അഭയാർത്ഥികൾ

മരുഭൂമികൾ ഉണ്ടാവുന്നത്‌….

ഹൃദയം ചുട്ടുപൊളളുമ്പോൾ

തളർന്നു കിടക്കാൻ വേണ്ടിയാണ്‌.

ഇതാ ഒരു റൊട്ടിക്കഷ്‌ണം.

ഞങ്ങളുടെ അവസാനത്തെ അങ്കിയുടെ

വിലയാണിത്‌.

നാളെയും

ഒരു റൊട്ടിക്കഷ്‌ണം.

എല്ലുകളുടെയും അവശേഷിച്ച തൊലിയുടേയും

വിലക്ക്‌,

ഞങ്ങൾ തിന്നും.

നിങ്ങൾ കിടക്കവിട്ട്‌

ഉണർന്നെണീക്കേണ്ടതില്ല;

ഭയപ്പെടേണ്ടതില്ല

നിങ്ങളുടെ രാജ്യം

ഞങ്ങൾ കവർന്നെടുക്കയില്ല.

ഞങ്ങൾ വികലാംഗരാണ്‌.

സ്‌നേഹം,

ഒരു കടൽകൊളളക്കാരന്റെ ആർത്തിയോടെ

ആ വസ്‌തുവിന്‌ വേണ്ടി

ഞങ്ങൾ പാഞ്ഞു നടക്കുന്നു.

പക്ഷേ,

അതിന്റെ ഓഹരി വിലകൾ

താഴേക്കാണ്‌

അതിന്റെ നിലവറകൾ

ശൂന്യമാണ്‌.

സ്‌പർശനത്തിന്റെ

ഉപയോഗം എന്തെന്ന്‌

ഒരിക്കൽ, ഒരു സ്‌ത്രീ

എന്നോടു സംശയം ചോദിച്ചു.

ഞാൻ, അവർക്ക്‌

ഒരു ചുംബനം നൽകി.

എന്നാൽ ഇന്ന്‌,

സ്‌നേഹം തിരിച്ചറിയാനുളള

കഴിവ്‌ നഷ്‌ടപ്പെട്ട്‌

ഞങ്ങൾ യാത്ര ചെയ്യുകയാണ്‌.

ഓരോ വിദേശിയും

ഞങ്ങളെ കടന്നു പോകുമ്പോൾ

ദാഹം കലർന്ന ആശയോടെ

ഞങ്ങൾ നോക്കുന്നു.

യുദ്ധം എനിക്ക്‌

ഒരു പ്രശ്‌നമേയല്ല

അതിന്റെ കെടുതികളും

എന്നാൽ

അഭയാർത്ഥികൾ!

ഓ… മരുഭൂമികൾ ഉണ്ടാവുന്നത്‌

വെറുക്കപ്പെടുന്നതിന്‌ മുൻപ്‌

ഞങ്ങൾക്ക്‌

കിടന്നു മരിക്കാൻ വേണ്ടിയാണ്‌.

Generated from archived content: poem1_aug17_05.html Author: dr_arya_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here