മനുഷ്യർക്ക് ദാരിദ്ര്യദുഃഖം കഴിഞ്ഞാൽ പിന്നെ ഉണ്ടാകുന്ന ദുഃഖങ്ങളിൽ ഒന്നാണ് സന്താനദുഃഖം. മറ്റെല്ലാ ഭാഗ്യങ്ങളും ഉണ്ടായാലും സന്താനഭാഗ്യമില്ലായ്‌മ അത് നിഷ്‌ഫലമാക്കും. ദുഷ്‌ക്കർമ്മ നിരതരും, അനുസരണാശീലമില്ലാത്തവരും ആയ മക്കൾ മാതാപിതാക്കൾക്ക് സന്താപത്തെയാണ് കൊടുക്കുന്നത്. സത്‌പുത്രൻമാരും, ദുഷ്‌പുത്രൻമാരും എല്ലാം ജനിക്കുന്നത് ഓരോരുത്തരുടെയും മുജ്ജൻമങ്ങളിൽ ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലമായി തന്നെയാണ്. വിത്തം വിദ്യാദികാര്യങ്ങളെപ്പോലെ തന്നെ സന്താനങ്ങളെക്കുറിച്ചും ഒരാളുടെ ജനനസമയത്തെ ഗ്രഹനില വ്യക്തമായ സൂചന നൽകുന്നു. വിധിയുടെ ഈ സൂചനയെ സമർത്ഥനും ഗുരുത്വമുളളവനുമായ ഒരു ജ്യോതിഷിക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. വിവിധ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഇതേക്കുറിച്ച് വളരെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ആർത്തവം
ആർത്തവം എന്നാൽ ഒരു സ്‌ത്രീയുടെ പ്രത്യുൽപ്പാദന കാലയളവിലെ (Reproductive Period) വളരെ സുപ്രധാനമായ ഒരു പ്രകിയയാണ്. അത് പ്രത്യുൽപ്പാദന ശേഷിയെയാണ് കാണിക്കുന്നത്. അതായത് ജനനേന്ദ്രിയത്തിന്റെയും അതുമായി ബന്ധപ്പെട്ട ഗ്രന്ഥികളുടെയും ശരിയായ പ്രവർത്തനത്തിന്റെ ബാഹ്യമായ പ്രകടനമാണ് ക്രമമായ ആർത്തവം. എല്ലാ മാസവും അണ്ഡോൽപ്പാദനം നടക്കണമെന്നില്ല. അണ്ഡോൽപ്പാദനം (Ovulation) നടക്കാതെയും ആർത്തവം ഉണ്ടാകാം.
മസ്‌തിഷ്‌ക്കത്തിലെ സെറിബറൽ കോർട്ടക്‌സിൽ (Cerebral Cortex) നിന്നും ജി.എൻ.ആർ.എച്ച് (GNRH) എന്ന ഹോർമോൺ, പിറ്റ്യൂട്ടറി (Pittutary) എന്ന ഗ്രന്ഥിയിൽ പ്രവർത്തിച്ച് എഫ്.എസ്.എച്ച്.എൽ.എച്ച് എന്നീ ഹോർമോണുകൾ രക്തക്കുഴലുകൾ വഴി അണ്ഡാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് ഈസ്‌ട്രജനും, പ്രൊജസ്‌ട്രോണും. ഈ ഹോർമോണുകൾ ഗർഭാശയത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ആർത്തവം ഉണ്ടാകുന്നത്.
മസ്‌തിഷ്‌ക്കം, പിറ്റ്യൂറ്ററി ഗ്രന്ഥി, അണ്ഡാശയം, ആർത്തവം, ഗർഭാശയം മേൽപ്പറഞ്ഞവ കൂടാതെ മറ്റുചില ഹോർമോണുകളും (ഉദാ” THYROXONE, CORTISOL,PROLATIN) ആർത്തവത്തെ സ്വാധീനിക്കുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും തരത്തിലുളള അപാകതകൾ ആർത്തവ വൈകല്യങ്ങൾക്ക് കാരണമാകും. ഇതുകൂടാതെ പോഷകക്കുറവ്, വംശസംബന്ധവും, ഭൂമി ശാസ്‌ത്രപരവുമായ ഘടകങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവയും ആർത്തവചക്രത്തെ ബാധിക്കുന്നു.
“കുജേന്ദുഹേതു പ്രതിമാസമാർത്തവം
ശതേതു പീഡർക്ഷ മനുഷ്ണ ദീധിതൗ
അതോന്യഫാ സ്ഥേശുഭ വുംഗ്രഹേക്ഷിതേ
നരേണ സംയോഗ മുപൈതി കാമിനീ.” (ഹോരാ)
സ്‌ത്രീകൾക്ക് സന്താനമുണ്ടാകാത്തതിന്റെ ഒരു പ്രധാന കാരണം ആർത്തവ തകരാറാണ്. ശുദ്ധമായ ഗർഭാശയത്തിൽ പതിക്കുന്ന ബീജം ഗർഭത്തെ ജനിപ്പിക്കും എന്ന് മിക്കവർക്കും അറിയാം. ഗർഭപാത്രം അശുദ്ധമാണെങ്കിൽ അവൾ ഗർഭിണിയാകില്ല. ചന്ദ്രന്റെ സ്ഥിതി ഉപചയ സ്ഥാനത്താണെങ്കിൽ ശുദ്ധി ലഭിക്കുകയില്ല. ഋതുസ്നാനാന്തരം സ്‌ത്രീക്ക് പുരുഷന്റെ കൂറിനെ ആസ്പദമാക്കി ഉപചയരാശിയിൽ ചന്ദ്രന്റെ സ്ഥിതിയും വ്യാഴദൃഷ്‌ടിയും ഒരുമിച്ച് വരുമ്പോൾ ഒരു പുരുഷന്റെ സംസർഗ്ഗം കൊണ്ട് ഗർഭധാരണമുണ്ടാകും.
“ഋതുസ്തു ഷോഡശ നിശാഃ
ഋതുസ്തു ദ്വാദശ നിശഃ”
ആർത്തവദർശനം എന്നുണ്ടായോ അന്നുമുതൽ 16 ദിവസമെന്നും 12 ദിവസം വരെയെന്നും പറയാം. ആ ദിവസം കഴിഞ്ഞാൽ മുൻപറഞ്ഞ നിയമവും നിഷ്‌ഫലമാകും. നൈസർഗ്ഗികമായ കാമത്തേക്കാൾ അധികമായ കാമം ഋതുമതിയായിരിക്കുമ്പോൾ ഒരുവൾക്കുണ്ടായിരിക്കുമെന്ന് അഷ്‌ടാംഗ ഹൃദയത്തിലുണ്ട്. “ക്ഷാമ പ്രസന്ന വദനാം, സ്‌ഫുരച്‌ഛ്രേണിപയോധരാം. സ്രസ്‌താക്ഷി കാംക്ഷിംപുംസ്‌കാമം, വിദ്യാദ്യുതുമതിര സ്‌ത്രീയം”എന്നാണല്ലോ ഋതുമതി എന്നതിന് ശരിയായ അർത്ഥം. പ്രകൃതിയിൽ ഋതുക്കൾ വന്നുപോകുന്നതുപോലെയാണ് തീണ്ടാരിയായിരിക്കുന്നവൾ എന്ന് ലളിതമായി പറയാം. രാജോദർശനത്തിന് ശേഷം ഗർഭം ധരിക്കൻ യോഗ്യയായ സ്‌ത്രീയാണ് ഋതുമതി. അതുപോലെ കാമിനി എന്ന വാക്കിന്റെ അർത്ഥവും പരിശോധിക്കേണ്ടതുണ്ട്.
കാമിനി എന്ന ശബ്‌ദത്തിൽ അന്തർഭൂതമായ കാമി ശബ്‌ദത്തിന്റെ അക്ഷരങ്ങളെ വിപരീതമായെഴുതിയാൽ ‘മിക’ എന്നാകും. മിക എന്ന അക്ഷരസംഖ്യ പതിനഞ്ച് എന്നും ഇതുകൊണ്ട് പതിനഞ്ചു തികഞ്ഞാൽ കാമോൽഭവമെന്നും അൻപത്തൊന്നു തികഞ്ഞാൽ കാമം നശിക്കുമെന്നും വ്യക്തമാകുന്നു. പതിനഞ്ചു വയസ്സിനുശേഷം അൻപത്തൊന്നു വയസ്സിനുളളിൽ ആർത്തവം കഴിഞ്ഞ് ഏഴുനാളുകൾക്കുശേഷം പന്ത്രണ്ടു ദിവസത്തിനുളളിൽ ഉണ്ടാകുന്ന ശുക്ലപതനം ഗർഭധാരണത്തിന് ഇടയാകും.
മേൽപറഞ്ഞ കാര്യങ്ങളിൽനിന്ന് സന്താനോൽപ്പാദനവും ആർത്തവവും തമ്മിൽ എത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വ്യക്തമാണ്. ആർത്തവത്തിന് ദോഷം ഉണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് ഒരു പെൺകുട്ടിയുടെ ഭാവിജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സമയം തെറ്റിയുളള ആർത്തവവും അധികമായുണ്ടാകുന്ന ആർത്തവവും അപകടകാരിയാണ്. ആടലോടകത്തിന്റെ വേരിലെ തൊലി ആർത്തവരോഗങ്ങൾക്ക് നല്ലൊരു മരുന്നാണ്. ഇതിന്റെ തൊലിയിട്ട് കഷായം വച്ച് പച്ചക്കർപ്പൂരം മേൻപൊടി ചേർത്ത് കഴിച്ചാലും ആർത്തവദോഷത്തിന് പരിഹാരമുണ്ടാകും. തിപ്പലി കഷായം ഉണ്ടാക്കി പച്ചക്കർപ്പൂരം മേൻപൊടി ചേർത്ത് കഴിച്ചാലും ആർത്തവദോഷം മാറുന്നതായി കണ്ടിട്ടുണ്ട്.
ആർത്തവ ക്രമീകരണത്തിന്
അശോകത്തൊലി കഷായം വച്ച് കഴിക്കുക. കയ്‌പക്ക, കോവക്ക, പടവലങ്ങ എന്നീ പച്ചക്കറികൾ ധാരാളം ഉപയോഗിക്കുക.
തഴുതാമവേര് കഷായംവച്ച് തേൻചേർത്ത് കഴിക്കുക.
ആർത്തവ സമയത്ത് ഉണ്ടാകുന്ന ദുർഗന്ധപൂരിതമായ രക്തസ്രാവത്തിന് ചന്ദനം കഷായം വച്ച് കഴിക്കുക.
രാമച്ചം, ചെങ്ങഴുനീർ കിഴങ്ങ്, ശതാവരി കിഴങ്ങ് ഇവ കഷായം വച്ച് കഴിക്കുക.
നിലപ്പന കിഴങ്ങ്, കളളിവാഴക്കിഴങ്ങ് ഇവ കഷായം വച്ച് കൽക്കണ്ടം ചേർത്ത് കഴിക്കുക.
ആർത്തവകാല വേദനയ്‌ക്ക്
ആർത്തവ ക്രമക്കേടുകളും വേദനയും പലർക്കും ഭയമാണ്. വേദന സംഹാരിയും മറ്റും സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഈന്തപ്പഴം, തേൻ, പാൽ, മോര്, വാഴക്കൂമ്പ് എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവ ക്രമക്കേടുകളെ നിയന്ത്രിക്കാനാകും. എളള് വറുത്ത് പൊടിച്ച് ഓരോ സ്പൂൺ തേനും ചേർത്ത് ആർത്തവത്തിന് ഏഴുദിവസം മുൻപ് രാവിലെയും വൈകിട്ടും കഴിക്കുക. ചുക്കിന്റെ ഇരട്ടി എളളും എളളിന്റെ ഇരട്ടി ശർക്കരയും ചേർത്ത് കഴിച്ചാൽ ആർത്തവസമയത്തെ വേദന മാറും.
എളളിൻ കഷായം കഴിക്കുക.
ആർത്തവാരംഭ ദിവസം 10 മി.ലി. ആവണക്കെണ്ണ കഴിക്കുക.
ലഗ്‌നാൽ പഞ്ചമഭാവം കൊണ്ടാണ് സന്താനങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത്. സ്‌ത്രീകളുടെ ജാതകത്തിൽ ഒൻപതാമെടവും പരിശോധനയ്‌ക്ക് വിധേയമാകുന്നു. 9-ാം ഭാവം പ്രസവം ആണ്.
അഞ്ചാം ഭാവം ശുഭയോഗദൃഷ്‌ടി ഉണ്ടാകുക ലഗ്‌നാധിപൻ അഞ്ചിൽ നിന്നാലും അഞ്ചാം ഭാവാധിപൻ ബലവാനായിരുന്നാലും അഥവാ ഇവർ പരസ്പരം പരിവർത്തനം ചെയ്‌ത് നിന്നാലും വ്യാഴം അഞ്ചാം ഭാവാധിപനായി ലഗ്‌നാധിപന്റെ ദൃഷ്‌ടിയിൽ നിന്നാലും വ്യാഴദൃഷ്‌ടിയോടുകൂടി രണ്ടാം ഭാവാധിപൻ അഞ്ചിൽ നിന്നാലും അഞ്ചാം ഭാവാധിപന്റെ നവാംശാധിപൻ ശുഭനായി ശുഭദൃഷ്‌ടിയോടുകൂടി നിന്നാലും പുരുഷജാതകത്തിൽ സൂര്യഗുരു ശുക്രൻമാർ പരസ്പരം ബന്ധപ്പെട്ടുനിന്നാലും സ്‌ത്രീജാതകത്തിൽ ചന്ദ്രൻ, ചൊവ്വ, ഗുരു ഇവർ പരസ്പരം ബന്ധപ്പെട്ടു നിന്നാലും സന്താനലാഭം ഉണ്ടാകും.
ശുഭദൃഷ്‌ടിയില്ലാതെ 3,6,12 എന്നീ ഭാവങ്ങളിൽ അഞ്ചാം ഭാവാധിപൻ നിന്നാൽ സന്താനങ്ങൾ അകാലമൃത്യു പ്രാപിക്കും. അഞ്ചാം ഭാവാധിപൻ പാപമദ്ധ്യസ്ഥനായി നിൽക്കുക, പാപയോഗത്തിൽ പാപക്ഷേത്രങ്ങളിൽ അശുഭനായി ബലഹീനനായി അഞ്ചാം ഭാവാധിപൻ നിന്നാലും അഞ്ചാം ഭാവാധിപൻ ക്രൂരനീചാംശഗതനായി നിന്നാലും അഞ്ചിലെ രാഹുവിനെ ശനി ദൃഷ്‌ടി ചെയ്‌താലോ ലഗ്‌നാധിപനും രാഹുവും അഞ്ചാംഭാവാധിപനോട് ചേർന്നാലോ അഞ്ചിൽ നിന്നാലോ സന്താനങ്ങളുടെ അകാലമൃത്യു ഉണ്ടാകുമെന്ന് പ്രമാണഗ്രന്ഥങ്ങൾ പറയുന്നു.
ശുക്രൻ ഏഴിലും, ചന്ദ്രൻ പത്തിലും, ഒൻപതിൽ പാപഗ്രഹങ്ങളും സ്ഥിതി ചെയ്‌താൽ സന്താനങ്ങൾ ജനിക്കുമെങ്കിലും ജീവിച്ചിരിക്കില്ല. അഞ്ചിൽ കുജൻ നിൽക്കുകയും വ്യാഴമോ ശുക്രനോ അഞ്ചിനെ ദൃഷ്‌ടി ചെയ്യുകയും ചെയ്‌താൽ ആദ്യസന്താനം മരിച്ചുപോകും. അശുഭനായ അഞ്ചാം ഭാവാധിപനെ ലഗ്‌നാധിപൻ ദൃഷ്‌ടി ചെയ്യാതിരിക്കുകയും കുജനോ രാഹുവോ വീക്ഷിക്കുകയും ചെയ്‌താൽ അനുസരണയില്ലാത്ത സന്താനങ്ങൾ ജനിക്കും. അഞ്ചാംഭാവം മകരമോ കുംഭമോ ആവുകയും അവിടെ നിൽക്കുന്ന ശനിയെ ചന്ദ്രൻ നോക്കിയാൽ ദത്തുപുത്രനുണ്ടാകും. മിഥുനമോ, കന്നിയോ 5-ാം ഭാവമാവുകയും അവിടെ നിൽക്കുന്ന ബുധനെ ചന്ദ്രൻ ദൃഷ്‌ടി ചെയ്യുകയും ചെയ്‌താൽ വിലയ്‌ക്കു വാങ്ങിയ പുത്രനുണ്ടാകും.
ചന്ദ്രൻ അഞ്ചാംഭാവത്തിൽ നിൽക്കുക, ബുധന് ബലഹാനിയുണ്ടാവുക ഇത് ദത്തുപുത്രയോഗമാണ്. ലഗ്‌നത്തിൽ പാപഗ്രഹവും ലഗ്‌നാധിപൻ അഞ്ചിലും അഞ്ചാം ഭാവാധിപൻ ദുർബലനും അഞ്ചിൽ ചന്ദ്രനും ഇങ്ങനെയുളള യോഗത്തിൽ ജനിച്ച പുത്രൻ വംശവിനാശം ചെയ്യും.
ശനിരാശി അഞ്ചാം ഭാവമാവുകയും അതിൽ ശനിയുടെ തന്നെ വർഗ്ഗം വരുകയും ഗുരു, കുജൻ, രവി ഇവർ നോക്കാതിരിക്കുകയും ബുധൻ നോക്കുകയും ചെയ്‌താൽ സ്വന്തം ഭാര്യയിൽ മറ്റൊരാൾ വഴി പുത്രനുണ്ടാകും.
അഞ്ചിൽ സൂര്യൻ നിൽക്കുകയും, ശനിയുടെ വർഗ്ഗത്തിൽ നിൽക്കുകയും കുജന്റെ ദൃഷ്‌ടി ഉണ്ടാവുകയും ചെയ്‌താൽ അധമനായ പുത്രനെ ലഭിക്കും.
അഞ്ചാം ഭാവത്തിൽ ശനി ചന്ദ്രയോഗമുണ്ടാവുകയും ശനിയുടെ വർഗ്ഗമാകുകയും ശുക്രന്റെയും സൂര്യന്റെയും ദൃഷ്‌ടിയുണ്ടാവുകയും ചെയ്‌താൽ ഭർത്താവ് മരിച്ചശേഷമോ, ഉപേക്ഷിച്ച ശേഷമോ മറ്റൊരാളിൽനിന്ന് പുത്രനുണ്ടാകും.
5-ൽ രവി ചന്ദ്രയോഗമുണ്ടാകുകയും അത് ഇവരിലാരുടെയെങ്കിലും വർഗ്ഗമായിരിക്കുകയും ശുക്രന്റെ ഭൃഷ്‌ടിയുണ്ടാവുകയും ചെയ്‌താൽ വിവാഹത്തിനുമുൻപ് ഗർഭിണിയായ ഭാര്യയിൽനിന്നുളള പുത്രനുണ്ടാകും. 7-ാം ഭാവത്തിൽ രവി ചന്ദ്രയോഗമുണ്ടാവുകയോ ചന്ദ്രൻ അഞ്ചിൽ രവിയോടുകൂടി ചേർന്നോ ദൃഷ്‌ടിയേറ്റോ നിന്നാൽ കന്യക സ്വഗൃഹത്തിൽ രഹസ്യമായി പ്രസവിച്ച പുത്രനുണ്ടാകും. ഇത്യാദി വളരെയധികം രോഗങ്ങൾ പരാശരഹോരാഫദീപിക, വരാഹഹോര പ്രശ്‌നാനുഷ്‌ഠാന പദ്ധതി, സർവ്വാർത്ഥ ചിന്താമണി, ജാതകദേശം, ഭാവകുനൂഫലം, പ്രശ്‌നമാർഗ്ഗം മുതലായ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചു കാണുന്നു.
ശിശുജൻമം
“കലലഘനാം കുരാസ്ഥി ചർമ്മാംഗജ ചേതനതാ-
സ്സിത കുജജീവ സൂര്യ ചന്ദ്രാർക്കി ബുധാഃപഠതാഃ
ഉദയപ ചന്ദ്ര സൂര്യാനാഥാ ക്രമശോ ഗദിതാഃ
ഭവതി ശുഭാശുഭശ്ച മാസാധി വരതേഃ സദൃശം” (ഹോരാ)
ഗർഭധാരണത്തിനുശേഷം ഓരോ മാസത്തിലും ഉളള ഗർഭത്തിന്റെ സ്ഥിതി ഇപ്രകാരമാണ്. (1) ശുക്ലവും ശോണിതവും കൂടിക്കലരുന്നു. (2) കൂടിക്കലർന്ന ശുക്ലശോണിതങ്ങൾ കട്ടിയാകുന്നു. (3) അവയവങ്ങൾ മുളയ്‌ക്കുന്നു. (4) അസ്ഥി ഉണ്ടാകുന്നു. (5) ചർമ്മം ഉണ്ടാകുന്നു. (6) രോമം ഉണ്ടാകുന്നു. (7) ചേതന ഉണ്ടാകുന്നു.
ഓരോ മാസത്തിലെയും അധിപതി ഒന്നാമത്തെ മാസത്തിന്റെ അധിപൻ ശുക്രനും, രണ്ടാമത്തെ മാസത്തിന്റെ അധിപൻ ചൊവ്വയും, മൂന്നാമത്തെ മാസത്തിന്റെ അധിപൻ വ്യാഴവും, നാലാമത്തെ മാസത്തിന്റെ അധിപൻ സൂര്യനും, അഞ്ചാം മാസത്തിന്റെ അധിപൻ ചന്ദ്രനും, ആറാം മാസത്തിന്റെ ശനിയും, ഏഴിന്റെ ബുധനും ആണ്.
അതിനുശേഷമുളള മാസങ്ങളുടെ അധിപതിമാർ യഥാക്രമം ലഗ്‌നാധിപതി 9-ാം മാസത്തിന്റെ ചന്ദ്രൻ, 10-ാം മാസത്തിന്റെ സൂര്യനാണ്.
ഗർഭകാലത്തിൽ ഓരോ മാസത്തിലുമുളള ശുഭാശുഭങ്ങൾ ആ മാസാധിപതിക്കു തുല്യമായിരിക്കും.
എട്ടാം മാസം വിശപ്പും ദാഹവും ഒൻപതാം മാസം ഉദ്വേഗവും പത്താം മാസം പഴുത്ത പഴംപോലെ ഗർഭത്തിന് പരിപൂർണ്ണതയും എന്നിങ്ങനെയാണ് ഗർഭത്തിന്റെ പരിണാമത്തിന്റെ ക്രമം.
പുത്രസമ്പൽ ലക്ഷണം
1. പാപഗ്രഹം സ്വക്ഷേത്രത്തിൽ അഞ്ചാമെടത്തു നിന്നാൽ പുത്ര സമ്പത്തുണ്ടാകും. രണ്ടു പാപൻമാർ നിന്നാൽ ബഹുപുത്രലാഭ ലക്ഷണമാണ്. അവർ സ്വക്ഷേത്രസ്ഥൻമാരാകണമെന്നില്ല.
2. രണ്ടാം ഭാവനാഥൻ വളരെ ബലവാനായി വ്യാഴദൃഷ്‌ടിയോടുകൂടി അഞ്ചാമെടത്തു നിൽക്കുക.
3. അഞ്ചാം ഭാവാധിപനും ലഗ്‌നാധിപതിയും ശുഭഗൃഹങ്ങളോടു ചേർന്നു കേന്ദ്രത്തിൽ നിൽക്കണം. രണ്ടാം ഭാവാധിപതി ബലവാനായിരിക്കുകയും വേണം.
4. അഞ്ചാം ഭാവാധിപന്റെ നവാംശകം ഏതു രാശിയിലാണോ ആ രാശിനാഥൻ ശുഭനോ ശുഭസംയുക്തനോ ശുഭവീക്ഷിതനോ ആയിരിക്കണം.
5. ലഗ്‌നത്തിന്റെയോ ചന്ദ്രന്റെയോ അഞ്ചാംഭാവത്തിനു പൂർണ്ണബലമുണ്ടായിരിക്കുകയും വിഷം, ഉഷ്‌ണം, വിഷ്‌ടി, ഗണ്ഡാന്തം മുതലായ ദോഷങ്ങളില്ലാതെയും ശുഭൻമാരുടെയോ പഞ്ചമാധിപന്റെയോ യോഗദൃഷ്‌ടികൾ ഉണ്ടായിരിക്കുകയും ചെയ്‌താൽ.
6. അഞ്ചാം ഭാവാധിപനും വ്യാഴവും ബലവാൻമാരായിരിക്കുകയും മൗഢ്യവിഷോഷ്ണാദി ദോഷങ്ങളില്ലാതിരിക്കുകയും ദുരിതാംശം വരാതിരിക്കുകയും ഈ ഗൃഹങ്ങൾ ഇഷ്‌ടസ്ഥൻമാരായിരിക്കുകയും ചെയ്താലും.
7. കുജൻ മേടം, ചിങ്ങം, വൃശ്‌ചികം, മീനം ഈ രാശികളിൽ അഞ്ചാമെടത്തു നിൽക്കുകയും പുത്രകാരകനായ വ്യാഴത്തിന്റെ ദൃഷ്‌ടി കുജനുവരുകയും ചെയ്‌താലും
8. അഞ്ചാം ഭാവത്തിൽ ശുഭപതി പ്രാപ്തി ഒമ്പതാം ഭാവാധിപനോ വ്യാഴമോ ശുക്രനോ ലഗ്‌നാധിപനോ ചന്ദ്രൻ നിൽക്കുകയോ നോക്കുകയോ ചെയ്‌താലും പുത്രസമ്പൽ ലക്ഷണമാണ്.
പുത്രസ്‌ഫുടം
ഏതു ഗ്രഹത്തിന്റെ പുത്രന്റെ സ്‌ഫുടമാണോ ഉണ്ടാക്കുന്നത് ആ ക്രിയയാണ് പുത്രസ്‌ഫുടം. കുജാദിഗ്രഹങ്ങളുടെ പുത്രൻമാർ മാത്രമാണിവിടെ പറയുന്നത്. ഏതുഗ്രഹത്തിന്റെ പുത്രനെയാണോ ഗണിക്കേണ്ടത് ആഗ്രഹം മുതൽ ശനിവരെ എണ്ണിക്കിട്ടുന്ന സംഖ്യ സൂര്യൻമുതൽ എണ്ണിക്കിട്ടുന്ന ഗ്രഹത്തിന്റെ ആഴ്‌ചയിലെ ഗുളികകാലമറിഞ്ഞ് ആ സമയത്തേക്കുളള സ്‌ഫുടമുണ്ടാക്കുക. രാത്രി അഞ്ചാം ആഴ്‌ചയിലേതാണ് എടുക്കുന്നത്. അർദ്ധപ്രഹരൻ, കാലൻ, യമകണ്ഡകൻ, യാമശുക്രൻ, ഗുളികൻ ഇവരാണ് കുജാദിഗ്രഹങ്ങളുടെ പുത്രൻമാർ.
സന്തതിനാശലക്ഷണം
മകരം, മീനം ഈ രാശികളിൽ വ്യാഴം അഞ്ചിൽ വരുകയും അഞ്ചാം ഭാവാധിപൻ അഷ്‌ടമത്തിലും അഷ്‌ടമാധിപൻ അഞ്ചിലും ശുഭദൃഷ്‌ടിയില്ലാതെ നീചത്തിലോ ശത്രുക്ഷേത്രത്തിലോ നിൽക്കുക.
വ്യാഴം, പഞ്ചമാധിപൻ ഇവർക്ക് പാപാന്തരസ്ഥിതിയും ബലഹാനിയും വരുകയും ശുഭവീക്ഷണമില്ലാതിരിക്കുകയും ചെയ്യുക.
പഞ്ചമപതിക്ക് നീചമോ, മൗഢ്യമോ, ശത്രുക്ഷേത്രസ്ഥിതിയോ വരുകയും ആറിലോ എട്ടിലോ നിൽക്കുകയും ചെയ്യുക.
രാഹു അഞ്ചിലോ കുജക്ഷേത്രത്തിലോ കുജദൃഷ്‌ടിയോടുകൂടി നിന്നാലും സർപ്പശാപം കൊണ്ട് സുതക്ഷയം ഉണ്ടാകും.
5-ാം പതിക്കു രാഹുയോഗം, ശനി 5ൽ ചന്ദ്രയോഗദൃഷ്‌ടിയോടുകൂടി നിന്നാലും സർപ്പശാപം കൊണ്ട് പുത്രക്ഷയം ഉണ്ടാകും.
സന്താനകാരകൻ വ്യാഴത്തിന് രാഹുയോഗം ഭവിക്കുകയോ 5-ാം ഭാവാധിപതി ദുർബലനാകുകയോ ചെയ്‌താലും സർപ്പശാപം കൊണ്ട് സന്താനനാശം ഉണ്ടാകും. ലഗ്‌നാധിപതിക്കു കുജയോഗം സംഭവിച്ചാൽ സർപ്പശാപംകൊണ്ട് സന്താനക്ഷയം സംഭവിക്കും.
സന്താനകാരകന് കുജയോഗവും ലഗ്‌നത്തിൽ രാഹുവിന്റെ സ്ഥിതി ഉണ്ടായാലും സന്താനനാശം ഉണ്ടാകും.
അഞ്ചാം ഭാവാധിപതി ദുഃസ്ഥാനത്തിൽ നിന്നാലും, കുജക്ഷേത്രം അഞ്ചാം ഭാവമായി വരുകയും, അഞ്ചാം ഭാവാധിപതിക്ക് രാഹുയോഗം വരുകയും, ബുധന്റെ യോഗദൃഷ്‌ടികൾ ഉണ്ടാവുകയും, രവി, ശനി, കുജൻ, രാഹു, ഗുരു ഇവർ ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നിൽക്കുകയും, 5-ാം ഭാവാധിപതിയും ലഗ്‌നപതിയും ദുർബലരാവുകയും, ലഗ്‌നാധിപതിക്ക് രാഹുയോഗവും 5-ാം ഭാവാധിപതിക്ക് കുജയോഗവും സന്താനകാരകനായ വ്യാഴത്തിന് രാഹുയോഗവും വന്നാലും സർപ്പശാപം കൊണ്ട് പുത്രക്ഷയം സംഭവിക്കും.
ദോഷപരിഹാരം
സർപ്പദോഷത്തിന് സർപ്പപൂജ നടത്തുക. ഗൃഹസൂത്രത്തിൽ പറയുന്ന പ്രകാരം സ്വർണ്ണംകൊണ്ട് നാഗപ്രതിമയുണ്ടാക്കി പൂജിക്കണം. സ്വന്തം ധനസ്ഥിതിയനുസരിച്ച് പശു, ഭൂമി, ദീപം, ഹിരണ്യം ഇവ ദാനം ചെയ്യണം. ഇങ്ങനെ ചെയ്‌താൽ നാഗരാജാവിന്റെ പ്രസാദംകൊണ്ട് സന്താനസൗഭാഗ്യം സിദ്ധിക്കും.
പിതൃശാപം
1. പിതൃകാരകനായ സൂര്യൻ 5ൽ നീചം പ്രാപിച്ച് നിൽക്കുക,
2. സൂര്യൻ 5-ാം ഭാവാധിപനായി പാപയോഗത്തോടുകൂടിയും പാപമദ്ധ്യസ്ഥിതിയോടുകൂടിയും ത്രികോണത്തിൽ നിൽക്കുക,
3. വ്യാഴം രവിയുടെ രാശിയിൽ വരുകയും, 5-ാം ഭാവാധിപതിക്ക് സൂര്യന്റെ യോഗം വരുകയും, അഞ്ചിലും ലഗ്‌നത്തിലും പാപൻമാർ നിൽക്കുക,
4. ദുർബലനായ ലഗ്‌നാധിപതി 5ൽ നിൽക്കുകയും, 5-ാം ഭാവാധിപതിക്ക് സൂര്യന്റെ യോഗം ഉണ്ടാവുകയും,
5. ലഗ്‌നത്തിലും 5ലും പാപൻമാർ നിൽക്കുകയും 5ഉം 9ഉം പതികൾ 9ൽ നിൽക്കുകയും, 5-ാം ഭാവാധിപതി 10-ൽ നിൽക്കുകയും ലഗ്‌നത്തിലും 5ലും പാപന്മാർ നിൽക്കുകയും,
6. ചൊവ്വ 9-ാം ഭാവാധിപനുമായി യോഗം ചെയ്‌ത് 5ൽ നിൽക്കുക, 5ലും 9ലും പാപൻമാർ നിൽക്കുക, ഇങ്ങനെ വന്നാൽ പിതൃശാപം കൊണ്ട് സുതക്ഷയം ഉണ്ടാകും. 7-ാം ഭാവാധിപതി 9ൽ നിൽക്കുകയും പിതൃകാരകൻ സൂര്യൻ പാപരാശിയിൽ നിൽക്കുകയും, ലഗ്‌നാധിപതിക്കും 5-ാം പതിക്കും പാപയോഗം വരുകയും 8ൽ സൂര്യൻ നിൽക്കുകയും കുജൻ, ശനി ഇവർ ലഗ്‌നത്തിൽ നിൽക്കുകയും രാഹുവും വ്യാഴവും 8ലോ 12ലോ നിൽക്കുകയും ചെയ്‌താൽ പിതൃശാപം കൊണ്ട് സുതക്ഷയം ഉണ്ടാകും. ലഗ്‌നത്തിൽ 12-ാം ഭാവാധിപതി നിൽക്കുകയും 8-ാം ഭാവാധിപൻ അഞ്ചിൽ നിൽക്കുകയും ചെയ്‌താൽ പിതൃശാപം കൊണ്ട് സന്താനക്ഷയം ഉണ്ടാകും.
പരിഹാരം
ശയാശ്രാദ്ധം നടത്തുക, ബ്രാഹ്‌മണ ഭോജനം നടത്തുക, കന്യാദാനമോ ഗോദാനമോ നടത്തുക.
സന്തത്വഭാവഹേതു
ബീജക്ഷേത്ര ദൗർബല്യമാണ് സന്തത്വഭാവത്തിന് ഹേതു. അത് നിജമായും ബാഹ്യമായും രണ്ടുവിധത്തിലുണ്ടാകും. നിജം ത്രദോഷകോപമാണ്. ജൻമാന്തര പാപത്തിനു കാരണമാകും. ബാഹ്യം ബാധാദോഷാധികളാണ്. അത് സർപ്പശാപം, പിതൃശാപം, രിപുദോഷം, ദേവശാപം, മാതൃദോഷം മുതലായവയായിരിക്കും. ജൻമാന്തരപാപം തന്നെ വ്യാധിയായി പരിണമിക്കും. ബാലവധം, അണ്ഡഭക്ഷണം, ഗുരുദ്വേഷം, അന്യസന്താനങ്ങളെ ദ്വേഷിക്കൽ, പ്രാണിഗണാദനം, മാതാവും സന്താനവുമായി പിണങ്ങൽ, ബാലമൃഗഹത്യ പിതൃകർമ്മലോപം ഇവ ജൻമാന്തര ദുരിതങ്ങളാണ്. ഇതിനു പ്രായശ്ചിത്തമായി ധേനുപ്രതിമ ദാനം ചെയ്യണം.
രാഹു പുത്രസ്ഥാനാധിപനോടു ചേർന്നോ പുത്രസ്ഥാനത്തോ ശുഭദൃഷ്‌ടിയില്ലാതെ നിന്നാൽ സന്തത്വഭാവഹേതു സർപ്പശാപമാണ്.
ശനി ലഗ്‌നത്തിലോ അഞ്ചിലോ ഒമ്പതിലോ ഗുളികനോടു ചേർന്നു നിൽക്കുകയും ശുഭദൃഷ്‌ടിയില്ലാതിരിക്കുകയും ചെയ്‌താൽ പിതൃശാപമാണ്. കാരണം കുജനോ ഷഷ്‌ഠാധിപനോ പഞ്ചമഭാവത്തിൽ ശുഭയോഗവീക്ഷണമില്ലാതെ നിന്നാൽ ശത്രുദോഷമാണ്.
പാപഗ്രഹ ദൃഷ്‌ടനായി പഞ്ചമാധിപൻ പഞ്ചമഭാവത്തിൽ നിൽക്കുകയും ശുഭദൃഷ്‌ടി അവിടെ ഇല്ലാതിരിക്കുകയും ചെയ്‌താൽ ദേവശാപമാണ്.
നാലാമെടത്ത് പാപഗ്രഹം നിൽക്കുക, പഞ്ചമാധിപതിക്ക് ശനിയോഗമുണ്ടാവുക, പന്ത്രണ്ടിൽ പാപഗ്രഹം നിൽക്കുക ഈ ലക്ഷണമുണ്ടെങ്കിൽ മാതൃശാപദോഷമാണ്.
ഒൻപതിൽ പാപൻ നിൽക്കുകയും ഒൻപതാം ഭാവാധിപനു ശനിയോഗം വരുകയും ലഗ്‌നത്തിലോ, അഞ്ചിലോ, ഒൻപതിലോ ഗുളികൻ നിൽക്കുകയും ചെയ്യുക പിതൃശാപ ലക്ഷണമാണ്.
ലഗ്‌നപതി, അഞ്ചാം ഭാവാധിപതി, വ്യാഴം ഇവർ ബലവാൻമാരായി വരുക, ഒൻപതാം ഭാവാധിപതിക്ക് മൗഢ്യം ഉണ്ടാവുക എന്നാൽ ദേവശാപമാണ്.
ലഗ്‌നാധിപതിക്കും, പഞ്ചമാധിപതിക്കും, വ്യാഴത്തിനും ബലമുളളപ്പോൾ സൂര്യൻ പാപബന്ധം വന്നാൽ പിതൃശാപവും ബുധന് പാപബന്ധം വന്നാൽ മാതൃശാപവുമാണ്.
ലഗ്‌നാധിപതിക്കും, പഞ്ചമാധിപനും, വ്യാഴത്തിനും ബലമുണ്ടായിരിക്കുമ്പോൾ ഗുരുശുക്രൻമാർക്ക് പാപയോഗത്താൽ ബ്രാഹ്‌മണ ശാപമാണ്.
ലഗ്‌നാധിപൻ, പഞ്ചമാധിപൻ ഇവർക്കു ബലമില്ലാതിരിക്കുകയും പത്താം ഭാവാധിപൻ പാപയോഗത്തോടുകൂടി ആറ്, ഏഴ്, പന്ത്രണ്ട് ഈ രാശികളിലെവിടെയെങ്കിലും നിന്നാൽ ദുഷ്‌ക്കർമ്മഫലമാണ് സന്തത്വഭാവഹേതു.
ലഗ്‌നാധിപൻ, പഞ്ചമാധിപൻ, വ്യാഴം ഇവർക്ക് ബലഹാനിയും ചൊവ്വയ്‌ക്കും ആറാം ഭാവാധിപനും ബലപുഷ്‌ടിയോ പഞ്ചമഭാവസ്ഥിതിയോ വന്നാൽ ശത്രുക്കളിൽ നിന്നുളള ആഭിചാരമാണ്.
പഞ്ചമ ഭാവാധിപൻമാർക്കും വ്യാഴത്തിനും ബലപുഷ്‌ടിയുണ്ടെങ്കിലും നാലിൽ പാപൻ നിൽക്കുകയും നാലാം ഭാവാധിപൻ ആറിലോ ഏഴിലോ പന്ത്രണ്ടിലോ നിൽക്കുകയും ചെയ്‌താൽ സ്ഥലദോഷമാണ്.
ലഗ്‌നപഞ്ചമാധിപൻമാർക്കും വ്യാഴത്തിനും രാഹുയോഗം വരുകയും അല്ലെങ്കിൽ അഞ്ചിൽ രാഹു നിൽക്കുകയും ചെയ്‌താൽ സർപ്പശാപമാണ് ഹേതു. ഈ രാഹുവിൽ കുജബന്ധം ഉണ്ടായാൽ സർപ്പശാപം തന്റെ കർമ്മം മൂലമുണ്ടാകും.
സന്താനജീവൻ
ലഗ്‌നസ്‌ഫുടത്തെ അഞ്ചിൽ ഗണിച്ച് യമകണ്ഡസ്‌ഫുടം ചേർന്നത് ഇതിന് നവദോഷബന്ധമുണ്ടെങ്കിൽ സന്താനലബ്‌ധി കൃഛ്രമാണ്. ഇതിൽനിന്ന് തൽക്കാല സൂര്യസ്‌ഫുടം വാങ്ങി പക്കംകൊണ്ട് കാരണമറിയാം. ശേഷം സാധാരണപോലെ തന്നെ സന്താനഗുരുവെന്നും ഇതിനുപറയും.
സന്താനതിഥി
ഉദയാദി ചെന്ന നാഴിക വിനാഴികവച്ച് വിനാഴികയാനി അൻപതിൽ ഹരിച്ച് രാശ്യാദി സ്‌ഫുടമുണ്ടാക്കിയതിനെ പതിമൂന്നു രാശിയിൽനിന്നു വാങ്ങി അഞ്ചിൽ ഗണിച്ച് ഉണ്ടാക്കുന്നത് സന്താനസൂര്യസ്‌ഫുടമാണ്. മുമ്പ് അൻപതുകൊണ്ട് ഹരിച്ചുണ്ടാക്കിയതിൽ 8 രാശി 15 തിയ്യതി കൂട്ടി അഞ്ചിൽ പെരുക്കിയത് സന്താനചന്ദ്രൻ, സന്താനചന്ദ്രനിൽ സന്താനസൂര്യനെ വാങ്ങിയത് സന്താനതിഥി. തത്‌ക്കാല സൂര്യചന്ദ്രസ്‌ഫുടങ്ങളെ അഞ്ചിൽ ഗണിച്ചുണ്ടാക്കുന്ന സന്താനചന്ദ്രനിൽനിന്ന് സന്താനചന്ദ്രനെ വാങ്ങിയതു സന്താനതിഥിയാണ്. രണ്ടുപ്രകാരത്തിലും തിഥിവരുത്തും. ഈ തിഥി വെളുത്തപക്ഷത്തിലാണെങ്കിൽ സന്താനമുണ്ടാകും. കറുത്ത പക്ഷത്തിലായാൽ സന്താനലബ്‌ധി ദുർലഭമാണ്. എന്നാൽ കറുത്ത ഷഷ്‌ഠിക്കുമുമ്പുളള പക്കമാണെങ്കിൽ കൃഛസന്തതിയുണ്ടാകും. ഷഷ്‌ഠിയിൽ ഗുഹാരാധനം കൊണ്ടും ദശമിക്ക് മുമ്പായാൽ പുനർവിവാഹം ചെയ്യും. പാർവണഭോജനം, ശ്രാവണഭോജനം ഇവ നടത്തിയും അന്ത്യകാലത്ത് സന്തതിയുണ്ടാകും. ഏകാദശിയോ ദ്വാദശിയോ ആണെങ്കിൽ ദ്വാദശിഹോമം ചെയ്‌താൽ കൃഛസന്തതിലാഭം ഉണ്ടാകും. ദ്വാദശിയോ ചതുർദ്ദശിയോ ആയാൽ ദത്തുവേണം.
അമാവാസിയാൽ ദത്തുസന്താനവും ഉണ്ടാവില്ല. രിക്തതിഥികളായാൽ സന്താന പ്രതിബന്ധഹേതു ആഭിചാരവും വിഷ്‌ടിക്കരണമായാൽ സർപ്പശാപവും സന്താനപ്രതിബന്ധ കാരണമാണ്.
സന്താനത്രിസ്‌ഫുടം
1) സൂര്യൻ, ചന്ദ്രൻ, വ്യാഴം ഇവരുടെ സ്‌ഫുടങ്ങൾ അഞ്ചിൽ പെരുക്കി തമ്മിൽ ചേർത്തുണ്ടാക്കുന്നത് സന്താന ത്രിസ്‌ഫുടമാണ്. ഇങ്ങനെ രണ്ടുപേരുടെയും ജാതകം കൊണ്ട് ത്രിസ്‌ഫുടം ഉണ്ടാക്കണം. പ്രശ്‌നസമയത്തെ ഗതനാഴിക വിനാഴിക കൊണ്ടുണ്ടാക്കുവാൻ പറഞ്ഞ സൂര്യചന്ദ്ര ജീവസ്‌ഫുടങ്ങളെ ഒരുമിച്ചു കൂട്ടിയാലും സന്താനത്രിസ്‌ഫുടമാകും. ഇതിന്റെ നാൾ ദമ്പതികളുടെ മൂന്നഞ്ചേഴാം നാളുകളോ എൺപത്തെട്ടാം കാലോ, നൂറ്റെട്ടാം കാലോ ആയി വന്നാലും ലഗ്‌നാൽ ആറ്, എട്ട്, പന്ത്രണ്ട് ഈ രാശികളിലായി വന്നാലും സന്താനവ്യാഴം ആറെട്ടു പന്ത്രണ്ടു ഭാവങ്ങളിൽ ഈ സ്‌ഫുടം വന്നാലും സന്താന ലബ്‌ധിയുണ്ടാകുവാൻ പ്രയാസമാണ്.
2) പ്രശ്‌നപ്രകാരമുണ്ടാകുന്ന സന്താനജീവൻ, യമകണ്ഡകൻ, സന്താനമാന്ദി ഇവരുടെ സ്‌ഫുടങ്ങൾ ഒരുമിച്ച് ചേർത്ത് ഉണ്ടാകുന്ന ത്രിസ്‌ഫുടത്തെ എൺപത്തൊന്നിൽ പെരുക്കി മാനമേറ്റി നാളു കാണണം. ഈ നാളുവരുന്ന ദിവസമോ അല്ലെങ്കിൽ ഈ സ്‌ഫുടത്തിന്റെ ത്രികോണരാശികളിൽ ചന്ദ്രൻ വരുന്ന കാലമോ സന്താനജനനമുണ്ടാകുമെന്ന് വിധിക്കാം.
മേൽപറഞ്ഞ നക്ഷത്രവും അനുജൻമങ്ങളും സന്താനധനകാലവുമാകും.
സന്താനയോഗസ്‌ഫുടം
സന്താനജീവസ്‌ഫുടം ചേർത്ത് യമകണ്ഡകസ്‌ഫുടം ചേർത്ത് ഒൻപതിൽ ഗണിച്ചത്. ഈ സ്‌ഫുടത്തിന്റെ തിയ്യതി അഞ്ചോ അതിൽ താഴെയോ ആണെങ്കിൽ ഒരു സന്താനമേ ഉണ്ടാവുകയുളളൂ. പത്തുവരെ രണ്ടു സന്താനമുണ്ടാകും. ഇങ്ങനെ മേലോട്ടും കാണുക. ഈ സ്‌ഫുടത്തിന്റെ ഷഡ്വർഗ്ഗം വച്ചാൽ മൂന്നുവർഗ്ഗം വ്യാഴത്തിന്റെതായാൽ ആറിലധികം സന്താനങ്ങളുണ്ടാകും. മൂന്നിലധികം വ്യാഴത്തിന്റേതായാൽ അനവധി സന്താനങ്ങൾ ജനിക്കും. ഇതിൽ ദ്രേക്കാണനാഥൻ നീചത്തിലോ ശത്രുക്ഷേത്രത്തിലോ ആണ് നിൽക്കുന്നതെങ്കിൽ താഴെ പറയും പ്രകാരം സന്തതിനാശമുണ്ടാകും. യോഗസ്‌ഫുടത്തിന്റെയും ദ്രേക്കാണനാഥന്റെയും തിയ്യതി അഞ്ചുവരെയാണെങ്കിൽ ആദ്യത്തെ പുത്രൻ മരിക്കും. പത്തു തിയ്യതിവരെയാണെങ്കിൽ രണ്ടാമത്തെതും, പതിനഞ്ചു തിയ്യതി വരെയാണെങ്കിൽ മൂന്നാമത്തെതും മരിക്കും. ഈ ക്രമത്തിൽ മേലോട്ടും അറിയണം. ഈ യോഗസ്‌ഫുടം അല്പ പുത്രരാശികളായ കന്നി, വൃശ്‌ചികം, ഇടവം, ചിങ്ങം ഈ രാശികളായാൽ സന്താനലാഭം ഉണ്ടാവുകയില്ല. ഈ യോഗസ്‌ഫുടത്തിന്റെ ഷഡ്വർഗ്ഗങ്ങളിൽ മൂന്നുവർഗ്ഗം ബുധന്റെതായാൽ ഇരട്ട പ്രസവമുണ്ടാകും. ശനിയുടെതായാൽ ഇങ്ങനെതന്നെ. ഇവർ ബലവാൻമാരാകിൽ രണ്ടും ദീർഘകാലം ജീവിക്കും. ബലഹീനരായാൽ അല്‌പായുസ്സുകളാകും.
സന്താനസൂര്യൻ
ഇവിടെ സൂര്യൻ ഉദയം മുതൽ 50 വിനാഴിക വീതം സമയംകൊണ്ട് മേടത്തിന്റെ അന്ത്യംമുതൽ പുറകോട്ട് ഓരോ രാശികളിലും സഞ്ചരിക്കുന്നു. ഇങ്ങനെ പത്തുനാഴിക സമയംകൊണ്ട് ഒരു തവണ രാശി ചക്രപര്യടനം പൂർത്തിയാക്കിയാൽ വീണ്ടും ഇങ്ങനെതന്നെ സഞ്ചരിക്കുന്നു. പിറ്റേദിവസം ഉദയത്തിനകം ഈവിധം ആറുതവണ സൂര്യൻ രാശിചക്രത്തെ ചുറ്റിവരുന്നു. ഈ നിയമമനുസരിച്ച് പ്രശ്‌നസമയത്തേക്ക് ഉദയാദിചെന്ന നാഴിക വിനാഴികകളെ വച്ച് അൻപതിൽ ഹരിക്കണം. കിട്ടുന്നതു രാശി. പിന്നെ മുപ്പതിലും അറുപതിലും പെരുക്കി അൻപതിൽ രാശി വരിച്ചു കളഞ്ഞ് ശിഷ്‌ടരാശി തിയ്യതി ഇവകളെ അഞ്ചുകൊണ്ട് ഗുണിക്കുക. ഇതു സന്താനതിഥിയിൽ വിവരിച്ചിടുന്ന തത്‌ക്കാല സൂര്യസ്‌ഫുടത്തെ അഞ്ചുകൊണ്ടു ഗുണിച്ചാലും സന്താന സൂര്യസ്‌ഫുടം ലഭിക്കും.
വന്ധ്യായോഗം
സ്‌ത്രീജാതകത്തിൽ കുട്ടികളെ പ്രസവിക്കില്ല എന്നു സൂചിപ്പിക്കുന്ന ഗ്രഹയോഗം വന്ധ്യയോഗം. പലതരത്തിലുണ്ട്. കാകവന്ധ്യ, മൃതവന്ധ്യ.
(1) പാപാൻമാർ 5-ാം ഭാവമായും, 5-ാം ഭാവാധിപനുമായും ബന്ധപ്പെടുക, അവർക്ക് നീചത്തിന്റെയും ശത്രുഗ്രഹത്തിന്റെയും വർഗ്ഗം വരുക.
(2) 5-ാം ഭാവത്തിൽ ചന്ദ്രനോ ശുക്രനോ ശനിയോഗത്തോടുകൂടി നിൽക്കുക, 5-ാം ഭാവാധിപനും ഗുരുവിനും ബലം കുറയുക ഇത് സ്‌ത്രീകാകവന്ധ്യായോഗമാണ്. ഒരു പെൺകുട്ടി ഉണ്ടായാൽ പിന്നെ പ്രസവിക്കുകയില്ല.
(3) 5-ാം ഭാവത്തിൽ വ്യാഴവും 5-ാം ഭാവാധിപന് ശുഭബന്ധമില്ലാതെയും വന്നാൽ പുംകാകവന്ധ്യായോഗമാണ്. ഒരു പുരുഷസന്താനത്തെ മാത്രം പ്രസവിക്കും.
(4) ലഗ്‌നത്തിന്റെ അഞ്ചിൽ വ്യാഴവും വ്യാഴത്തിന്റെ അഞ്ചിൽ ശനിയും ശനിയുടെ അഞ്ചിൽ രാഹുവും നിന്നാൽ ഒരു പുത്രനെ മാത്രമെ പ്രസവിക്കുകയുളളൂ. അവർക്ക് ചന്ദ്രൻ, ശനി, കുജൻ ഇവരുടെ ബന്ധം വരുകയോ 5-ൽ കുജൻ നിൽക്കുകയോ ചെയ്‌താലും പല സന്താനങ്ങൾ ഉണ്ടാകുമെങ്കിലും നഷ്‌ടപ്പെടും. ഇത് മൃതവന്ധ്യയോഗമാണ്. 7-ാം ഭാവത്തിൽ ശുക്രൻ സന്ധിയിൽ നിൽക്കുക, ലഗ്‌നത്തിൽ ശനി, 5-ാം ഭാവം ദുർബലമാകുക, അതിന് ഭാവാധിപന്റെയോ ശുഭഗ്രഹങ്ങളുടേയോ ബന്ധം ഇല്ലാതെ വരുക
(5) ലഗ്‌നം, 7,12, -ൽ പാപഗ്രഹങ്ങൾ, ലഗ്‌നാൽ 5ൽ ക്ഷീണചന്ദ്രൻ ഈ യോഗത്തിൽ ജനിച്ച ജാതകന് മിക്കവാറും ഭാര്യതന്നെ ഉണ്ടാവുകയില്ല. ഉണ്ടെങ്കിൽതന്നെ പ്രസവിക്കുകയില്ല.
വംശവിഛേദയോഗം
സന്താനം ഉണ്ടാകാത്തതുകൊണ്ട് ഒരു വംശംതന്നെ നശിച്ചുപോകുന്ന സ്ഥിതി
(1)ബുധനും, ലഗ്‌നാധിപനും, ലഗ്‌നം ഒഴികെയുളള കേന്ദ്രത്തിൽ നിന്നാൽ വംശവിഛേദം വരും.
(2) പാപഗ്രഹങ്ങൾ 12,5,8 ഇവയിൽ നിന്നാൽ വംശവിഛേദം വരും.
(3) ലഗ്‌നത്തിൽ ചന്ദ്രനും വ്യാഴവും, ശനിയോ ചൊവ്വയോ 7-ൽ നിന്നാൽ വംശവിഛേദയോഗമാണ്.
(4) ചന്ദ്രൻ 5ൽ, പാപൻമാർ 8,1,12 ൽ വന്നാൽ വംശവിഛേദയോഗം.
(5) ബുധനും, ശുക്രനും 7-ലോ, 12-ലോ വരുക, 4ൽ പാപഗ്രഹങ്ങൾ. വ്യാഴം 5ൽ വന്നാൽ വംശഛേദം സംഭവിക്കും.
(6) പാപൻമാർ ചന്ദ്രൻ 8ൽ വന്നാൽ വംശഛേദം.
(7) ലഗ്‌നത്തിൽ പാപഗ്രഹം നാലിൽ ചന്ദ്രൻ 5-ൽ ലഗ്‌നാധിപതി 5-ാം ഭാവാധിപതി ദുർബലനാകുക. വംശഛേദം സംഭവിക്കും.
(8) 5ൽ പാപൻമാർ നിന്നാൽ വംശഛേദം സംഭവിക്കും.
(9) ശുക്രൻ 7ൽ, ചന്ദ്രൻ 10ൽ, പാപൻമാർ 4ൽ വന്നാൽ വംശഛേദം സംഭവിക്കും.
(10) ചൊവ്വ ലഗ്‌നത്തിൽ, ശനി 8-ൽ, രവി 5ൽ നിന്നാൽ വംശഛേദം സംഭവിക്കും.
വംശവിനാശയോഗം
ജാതകന്റെ വംശം ജാതകനോടുകൂടി ക്ഷയിച്ചുപോകുന്ന യോഗം പല ഗ്രഹസ്ഥിതികളിൽ വരാം.
(1) ചന്ദ്രൻ 8ൽ പാപഗ്രഹങ്ങൾ 1,8,12 ൽ
(2) പാപഗ്രഹങ്ങളെല്ലാവരും നാലിൽ,
(3) ലഗ്‌നത്തിൽ വ്യാഴനും ചന്ദ്രനും 7-ൽ ചൊവ്വയോ ശനിയോ
(4) പാപഗ്രഹങ്ങൾ 5ലോ, 8ലോ, 12ലോ വരുക വംശവിനാശം സംഭവിക്കും.
(5) ലഗ്‌നത്തിൽ പാപൻമാർ, നാലിൽ ചന്ദ്രൻ ലഗ്‌നാധിപൻ 5ൽ 5-ാം ഭാവാധിപൻ ദുർബലൻ
(6) 4ൽ പാപൻമാർ, 7ൽ ശുക്രനും, 5ൽ ഗുരുവും
(7) എല്ലാ പാപൻമാരും 1,5,8,12 ഭാവങ്ങളിലായി വരുകയും
(8) 4ൽ പാപൻമാർ 7ൽ ശുക്രൻ 10ൽ ചന്ദ്രൻ മേൽയോഗങ്ങളിൽ ഏതെങ്കിലും ഒന്നുവന്നാൽ വംശവിനാശയോഗമാണ്.
പുത്രനുണ്ടാകുന്ന യോഗം
പുത്രനുണ്ടാകുന്ന അനവധിയോഗങ്ങൾ ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു.
(1) ശുഭഗ്രഹങ്ങൾ 5-ാം ഭാവം സ്വക്ഷേത്രമായി അവിടെ നിൽക്കുക.
(2) 2-ാം ഭാവാധിപതി ബലവാനായി ഗുരുദൃഷ്‌ടിയോടുകൂടി 5-ൽ നിൽക്കുക.
(3) 2-ാം ഭാവാധിപതി ബലവാനായി ലഗ്‌നാധിപതിയും 5-ാം ഭാവാധിപതിയും ശുഭഗ്രഹയോഗത്തോടുകൂടി കേന്ദ്രത്തിൽ നിൽക്കുക.
(4) 5-ാം ഭാവാധിപന്റെ നവാംശക രാശ്യാധിപന് ശുഭത്വം ഉണ്ടാകുകയോ ശുഭയോഗ ദൃഷ്‌ടികളോ വരുക.
(5) ലഗ്‌നാലോ ചന്ദ്രനാലോ 5-ാം ഭാവത്തിന് ബലം ഉണ്ടാവുക.
(6) 5-ാം ഭാവാധിപനും വ്യാഴവും ബലവാൻമാരായിരിക്കുക. ഇഷ്‌ടസ്ഥാനത്തു നിൽക്കുക.
(7) മൗഢ്യമോ ഉഷ്‌ണമോ വിഷദുരിതാംശകാദികൾ ഇല്ലാതിരിക്കുക.
(8) മേടം, ചിങ്ങം, വൃശ്‌ചികം, മീനം ഇവ 5-ാം ഭാവമായി അവിടെ കുജൻ നിൽക്കുകയും കുജന് വ്യാഴദൃഷ്‌ടി ലഭിക്കുകയും ചെയ്യുക.
(9) 5-ാം ഭാവത്തിൽ 9-ാം ഭാവാധിപനോ വ്യാഴമോ, ശുക്രനോ, ലഗ്‌നാധിപനോ ചന്ദ്രനോ നിൽക്കുകയോ നോക്കുകയോ ചെയ്‌താലും പുത്രപ്രാപ്തിയോഗമാണ്.
(10) ഗുരുവിന്റെ അംശകാധിപതി കേന്ദ്രത്തിൽ നിന്നാൽ പുത്രയോഗം.
പുത്രലാഭം
പുത്രലാഭം ഉണ്ടാകുവാൻ കാലതാമസം വരുന്ന യോഗങ്ങൾ
(1) ലഗ്‌നം 9,5 ഇവയുടെ അധിപൻമാർ ശുഭയോഗത്തോടും കൂടി 6,8,12 ൽ വന്നാൽ പുത്രലാഭത്തിന് കാലതാമസം വരും.
(2) കർക്കിടകം 5-ാം ഭാവമായി ചന്ദ്രൻ അവിടെ നിൽക്കുക. ശുഭൻമാർ 10ൽ, പാപൻമാർ 5ൽ വരുക സന്താനലാഭം ഉണ്ടാകാൻ കാലതാമസം വരും.
(3) ലഗ്‌നം പാപരാശി അവിടെ പാപഗ്രഹം നിൽക്കുക. സൂര്യൻ ദുർബലനാകുക, ചൊവ്വ യുഗ്‌മരാശിയിൽ നിൽക്കുക ഇങ്ങനെവന്നാൽ 30 വയസ്സിനുശേഷം സന്താനമുണ്ടാകും.
(4) കർക്കിടകത്തിൽ ചന്ദ്രന് പാപയോഗം വരുക, പാപൻമാരുടെ ദൃഷ്‌ടിവരുക, സൂര്യന് ശനിദൃഷ്‌ടി വരുക ഇങ്ങനെവന്നാൽ 60 വയസ്സിനുശേഷം പുത്രനുണ്ടാകും.
(5) ലഗ്‌നാധിപൻ ലഗ്‌നത്തിലോ 2ലോ നിന്നാൽ ആദ്യം പുത്രനും പിന്നെ പുത്രിയും ഉണ്ടാകും.
(6) 5-ാം ഭാവാധിപതി നീചനാകുകയും 9-ാം ഭാവാധിപതി ലഗ്‌നത്തിൽ വരുകയും 5ൽ ബുധനും കേതുവും വരുകയും ചെയ്‌താൽ വളരെ ക്ലേശിച്ച് പുത്രനുണ്ടാകും.
(7) നാലിൽ വ്യാഴനോ പാപഗ്രഹമോ ചന്ദ്രൻ 5ലോ 6ലോ വരുകയാണെങ്കിൽ 30 വയസ്സിനുശേഷം പുത്രനുണ്ടാകും.
5ൽ ചന്ദ്രനും ശുക്രനും നിന്നാൽ ആദ്യത്തെ സന്താനം പുത്രിയായിരിക്കും. 5-ാം ഭാവത്തിലേക്ക് എത്ര പുരുഷഗ്രഹങ്ങൾ നോക്കുന്നുവോ അത്രയും പുത്രൻമാരുണ്ടാകും. 5-ാം ഭാവത്തിലേക്ക് എത്ര സ്‌ത്രീഗ്രഹങ്ങൾ നോക്കുന്നുവോ അത്രയും സ്‌ത്രീസന്താനങ്ങളുണ്ടാകും.
11ൽ രാഹുനിന്നാൽ വാർദ്ധക്യത്തിൽ പുത്രസുഖം ലഭിക്കും.
ദത്തുപുത്രയോഗം
നാലാംഭാവത്തിൽ ശനിയും ചൊവ്വയും നിന്നാൽ ദത്തുപുത്രനുണ്ടാകും. 5ൽ ശനി ബുധചന്ദ്രയോഗം ചെയ്‌തുനിന്നാൽ വിലയ്‌ക്കുവാങ്ങിയ പുത്രൻ മാത്രമെ ഉണ്ടാകൂ.
പുത്രൻമാരുടെ സംഖ്യ
അഞ്ചാം ഭാവനോ, അഞ്ചാംഭാവത്തിൽ നിൽക്കുന്ന ഗ്രഹമോ, അഞ്ചാം ഭാവത്തെ നോക്കുന്ന ഗ്രഹമോ, ആ രാശിയിൽ എത്ര നവാംശകം ചെന്നുകഴിഞ്ഞുവെന്നറിഞ്ഞാൽ അത്രയും സന്താനങ്ങളുണ്ടാകും.
സന്താനാഷ്‌ടവർഗ്ഗം
സന്താനാഷ്‌ടവർഗ്ഗം വ്യാഴത്തിന്റെ അഷ്‌ടവർഗ്ഗം തന്നെയാണ്. അതിൽ ഓരോ രാശികളിലുമുളള അക്ഷരങ്ങൾ ആരുടെതെന്നറിയുവാൻ ഭിന്നാഷ്‌ടവർഗ്ഗമായോ പ്രസ്ഥാരാഷ്‌ടവർഗ്ഗമായോ ഇടുന്നു. ഇതിൽ അക്ഷാധിക്യമുളള രാശികളിൽ വ്യാഴവും സൂര്യനും നിൽക്കുന്ന കാലത്ത് അക്ഷാധിക്യമുളള രാശിസമയത്ത് ഗർഭധാരണം ചെയ്‌താൽ നല്ല പുത്രൻമാരുണ്ടാകും. അഷ്‌ടമാധിപൻ അഷ്‌ടമത്തിലും സ്വല്‌പാഷ്‌ടവർഗ്ഗരാശിയിൽ നിന്നാൽ സന്താനംമൂലം മൃത്യു സംഭവിക്കും.
പന്ത്രണ്ടിലും എട്ടിലും നിൽക്കുന്ന വ്യാഴത്തിന്റെ മൂന്നിലും അഞ്ചിലും എത്ര അക്ഷരങ്ങളുണ്ടോ അത്രയും സന്താനങ്ങൾ നശിക്കും. വ്യാഴം ധനുവിലോ മീനത്തിലോ നിൽക്കുകയും അവിടെ അധികം (നാലിലധികം) അക്ഷരങ്ങൾ വരികയും ശുഭദൃഷ്‌ടി ഉണ്ടാവുകയും ചെയ്‌താൽ ആ രാശി സമയത്തു ഗർഭധാരണം ചെയ്‌താലും നല്ല സന്തതി ലഭിക്കും. ലഗ്‌നാൽ പഞ്ചമാധിപൻ നിൽക്കുന്ന രാശിയുടെ അധിപൻ വ്യാഴത്തിന്റെ യോഗദൃഷ്‌ട്യാദികളോടുകൂടി നാലിലധികം അക്ഷരമുളള രാശിയിൽ നിന്നാൽ കുലമുഖ്യനായ സന്താനം ലഭിക്കും.
ഈ യോഗത്തിൽ തന്നെ പഞ്ചമേശാശ്രിതരാശിനാഥൻ നീചരാശ്വംഗകങ്ങളോടുകൂടി സ്വല്പാക്ഷരമുളള രാശിയിൽ നിന്നാൽ പുത്രൻ പിതാവിനെ പീഢിപ്പിക്കും. പഞ്ചമപതിക്കു പാപസംബന്ധവും വ്യാഴത്തിനു സ്വല്പാക്ഷര രാശിസ്ഥിതിയും പാപസാമ്യസ്ഥിതിയും വന്നാൽ പുത്രൻ ദുർബുദ്ധിയും കുലനാശകാരനും ആയിരിക്കും. ലഗ്‌നത്തിന്റെയോ വ്യാഴത്തിന്റേയോ പഞ്ചമാധിപൻ പഞ്ചമഭാവത്തിൽ അക്ഷാധിക്യത്തോടുകൂടി നിന്നാൽ വളരെ പുത്രൻമാരുണ്ടാകും. വ്യാഴത്തിന്റെ അഞ്ചിൽ നിൽക്കുന്ന അക്കം എത്രയാണോ അത്രയും സന്താനങ്ങൾ ജനിക്കും. ആ പഞ്ചമഭാവത്തിൽ അക്ഷദാതാക്കളായ ഗ്രഹങ്ങളിലാരെങ്കിലും കന്ന്യാംശകത്തിലോ മീനാംശകത്തിലോ നിന്നാൽ രണ്ടു സ്‌ത്രീ സന്താനങ്ങളും ധനു മിഥുനം രാശികളിൽ അംശകിച്ചാൽ രണ്ടുപുരുഷ സന്താനങ്ങളും ജനിക്കും. ഉച്ചത്തിലും വക്രത്തിലും നിൽക്കുന്ന ഗ്രഹങ്ങളുടെ അക്കമുണ്ടെങ്കിൽ ആ സംഖ്യയെ ത്രിഗുണമാക്കിയും സ്വക്ഷേത്രത്തിലോ വംശോത്തമാംശകത്തിലോ നിന്നാൽ ഇരട്ടിയായും പറയണം. വ്യാഴത്തിന്റെ പഞ്ചമഭാവത്തിൽ വീണ അക്ഷരത്തിന്റെ നാഥൻ ബലവാനാണെങ്കിൽ ആഗ്രഹം നിന്ന നക്ഷത്രമോ തത്രികോണമോ സന്താനജൻമ നക്ഷത്രമായി വരും. ആ ഗ്രഹം ആദിദ്രേക്കാണമെങ്കിൽ ആ നക്ഷത്രമെന്നും മധ്യദ്രേക്കാണമെങ്കിൽ അടുത്ത അനുജൻമനക്ഷത്രമെന്നും പറയണം.
സന്താനാഷ്‌ടവർഗ്ഗത്തിൽ ഏറ്റവുമധികം അക്ഷരമുളള രാശിയിൽ വ്യാഴം വരുന്നകാലം സന്താനലാഭത്തിന്റെ കാലമാണ്. വ്യാഴത്തിന്റെ ശുദ്ധപിണ്ഡത്തെ വ്യാഴത്തിന്റെ അഞ്ചിൽ വീണ അക്ഷസംഖ്യകൊണ്ടു പെരുക്കി ഇരുപത്തി ഏഴുകൊണ്ടു ഹരിച്ചാൽ ശിഷ്‌ടം അശ്വതി മുതൽ എണ്ണുക. ആ നക്ഷത്രത്തിൽ വ്യാഴം വരുന്ന കാലവും സന്താനലാഭത്തിന്റെ കാലമാണ്. ഈ ശുദ്ധപിണ്ഡത്തെ ഏഴിൽ പെരുക്കി ഇരുപത്തിയേഴിൽ ഹരിച്ച ശിഷ്‌ടംകൊണ്ട് സന്താനലാഭത്തിന്റെ കാലം പറയാം. വ്യാഴത്തേക്കാൾ നവാംശകത്തിനാണ് ബലാധിക്യമെങ്കിൽ ശുദ്ധപിണ്ഡത്തെ ഏഴിൽ പെരുക്കി ഇരുപത്തേഴിൽ ഹരിച്ച ശിഷ്‌ടം അവിട്ടം മുതലെണ്ണണം. ഈ ശുദ്ധപിണ്ഡത്തെ നാലിൽ ഗുണിച്ച് പന്ത്രണ്ടുകൊണ്ട് ഹരിച്ച് ശിഷ്‌ടം മേടം മുതലെണ്ണിയാൽ വരുന്ന രാശിയിൽ സൂര്യൻ നിൽക്കുന്ന കാലമാണ് സന്താനജനനം സംഭവിക്കുന്നത്. ഈ ശുദ്ധപിണ്ഡത്തെ ഏഴിൽ പെരുക്കി ഇരുപത്തേഴിൽ ഹരിച്ചു ശിഷ്‌ടത്തെ ജനനസമയം വ്യാഴം നിന്ന നക്ഷത്രം മുതലെണ്ണിവന്ന നക്ഷത്രത്തിലും ഒമ്പതുകൊണ്ട് ഗുണിച്ച് പന്ത്രണ്ടിൽ ഹരിച്ച ശിഷ്‌ടം മേടം മുതലെണ്ണിവരുന്ന രാശി ലഗ്‌നത്തിലും പുത്രജനനം വിധിക്കാം.
ശോധനയ്‌ക്കുശേഷം വ്യാഴം നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവാധിപൻ നിൽക്കുന്ന രാശിയിൽ എത്ര അക്കങ്ങളുണ്ടോ അത്രയും സന്താനങ്ങൾ ഉണ്ടാകുമെന്ന് പറയാം. മറ്റൊരു ശോധന സന്താന അഷ്‌ടവർഗ്ഗത്തിൽ ത്രികോണശോധനയും കഴിച്ച് വ്യാഴം നിൽക്കുന്ന രാശിയിലെ അക്കം കുറച്ചു കിട്ടുന്ന സംഖ്യയോളമാണ് സന്താനങ്ങൾ ഉണ്ടാകുന്നത്. ഇതിൽ പാപഗ്രഹങ്ങൾ നിൽക്കുന്ന രാശിയിലെ അക്കങ്ങൾ കുറയ്‌ക്കണം.
“അപുത്രം കുരുതേ ഭാനുഃ
പുത്രമേകം നിശാകരഃ
സുശോകം പുത്രഹീനശ്ച
പഞ്ചമോ ധരണീ സുതഃ”
ജനനസമയം ആദിത്യൻ. അഞ്ചിൽ നിന്നാൽ പുത്രഹീനനായിരിക്കും. ചന്ദ്രനാണ് നിൽക്കുന്നതെങ്കിൽ കേവലം ഒരു പുത്രൻമാത്രം ജനിക്കുമെന്നു പറയാം. ചൊവ്വ അപ്രകാരം നിന്നാൽ ജാതകൻ ദുഃഖിതനും പുത്രനില്ലാത്തവനായിരിക്കുമെന്നും പറഞ്ഞുകൊളളണം.
“പാപ! പഞ്ചമരാശൗ
ജാതം ശിശു വിനാശയതി
സപ്തമ രാശ് പാപാ
ഭാര്യാം ബാദരായണേനോക്തം”
ബലഹീനനായ പാപഗ്രഹം അഞ്ചാമെടത്തുനിന്നാൽ ജാതരാകുന്ന എല്ലാ ശിശുക്കളും മരിച്ചുപോകുമെന്നു മാത്രം.
“പഞ്ചമസംസ്ഥഃ പാപഃ
പുത്രവിനാശം കരോതി ബലഹീനഃ”
അഞ്ചാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിന്നാൽ പുത്രനാശം ഉണ്ടാകും.
“ഭാഗ്യപ്രസ്തുത ജായതേ”
ഭാഗ്യവാനായ പുത്രൻ ജനിച്ചാൽ ആ പുത്രന് സകല സൗഭാഗ്യങ്ങളും ഉണ്ടാകും. സൽപുത്രലാഭം ഉണ്ടായാൽ ദമ്പതികൾ പുണ്യാത്മാക്കളാണെന്നതിന് സംശയമില്ല.
പുരുഷസൂക്തം കുറച്ചു വെണ്ണനെയ്യെടുത്ത് ദർഭപ്പുല്ലിന്റെ അഗ്രംതൊട്ടു ജപിപ്പിച്ച് ഗർഭിണികൾക്കു കൊടുത്താൽ (ഗർഭം ധരിച്ച് 90 ദിവസത്തിനുളളിലാണെങ്കിൽ) പുരുഷപ്രജയുണ്ടാകും.
Generated from archived content: essay_june18.html Author: dr_divakaran