നീരോട്ടമുളള ഹൃദയങ്ങളെക്കുറിച്ച്‌……

കർക്കടകത്തിലെ കാക്കകൾ -കെ.എ.സെബാസ്‌റ്റ്യൻ

ഡി.സി. ബുക്‌സ്‌ ,വില – 58 രൂപ.

1995 മുതൽ 1999 വരെ കാലികപ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുളള ചെറുകഥകളാണ്‌ ‘കർക്കടകത്തിലെ കാക്കകൾ’ എന്ന ഈ ആദ്യസമാഹാരത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്‌. നൈതികബോധമുളള എഴുത്തുകാരനെ മഥിക്കുന്ന കാലികപ്രശ്‌നങ്ങളാണ്‌ സെബാസ്‌റ്റ്യന്റെ പ്രധാന പ്രമേയം. ഉളളടക്കംകൊണ്ടും കഥാശൈലികൊണ്ടും സവിശേഷശ്രദ്ധയാകർഷിക്കുന്ന രചനയാണ്‌ സമാഹാരത്തിലെ ആദ്യത്തെ കഥയായ ‘കർക്കടത്തിലെ കാക്കകൾ.’ മരണഗന്ധമുയർത്തുന്ന കർക്കടകവാവ്‌. മരണാനന്തര ജീവിതവും, കർമ്മഫലവും ശിരോലിഖിതവുമൊക്കെ ജീവിച്ചിരിക്കുന്നവരുടെ ചിന്തകളിൽ ഊളിയിടുന്ന ദിവസം. തദേവൂസും ചക്രപാണി അരയനും പറയുന്ന കഥകളും പരേതാത്മാക്കളുടെ ദൂതന്മാരായെത്തുന്ന കാക്കകളും ചേർന്ന്‌ സൃഷ്‌ടിക്കുന്ന അന്തരീക്ഷം. ഏകനായി, അച്ഛന്റെ ബലിതർപ്പണത്തിനു തയ്യാറെടുക്കുന്ന നിഷ്‌കളങ്കനായ തിലകന്റെ മനസ്സിൽ ഒരു സമാന്തരകഥയിലെ സൂചനകളിലൂടെ അമ്മയുടെ ജാരസംസർഗ്ഗത്തിന്റെയും അച്ഛന്റെ അപമൃത്യുവിന്റെയും പൊളളുന്ന സത്യങ്ങൾ പെട്ടെന്നു വെളിപ്പെടുന്നതായിട്ടാണ്‌ സെബാസ്‌റ്റ്യൻ ആവിഷ്‌കരിച്ചിരിക്കുന്നത്‌. വെറുപ്പും വിദ്വേഷവും സങ്കടവും തീർക്കുന്ന മാനസികവിഭ്രാന്തിയിൽ, ശ്രാദ്ധത്തിന്റെ ചേരുവകളിൽ വിഷം വെഞ്ചരിച്ച്‌ തിലകൻ പതിനേഴു കാക്കകളെ കൊല്ലുന്നു. ഉയിർത്തെഴുന്നേറ്റ്‌ തല ചെരിച്ചുനോക്കുന്ന അച്ഛന്റെ ഛായയുളള കാക്കയെ കണ്ട്‌ ഉന്മാദത്തിന്റെ കൊടുമുടികളിലേയ്‌ക്കോടി കയറുന്നു. പാവം തിലകൻ. ശക്‌തിയും മൂർച്ചയുമുളള അവതരണശൈലി, പ്രതീകങ്ങളിലൂടെയും സൂചനകളിലൂടെയും വെളിവാകുന്ന അർത്ഥതലങ്ങൾ. ഈ കഥ വായനക്കാരനു സമ്മാനിക്കുന്നത്‌ ഒരു തീവ്രാനുഭവമത്രെ.

പ്രമേയപ്രധാനമാണ്‌ സമാഹാരത്തിലെ കഥകളേറെയും. വൈവിദ്ധ്യാനുഭവങ്ങളുടെ ആവിഷ്‌കാരത്തിൽ അന്തർലീനമായ ഒരു സമാനത കഥകളിലുടനീളം കാണാം. കഠിനവും കർക്കശവുമായ ജീവിതാനുഭവങ്ങളിൽപ്പെട്ട്‌ ഞെരിയുന്ന ‘നീരോട്ടമുളള സാത്വികഹൃദയങ്ങ’ളുടെ ധർമ്മസങ്കടവും, ആത്മസംഘർഷവും സമൂഹത്തിന്റെ മുഖംമൂടികൾക്കെതിരെ സടകുടഞ്ഞുണരുന്ന പ്രതിഷേധവുമാണത്‌. ഈ ദുർബലഹൃദയങ്ങളുടെ ആത്‌മസംഘർഷം പലപ്പോഴും മാനസികവിഭ്രാന്തിയായി മാറുന്നു. ‘കർക്കടത്തിലെ കാക്കകളി’ലെ തിലകനും, ബാല്യത്തിലെ തിക്‌താനുഭവംകൊണ്ട്‌ സമനില തെറ്റിയ ജസിന്തയും (കർക്കടകം), കാമുകരുമായി മേളിക്കുന്ന മകളെക്കണ്ട്‌ മാനസികപിരിമുറുക്കത്തിൽ ഗന്ധർവ്വനുമായി പടവെട്ടുന്ന പിളേളച്ചനും (പഴയ ഇടനാഴികൾ), സ്‌നേഹിതർക്കിടയിൽ മരണംതീർത്ത കല്ലറ പൊളിക്കാൻ ശ്രമിക്കുന്ന മുന്നനും (ദൂതൻ) ഇതിനു ദൃഷ്‌ടാന്തങ്ങളാണ്‌. സ്‌നേഹത്തിന്റെ സുതാര്യത കാണാൻ കണ്ണില്ലാത്ത സമൂഹത്തിന്റെ ദൃഷ്‌ടിയിൽ മുകുന്ദൻ ക്രിസ്‌ത്യാനികളുടെ ശവപ്പറമ്പിൽ അതിക്രമിച്ചുകയറി, കുഴിമാടവും കല്ലറയും തകർക്കുന്ന വെറും കുറ്റവാളിയായിത്തീരുന്നു. കുമ്പസാരസമയത്ത്‌ വല്ലാടൻ ഫിലിപ്പോസിന്റെ മുതുകത്തു ചവിട്ടുന്ന ഗബ്രിയേലച്ചനും കർത്താവിന്റെ തിരുനാമത്തിൽ ഹിംസ അവലംബിക്കാൻ നിർബന്ധിതനാകുന്ന സത്യക്രിസ്‌ത്യാനിയാണ്‌. സ്വന്തം ആത്‌മാവിനോടു ചേർത്തുപിടിച്ചവരുടെ വഞ്ചനയാണ്‌ തബലിസ്‌റ്റ്‌ ശിവനെ പ്രതികാരമൂർത്തിയാക്കുന്നത്‌. തബലയുടെ വെളളാരങ്കണ്ണിൽ കുത്തിക്കീറിയിരിക്കുന്ന കൃഷ്‌ണമണിയിലൂടെ പ്രതീകാത്‌മകമായി ശിവന്റെ നഷ്‌ടത്തിന്റെ ആഴം പ്രകടമാക്കിയിരിക്കുന്നു. വഞ്ചനയുടെ മറ്റൊരു മുഖം ‘ഹിമാലയം എന്ന ഐസ്‌ പ്ലാന്റി’ൽ കാണാം. ‘ദൂതനും’ ‘രാപ്പേടി’യും അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും നടുവിൽ നോക്കുകുത്തിയായിത്തീരുന്ന നിയമപാലകന്റെ നിസ്സഹായതയുടെ കഥ പറയുന്നു. നിരപരാധിയായ, സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയുന്ന മുകുന്ദനെ അറസ്‌റ്റ്‌ ചെയ്‌ത പയസ്‌ മത്തായിയും, നാട്ടിൽ നടമാടുന്ന അക്രമത്തിന്റെ രഥോത്സവത്തിനിടയിൽ ഭയന്നുവിറയ്‌ക്കുന്ന പോലീസുകാരൻ അപ്പുഗുപ്‌തനും വിറങ്ങലിച്ചുനിൽക്കുന്ന സമൂഹമനസ്സാക്ഷിയുടെ പ്രതീകങ്ങളാണെന്നു കാണാം. രാഷ്‌ട്രീയ കൊലപാതകങ്ങളും മതഭ്രാന്തും സ്‌ത്രീകൾക്കുനേരെയുളള അക്രമങ്ങളും ‘രാപ്പേടി’യിൽ കഥാകൃത്ത്‌ വരഞ്ഞിരിക്കുന്നു. ധാർമ്മികബോധം ഹൃദയത്തിലെ പച്ചപ്പായി സൂക്ഷിക്കുന്ന കഥാകൃത്തിന്റെ ശബ്‌ദം ‘രണ്ടാംപാഠ’ത്തിലെ പ്രസാദിലൂടെ മുഴങ്ങുന്നു. വാക്കു തീപ്പൊരിയായി മാറിയേക്കാവുന്ന മതഭ്രാന്തന്മാരുടെ ഇടയിൽ, മതേതരത്വത്തിൽ വിശ്വസിക്കുന്ന, ക്രിസ്‌ത്യാനിപ്പെണ്ണിനെ വിവാഹം ചെയ്‌ത, ഹിന്ദുവായ പ്രസാദ്‌ അഭ്യർത്ഥിക്കുന്നുഃ ആർത്തുങ്കൽ പളളിയുടെ അടിയിൽ ഒരമ്പലത്തിന്റെ അവശിഷ്‌ടം കിടപ്പുണ്ടെന്ന്‌ ആരോടും പറയരുതേ എന്ന്‌.

ദുഷ്‌ടനായ പിതാവിന്റെ അതിക്രമങ്ങളിൽ പൊറുതിമുട്ടി, അയാൾക്കായി ഗ്യാസ്‌ ചേംബർ പണിയുന്ന മകനെയും നാം ഈ സമാഹാരത്തിൽ കണ്ടുമുട്ടുന്നു (‘ബാധ’ എന്ന കഥ). ജീവിതത്തിന്റെ ദുരൂഹത ആവാഹിക്കുന്ന കഥകളാണ്‌ ‘ഒറ്റയും ഇരട്ടയും’, ‘നിലത്തെഴുത്താശാൻ’, അധിനിവേശാനന്തര ഇംഗ്ലീഷ്‌ ആധിപത്യവും പാശ്ചാത്യ സാംസ്‌കാരിക മേൽക്കോയ്‌മയും സമൂഹത്തിൽ സൃഷ്‌ടിച്ചിരിക്കുന്ന കാപട്യങ്ങൾ പൊളിച്ചെഴുതാനുളള ഉദ്യമം ‘നിലത്തെഴുത്താശാനി’ൽ കാണാം. ആഖ്യാനത്തിലെ പുതുമ കഥകൾക്ക്‌ പ്രത്യേകിച്ച്‌ ശക്‌തിപകരുന്നതായി അനുഭവപ്പെടുന്നില്ല. സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചുളള സൃഷ്‌ടികൾ കുറവാണെന്നുളളതാണ്‌ ഈ സമാഹാരം നൽകുന്ന ആശ്വാസം. ഒരുതരം ഗ്രാമ്യമായ നിഷ്‌കപടത സെബാസ്‌റ്റ്യന്റെ ഭാഷയുടെ പ്രത്യേകതയാണ്‌. ആത്മാർത്ഥതയുടെ സ്വരം ഭാഷയ്‌ക്ക്‌ ഹൃദ്യതയണയ്‌ക്കുന്നു. അതിന്റെ സ്‌നിഗ്‌ദ്ധത കഥകൾക്ക്‌ അവകാശപ്പെടാം. മനസ്സിന്റെ കോണുകളിൽ അസ്വസ്ഥത വിതയ്‌ക്കുന്ന, നൊമ്പരം നിറയ്‌ക്കുന്ന, രണ്ടു കഥകളെങ്കിലും പറയാൻ കഴിഞ്ഞാൽ, അതുതന്നെയല്ലേ ഒരു കഥാകാരന്‌ അഭിമാനിക്കാവുന്ന നേട്ടം? അത്രയും ഈ സമാഹാരത്തെക്കുറിച്ച്‌ നിസ്സംശയം പറയാം.

(സമകാലിക മലയാളം വാരികയിൽ വന്നത്‌)

Generated from archived content: book_feb19.html Author: dr_d_maya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here