വികസനത്തിന്റെ കാണാപ്പുറങ്ങൾ – വികസനത്തിന്റെ മാനവികമുഖമില്ലായ്‌മ

വികസനം എന്നത്‌ മനുഷ്യന്റെ ജന്മാവകാശമാണ്‌. ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലും വിലപ്പെട്ട ഒരു മനുഷ്യാവകാശമായി വികസനത്തെ വിളംബരം ചെയ്‌തിരിക്കുന്നു. എന്നാൽ വികസനം എന്ന കാഴ്‌ചപ്പാടിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി മൂന്നാംലോകരാജ്യങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പുതിയൊരു തത്വവും വികസനത്തിന്റെ തലതിരിഞ്ഞ സംസ്‌കാരവും സൃഷ്‌ടിക്കുന്നു. പുതിയ ഈ പരീക്ഷണം മുന്നേറുമ്പോൾ വികസനത്തെക്കുറിച്ച്‌ വികലമായ ഒരു ധാരണ നമുക്ക്‌ ലഭിക്കുന്നു. അതായത്‌ വികസനമെന്നത്‌ വിലപ്പെട്ട മനുഷ്യാവകാശമായി ഉയർത്തിക്കാട്ടുകയും അതിന്റെ മറവിൽ അവികസിത രാജ്യങ്ങളിലെ ദരിദ്രജനങ്ങളുടെ മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന സാഹചര്യം ഇന്ന്‌ ഉണ്ടായിരിക്കുന്നു. ഇത്‌ ആധുനികകാലത്തെ ഏറ്റവും വലിയ ദുരന്തമായി നിലനില്‌ക്കുകയാണ്‌. ഈ രീതിയിൽ ഒരു ന്യൂനപക്ഷം നമ്മുടെ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുകയും നമ്മുടെ ആരോഗ്യകരമായ ജീവിതത്തെ തകർക്കുകയും ചെയ്യുന്നു. അങ്ങിനെ നമ്മുടെ സകല അവകാശങ്ങളും വികസനത്തിന്റെ പേരിൽ നിഷേധിക്കപ്പെടുന്നു.

പ്രതിഷേധിക്കുന്നതിനും പ്രതികരിക്കുന്നതിനും പ്രക്ഷോഭം നടത്തുന്നതിനുമുളള അവകാശം ഇന്ന്‌ തൊഴിലാളികളിലും അധ്വാനിക്കുന്നവരിലും ഇല്ലാതെയാക്കുന്ന നിയമനിർമ്മാണങ്ങളും കോടതിവിധികളും ഉണ്ടാകുമ്പോൾ വികസനത്തിനുവേണ്ടി മാനുഷികമായ എല്ലാ അവകാശങ്ങളും നാം ഉപേക്ഷിക്കണം എന്നുതന്നെയാണ്‌ അർത്ഥമാവുന്നത്‌. അതുകൊണ്ടുതന്നെ ഏറെ പൊലിപ്പിച്ചു പറയുന്ന വികസനത്തിന്റെ നന്മകളിലും ആകർഷകമായ ചിത്രങ്ങളിലും അപകടങ്ങളുടേതായ കാണാപ്പുറങ്ങളുണ്ട്‌ എന്ന്‌ നാം തിരിച്ചറിയണം.

ഇതിനർത്ഥം വികസനം വേണ്ട എന്നതല്ല. മറിച്ച്‌ മനുഷ്യന്റെ അവകാശങ്ങളെ തട്ടിയുടയ്‌ക്കുന്ന വികസനം വേണ്ട എന്നതാണ്‌. അതിനായി വികസനപദ്ധതിക്ക്‌ തീർച്ചയായും ഒരു മനുഷ്യമുഖം നല്‌കുകതന്നെ വേണം. വികസനം ജന്മാവകാശം എന്നുപറയുകയും, ആ ജന്മാവകാശത്തെതന്നെ ചോദ്യം ചെയ്‌ത്‌ വികസനത്തിനുവേണ്ടി അടിമകളാക്കപ്പെട്ട മനുഷ്യരുടെ മോചനത്തിനായുളള മുദ്രാവാക്യങ്ങൾ ഉയരേണ്ടതുണ്ട്‌. വരാനിരിക്കുന്ന വികസനത്തിന്റെ പേരിൽ നമ്മുടെ പൗരാവകാശവും സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ചോദ്യം ചെയ്യപ്പെടരുത്‌. ഈ സന്ദേശം ഉയർത്തിപ്പിടിച്ച്‌ അപകടകരമായ വികസനസംസ്‌കാരത്തിനെതിരെ ശക്തമായ നിലപാടുകൾ നാം എടുക്കണം.

(ആലുവ സംസ്‌കൃതി സംഘടിപ്പിച്ച വികസനത്തിന്റെ കാണാപ്പുറങ്ങൾ എന്ന സെമിനാറിൽ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ)

Generated from archived content: essay-feb25.html Author: dr-sebastian-paul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here