അശോകം

മനോഹരമായ പൂക്കൾ നൽകുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ അശോകം. ദുഃഖം അഥവാ ശോകം എന്നത്‌ ഇല്ലാതാക്കുന്നതാണ്‌ അശോകം. ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി കണക്കാക്കുന്ന അശോകത്തിനെ രാമായണത്തിലും പ്രതിപാദിക്കുന്നു.

സറാക്ക ഇൻഡിക്ക എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന അശോകം ലെഗ്യുമിനേസി എന്ന സസ്യകുടുംബത്തിൽ പെടുന്നു.

ആറുമുതൽ പത്തുവരെ മീറ്റർ ഉയരത്തിൽ വളരുന്ന അശോകമരത്തിന്റെ പൂക്കളും തൊലിയുമാണ്‌ ഔഷധഗുണത്തിൽ പ്രാധാന്യം അർഹിക്കുന്നത്‌. കടും ഓറഞ്ചു നിറത്തിലുളള പൂക്കൾ കുലകളായി ഉണ്ടാവുന്നു.

ടാനിൻ, കീറ്റോസ്‌റ്റിറോൾ, സാപ്പോണിൻ എന്നിവയാണ്‌ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രാസഘടകങ്ങൾ. ഇതിനുപുറമേ കാൽസ്യവും വളരെകുറഞ്ഞ അളവിൽ സ്‌റ്റിറോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്‌. ശീതവീര്യമുളള അശോകത്തിന്റെ ഗുണം സ്നിഗ്‌ദ്ധമാണ്‌.

അശോകത്തിന്റെ ഇല, പൂവ്‌, കായ്‌, തടിയുടെ പട്ട എന്നിവ ആയുർവേദത്തിലെ നാല്‌ പ്രധാനയോഗങ്ങളിൽ ഉപയോഗിച്ചുവരുന്നു. അശോകാരിഷ്‌ടത്തിലെ മുഖ്യചേരുവ ഇതിന്റെ തടിയുടെ പട്ടയാണ്‌.

സ്‌ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവത്തിന്‌ അശോകപട്ട കഷായംവച്ച്‌ കുടിച്ചാൽ മതി.

അശോകത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീരിൽ ജീരകം ചേർത്തുപയോഗിച്ചാൽ വയർവേദന ശമിക്കും. സ്‌ത്രീജന്യരോഗങ്ങൾ, ഉഷ്ണരോഗങ്ങൾ, പിത്തരോഗങ്ങൾ തുടങ്ങിയവ ചികിൽസിക്കുന്നതിന്‌ അശോകത്തിന്റെ പൂക്കൾ ഉപയോഗിക്കുന്നു.

അശോകത്തിന്റെ പൂവിട്ടു കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ കരപ്പൻ, ചൊറി എന്നിവയ്‌ക്കെതിരെയുളള ഫലപ്രദമായ ഔഷധമാണ്‌. ഈ വെളിച്ചെണ്ണ ശരീരകാന്തി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്‌. അശോകപ്പട്ട പാൽകഷായം വെച്ചുകുടിച്ചാൽ എല്ലാവിധ ആർത്തവദോഷങ്ങളും ശമിക്കും.

അശോകത്തിന്റെ ഒരു കായ്‌ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തിയഞ്ചു സെന്റിമീറ്റർവരെ നീളമുണ്ട്‌. ഒരു കായിൽ നാലുമുതൽ എട്ടുവരെ വിത്തുകൾ കാണും. പാകമായ കായ്‌കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ 24 മണിക്കൂർ നേരം വെളളത്തിൽ മുക്കിവെക്കുന്നത്‌ വേഗത്തിൽ മുളക്കുന്നതിനു സഹായിക്കും. തടങ്ങളിലോ പൊളിത്തീൻ കവറിലോ പാകുന്ന വിത്തുകൾ മുളച്ച്‌ 4-5 ഇലകൾ വന്നു കഴിയുമ്പോൾ പറിച്ചുനടുന്നതാണുത്തമം. റോഡുവക്കിലും, വീട്ടുമുറ്റത്തും മറ്റും തണൽമരമായി നടാൻ പറ്റിയ വൃക്ഷമാണ്‌ അശോകം. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇതിന്റെ സംരക്ഷണത്തിന്‌ പ്രകൃതിസ്‌നേഹികൾ മുൻകൈയ്യെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌.

Generated from archived content: sasyangal1.html Author: dr_chandralekha_ct

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here