വനിതാ കമ്മീഷൻ നിർദ്ദേശവും പ്രതികരണവും

വളരെയേറെ ചർച്ച ചെയ്യപ്പെടുകയും അതിനാൽ തന്നെ വിവാദങ്ങൾക്കും രൂക്ഷമായ വിമർശനങ്ങൾക്കും പാത്രിഭൂതമാവുകയും ചെയ്‌ത വനിതാ കമ്മീഷന്റെ നിർദ്ദേശത്തെക്കുറിച്ച്‌ പുഴ.കോം പത്രാധിപർ പ്രതികരിക്കണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ ഏതാനും ചില ചിന്തകൾ ഇവിടെ പങ്കുവെയ്‌ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും തീരുമാനങ്ങൾക്കും പ്രാമുഖ്യം നല്‌കുന്ന ഈ അത്യാധുനിക കാലഘട്ടത്തിൽ സ്വന്തം ഭാവി ജീവിതം സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന്‌ അനിവാര്യമാണ്‌. ഈ തെരഞ്ഞെടുപ്പിന്‌ സഹായകമാകേണ്ടത്‌ സാഹചര്യങ്ങളേക്കാളും സമ്മർദ്ദങ്ങളേക്കാളും ഏറെ ആ വ്യക്തിയുടെ തന്നെ പക്വമായ മാനസിക, ബൗദ്ധിക, ആത്മീയ നിലപാടുകളാണ്‌ എന്നതിൽ തർക്കമില്ല. അതിനാൽത്തന്നെ ഒരു യുവതി വിവാഹിതയാകേണ്ടത്‌ പതിനെട്ടു വയസ്സു പൂർത്തിയായതിനുശേഷം മാത്രമാണ്‌ എന്ന നിയമം നിലവിലിരിക്കേ അതിനേക്കാൾ ഇളം പ്രായത്തിൽ അവർ സന്യാസജീവിതം തെരഞ്ഞെടുക്കപ്പെടേണ്ടി വരുന്നത്‌ യുക്തിരഹിതം തന്നെ. മനുഷ്യസഹജമായ അഥവാ​‍ാ പ്രകൃതിനിയമമായ വൈവാഹികജീവിതത്തിന്‌ പതിനെട്ടു വയസ്സിന്റെ പക്വതകൈവരിക്കുന്നതുവരെ ഒരു സ്‌ത്രീ അർഹയല്ല എന്ന തത്വം അംഗീകരിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ, സ്വഭാവാതീതമായ സമർപ്പണ ജീവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യുവതികൾക്ക്‌ പ്രായപൂരർത്തിയായിരിക്കണം എന്ന്‌ നിഷ്‌ക്കർഷിക്കുന്നതിൽ തെറ്റില്ല.

സന്യാസിനികളുടെ ആവലാതികൾ നിറഞ്ഞ നിരവധി കത്തുകൾ കൈപ്പറ്റിയ സന്ദർഭത്തിലാണ്‌ ഇത്തരം ഒരു സാഹസികനിർദ്ദേശം മുന്നോട്ടുവെയ്‌ക്കാൻ വനിതാ കമ്മീഷൻ ഒരുമ്പെട്ടത്‌ എന്ന്‌ അവർ സമർത്ഥിക്കുന്നു. വ്രതബദ്ധജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ കൗമാരപ്രായത്തിലാണെങ്കിലും അഞ്ചോ ആറോ വർഷങ്ങൾ നീണ്ടുനില്‌ക്കുന്ന പരിശീലനഘട്ടത്തിനുള്ളിൽ അവർക്ക്‌ പതിനെട്ടും അതിൽ കൂടുതലും പ്രായമാകുന്നുണ്ടെന്നും വേണ്ടത്ര ആലോചനയ്‌ക്കും ധ്യാനത്തിനും ശേഷമാണ്‌ അവർ വ്രതം ചെയ്‌ത്‌ പൂർണ്ണസന്യാസിനിയാകുന്നത്‌ എന്നുമാണ്‌ സഭയുടെ വാദഗതി. പ്രായോഗികതലത്തിൽ സഭകണ്ടെത്തുന്നത്‌ മറ്റൊരു ന്യായമാണ്‌. മനശ്ശാസ്‌ത്രപ്രകാരം ‘ഒരു പെൺകുട്ടിയുടെ മെഴുകുപാകമായ ഇളം ഹൃദയത്തിൽ ആദ്യം പതിയുന്ന മുഖച്ഛായയാണ്‌ മരണം വരെ നിലനില്‌ക്കുക’ എന്നൊരു ചിന്താധാരയുണ്ട്‌​‍ും. അപ്പോൾ ആദ്യംതന്നെ ‘ഈശോയുടെ മുഖമുദ്ര’ ഹൃദയത്തിൽ പതിഞ്ഞാൽ പിന്നെ മറ്റൊരു പുരുഷനെ ഉള്ളിലേറ്റാൻ അവൾക്ക്‌ കഴിയില്ല എന്നത്‌ ഒരു അനുഭവസത്യം മാത്രം. മൂത്തുപാകമായ ഒരു യുവതി സന്യാസജീവിതം സ്വയം തെരഞ്ഞെടുക്കുക എന്നത്‌ വളരെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണ്‌. ഒരു കത്തോലിക്ക വ്യക്തി വനിതാ കമ്മീഷന്റെ പരാമർശനത്തിനെതിരെ എനിക്കെഴുതിയ കത്തിൽ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെയാണ്‌ സന്യാസിനികളായി നമുക്ക്‌ ലഭിക്കേണ്ടത്‌. നമ്മുടെ സ്‌കൂളുകളിലും കലാലയങ്ങളിലും ഇന്ന്‌ പഠിച്ചുകൊണ്ടിരിക്കുന്ന എത്രപേർ ലൈംഗികമായി ദുരുപയോഗിക്കപ്പെടാത്തവരുണ്ട്‌? ഞാൻ ദീർഘമായ കാലഘട്ടം (23 വർഷം) യുവജനപ്രസ്‌ഥാനങ്ങളുമായി നീങ്ങിയവനാണ്‌……. ഒത്തിരി കൗമാരക്കാരെ അറിയാം; അവരുടെ കൗൺസെലിംഗ്‌ കേട്ടിട്ടുണ്ട്‌. Late Vocation നല്ലതുതന്നെ. പക്ഷേ ഇത്തരം ഒരു സമൂഹത്തിൽ നിന്നും എങ്ങനെ ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെ സന്യാസിനികളായി ലഭിക്കും.?……. അവരും ഇവരും തൊട്ടതും, താലോലിച്ചതും ഒക്കെ സന്യസ്‌ത ജീവിതത്തിലേക്ക്‌ പിന്നീട്‌ കയറി വന്നാൽ എങ്ങനയാകും എന്നാണ്‌ ഉത്‌കണ്‌ഠ……” യുക്തിരഹിതമായ മേല്‌പറഞ്ഞ പ്രസ്‌താവനകളോട്‌​‍ും ഞാൻ യോജിക്കുന്നില്ല; കാരണം അകത്തുപ്രവേശിച്ച കന്യകകളെ എതിരേല്‌ക്കാൻ ഇത്തരം അപകടങ്ങൾ അകത്തും പതിയിരിക്കുന്നുണ്ട്‌. Quantity ക്ക്‌ പ്രാധാന്യം കൊടുക്കുമ്പോൾ സഭ Quality യെ പുറംതള്ളുകയാണ്‌ എന്ന്‌ അറിയാതെ പോകുന്നതെന്ത്യേ? പരിശീലനത്തിന്‌ നിണ്ടകാലം അനുവദിക്കുന്നില്ലേ എന്നചോദ്യവും അപ്രസക്തമാണ്‌. ഒരു ‘മസ്‌തിഷ്‌കക്ഷാളന’ അന്തരീക്ഷം സൃഷ്‌ടിക്കുന്ന കാലയളവാണ്‌ അത്‌ എന്നത്‌ വിസ്‌മരിക്കാനാവുന്നതല്ല.

ബ്രഹ്‌മചര്യം, ദാരിദ്യം, അനുസരണം എന്ന വ്രതത്രയങ്ങളെക്കുറിച്ച്‌ പരിശീലനഘട്ടത്തിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു; ചർച്ചകൾ നടത്തുന്നു; പരീക്ഷകൾ എഴുതികടന്നു എന്നതൊക്കെ വാസ്‌തവം തന്നെ. പ്രായമായ കന്യാസ്‌ത്രീകളുടെ അനുഭവം പങ്കുവെയ്‌ക്കലും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നല്‌കലുമെല്ലാം വളരെ പ്രശംസനീയം തന്നെ. അതിസ്വാഭാവികജീവിതം അനായസകരമായും തൃപ്‌തികരമായവിധവും ജീവിക്കുന്ന അനേകം സുകൃതിനികൾ നാലു ചുമരുകൾക്കുള്ളിലുണ്ട്‌ എന്നത്‌ അഭിമാനാർഹമാണ്‌. എന്നാൽ പൂമൊട്ടായിരിക്കുന്ന പ്രായത്തിൽ ബൗദ്ധികതലത്തിൽ ഉൾക്കൊള്ളുന്ന ബ്രഹ്‌മചര്യാശയവും, അനുസരണച്ചട്ടവും, ദാരിദ്ര്യാരൂപീ വിവരണവും, വിടരുന്ന പൂവിന്‌​‍ും ഈ ബൗദ്ധിക അറിവ്‌​‍ും അനുഭവതലത്തിലേക്കിറക്കാൻ, പ്രയാസപ്പെടേണ്ടിവരുന്നു. പഠനക്കളരിയിൽ സ്വായത്തമാക്കിയ വിവരശേഖരം പ്രായോഗികതലത്തിൽ മൂർച്ചയില്ലാത്തവാളുപോലെ പലപ്പോഴും ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്‌​‍ും. അല്‌പമെങ്കിലും ജീവിതയുദ്ധത്തിൽ പോരാടിത്തെളിഞ്ഞ യുവതി, വ്രതത്രയങ്ങൾ സ്വമനസ്സാ സ്വീകരിക്കുമ്പോൾ, അവയുടെ ചൈതന്യം ഉൾക്കൊണ്ട്‌ ജീവിക്കാൻ അവൾ പ്രാപ്‌തയാകുന്നു.

പതിനെട്ടു വയസ്സ്‌ പൂർത്തിയായവർക്കു മാത്രമേ സന്യസ്‌തജീവിതം തെരഞ്ഞെടുക്കാനാകൂ എന്ന നിയമം നടപ്പിലായാൽ നിശ്ചയമായും സമർപ്പിതസ്‌ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌ വരും. എന്നാൽ വരുന്നവരുടെ ക്വാളിറ്റി അഥവാ അർപ്പണബോധം മെച്ചപ്പെടും എന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ഇവിടെ സന്യാസിനീസമൂഹങ്ങൾ തീരുമാനിക്കേണ്ടത്‌ ഇതാണ്‌. Quantity വേണോ Quality വേണോ. ‘ഞങ്ങളുടെ കോൺഗ്രിഗേഷന്‌ 5000 പേരേ ഉള്ളൂ ഞങ്ങൾക്കു ശേഷം തുടങ്ങിയതിൽ 6000 പേരായി. അതിനാൽ നമ്മൾ ഇനി മുതൽ S.S.L.C കഴിഞ്ഞവരെ നോക്കിയാൽ പോരാ; ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഉള്ളവരെ പിടിച്ചുകൊണ്ടുവരണം എന്ന്‌ നിശ്ചയിച്ച്‌ Vocation promoters കാറുമെടുത്ത്‌ ഇറങ്ങിയാൽ കതിരിനോടൊപ്പം പതിരും കൊയ്‌തു അറയിൽ സൂക്ഷിക്കേണ്ടിവരും; പിന്നീട്‌ ദു;ഖിക്കേണ്ടിയും വരും. എന്തായാലും ഒരു അഴിച്ചു പണിയും ശുദ്ധീകരണവും സഭയിൽ അനിവാര്യം തന്നെ.

Generated from archived content: essay1_mar23_09.html Author: dr.sisterjesmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here