കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന മറ്റുല്‍പ്പന്നങ്ങളില്‍ നിന്നും പല കാരണങ്ങള്‍ കൊണ്ടും വ്യത്യസ്തമായവയാണ് മരുന്നുകള്‍. തങ്ങള്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ ഏതെന്നു തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഡോക്ടര്‍മാരാണ് രോഗികള്‍ക്കാവാശ്യമായ മരുന്നുകള്‍ നിശ്ചയിക്കുന്നത്. രോഗികളായിത്തീരുമ്പോള്‍ ദുര്‍ബലരാവുന്നതുകൊണ്ടും ഡോക്ടര്‍മാരുമായി ആരോഗ്യ വിഷയങ്ങളില്‍ വലിയ വിജ്ഞാനാന്തരം നിലനില്‍ക്കുന്നതുമൂലവും രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടി വരുന്നു. അതേയവസരത്തില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഏതു മരുന്നിനും പാര്‍ശ്വഫലങ്ങളും അപകടസാധ്യങ്ങളും ഉണ്ടുതാനും. ഇതെല്ലാം പരിഗണിച്ച് ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും രോഗികളെ ഔഷധ ഉപയോഗത്തിന്റെ വിശദാംശങ്ങള്‍ രോഗികളോടും ബന്ധുക്കളോടും വിശദരീകരിക്കുന്നത് ഡോക്ടര്‍മാര്‍ ശാസ്ത്രീയ സമീപനവും വൈദ്യശാസ്ത്രനൈതികയും പിന്തുടരേണ്ടതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കുമ്പോള്‍ അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയെല്ലാം രോഗികള്‍ക്ക് വിവരം നല്‍കാന്‍ ഫാര്‍മസിസ്റ്റുകളും നഴ്സുമാരും ബാധ്യസ്ഥരാണ്.
ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും നഴ്സുമാരും നല്‍കുന്ന വിവരംങ്ങളോടൊപ്പം രോഗികളും അവരുടെ ബന്ധുക്കളും മരുന്നുകളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും പറ്റിയെല്ലാമുള്ള പൊതുവിവരങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. ആധുനിക ഔഷധ ചികിത്സ ഭൂരിപക്ഷം ജനങ്ങളും സ്വീകരിക്കുന്നതുമൂലം കേരളത്തില്‍ പ്രത്യേകിച്ചും മരുന്നുകളെ സംബന്ധിച്ചുള്ള അടിസ്ഥാന ശാസ്ത്രീയ ധാരണ പൊതു സമൂഹത്തിലെല്ലാ പേര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. മരുന്നുകളെ സംബന്ധിച്ചു ധാരാളം വിവരങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ പലപ്പോഴും ശാസ്ത്രീയ സമീപനത്തിന്റെ അഭാവം മൂലവും ദുര്‍ഗ്രഹമായ ഭാഷയില്‍ അവതരിപ്പിക്കുന്നതുകൊണ്ടും ഉചിതവും പ്രസക്തവുമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവയ്ക്കു കഴിയാതെ പോകുന്നു.
ഔഷധവിജ്ഞാനത്തില്‍ അക്കാദമിക് മികവും പ്രായോഗിക പരിശീലനവും ലഭിച്ചിട്ടുള്ള അധ്യാപിക കൂടിയായ ലീനാ തോമസിന്റെ മരുന്നറിവുകള്‍ ഉള്ളടക്കത്തിന്റെ ആധികാരികതകൊണ്ടും വിഷയാവതരണത്തിന്റെ തനിമ കൊണ്ടും പൊതുജനങ്ങള്‍ക്ക് മരുന്നുകളെ സംബന്ധിച്ച ശാസ്ത്രീയവിവരങ്ങള്‍ നല്‍കാന്‍ സഹായകമായ മികച്ച കൃതിയാണെന്ന് യാതൊരു അതിശയോക്തിയിമില്ലാതെ പറയാന്‍ കഴിയും . മരുന്നുകളുടെ ലേബലുകള്‍ , കാലഹരണ തീയതി, വിവിധ തരത്തിലുള്ള മരുന്നുകള്, അവ ഉപയോഗിക്കേണ്ട രീതി, കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്വയം ചികിത്സയുടെ പരിമിതികള്‍ സാധ്യതകള്‍ തുടങ്ങി മരുന്നുമായി ബന്ധപ്പെട്ട് എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് അതീവ ഹൃദ്യമായ ഭഷയില്‍ ലീന പതിനാറ് ചെറു ലേഖനങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. നിത്യ ജീവിതത്തിലെ ഒരു ചെറു സന്ദര്‍ഭം തിരെഞ്ഞെടുത്ത് അതുമായി ബന്ധപ്പെട്ട മരുന്നു വിവരങ്ങള്‍ നല്‍കുകയും ചര്‍ച്ച ചെയ്ത വസ്തുതകള്‍ ഓര്‍മ്മിക്കാന്‍ എന്ന തലക്കെട്ടില്‍ അക്കമിട്ട് വ്യക്തതയോടെ പട്ടികപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ലീന പിന്‍ തുടര്‍ന്നിട്ടുള്ളത്. ചെറുഗ്രന്ഥമാണെങ്കിലും നിത്യ ജീവിതത്തില്‍ ഏറെ പ്രായോഗ്യ പ്രാധാന്യമുള്ള മരുന്നുകളെ സംബന്ധിച്ച് പൊതുവില്‍ അറിഞ്ഞിരിക്കേണ്ട ഏതാണ്ടെല്ലാ വിവരങ്ങലും ശാസ്ത്രീയവും ലളിതവുമായി വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഒരു റഫറന്‍സ് ഗ്രന്ഥമായിത്തന്നെ മരുന്നറിവുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ലീന ‘ മരുന്നറിവുകള്‍’ എന്ന മികച്ച നിലവാരം പുലര്‍ത്തുന്ന ബ്ലോഗിലൂടെയും മരുന്നുകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പൊതുജനാരാഗ്യ പ്രവര്‍ത്തകര്‍ ഒരു കൈപ്പുസ്തകമായും മരുന്നറിവുകള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. ലീന തോമസിന്റെ തൂലികയില്‍ നിന്നും കൂടുതല്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 70.00
Generated from archived content: book1_nov17_12.html Author: dr_b_iqbal