കുടങ്ങൽ

ബ്രഹ്‌മി, സരസ്വതി എന്നീ സംസ്‌കൃതനാമങ്ങളിൽ അറിയപ്പെടുന്ന കുടങ്ങൽ തലച്ചോറിലെ ഞരമ്പുകളെ ശക്‌തിപ്പെടുത്തുന്ന ഒരു രസായന ഔഷധമാണ്‌. എപിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന സെൻറ്റെല്ല ഏഷ്യാറ്റിക്ക (ഹൈഡ്രോകോട്ടൈൽ ഏഷ്യാറ്റിക്ക) എന്ന സസ്യമാണ്‌ കുടങ്ങൽ.

ഈർപ്പവും തണലുമുളള പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു ഓഷധിയാണിത്‌. വൃക്കയുടെ ആകൃതിയിലുളള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്‌.

അമിനോ ആസിഡുകളായ ആസ്‌പാർട്ടിക്‌ ആസിഡ്‌, ഗ്ലൈസിൻ, ഗ്ലൂട്ടാമിക്‌ ആസിഡ്‌, ഫിനൈൽ അലാനൈൻ എന്നിവ അടങ്ങിയിരിക്കുന്ന ഈ സസ്യത്തിൽ ഇവയ്‌ക്കുപുറമേ ക്ലോറൈഡ്‌, ഫോസ്‌ഫേറ്റ്‌ അയൺ, കാൽസ്യം, സോഡിയം എന്നിവയും കാണപ്പെടുന്നു. ശീതവീര്യത്തിൽപ്പെടുന്ന ഈ സസ്യത്തിന്റെ ഗുണം ലഘുവാണ്‌.

ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്ന കുടങ്ങൽ കഫപിത്തവികാരങ്ങൾ ശമിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾമൂലം ധാതുക്കളെ പുഷ്‌ടിപ്പെടുത്തുകയും വാർദ്ധക്യത്തെ അകറ്റി നിർത്തുകയും ചെയ്യുന്നു.

ഉറക്കം വരുത്തുന്ന ബ്രാമോസൈഡ്‌ എന്ന ഘടകം, ഭ്രാന്ത്‌, അപസ്‌മാരം, മന്ദബുദ്ധി മുതലായ രോഗങ്ങളുടെ ചികിൽസയ്‌ക്ക്‌ ഇതിനെ പര്യാപ്തമാക്കുന്നു.

ചില സ്ഥലങ്ങളിൽ ബ്രഹ്‌മി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം സമൂലം പിഴിഞ്ഞെടുത്ത്‌ അര ഔൺസുവീതം വെണ്ണചേർത്ത്‌ കുട്ടികൾക്ക്‌ കൊടുത്താൽ ബുദ്ധിശക്‌തിയും ധാരണശക്തിയും വർദ്ധിക്കും.

കുടങ്ങലിന്റെ ഇല അരച്ചു നേരിട്ടോ, വെളിച്ചെണ്ണയിൽ ചേർത്ത്‌ കാച്ചിയും പുരട്ടുന്നത്‌ ത്വക്‌രോഗങ്ങൾക്കും വൃണങ്ങൾക്കും തൊലിപുറമെയുണ്ടാവുന്ന പാടുകൾ മായുന്നതിനും കൈകണ്ട ഔഷധമാണ്‌.

പ്രമേഹരോഗങ്ങൾക്കും കുടങ്ങൽ ഉപയോഗിക്കാമെന്ന്‌ ഗ്രന്ഥങ്ങളിൽ കാണുന്നു.

വളരെ ചെറിയ കായ്‌കൾ ഉണ്ടാവുന്ന ഈ ചെടിയുടെ വിത്തുകൾ സൂക്ഷ്മവും പരന്നതുമാണ്‌. നിലത്തു പടർന്നുവളരുന്ന ഈ സസ്യം വേഗത്തിൽ വളരും. ഔഷധ ഉദ്യാനങ്ങളിലും വീട്ടുമുറ്റത്തും മറ്റും നട്ടുവളർത്താറുളള കുടങ്ങൽ ഇലയുടെ പ്രത്യേക ആകൃതിമൂലം തിരിച്ചറിയാൻ എളുപ്പമാണ്‌.

Generated from archived content: sasyangal9.html Author: dr_chandralekha_ct

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകീഴാർനെല്ലി
Next articleസത്‌സംഗം
സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here