‘വേര്‍ജീനിയ വൂള്‍ഫിനെ ആരാണ് ഭയപ്പെടുന്നത്,? ( who is Afraid of Virginia Woolf) എന്ന ആംഗലേയ നാടക ശീര്‍ഷകം ( ഗ്രന്ഥകര്‍ത്താവ് – എഡ്വേര്‍ഡ് ആല്‍ബി) ഉന്നയിക്കുന്ന ആശയം ഒന്നു ചിട്ടപ്പെടുത്തി ഇങ്ങനെ ചോദിക്കാം – കത്തോലിക്കാ സഭ എന്തിനെയാണു ഭയക്കുന്നത്? സിസ്റ്റര്‍ അഭയയുടെ മരണ ( കൊലപാതക) ശേഷം സഭയില്‍ ശേഷിക്കുന്നത് അഭയകളല്ല മറിച്ച് ഫാദര്‍ ഭയകളും സിസ്റ്റര്‍ ഭയകളുമാണെന്ന് ആശങ്കപ്പെടേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സഭയില്‍ നിലവിലുള്ളത്.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ ശമ്പളവര്‍ദ്ധനവിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി നടത്തി വന്നിരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സമരസമിതിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിച്ച് 2012 ജനുവരി 15 ഞായറാഴ്ച അങ്കമാലി റെയില്‍വേസ്റ്റേഷനില്‍ ഞാന്‍ വന്നിറങ്ങിയ വിവരം അറിഞ്ഞ സഭാ പ്രധിനിധികള്‍, ‘’സിസ്റ്റര്‍ ജെസ്മി ആശുപത്രി കോമ്പൌണ്ടില്‍ കാലുകുത്തിയാല്‍ അനുരഞ്ജനത്തിന് ഞങ്ങള്‍ തയ്യാറല്ല’‘ എന്ന് സമരസമിതിക്ക് താക്കീത് നല്‍കിയെന്ന് അറിയാന്‍ കഴിഞ്ഞു. അതിനെ തുടര്‍ന്ന് എന്നോട് മടങ്ങിപ്പോകാന്‍ സമരനേതാവ് ഫോണിലൂടെ യാചിക്കുവാന്‍ തുടങ്ങി. ” ഞാന്‍ ഒരു സോഷ്യല്‍ ആക്ടിവിസ്റ്റ് അല്ല ; എന്റെ തട്ടകം ഇന്റലക്ച്വല്‍ ആക്ടിവിസം ആയിട്ടും നിങ്ങളുടെ നിര്‍ബന്ധപൂര്‍വ്വമുള്ള അഭ്യര്‍ത്ഥന മാനിച്ചു മാത്രമാണ് ഞാന്‍ ഇത്രടം വന്നത്. എന്റെ വരവ് നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന വിവരം എന്നെ അറിയിച്ച നിലക്ക് ഞാന്‍ മടങ്ങിപ്പോകുന്നു. സമരവിജയത്തിന് ആശംസയും പ്രാര്‍ത്ഥനയും നേരുന്നു’‘ എന്നായിരുന്നു ഫോണിലൂടെയുള്ള എന്റെ മറുപടി. സ്വന്തം ചിലവില്‍ ഗുരുവായൂരില്‍ നിന്ന് അങ്കമാലിയിലെത്തിയ ഞാന്‍ വന്നതു പോലെ തിരിച്ചു പോയി. തലേന്ന് ബി. ജെ. പിക്കാര്‍ സമരത്തെ അനുകൂലിച്ചെത്തിയതും അന്നേ ദിവസം നക്സലൈറ്റുകാര്‍ പിന്തുണയുമായി ചെന്നതും സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചില്ല. എന്റെ സാന്നിധ്യവും സത്യത്തിന്റെ വചസ്സുകളുമാണ് സഭയെ ഭയപ്പെടുത്തുന്നത് എന്ന തിരിച്ചറിവോടെ , സഭാതനയരോടുള്ള സഹതാപതരംഗവുമായി ഞന്‍ തിരിച്ചു പോരുകയാണ് ചെയ്തത്.
‘ കത്തോലിക്കാ സഭ’ എന്ന പേരില്‍ തൃശൂര്‍ അതിരൂപതാ പ്രസിദ്ധീകരണം അടുത്ത കാലങ്ങളില്‍ നിര്‍ബ്ബന്ധമായി വിശ്വാസികളുടെ വീടുകളില്‍ നിന്നും പണം പിരിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് പല കത്തോലിക്കാ വിശ്വാസികളും എന്നോടു പങ്കു വയ്ക്കുമ്പോള്‍ അവരുടെ പ്രതിഷേധം കൂടി പ്രകടിപ്പിക്കാറുണ്ട്. മിക്കവരും അതു വായിക്കാറില്ലെന്നും ഭീഷണി മൂലം മാത്രമാണ് അത് സ്വീകരിക്കുന്നതെന്നും വ്യക്തമായി എന്നോട് പറഞ്ഞിട്ടുമുണ്ട്. ആ പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനതന്ത്രത്തിന്റെ ഭാഗമായാകണം ഫെബ്രുവരി 2012 / പുസ്തകം 36 / ലക്കം02/ ലെ ആദ്യപേജില്‍തന്നെ ഒരു സെന്‍സേഷണല്‍ ന്യൂസ് ( അമ്മ എഴുതുന്നു, മകള്‍ അറിയാന്‍) അച്ചടിച്ചിരിക്കുന്നത്. സഭയുടെ ഇര എന്റെ പാവം അമ്മയായതിലാണു ഇക്കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ ഇടവരുന്നത്. ‘ആമേന്‍’ എന്ന എന്റെ ആത്മകഥ സിനിമയാക്കുന്ന വിവരം മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ സഭ അകാരണമായി ഭയപ്പെടാന്‍ തുടങ്ങിയ വിവരമേതാനും വിശ്വാസി സുഹൃത്തുക്കള്‍ എന്നെ അറിയിച്ചിരുന്നു. സിനിമയാക്കാനുള്ള അവകാശ കൈമാറ്റ ഉടമ്പടിയില്‍ ഞാന്‍ ഒപ്പുവച്ചിട്ട് ഒന്നരവര്‍ഷത്തോളമായതിനാല്‍ സഭാധികാരികളുടെ അസമയത്തുള്ള ഭയമോര്‍ത്തു ഉള്ളില്‍ തമാശയാണ് തോന്നിയത്.
ഭ്രാന്തിയെന്നും , വേശ്യയെന്നും , പിശാചെന്നും , യൂദാസ്സെന്നും മറ്റും തുടരെത്തുടരെ എന്നെ മുദ്രകുത്തിയിട്ടും, ഈശോയില്‍ ശക്തിയാര്‍ജ്ജിച്ചു ഞാന്‍ മുന്നേറുന്നത് സഭയെ അസ്വസ്ഥമാക്കിയതില്‍ അത്ഭുതപ്പെടാനില്ല. എന്റെ അമ്മയെ എനിക്കെതിരെ ആയുധമാക്കലാണ് അവരുടെ പുതിയ പീഢന രീതി. ഇല്ലാത്ത മാനസികരോഗത്തിനുള്ള നിര്‍ബന്ധ ചികിത്സക്ക് സഭ മുതിര്‍ന്നപ്പോള്‍, സന്ന്യാസ സഭയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ച് ഞാന്‍ പുറത്തു വന്ന നാളുകളില്‍ , സഭാധികാരികളുടെയും സഭാശുശ്രൂഷകരുടേയും സാന്ത്വനവചസ്സുകള്‍ പ്രതീക്ഷിച്ച് അമ്മ ഏറെ നാള്‍ കാത്തിരുന്ന വിവരവും കാത്തിരുപ്പ് വൃഥാവിലായ ദു:ഖവും അമ്മ എന്നോട് പങ്കു വച്ചിട്ടുണ്ട്. ദൈവവും കാലവും മുറിവുണക്കിയതിന്റെ ആശ്വാസത്തില്‍ ഇപ്പോള്‍ കഴിയുന്ന അമ്മയെ കരുവാക്കി, സഭ കളിച്ച ‘ കത്തുപ്രസിദ്ധീകരണം’ തരംതാണതായിപ്പോയില്ലേ എന്ന് സഭാവിശ്വാസികള്‍ പരിതപിക്കുന്നത് ഈയുള്ളവളും കേള്‍ക്കാനിടയായി.
‘’ പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല’‘ എന്ന ദൈവവചസ്സുകള്‍ എന്നെകൂടി ഉള്‍പ്പെടുത്തിയാണ് വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതെന്ന് ഞാനിന്ന് വ്യക്തമായി തിരിച്ചറിയുന്നു. രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സി തന്റെ കുബേരകുമാരപദവിയും സമ്പത്തും പ്രൗഢിയും വലിച്ചെറിഞ്ഞു ക്രിസ്തുവിനെ അനുഗമിച്ചതിനെ തുടര്‍ന്ന് കോപാകുലനായ പിതാവും, പുണ്യവാളന്റെ വസ്ത്രത്തിന്റെ അവകാശം തന്റേതണെന്ന് ആക്രോശിച്ചപ്പോള്‍ , അവ കൂടി ഊരിക്കളഞ്ഞ് പൂര്‍ണ്ണ നഗ്നനായി‘’ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ’‘ നൂല്‍ ബന്ധതടസ്സമില്ലാതെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ , പിതാവേ, എന്ന് ഇനി മുതല്‍ വിളിക്കാം എന്ന് സമാശ്വാസിച്ചത് ഇത്തരുണത്തില്‍ എനിക്കും അനുകരണാര്‍ഹമാണ്. ഈശോയെ അനുഗമിക്കുമ്പോള്‍ അനുഷ്ഠിക്കേണ്ട ഉപേക്ഷയുടെ ലിസ്റ്റില്‍ മാതാപിതാക്കളും സമ്പത്തുമെല്ലാം ഉള്‍ച്ചേര്‍ന്നത്, ദൈവേഷ്ടനിര്‍വഹണത്തിനു അവ തടസ്സമാകാനിടയുണ്ട് എന്ന നല്ല തമ്പുരാന്‍ മുന്‍കൂട്ടി കണ്ടതാകണം. ഇന്നും സന്ന്യാസം തുടരുന്നതിനാല്‍ തിരുച്ചിത്തത്തിന് തടസ്സമാകുന്നവയെല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്.
‘ അമ്മ എഴുതുന്നു , മകള്‍ അറിയാന്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട കത്തിനെക്കുറിച്ച് സരസമായി ചിന്തിച്ചാല്‍ അതുകൊണ്ട് ഇങ്ങനെ അവതരിപ്പിക്കാം. ഇക്കഴിഞ്ഞ നാളുകളില്‍ ‘ ആമേന്‍’ തന്ന ലാഭത്തിന്റെ വിഹിതം അമ്മക്ക് നല്‍കിയതില്‍ നിന്ന് ഒരഞ്ചു രൂപയുടെ സ്റ്റാമ്പുവാങ്ങാന്‍ പോലും കഴിയാതെ പോയതിനാലാണോ അതോ ആ കരുണ കാണിക്കാഞ്ഞതിലാണൊ ഇങ്ങനെ ഒരു കത്ത് പ്രസിദ്ധീകരിക്കാന്‍ അമ്മ നിര്‍ബന്ധിതയായത് എന്ന സംശയം അവശേഷിക്കുന്നു.
‘’ സത്യം നിങ്ങളെ സ്വതന്ത്രരാക്കും’‘ ( യോഹ: 8 -32 ) എന്നതാണ് ‘ കത്തോലിക്കാസഭ’‘ എന്ന പ്രസിദ്ധീകരണത്തിന്റെ ആപ്തവാക്യം. എന്നിട്ടും സത്യത്തെ എന്തിനാണ് സഭ ഭയപ്പെടുന്നത്? പോളണ്ടുകാരിയായ ബാര്‍ബരാ സാസ്സ് 2011 ല്‍ സംവിധാനം ചെയ്ത ‘’ സാത്താന്റെ നാമത്തില്‍’‘ (In th name of the devil) എന്ന ചിത്രത്തില്‍ കന്യകാലയത്തിലേക്ക് നുഴഞ്ഞു കയറിയ അബദ്ധധാരണകളും അതുമൂലം ചോര്‍ന്നു പോയ ദൈവീകചേതനയും സുവ്യക്തമായിപ്രതിപദിക്കുന്നുണ്ട്. ദൈവത്തിന്റെ ഇരിപ്പിടമെന്നു അന്നോളം കരുതിപ്പോന്ന ആവൃതിയിലെ പേക്കൂത്തുകള്‍ കണ്ടു വീര്‍പ്പുമുട്ടി ‘’ ഇവിടെ ദൈവമില്ല’‘ എന്ന് ഉറക്കെക്കരഞ്ഞ സിസ്റ്റര്‍ അന്ന ഓടി രക്ഷപ്പെടുന്നത് IFFK കാണികളുടെ ഉള്ളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുണര്‍ത്തിയതിന്‍ ഈയുള്ളവള്‍ സാക്ഷി!
ആരും കാണുന്നില്ലെന്ന് വിശ്വസിച്ച് സ്വയം കണ്ണടച്ച് പാലുകുടിക്കുന്നതുപോലെ ,കണ്ണടച്ച് ഇരുട്ടാക്കുന്ന പമ്പരവിഡ്ഡിത്തം, ഞാന്‍ കൂടി അംഗമായ സഭ , ഇനിയും തുടരുന്നത് ഹാ കഷ്ടം! വെളിച്ചത്തിലിരിക്കുന്ന ജനം എല്ലാം കാണുന്നു; അറിയുന്നു; വിലയിരുത്തുന്നു; സത്യത്തില്‍നിന്നകന്ന സഭയെ ഓര്‍ത്ത് വിലപിക്കുകയും ഏങ്ങലടിക്കുകയും ചെയ്യുന്നു. സത്യം വെളിപ്പെടുന്നതിന് തടസ്സം നില്‍ക്കാതെ ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കുഞ്ഞാടുകളെ അനുവദിക്കുന്ന നല്ല ഇടയന്മാര്‍ക്കുവേണ്ടി സഭാ വിശ്വാസികള്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം?
Generated from archived content: essay1_feb27_12.html Author: dr.sisterjesmi