിങ്ങമാസത്തിൽ അവാർഡുകൾ ലഭിക്കും. സമൂഹത്തിലെ ഉന്നതവ്യക്തികളുടെ സഹായങ്ങൾ ലഭിക്കും. പ്രേമബന്ധങ്ങളിൽ ഉളളവർക്ക്‌ വിവാഹം കഴിക്കാനാകും. സർക്കാർ സർവ്വീസിലുളളവർക്ക്‌ തുലാമാസത്തിൽ പ്രമോഷനും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.

പരിഹാരം

വെളളിയാഴ്‌ചകളിൽ ദേവിക്ഷേത്രത്തിൽ ദർശനം നടത്തി ദേവിക്ക്‌ വിളക്ക്‌ തെളിയിക്കുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

വൃശ്ചികക്കൂറ്‌

വിശാഖത്തിന്റെ അവസാനത്തെ 15 നാഴിക, അനിഴം, തൃക്കേട്ട. ഈ കൂറുകാർക്ക്‌ അഷ്‌ടമത്തിൽ ശനിയും ജൂലായ്‌ 30വരെ ഭാഗ്യത്തിൽ വ്യാഴവും അതിനുശേഷം കർമ്മത്തിലും രാഹു സെപ്തംബർ 8വരെ അഷ്‌ടമത്തിലും പിന്നെ 7-ലും കേതു ജൻമത്തിൽ നിന്ന്‌ 12ലേക്കും പരിവർത്തനം ചെയ്യും.

കൂടെകൂടെ ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ജൂലായ്‌ 30വരെയുളള കാലയളവിൽ പിതാവ്‌ തുടങ്ങിയവർക്ക്‌ ദുരിതവും, ശരീരസംബന്ധമായ ഒടിവ്‌, ചതവ്‌, മുറിവ്‌ തുടങ്ങിയ ദുരിതങ്ങളും, തൊഴിൽ സംബന്ധമായി കുഴപ്പങ്ങളും പ്രത്യേകിച്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക്‌ പിരിച്ചുവിടൽ ഭീഷണി, ശമ്പളം യഥാവിധി ലഭിക്കാതെ വരുക, ഉദ്യോഗസ്ഥവിഭാഗങ്ങളിൽപ്പെടുന്നവർക്ക്‌ മനസ്സിന്‌ വിഷമം, സ്ഥാനമാറ്റം എന്നിവയും ഉണ്ടാകും. അമിതമായ ഭയത്തിന്‌ വഴിതെളിക്കും. കുടുംബജനങ്ങൾക്ക്‌ ശാരീരികമായും, മാനസികമായും, പ്രവർത്തിപരമായും മോശമായ അനുഭവങ്ങൾ ഉണ്ടാകും. ജൂലായ്‌ 30നുശേഷം സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. കലാരംഗത്ത്‌ ശുഷ്‌ക്കാന്തി കാണിക്കും. മത്സരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക്‌ പ്രതീക്ഷ വിപരീതമാകുകയും ചെയ്യും. വ്യാപാരവ്യവസായങ്ങളിൽ പുരോഗതിയുണ്ടാകും. ദൂരയാത്രകൾ ചെയ്യും. കായികരംഗത്തുളളവർക്ക്‌ നല്ല സമയമാണ്‌. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും. ഗവേഷണ വിദ്യാർത്ഥികൾക്കും, പ്രമോഷൻ ടെസ്‌റ്റ്‌ എഴുതുന്നവർക്കും ഫലം പ്രതീക്ഷിക്കാവുന്നതാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ധനുക്കൂറ്‌

മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക ജൻമാധിപത്യവും കുടുംബസ്ഥാനാധിപത്യവും വഹിച്ച വ്യാഴം 2003 ജൂലായ്‌ 30വരെ അഷ്‌ടമത്തിലും പിന്നെ ഭാഗ്യത്തിലും സഞ്ചരിക്കുന്നു. ധനസ്ഥാനാധിപത്യവും വിക്രമസ്ഥാനാധിപത്യവും വഹിച്ച ശനി കണ്ടകനായി സപ്തമത്തിലും, സെപ്തംബർ 8വരെ രാഹു ഷഷ്‌ഠഭാവത്തിലും കേതു ദുരിതത്തിലും സഞ്ചരിക്കുന്നു. അതിനുശേഷം രാഹു പഞ്ചമഭാവത്തിലേക്കും കേതു സർവ്വാഭിഷ്‌ട സ്ഥാനത്തേക്കും പരിവർത്തനം ചെയ്യുന്നു. മെയ്‌ 3വരെ ചൊവ്വ ധനസ്ഥാനത്തും മെയ്‌ 3 മുതൽ വിക്രമസ്ഥാനത്തും ഡിസംബർ 5മുതൽ കുടുംബസ്ഥാനത്തും സഞ്ചരിക്കുന്നു.

ഗൃഹത്തിൽ സന്തോഷവും സമാധാനവും കളിയാടും. സർക്കാർ ജീവനക്കാർക്ക്‌ അപ്രതീക്ഷിതമായ സ്ഥാനലബ്‌ധിയും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. സ്‌പോർട്‌സ്‌ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കാനാകും. ധനകാര്യസ്ഥാപനങ്ങൾ, വ്യവസായം ഇവ നടത്തുന്നവർക്ക്‌ നല്ല പുരോഗതിയുണ്ടാകും. പല മാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. സഹോദരങ്ങളെക്കൊണ്ടും, ബന്ധുക്കളെക്കൊണ്ടും, സന്താനങ്ങളെക്കൊണ്ടും സഹായങ്ങളും ഗുണഫലങ്ങളും ഉണ്ടാകും. ദൈവഭക്‌തി, കർമ്മാഭിവൃദ്ധി, ഉദ്യോഗക്കയറ്റം തുടങ്ങിയ ശ്രേഷ്‌ഠമായ ഫലങ്ങളുണ്ടാകും. ഡിസംബർ 5 മുതൽ സുഖദുഃഖസമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. വീട്ടമ്മമാർക്ക്‌ അനാരോഗ്യം, സന്താനക്ലേശം, ഭർത്താവിൽനിന്ന്‌ അഭിപ്രായഭിന്നത തുടങ്ങിയവ അനുഭവമാകും.

ബിസിനസ്സ്‌ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ഈ വിഷുവർഷം വളരെ ശ്രേഷ്‌ഠമായ ഫലങ്ങൾ ലഭിക്കും. ഒന്നിലധികം ബ്രാഞ്ചുകൾ തുടങ്ങാനിടയാകും. വരവ്‌ വർദ്ധിക്കുവാനും ലാഭം കൊയ്യുവാനും ഇടയാകും. സാമ്പത്തിക ഭദ്രത കൈവരിക്കാനാകും. ഉത്രാടം നക്ഷത്രക്കാർക്ക്‌ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിക്കും. ഡിസംബർ മുതൽ ഏപ്രിൽവരെയുളള കാലങ്ങളിൽ സ്‌ത്രീകൾക്ക്‌ അപവാദ ആരോപണങ്ങൾ കേൾക്കാൻ ഇടയുണ്ട്‌. പ്രത്യേകിച്ച്‌ പുരുഷന്മാരുമായി അടുത്ത്‌ ജോലിചെയ്യുന്നവർ സൂക്ഷിക്കണം.

ശുഭമാസങ്ങൾ

മേടം, മിഥുനം, ചിങ്ങം, കന്നി, വൃശ്‌ചികം, ധനു, മകരം, മീനം

പരിഹാരം

ശനിയാഴ്‌ചകളിൽ ശനീശ്വരന്റെ സ്തോത്രം ചൊല്ലുക. ശാസ്താവിന്‌ നീലാഞ്ജനം കത്തിക്കുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

മകരക്കൂറ്‌

ഉത്രാടത്തിന്റെ അവസാനത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ 30 നാഴിക. ജൻമാധിപത്യവും ധന സ്ഥാനാധിപത്യവും വഹിച്ച ശനി 6-ൽ വളരെ ഗുണഫലങ്ങളെ പ്രദാനം ചെയ്‌ത്‌ സഞ്ചരിക്കുന്നു. 2003 ജൂലായ്‌ 30 വരെ ദുരിതാധിപത്യവും വിക്രമ സ്ഥാനാധിപത്യവും വഹിച്ച വ്യാഴം ഉച്ചസ്ഥാനിയാകും. അതിനുമേൽ അഷ്‌ടമത്തിലും സഞ്ചരിക്കുന്നു. 2003 സെപ്തംബർ 8വരെ രാഹു പഞ്ചമഭാവത്തിലും കേതു സർവ്വാഭിഷ്‌ടസ്ഥാനത്തും അതിനുശേഷം രാഹു കുടുംബസ്ഥാനത്തും കേതു കർമ്മത്തിലും സഞ്ചരിക്കുന്നു. മെയ്‌ 3വരെ ചൊവ്വ ജൻമത്തിലും മെയ്‌ 3 മുതൽ ഡിസംബർ 5 വരെ ചൊവ്വ ധനസ്ഥാനത്തും അതിനുമേൽ വിക്രമസ്ഥാനത്തും സഞ്ചരിക്കുന്നു. കുടുംബസംബന്ധമായി പലവിധ പ്രശ്‌നങ്ങൾ മനസ്സിലെ വല്ലാതെ അലട്ടും. ജൂലായ്‌ 30വരെ ഉദ്ദിഷ്‌ടകാര്യലബ്‌ധി, സഹോദരഗുണം, സന്താനസുഖം, ആത്‌മീയകാര്യങ്ങളിൽ ശ്രദ്ധ ഇവ ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായും അനുഭവപ്പെടും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. തൊഴിൽപരമായി പുരോഗതിയുണ്ടാകും. തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തീകരിക്കും. പഴയ കടബാധ്യതകൾ തീർത്തെടുക്കും. വീട്‌, ഫ്ലാറ്റ്‌, ഭൂമി ഇവ വാങ്ങും. ആഢംബര ഭോഗവസ്‌തുക്കൾ സമ്പാദിക്കും. ജൂലായ്‌ 30നുശേഷം പൊതുവെ ഒരു സ്തംഭനാവസ്ഥ അനുഭവമാകും. രാസപദാർത്ഥങ്ങളുമായി ബന്ധമുളള വ്യവസായ ശാലകളിലെ തൊഴിലാളികൾക്ക്‌ ജോലി നഷ്‌ടപ്പെടുകയോ, സ്ഥാനച്യൂതി സംഭവിക്കുകയോ ചെയ്യും. രോഗാദിക്ലേശങ്ങളും അനാവശ്യ ചെലവുകളുംകൊണ്ട്‌ കടം വാങ്ങേണ്ടിവരും. പലവിധ ദുരിതാനുഭവങ്ങൾ ഉണ്ടാകും. ഐ.ടി മേഖലയിലുളളവർക്ക്‌ നഷ്‌ടകഷ്‌ടങ്ങളും ദുഃഖങ്ങളും ഉണ്ടാകും. ഇലക്‌ട്ര്ക്‌, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾക്ക്‌ കേടുവന്നുചേരും. വീട്ടമ്മമാർക്ക്‌ ഭർത്താവിൽനിന്നും സന്താനങ്ങളിൽനിന്നും ദുരിതമുണ്ടാകും. മേലധികാരികളുടെ അപ്രീതിക്ക്‌ പാത്രമാകും. കൃഷി, നാൽക്കാലികളിൽനിന്ന്‌ നഷ്‌ടം ഉണ്ടാകും. രക്തസമ്മർദ്ദം, പ്രമേഹം, വാതജന്യരോഗങ്ങൾ ഇവയിൽ ഏതെങ്കിലും ഉളളവർക്ക്‌ രോഗം മൂർഛിക്കാനും ആശുപത്രിയിലും മറ്റും പ്രവേശിക്കപ്പെടുവാനും സാധ്യതയുണ്ട്‌. ബിസിനസ്സുകാർക്ക്‌ വളരെയധികം കുഴപ്പങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്‌ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ റെയ്‌ഡ്‌ മുതലായ സർക്കാരിന്റെ ഉപദ്രവങ്ങളും ഉണ്ടാകും. ക്രയവിക്രയത്തിൽ നഷ്‌ടം വരും.

ശുഭമാസങ്ങൾ

മേടം, മിഥുനം, ചിങ്ങം, തുലാം, കുംഭം.

പരിഹാരം

വ്യാഴാഴ്‌ചകളിൽ വിഷ്‌ണുക്ഷേത്രദർശനം നടത്തി ഓം നമോ നാരായണായ നമഃ എന്ന്‌ ധാരാളം ജപിക്കുക. ഭഗവാന്‌ സഹസ്രനാമാർച്ചന, നെയ്‌വിളക്ക്‌, തുളസീമാല, പാൽപായസ നിവേദ്യം ഇവ നടത്തുക.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

കുംഭക്കൂറ്‌

അവിട്ടത്തിന്റെ അവസാനത്തെ 30 നാഴിക, ചതയം, പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക. ജൻമാധിപത്യവും ദുരിതാധിപത്യവും വഹിച്ച ശനി പഞ്ചമഭാവത്തിലും ധനസ്ഥാനാധിപത്യവും സർവ്വാഭിഷ്‌ട സ്ഥാനാധിപത്യവും വഹിച്ച വ്യാഴം 2003 ജൂലായ്‌ 30 വരെ ഷഷ്‌ഠഭാവത്തിലും പിന്നെ സഞ്ചാരസ്ഥാനത്തും മെയ്‌ 3 വരെ ചൊവ്വ ദുരിതത്തിലും മെയ്‌ 3 മുതൽ ഡിസംബർ 5 വരെ ജൻമത്തിലും ഡിസംബർ 5 മുതൽ ധനസ്ഥാനത്തും സഞ്ചരിക്കുന്നു. 2003 സെപ്തംബർ 8 വരെ രാഹു കുടുംബസ്ഥാനത്തും കേതുകർമ്മത്തിലും അതിനുമേൽ രാഹു വിക്രമസ്ഥാനത്തും കേതു ഭാഗ്യത്തിലും സഞ്ചരിക്കുന്നു.

പൊതുവെ ഈ വിഷുവർഷം മേൻമയേറിയതായിരിക്കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. വലിയ വലിയ പ്രശ്‌നങ്ങൾ വരുമെങ്കിലും അവ വളരെ നിസ്സാരമായി മാറിപ്പോകും. ഗൃഹത്തിൽ മംഗളകർമ്മങ്ങളും സത്‌ക്കാരങ്ങളും നടക്കും. ഭൂമി, വാഹനം ഇവവാങ്ങും. ലോണുകളും, ക്രെഡിറ്റ്‌ സൗകര്യങ്ങളും പ്രയാസം കൂടാതെ ലഭിക്കും. പൂർവ്വികസ്വത്തുക്കളുടെ തർക്കം പരിഹരിക്കും. കേസ്സുകൾ അനുകൂലമായി തീർപ്പു കല്പിക്കും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകളും, സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. 2003 ജൂലായ്‌ 30നുശേഷം ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗവും, സ്ഥലമാറ്റം ആഗ്രഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക്‌ സ്ഥലമാറ്റവും ലഭിക്കും. തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തീകരിക്കാൻ നന്നേ വിഷമിക്കും. വീട്‌ മോടിപിടിപ്പിക്കും. വ്യാപാരവ്യവസായം ഉയർച്ച പ്രാപിക്കും. കർമ്മപരമായി നേട്ടങ്ങളുണ്ടാകും. നൂതന ഉപകരണങ്ങൾ, യന്ത്രങ്ങൾ ഇവ വാങ്ങും. കൃഷിക്കാർക്ക്‌ സർക്കാർ തലത്തിൽ ഗുണഫലങ്ങൾ നേടാനാകും. കടങ്ങൾ എഴുതിത്തളളും. കാർഷിക ഉല്പന്നങ്ങൾക്ക്‌ മികച്ച വില ലഭിക്കും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും പ്രശസ്തവിജയം നേടാനാകും. സ്‌കോളർഷിപ്പുകൾ ലഭിക്കും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

മീനക്കൂറ്‌

പൂരുരുട്ടാതിയുടെ അവസാനത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി. ഈ കൂറുകാർക്ക്‌ ദുരിതാധിപത്യവും സർവ്വാഭിഷ്‌ട സ്ഥാനാധിപത്യവും വഹിച്ച ശനി കണ്ടകനായി കുടുംബസ്ഥാനത്തും 2003 ജൂലായ്‌ 3 വരെ പഞ്ചമഭാവത്തിലും പിന്നെ ഷഷ്‌ഠഭാവത്തിലും സഞ്ചരിക്കുന്നു.

സഹോദരങ്ങളിൽനിന്നും, സന്താനങ്ങളിൽനിന്നും, ബന്ധുക്കളിൽനിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ഔദ്യോഗികരംഗത്ത്‌ ശത്രുക്കൾ വർദ്ധിക്കും. യാത്രമൂലം ക്ലോശാനുഭവങ്ങൾ ഉണ്ടാകും. ഉന്നതരിൽനിന്നും പണ്ഡിതരിൽനിന്നും സഹായങ്ങൾ ലഭിക്കും. 2003 ജൂലായ്‌ 30വരെ ശ്രേഷ്‌ഠമായ ഫലങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക്‌ പ്രതീക്ഷയ്‌ക്കൊത്ത ലക്ഷ്യപ്രാപ്തിയുണ്ടാകും. ഗൃഹത്തിൽ ആദ്ധ്യാത്മികാചാര്യൻമാരുടെയും ഉന്നതരുടെയും സമാഗമം ഉണ്ടാകും. ആഗ്രഹിക്കുന്നതുപോലെ ജീവിത ചുറ്റുപാടുകൾ വന്നുചേരും. രാഷ്‌ട്രീയ പ്രവർത്തനങ്ങളിലുളളവർക്ക്‌ പ്രത്യേകിച്ച്‌ മന്ത്രിമാർ, എം.എൽ.എ.മാർ, തൊഴിലാളി പ്രവർത്തകർ ഇവർക്ക്‌ നേതൃനിരയിൽ ശോഭിക്കാനാകും. 2003 ജൂലായ്‌ 30നുശേഷം പല പ്രകാരത്തിൽ മനോദുഃഖങ്ങളും ഉണ്ടാകും. വീടും പ്രസ്ഥാനങ്ങളും ഒഴിഞ്ഞുനിൽക്കേണ്ടിവരും. ദുർചിന്തകൾ സദാ അലട്ടിക്കൊണ്ടിരിക്കും. ചോരപീഢ, വീഴ്‌ച, ധനനഷ്‌ടം, വൃഥാ സഞ്ചാരം ഇവമൂലം കഷ്‌ടപ്പെടും. ഉദരരോഗാദികൾകൊണ്ട്‌ വിഷമിക്കും. ജോലി അന്വേഷണത്തിൽ തടസ്സം ഉണ്ടാകും. വിദേശത്തുളളവർക്ക്‌ ജോലി നഷ്‌ടപ്പെടുവാനും നാട്ടിലേക്ക്‌ പോകുവാനും ഇടയാകും. കൃഷിക്കാർക്ക്‌ വിളനഷ്‌ടം, കടക്കാരുടെ ശല്യം, സാമ്പത്തികക്ലേശങ്ങൾ ഇവ അനുഭവമാകും. സ്‌ത്രീകൾക്ക്‌ ഭർത്തൃക്ലേശം, രോഗാദിക്ലേശം ഇവ മൂലം വിഷമിക്കും.

ശുഭമാസങ്ങൾ

മേടം, ഇടവം, മിഥുനം.

Generated from archived content: vishunal.html Author: dr_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here