തുളസി

ഇന്ത്യയിലുടനീളം കണ്ടുവരുന്ന സുപരിചിതമായ ഒരു സസ്യമാണ്‌ തുളസി. വിവിധയിനം തുളസികളുണ്ടെങ്കിലും തണ്ടിനും ഇലകൾക്കും വയലറ്റുകലർന്ന നീലനിറമുളള കൃഷ്ണത്തുളസിയ്‌ക്കാണ്‌ ഔഷധഗുണം കൂടുതലായി ഉളളത്‌. ലാമിയേസി കുടുംബത്തിൽപ്പെട്ട ഒസിമം സാങ്ങ്‌റ്റം എന്ന ശാസ്‌ത്രനാമത്തിലാണ്‌ ഇതറിയപ്പെടുന്നത്‌. വെളുത്ത തുളസി രാമതുളസിയെന്ന്‌ അറിയപ്പെടുന്നു.

ഒരു മീറ്റർവരെ ഉയരത്തിൽ വളരുന്ന ശാഖോപശാഖകളോടു കൂടിയ സസ്യമാണിത്‌.

ബാസിൽ കാംഫർ എന്നറിയപ്പെടുന്ന കർപ്പൂര സമാനമായ എസ്സെൻസാണ്‌ തുളസിക്ക്‌ അതിന്റേതായ മണം നൽകുന്നത്‌. ആയുർവ്വേദ വിധിപ്രകാരം ഉഷ്ണവീര്യത്തിൽപ്പെടുന്ന തുളസിയുടെ ഗുണം ലഘുവും രൂക്ഷവുമാണ്‌.

സമൂലം ഔഷധപ്രയോഗത്തിന്‌ ഉപയോഗിക്കുന്ന തുളസിയുടെ ഇലയും പൂവും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

തണലിൽ ഉണക്കിപ്പൊടിച്ചെടുത്ത തുളസിയില മൂക്കടപ്പിനും ജലദോഷത്തിനുമെതിരെ നാസികാചൂർണ്ണമായി ഫലപ്രദമാണ്‌.

തുളസിനീര്‌ സമം തേനും ചേർത്ത്‌ കഴിക്കുന്നത്‌ മസൂരിയുടെ ശമനത്തിന്‌ ഉത്തമമാണെന്നു ഗ്രന്ഥങ്ങളിൽ കാണുന്നു.

മഞ്ഞപ്പിത്തം, വയറുവേദന, ഗ്യാസ്‌ട്രബിൾ, മലേറിയ തുടങ്ങിയ അസുഖങ്ങൾക്കും തുളസിയിലയുടെ നീര്‌ ഉത്തമമാണ്‌.

ചിലന്തിവിഷത്തിനെതിരെയും തുളസിയും മഞ്ഞളും ചേർന്ന മിശ്രിതം ഉളളിൽ കഴിക്കുകയും പുറമേ പുരട്ടുകയും ചെയ്യുന്നു.

തുളസിയും തുമ്പയും ചേർത്ത്‌ രാത്രികാലങ്ങളിൽ പുകക്കുന്നത്‌ വീടിനുളളിലെ കൊതുകുകളെ അകറ്റുന്നതിന്‌ ഫലപ്രദമാണ്‌.

ഉറങ്ങുമ്പോൾ തലയിണക്കരികെ തുളസിയില ഇട്ടാൽ പേൻ നശീകരണത്തിന്‌ ഉത്തമമാണെന്നു പറയുന്നു.

ക്ഷേത്രപരിസരങ്ങളിലും, ഹൈന്ദവഭവനങ്ങളിലും മതാചാര ചടങ്ങുകൾക്കുവേണ്ടി നട്ടുവളർത്തുന്ന ഒരു ചെടികൂടിയാണ്‌ തുളസി. മഞ്ഞകലർന്ന ചുവപ്പുനിറമുളള ചെറിയ വിത്തുകളാണ്‌ തുളസിക്കുളളത്‌. വിത്തുകൾ പാകി തൈകൾ 4-5 ഇല വരുമ്പോൾ നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക്‌ പറിച്ചുനടണം. ഇടയ്‌ക്കിടെ കളകൾ പറിച്ചുമാറ്റുകയും ചുറ്റുമുളള സ്ഥലം വൃത്തിയാക്കുകയും ചെയ്‌തില്ലെങ്കിൽ വളർച്ച മന്ദഗതിയിലായിരിക്കും.

Generated from archived content: sasyangal2.html Author: dr_chandralekha_ct

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English