കുമാരനാശാന്റെ ധൈഷണിക ജീവചരിത്രമെന്നു പറയാവുന്ന പുസ്‌തകമാണ് പ്രൊഫസർ എം.കെ.സാനുവിന്റെ ‘മൃത്യുഞ്ഞ്‌ജയം കാവ്യജീവിതം’. കവി, ശ്രീനാരായണശിഷ്യൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലുളള കുമാരനാശാന്റെ ജീവിതം ചരിത്രവസ്‌തുതകളെക്കൂടി ഉപയോഗപ്പെടുത്തി ഭാവനാത്മകമായി പുനഃസൃഷ്‌ടിക്കുകയാണ്…
കുമാരനാശാനെക്കുറിച്ച് വേരുറച്ചുപോയ കുറെയേറെ വിശ്വാസങ്ങളെ ഭഞ്ഞ്‌ജിക്കാൻ അദ്ദേഹം ധൈര്യം കാണിക്കുന്നുണ്ട്. ഉദാഹരണമായി കുമാരനാശാൻ ആദ്യം ശൃംഗാരശ്ലോകങ്ങളാണ് എഴുതിയിരുന്നതെന്നും ശ്രീനാരായണഗുരുവിന്റെ ആജ്ഞയനുസരിച്ചാണ് അദ്ദേഹം സ്‌തോത്രകൃതികളെഴുതാൻ തുടങ്ങിയതെന്നും ഒരു വാദമുണ്ടല്ലോ. ഇത് എ.ഡി. ഹരിശർമ്മയുടെ ഒരു പ്രസ്താവത്തെ മുഖവിലയ്‌ക്കെടുത്തതിന്റെ തകരാറാണെന്നു വ്യക്തമാക്കുന്ന ഗ്രന്ഥകാരൻ അന്നത്തെ പൊതുരീതി വച്ചുകൊണ്ടു മാത്രമാണ് ശ്രീനാരായണഗുരു അപ്രകാരം നിർദ്ദേശിച്ചതെന്ന് സൂചിപ്പിക്കുന്നുഃ ഹരിശർമ്മ ഉദാഹരണമായി ഉദ്ധരിക്കുന്ന ശ്ലോകം പ്രബോധചന്ദ്രോദയം നാടകവിവർത്തനത്തിന്റെ കൈയെഴുത്തുപ്രതിയിൽനിന്ന് ഒരാൾ പകർത്തിക്കൊണ്ടുപോയതാണ്. കുട്ടിക്കാലത്തുതന്നെ കുമാരനാശാനിൽ ആസ്‌തികതയുണ്ടായിരുന്നു എന്നദ്ദേഹം സ്ഥാപിക്കുന്നുമുണ്ട്.
അന്നത്തെ തിരുവിതാംകൂറിന്റെ ഭൗതികസാഹചര്യങ്ങളിൽ ബ്രിട്ടീഷ് അധിനിവേശം അവർണർക്ക് പൊതുവെ ഗുണകരമായിരുന്നതിനാൽ കുമാരനാശാൻ ബ്രിട്ടീഷ് അധിനിവേശത്തെ കടന്നെതിർത്തില്ല. മാത്രമല്ല, താഴ്‌ന്ന ജാതിക്കാരെ സംബന്ധിച്ച് അധിനിവേശം ഈശ്വരന്റെ അവതാരംതന്നെയാണെന്ന് കുമാരനാശാൻ എഴുതിയത് ഗ്രന്ഥകാരൻ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്‌താവവും ഇതോടു ചേർത്തു വായിക്കുകയാണെങ്കിൽ അനവധി ദോഷങ്ങളുളള സാമ്രാജ്യത്വത്തിന്റെ ഗുണഫലങ്ങളിലൊന്നായിരുന്നു കേരളീയ നവോത്ഥാനം എന്ന സത്യത്തിൽ നാം എത്തിച്ചേരും…
അതുപോലെ ശ്രീമൂലം പ്രജാസഭയിലെ കുമാരനാശാന്റെ നിലപാടുകളെ പലരും യാഥാസ്ഥിതികമെന്ന് വിശേഷിപ്പിക്കാറുണ്ട്. ചില കുപിതരായ ഈഴവ യുവാക്കൾ കുമാരനാശാൻ വാക്കൗട്ട് നടത്താതിരുന്നതിനെ അന്നു ചോദ്യം ചെയ്‌തപ്പോൾ അത്തരം നിലപാടുകളുടെ നിഷേധാത്മകത തനിക്ക് അസ്വീകാര്യമാണെന്ന് കുമാരനാശാൻ അറിയിച്ചു. ഈ യാഥാർത്ഥ്യബോധം ഇന്നും നമുക്ക് അപ്രാപ്യമാണ്. ‘അലൗകികമായ ആദർശലോകവും പ്രായോഗിക ജീവിതവും അനുരഞ്ഞ്‌ജിപ്പിക്കുന്നതിനുളള അഭിനിവേശം ആത്മസത്തയിൽ തുടിച്ചുകൊണ്ടിരുന്ന’തിനാലാണ് അദ്ദേഹം സമുദായപ്രവർത്തനങ്ങളിൽ മുഴുകിയതെന്നും അസഹനീയമായ അപവാദപ്രചാരണങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സ് മടുപ്പിച്ചതെന്നും എം.കെ.സാനു കണ്ടെത്തുന്നു.
സന്യാസിയാകാനുളള ത്വരയും അതേസമയം സൗന്ദര്യാരാധകനായ കവിയെന്ന നിലയിലുളള ലോകാനുരാഗത്വവും തമ്മിലുളള സംഘർഷം എം.കെ.സാനുവിന്റെ വിമർശദൃഷ്‌ടി കണ്ടെത്തുന്നു. ഇതുമൂലമാവാം നേരത്തെ രചന തുടങ്ങിയെങ്കിലും ‘നളിനി’ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി മാത്രമായത്. ‘വീണപൂവ്’ എന്ന ആശാന്റെ ആദ്യകൃതിയുടെ ചരിത്രപരവും അഭിരുചിപരവുമായ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കുന്നു. ആത്മഹത്യയെക്കുറിച്ചെഴുതിയ ഒരു കുറിപ്പിലൂടെ ആശാന്റെ വ്യക്തിത്വത്തിൽ ഗാഢമുദ്രിതമായിരുന്ന കാല്‌പനികപ്രവണതയുടെ ആഴം ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. എങ്കിലും വികാരത്തിന്റെ കവിഞ്ഞൊഴുക്കായിരുന്നില്ല ആശാന്റെ രീതിയെന്നും കാവ്യശില്‌പത്തോടു ബന്ധപ്പെടുത്തി കർശനമായ ഗുണദോഷവിചാരം നടത്തിയതിനുശേഷം മാത്രം അതിനു രൂപംകൊടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേതെന്നും നിരവധി ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കുന്നു. അതോടൊപ്പംതന്നെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിച്ച് രചനാകൗശലത്തോടെ കാവ്യം രചിക്കുന്ന ക്ലാസിക് കവിതാരീതിയിൽ പെടുന്ന ‘ഒരു സിംഹപ്രസവം’ പോലെയുളള കാവ്യങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സഹോദരൻ അയ്യപ്പന്റെയും മറ്റും പ്രേരണയാൽ ബോധപൂർവ്വം സാമൂഹികമാറ്റത്തിനുവേണ്ടി എഴുതിയ ‘ഉദ്‌ബോധനം’, ‘സിംഹനാദം’ എന്നീ കവിതകൾ മറ്റൊരു വിഭാഗമാണ്. ‘ഉത്‌കൃഷ്‌ടമായ ഒരു ധർമ്മാദർശത്തെ പുരസ്‌കരിച്ചുളള കൃത്യബോധത്താൽ പ്രേരിതനായി’ അദ്ദേഹം എഴുതിയ ‘ദുരവസ്ഥ’പോലുളള കൃതികൾ ഈ സമീപനത്തിന്റെ വികസിതരൂപമാണെന്നും എം.കെ.സാനു വ്യക്തമാക്കുന്നു.
കുമാരനാശാന്റെ കുടുംബജീവിതം, പത്രാധിപത്യം, പ്രജാസഭാ സാമാജികത്വം, സമുദായപരിഷ്‌കർതൃത്വം തുടങ്ങിയവയേയും ഈ ഗ്രന്ഥം പൊതുവെ പരിചയപ്പെടുത്തുന്നുണ്ട്.
മൃത്യുഞ്ഞ്‌ജയം കാവ്യജീവിതം (ജീവചരിത്രം), എം.കെ.സാനു, ഡി സി ബുക്‌സ്, പേജ് ഃ 260, വില ഃ 120.00
Generated from archived content: book1-aug03-05.html Author: dr-ss-sreekumar
Click this button or press Ctrl+G to toggle between Malayalam and English