നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണയായി കാണുന്ന മുക്കൂറ്റി ദശപുഷ്പങ്ങളിൽ ഒന്നായി ഗണിച്ചുവരുന്നു. ജെറാനിയേസി കുടുംബത്തിൽപ്പെട്ട ബയോഫിറ്റം സെൻസിറ്റെവം എന്ന ശാസ്‌ത്രനാമമുളള ചെടിയാണ് മുക്കുറ്റി. മഞ്ഞനിറത്തിലുളള ചെറിയപൂക്കൾ ധാരാളമായി ഉണ്ടാവുന്നതിനാലാവണം പീതപുഷ്പി എന്നു സംസ്‌കൃതത്തിൽ അറിയപ്പെടുന്നത്.
ശീതവീര്യത്തിൽപ്പെട്ട മുക്കൂറ്റിയുടെ ഗുണം ലഘുവാണ്. ഈർപ്പവും തണലുമുളള സ്ഥലങ്ങളിൽ വളരുന്ന ഈ ചെറുസസ്യം പത്തുമുതൽ പതിനഞ്ചുവരെ സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.
മുക്കൂറ്റിയുടെ ഇല മോരിൽ അരച്ചു സേവിച്ചാൽ വയറിളക്കം ശമിക്കും. മുക്കൂറ്റിയുടെ ഇല അരച്ചു മുറിവിൽ പുരട്ടുന്നത് മുറിവ് വേഗം കരിയാൻ ഉത്തമമാണ്.
ചുമ, കഥക്കെട്ട് എന്നിവയ്‌ക്ക് സമൂലം മുക്കൂറ്റി തേനിൽ ചേർത്തു കഴിക്കുന്നത് ഫലപ്രദമായ ചികിൽസയാണ്.
ഫലപ്രാപ്തിയെക്കുറിച്ച് അറിവില്ലെങ്കിലും മൂന്നുമുതൽ ആറുഗ്രാം വരെ മുക്കൂറ്റിവേര് അരച്ച് ദിവസവും രണ്ടുനേരം കഴിച്ചാൽ ഗൊണേറിയ രോഗം ശമിക്കുമെന്ന് പറയുന്നു.
മുക്കൂറ്റിയില ശർക്കരയും ചേർത്തു കുറുക്കികഴിക്കുന്നത് പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാകുന്നതിന് ഉത്തമമെന്നു ഗ്രന്ഥങ്ങളിൽ കാണുന്നു.
വളരെ ചെറിയ വിത്തുകളാണ് മുക്കുറ്റിക്കുളളത്. മുക്കൂറ്റിക്കായ അരച്ചു പച്ചനിറത്തിലുളള തിലകം ചാർത്തി യുദ്ധത്തിനു പുറപ്പെട്ടാൽ ശത്രുക്കൾ നിഷ്‌പ്രഭരാകുമെന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. ശാസ്‌ത്രീയമായ കൃഷിരീതികളെന്തെങ്കിലും മുക്കൂറ്റിക്കുളളതായി എങ്ങും പരാമർശിച്ചിട്ടില്ല. പൂജ, ഹോമം മുതലായ മതചടങ്ങുകൾക്ക് മുക്കുറ്റി തൊടിയിലും മറ്റും നിന്ന് പറിച്ചെടുക്കുകയാണ് പതിവ്.
Generated from archived content: sasyangal6.html Author: dr_chandralekha_ct
Click this button or press Ctrl+G to toggle between Malayalam and English