പ്രണയം,
സ്വപ്‌നങ്ങളുടെ തീക്കാലമാണ്.
മെഴുകുരുകി കരളിൽ വീഴുന്നതുപോലെ
അതു പൊളളിത്തിണർക്കുന്നു.
ചലം കെട്ടിയുറയുന്നു.
മെല്ലെ, പൊട്ടി
ഉൾമുഴുവൻ പരക്കുന്നു.
ജലസ്‌നാനം,
ഒരു പ്രണയിനിക്ക്
രതിയുടെ, ഏകാന്തമായ
ഒരോർമ്മയാണ്.
ഉയരുന്ന ശ്വാസഗതിയും
തണുത്ത ജലം വീഴുമ്പോൾ
കഴുത്തിൽ ചുംബിക്കപ്പെടുംപോലെ,
മിഴികൾ പൂട്ടിയ,
തല ചരിക്കലും…..
കാതുകളിൽ തീ തുപ്പി
കൺകളിൽ മഴ വീഴ്‌ത്തി
കലിയടങ്ങാതെ പ്രണയിക്കുക
പ്രഹരങ്ങളേല്‌പ്പിക്കുക.
ഏറ്റുമുട്ടുക.
മരിച്ചുവീഴുക.
ചുടുചുംബനങ്ങളാൽ പുനർജനിക്കുക.
പ്രണയത്തിനുശേഷം,
കുത്തിനോവിക്കും കൊതുകുപോലും
അലോസരപ്പെടുത്തുന്നില്ല.
തുളച്ചുകയറുന്നതെല്ലാം, അവനാണല്ലോ.
പല്ലികൾ, ഭാഗ്യവാന്മാർ.
കിടപ്പുമുറിയിലെ മച്ചിൻമേൽ നിന്നും
പിടിവിട്ടു പോയെന്ന മട്ടിൽ
അവന്റെ മടിയിലേക്കു, വീഴാമല്ലോ.
പ്രണയം,
ഓർമ്മകളുടെ വെന്തുരുകലാണ്.
അതിനുമപ്പുറം,
അലിഞ്ഞലിഞ്ഞ് ഇല്ലാതാവലാണ്.
Generated from archived content: poem2_dec21_05.html Author: dr_arya_alphonse