കന്നിനിലാവിന്റെ പിന്മടക്കം

ഒരു മിത്തിന്റെ പ്രഹേളികാസൗന്ദര്യമുളള കാവ്യജീവിതമായിരുന്നു പി.കുഞ്ഞിരാമൻനായരുടേത്‌. നരജീവിതമായ വേദന ലഹരിപിടിപ്പിക്കുന്ന ഒരനുഭവമായി കവിത തുളിച്ച ഗദ്യത്തിൽ കവിയുടെ ‘കാല്‌പാടുകൾ’, ‘എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നീ ആത്മകഥനങ്ങളിലൂടെയും മലയാളത്തിലെത്തി, വ്യവസ്ഥാപിത ജീവിതത്തോട്‌ നീതിപുലർത്താനാവാത്തതിലുളള കുറ്റബോധം കൊണ്ട്‌ നീറിയ ആ കവി തന്റെ ഒരു കാവ്യഗ്രന്ഥത്തിലെഴുതി.

തിരുത്തിശ്ശരിയാക്കേണ

മെന്റെ ജീവിതപദ്യവും;

അല്ലിൻ കവിതയെച്ചോപ്പു-

മഷിയാൽ മാറ്റുമക്കരം.

ഈ പ്രാർത്ഥന സ്വന്തം ജീവിതത്തിന്റെ കാര്യത്തിൽ ഫലിച്ചതായറിവില്ലെങ്കിലും കുഞ്ഞിരാമൻനായരുടെ കവിതയെ കാലമാകുന്ന മഹാവിമർശകൻ ഒരു ഹിരണ്യഗർഭാനന്തരം വീണ്ടെടുത്തിരിക്കുന്നു. അഗ്‌നിസ്‌നിതയായ ഭൂമികന്യകയെപ്പോലെ അവളുടെ ഏകാഗ്രചിത്തത ഇന്നു നാം തിരിച്ചറിയുന്നു. അന്നത്തെ കവി പ്രജാപതികൾ, എല്ലാ രംഗവും അടക്കിവാണവർ. ബഷീറിന്റെ ഭാഷയിൽ ‘ഞാൻ ഞാനെന്നഹങ്കരിച്ചിരുന്ന രാജാക്കൻമാരും മറ്റും എവിടെ?’

കവിതക്കഷണങ്ങളും മേൽവിലാസം മാറിയതുകൊണ്ട്‌ ഉലകം ചുറ്റിവന്ന കത്തുകളും വാടിയ പിച്ചകമൊട്ടുകളും കുട്ടികൾക്കുളള നിലക്കടലമണികളും അമ്പലത്തിലെ പ്രസാദവും വെറ്റിലപ്പാക്കും ചില്ലറ നാണയങ്ങളും യാത്രാടിക്കറ്റുകളും കൂടിക്കുഴഞ്ഞു കിടന്നിരുന്ന പി. കുഞ്ഞിരാമൻനായരുടെ ജുബ്ബാക്കീശപോലെ വ്യത്യസ്‌തവും അവ്യവസ്ഥിതത്വവും നിറഞ്ഞ അദ്ദേഹത്തിന്റെ കിട്ടാവുന്നത്ര കവിതകളുടെ സഞ്ചയമാണ്‌ എ.കെ.നമ്പ്യാരുടെ നേതൃത്വത്തിൽ ഡി സി ബുക്‌സ്‌ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ച ‘പി.കവിതകൾ’. എന്നാൽ മലയാളത്തിലെ കാല്‌പനിക പ്രസ്ഥാനത്തിലെ സമസ്വഭാവിയായ ചങ്ങമ്പുഴയുടെ കവിതകളിൽ കാണപ്പെടുന്ന ദർശനപരമായ പ്രകടവൈരുദ്ധ്യങ്ങൾ കുഞ്ഞിരാമൻനായരുടെ കവിതകളിൽ കാണപ്പെടുന്നില്ല. ചങ്ങമ്പുഴ ഓരോ നിമിഷത്തോടും ആത്മാർത്ഥത പുലർത്തിക്കൊണ്ട്‌ പല വേഷങ്ങൾ കെട്ടിയാടി.

‘ചുമ്മാ പല പല വേഷങ്ങൾ കെട്ടിയി-&ന്നാത്മസ്വരൂപത്തെയോരാതെയായി ഞാൻ’ എന്ന്‌ കളിയച്ഛനിൽ എഴുതിയെങ്കിലും പി.കുഞ്ഞിരാമൻനായർ തന്റെ കവിതകളിലാകെ ഒരു ദർശനകേന്ദ്രം നിലനിർത്തി. അത്‌ കൊളോണിയൽ ആധുനികതയെയും ജ്ഞാനോദയത്തിന്റെ യുക്തികളെയും നിരന്തരം സംശയിക്കുന്ന തനതായൊരു മലനാട്ടുവഴക്കത്തിന്റെ ആന്തരിക യുക്തിയായിരുന്നു, അഥവാ വെളിപാടായിരുന്നു.

സത്യമോതുവിനടിതെറ്റി വീണ&തെന്നാണു

സഹ്യമാമല നിര കാവൽ നില്‌ക്കുമീ രാജ്യം

നീചമാം കാമലോഭക്കൊടും കൊളളയിലാത്മ

സ്വാതന്ത്ര്യമണിത്താലിപോയ ദുർദ്ദിനമേതോ?

എന്നന്വേഷിച്ചുകൊണ്ട്‌ വിലോഭനീയമായ കേരളത്തിന്റെ പ്രകൃതിയിലും ചരിത്രത്തിലുമെല്ലാം അലഞ്ഞുനടക്കുകയായിരുന്നു ആ മണ്ണിന്റെ മകൻ. ഭക്തകവി എന്ന്‌ തെറ്റായി വിളിക്കപ്പെട്ട പി. കുഞ്ഞിരാമൻനായരായിരുന്നു സ്വന്തം പ്രത്യയശാസ്‌ത്രത്തോട്‌ ഏറ്റവും പ്രതിബദ്ധത പുലർത്തിയ എഴുത്തുകാരൻ എന്ന്‌ വിസ്‌മയത്തോടെ നാം തിരിച്ചറിയേണ്ടിവരുന്നു. ഈ കൂറിനുളള കാലത്തിന്റെ സമ്മാനമാണ്‌ അല്‌പം വൈകിയെങ്കിലും കുഞ്ഞിരാമൻനായരുടെ തിരിച്ചുവരവ്‌. ഇതിന്‌ നിമിത്തമായതിൽ എ.കെ.നമ്പ്യാർക്കും ഡി സി പ്രസാധന സ്ഥാപനത്തിനും അഭിമാനിക്കാൻ വകയുണ്ട്‌.

പി. കവിതകൾ (2 വോള്യം), എഡി.ഡോ.എ.കെ.നമ്പ്യാർ, ഡി സി ബുക്‌സ്‌, കോട്ടയം, വില – 250 രൂപ.

Generated from archived content: book2_dec21_05.html Author: dr-ss-sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English