കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് പർപ്പടകപ്പുല്ല്. റൂബിയേസി കുടുംബത്തിൽപ്പെടുന്ന ഒൾഡൻലാൻഡിയ കോറിബോസ എന്ന സസ്യമാണിത്. പത്തുമുതൽ ഇരുപതുവരെ സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന നേർത്ത തണ്ടുകളോടുകൂടിയ ഈ സസ്യത്തിന്റെ ഇലകൾ നേർത്തതും ചെറുതുമാണ്.
കയ്പു രുചിയുളള ഇതിൽ റെസിൻ, ആൽക്കലോയ്‌ഡുകൾ ഇവ അടങ്ങിയിരിക്കുന്നു. ശീതവീര്യത്തോടുകൂടിയ ലഘുഗുണമുളള ഔഷധമാണിത്.
ആയുർവേദത്തിലെ ഷടംഗക്വാഥം എന്ന യോഗത്തിൽ പർപ്പടകപുല്ലിനു പുറമേ മുത്തങ്ങ, ഇരുവേലി, ചുക്ക്, ചന്ദനം, രാമച്ചം ഇവയും അടങ്ങിയിരിക്കുന്നു. മസൂരി, മണ്ണൻ (മീസിൽസ്) തുടങ്ങിയ രോഗങ്ങളുടെ ശമനത്തിന് ശ്രേഷ്‌ഠമെന്നു പേരുകേട്ട രോഗമാണിത്. ഇരുപത്തിനാലു മണിക്കൂർ സമയം ഈ യോഗം വെറുതെ വെളളത്തിൽ ചതച്ചിട്ടിരുന്നാലും ആ വെളളത്തിന് ഔഷധഗുണമുണ്ടാവും.
പച്ചമഞ്ഞളും, പർപ്പടകപുല്ലും സമം ചേർത്തുളള കൽക്കം വെളിച്ചെണ്ണയിൽ കാച്ചി തേക്കുന്നത് ചൊറി, കരപ്പൻ, ചിരങ്ങ് എന്നിവയുടെ ശമനത്തിന് ഉത്തമമാണ്.
പ്രസവശേഷം, പർപ്പടകപുല്ലിന്റെ ഇലയും തണ്ടും തോരൻ വച്ചു കഴിക്കുന്നത് ഗർഭാശയ ശുദ്ധി കൈവരുവാൻ ഉത്തമമാണ്.
പർപ്പടകപുല്ല് സമൂലം ചേർത്ത് അതിന്റെ എട്ടിരട്ടി വെളളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് നാൽപതു മില്ലിവീതം ദിവസേന മൂന്നുനേരം വീതം കഴിക്കുന്നത് മഞ്ഞപിത്തത്തിനും, വിവിധതരം പനികൾക്കുമെതിരെ ഉപയോഗിച്ചു വരുന്നു.
ധാരാളം വിത്തുകളുളള ഈ ചെടി നട്ടുവളർത്തുന്നതായി അറിവില്ല. കേരളത്തിലെ നാട്ടിൻപുറങ്ങളിലും റോഡരികുകളിലും ധാരാളമായി കണ്ടുവരുന്നതിനാൽ, പർപ്പടകപുല്ലിന്റെ ദൗർലഭ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.
Generated from archived content: sasyangal10.html Author: dr_chandralekha_ct