ഭാരതത്തിലുടനീളം സുപരിചിതമായ കറിവേപ്പില കറികളുടെ രുചിവർദ്ധിപ്പിക്കുന്നതിനു പുറമേ ദഹനശക്‌തി വർദ്ധിപ്പിക്കുകയും ആഹാരത്തിന്റെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. സംസ്‌കൃതത്തിൽ കൈഡര്യം, ശ്രീപർണിക, കൃഷ്‌ണനിംബ എന്നീ പേരുകളിൽ അറിയപ്പെടുന്ന കറിവേപ്പിന്റെ ശാസ്‌ത്രനാമം മുരായ കൊയ്‌നിഞ്ചി എന്നാണ്.
ആയുർവേദപ്രകാരം ഉഷ്ണവീര്യം പ്രകടിപ്പിക്കുന്ന കറിവേപ്പിന്റെ ഗുണം രൂക്ഷവും ഗുരുവുമാണ്. ആറുമീറ്റർവരെ സാധാരണ വളരുന്ന ഒരു ചെറിയ വൃക്ഷമാണ് കറിവേപ്പ്. വളരെ പതിയെയാണ് ഇതിന്റെ വളർച്ച. കറിവേപ്പിന്റെ ഇലകൾ ഞെവിടിയാൽ നല്ല സുഗന്ധം അനുഭവപ്പെടും. ഇലയിൽ അടങ്ങിയിരിക്കുന്ന ബാഷ്പശീലതൈലമാണ് ഗന്ധത്തിനാധാരം. തൈലത്തിനുപുറമെ റെസിനും ഗ്ലൂക്കോസൈഡും ഇതിലടങ്ങിയിരിക്കുന്നു.
ദഹനവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിന് കറിവേപ്പില മോരിൽ അരച്ച് രാവിലെയും വൈകിട്ടും കഴിക്കുന്നത് ഉത്തമമാണ്.
വയറ്റിൽ നിന്നും ചളിയും രക്‌തവും പോകുന്ന ആമാതിസാരത്തിന് കുരുന്നുകരിവേപ്പില ചവച്ചുതിന്നുന്നത് ഉത്തമപ്രതിവിധിയാണ്. വയറുകടിക്കും ഇത് ഉപയോഗിച്ചുവരുന്നു.
കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് പതിവായി കഴിക്കുന്നത് അലർജിക്ക് ശമനം നൽകുമെന്ന് പറയപ്പെടുന്നു. ചെറിയ തോതിലുളള വിഷത്തിനെ നിർവീര്യമാക്കാനും ഈ മിശ്രിതത്തിനു കഴിവുണ്ട്. കറിവേപ്പില പാലിൽ അരച്ചും വിഷജന്തുക്കൾ കടിച്ചാൽ പുരട്ടാറുണ്ട്. കറിവേപ്പില ചതച്ചിട്ടു വെളളം കുടിക്കുന്നതും വിഷശമനത്തിനു സേവിച്ചുവരുന്നു.
കരിവേപ്പിലയും, വറുത്ത തേങ്ങയും ഉപ്പും ചേർത്തു പൊടിച്ചെടുക്കുന്ന വേപ്പില ചമ്മന്തിപ്പൊടി (വേപ്പിലകട്ടി) കേരളത്തിലെ ഇഷ്‌ടവിഭവങ്ങളിലൊന്നാണ്.
മഞ്ഞപ്പിത്തം, വയറുകടി, മുതലായ രോഗങ്ങൾക്ക് നിർദ്ദേശിക്കുന്ന കൈഡിര്യാദി കഷായത്തിലെ മുഖ്യചേരുവ കറിവേപ്പിലയാണ്. സിദ്ധവൈദ്യത്തിൽ, കറിവേപ്പില ചേർത്തുകാച്ചിയ വെളിച്ചെണ്ണ തലയിൽ പുരട്ടുന്നത് തലമുടി വളർച്ചയ്‌ക്ക് ഉത്തമമാണെന്നു പറയുന്നു.
കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് ഉപ്പൂറ്റിയിലെ വിണ്ടുകീറലിന് പുരട്ടിയാൽ വേഗം സുഖം പ്രാപിക്കും.
കറിവേപ്പിലയും തേനും ചേർത്തു കഴിച്ചാൽ വായ്‌പുണ്ണ് ശമിക്കും. വായ്‌ക്ക് രുചിയുമുണ്ടാകും.
മധ്യപ്രായത്തിലുളള ചെടിയിൽ നിന്നും കമ്പുകൾ മുറിച്ചുനട്ടും പഴുത്തകായ്‌കൾ പാകിയും തൈകളുണ്ടാക്കാം. അടുക്കളത്തോട്ടത്തിൽ സ്ഥിരമായൊരു സ്ഥാനമർഹിക്കുന്ന കറിവേപ്പ് ഔഷധഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല.
Generated from archived content: sasyangal5.html Author: dr_chandralekha_ct