സാന്ത്വനസ്‌പർശങ്ങൾ

ദേവി- ചിരിച്ചും ചിരിപ്പിച്ചും നടന്നുനീങ്ങുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമ. കാൻസർരോഗത്തിന്‌ തോറ്റുമടങ്ങേണ്ടിവന്നു ഈ ദേവിയുടെ മുമ്പിൽ, ഒരിക്കലല്ല, രണ്ടുപ്രാവശ്യം. സംഭവബഹുലമായ ദേവിയുടെ ജീവിതകഥയിലെ ചുരുക്കം ചില ഏടുകളാണ്‌ ‘സാന്ത്വനസ്‌പർശങ്ങൾ’.

കാൻസർചികിത്സയുടെ സമയത്ത്‌ താനനുഭവിച്ച വേദനകൾ, ആശങ്കകൾ, തന്നെ സഹായിച്ച ജീവിതചിന്തകൾ, വ്യക്തികൾ-ഇവയെല്ലാം കോർത്തിണക്കി, ഇളം നർമ്മത്തിൽ ചാലിച്ച്‌, വളരെ ഹൃദ്യമായി വായനക്കാരുടെ മുമ്പിലെത്തിക്കാൻ ദേവിക്ക്‌ സാധിച്ചിട്ടുണ്ട്‌. കാൻസർ എന്ന മാരകരോഗത്തെയും ജീവിതത്തിലെ പ്രതിസന്ധികളെയും എങ്ങനെ നേരിടാമെന്നുള്ള ഒരു അനുഭവപാഠംകൂടിയാണ്‌ ഇതിലെ ഓരോ വരികളും.

അന്യംനിന്നുപോയെന്ന്‌ സമൂഹം ഭയപ്പെടുന്ന, ഡോക്‌ടറും രോഗിയുമായുള്ള ആത്മബന്ധത്തിന്റെ ഊഷ്‌മളത ഈ ഗ്രന്ഥത്തിൽ പലയിടത്തും അനുഭവിക്കാൻ സാധിക്കും. ദേവിയുടെ നർമ്മം തുളുമ്പുന്ന വാക്കുകളിലൂടെ ആശുപത്രികളും രോഗികളും ജീവനക്കാരും ചിത്രീകരിക്കപ്പെടുമ്പോൾ അതൊരു പുതിയ അനുഭവംതന്നെയാണ്‌.

കാൻസർരോഗത്തെക്കുറിച്ചുള്ള ഭയം, തെറ്റിദ്ധാരണകൾ, ചികിത്സയെക്കുറിച്ചുള്ള ഭീതി ഇവയെല്ലാം ഒരു പരിധിവരെയെങ്കിലും അകറ്റാൻ ദേവിക്ക്‌ സാധിക്കുന്നുണ്ട്‌. ജീവിതത്തിലെ വെല്ലുവിളികൾക്കുമുന്നിൽ തളരുകയല്ല, അതിനെ ധൈര്യപൂർവം അതിജീവിക്കുകയാണ്‌ വേണ്ടതെന്ന്‌ ഈ ദേവി കാണിച്ചുതരുന്നു.

കാൻസർരോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ‘സാന്ത്വനസ്‌പർശങ്ങൾ’ പ്രത്യാശയും ആത്മവിശ്വാസവും നല്‌കുവാൻ ഉതകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.

(പ്രസാധകർ – ഡി. സി. ബുക്‌സ്‌)

Generated from archived content: book1_aug17_10.html Author: dr.vp_gangadran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English