റോഡരികിലും കുന്നുകളിലും തരിശുഭൂമിയിലും എന്നുവേണ്ട കേരളത്തിലുടനീളം കാണപ്പെടുന്ന ഔഷധഗുണമുളള ഒരു ചെറിയ സസ്യമാണ് പൂവാംങ്കുറുന്തൽ. കമ്പോസിറ്റേ എന്ന സസ്യകുടുംബത്തിൽപ്പെട്ട വെർണോണിയ സിനെറിയ എന്ന സസ്യമാണിത്. സഹദേവി എന്നാണിതിന്റെ സംസ്‌കൃതനാമം.
ഏകദേശം പതിനഞ്ചു സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ചെടിയുടെ ഇലകൾ പല വലുപ്പത്തിലും ആകൃതിയിലുമുളളതാണ്. എല്ലാക്കാലത്തും പൂക്കളുണ്ടാവുന്ന ഈ ചെറുസസ്യത്തിനെ ആയുർവേദം ജ്വരഹരൗഷധമായി കണക്കാക്കുന്നു.
അമിറിൻ, ലുപ്പിയോൾ, സിറ്റോ സ്‌റ്റെറോൾ, സ്‌റ്റിഗ്‌മാസ്‌റ്റെറോൾ, പൊട്ടാസ്യം ക്ലോറൈഡ് എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഉഷ്ണവീര്യത്തിൽപ്പെട്ട പൂവാംങ്കുറുന്തലിന്റെ ഗുണം ലഘുവും രൂക്ഷവുമാണ്.
മൂത്രമാർഗ്ഗത്തിന് വികാസമുണ്ടാക്കി മൂത്രപ്രവാഹം സുഗമമാക്കുന്നതിനോടൊപ്പം ശരീരതാപം കുറയ്‌ക്കുകയും ചെയ്യുന്നു.
പൂവാംകുറുന്തൽ സമൂലം ചേർത്ത് കഷായംവച്ച് പനിയുളളപ്പോൾ സേവിക്കുന്നത് പനികുറക്കാൻ ഉത്തമൗഷധമാണെന്നു പറയുന്നു. മൂത്രതടസ്സത്തിനും തേൾവിഷത്തിനുമെതിരെയും ഈ കഷായം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. മലേറിയയ്‌ക്കെതിരായും ഈ ഔഷധം ഉപയോഗിക്കുന്നു.
പൂവാംകുറുന്തലും ചന്ദനവും ചേർന്ന മിശ്രിതം പാലിൽ ചേർത്തു കണ്ണിലൊഴിച്ചാൽ ചെങ്കണ്ണുരോഗത്തിനു ശമനം കിട്ടും. ഇതിന്റെ ഇലചതച്ച് പശുവിൻ പാലിലോ മുലപ്പാലിലോ ഇട്ട് കണ്ണിലൊഴിച്ചാലും ചെങ്കണ്ണിന് ശമനം കിട്ടും.
പൂവാംകുറുന്തൽ, തുമ്പപ്പൂവ്, തുളസിയില, കുരുമുളക്, പാവട്ടത്തളിര് ഇവ സമംചേർത്ത് അരച്ചുഗുളികയാക്കി തണലത്തുണക്കി ഉപയോഗിച്ചാൽ കുട്ടികൾക്കുണ്ടാവുന്ന സകലപനിയും ശമിക്കുമെന്നു സഹസ്രയോഗം അനുശാസിക്കുന്നു.
പ്രത്യേക നട്ടുവളർത്തൽ രീതികളെന്തെങ്കിലും പൂവാംങ്കുറുന്തലിനുളളതായി അറിവില്ല. ഫലങ്ങൾ ചെറുതും കാറ്റുമൂലം വിത്തുവിതരണം നടത്തുന്നതുമാണ്. അതിനായി അവ ചെറിയ വെളുത്ത രോമങ്ങൾകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സമൂലം ഔഷധയോഗ്യമായിട്ടുളള ഈ ചെറുസസ്യം ദശപുഷ്പങ്ങളിൽ ഒന്നായി ഹിന്ദുഭവനങ്ങളിൽ വളർത്തിവരുന്നു.
Generated from archived content: sasyangal11.html Author: dr_chandralekha_ct
Click this button or press Ctrl+G to toggle between Malayalam and English