ഒരു കാരണവുമില്ലാതെ ക്ഷീണം തോന്നുക ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാവുക വേദന സഹിക്കേണ്ടി വരിക രാവിലെ ഉണര്‍ന്നതിന് ശേഷവും കിടക്കണമെന്ന് തോന്നുക, വിശപ്പ് കുറഞ്ഞ് വരിക.
കുറച്ച് കാലമായി ശരീരത്തില്‍ നീര്‍ക്കെട്ടിന്റെ സാന്നിധ്യമുണ്ടെന്ന് എന്നതിന്റെ അറിയിപ്പുകളാണവ
ഒരു പാടു രോഗങ്ങള്‍, ഹൃദ്രോഗങ്ങളും ഹൃദയാഘാതവും അടക്കംനീര്‍ക്കെട്ടുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള പുതിയ അറിവുകളാണ് പുതിയ പഠനങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്ധികളിലും ഗ്രന്ഥികളിലും രൂപം കൊള്ളുന്ന നീര്‍ക്കെട്ട് ക്രമേണ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. ധമനികളില്‍ നീണ്ടകാലം നിലനില്‍ക്കുകയാണെങ്കില്‍ അത് ഭാവിയില്‍ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകാവുന്നതാണ്.
രക്തധമനികളില്‍ നീര്‍ക്കെട്ടുണ്ടാകുകയും രക്തസഞ്ചാരത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെങ്കിലും ആദ്യകാലങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി അനുഭവപ്പെടുകയില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പേരും പരിശോധനകള്‍ നടത്തുകയോ ചികിത്സ തേടുകയോ ചെയ്യാറുമില്ല. എന്നാല്‍ ഇതൊക്കെ വേണ്ട സമയത്ത് മനസിലാക്കുകയും ഡോക്ടറെ കാണുകയും പരിശോധനകള്‍ നടത്തുകയും ശരിയായ രീതിയില്‍ ചികിത്സിക്കുകയും ചെയ്താല്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഹൃദയാഘാതവും പക്ഷാഘാതവും ഒരു പരിധി വരെ തടയാവുന്നതാണ്.
രക്തധമനികളില്‍ നീര്‍ക്കെട്ട് ദീര്‍ഘകാലം നിലനില്‍ക്കുകയും രക്തസഞ്ചാരത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്യുമ്പോള്‍ ശരീരം ചില അറിയിപ്പുകള്‍ തരുന്നതാണ്. വെളുപ്പിന് രണ്ട് മണിക്കു ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടു കയറ്റം ഉണ്ടാകുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ചിലരില്‍ തുടകള്‍ , വാരിഭാഗങ്ങള്‍ എന്നിവിടങ്ങളിലും കോച്ചിവലിയുണ്ടാകും. ഈ അനുഭവങ്ങള്‍ സ്ഥിരമായി കാണപ്പെടുന്നവരില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ തന്നെ ചിലരൊക്കെ സ്ഥിരമായി ആന വന്ന് ഓടിക്കുന്നതായി സ്വപ്നം കാണാറുള്ളതായും പറഞ്ഞിട്ടുണ്ട്. ആ അവസരങ്ങളില്‍ വേണ്ട പരിശോധനകള്‍ നടത്തുകയും പരിശോധനയില്‍ കാണുന്ന ഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സിക്കുകയും ചെയ്താല്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഗുരുതരാവസ്ഥകളെ അകറ്റിനിര്‍ത്താന്‍ കഴിയും.
നീര്‍ക്കെട്ട് ശരീരത്തില്‍ നില നില്‍ക്കുമ്പോള്‍ മനസ്സില്‍ വിഷാദം രൂപം കൊള്ളുന്നുണ്ടെന്നാണ് പുതിയ അറിവുകള്‍ പറയുന്നത്. മാനസിക പിരിമുറുക്കം , ഉത്കണ്ഠ എന്നീ അവസ്ഥകളുണ്ടാകുമ്പോള്‍ ശരീരത്തിലെ സ്വയം രോഗ പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്. അത് പോലെ തിരിച്ചും സംഭവിക്കും. രോഗാണു സംക്രമണം , വേദന, കാന്‍സര്‍ തുടങ്ങി ശരീരത്തിന്റെ സ്വയം രോഗ പ്രതിരോധ ശേഷിയെ തകര്‍ക്കുന്ന ഘടകങ്ങള്‍ മാനസികാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് രോഗികളുടെ മാനസികാവസ്ഥയിലും വീക്ഷ്ണത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
വിഷാദാവസ്ഥ, ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നതാണ്. ഇതിന്റെ ഫലമായാണ് വിശപ്പ് കുറയുന്നതും കൂടുതല്‍ ഉറങ്ങണമെന്ന് തോന്നുന്നതും ജോലി ചെയ്യാന്‍ മടികാണിക്കുന്നതും ആകെ അസ്വസ്ഥതയുണ്ടാക്കുന്നതും. ഇതൊക്കെ തന്നെയാണ് വിഷാദത്തിന്റെ ആദ്യ ലക്ഷണങ്ങളും.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. നീണ്ട കാലം ശരീരത്തില്‍ നീര്‍ക്കെട്ട് നിലനില്‍ക്കുകയും ചികിത്സ യിലൂടെ പരിഹാരം കാണാതിരിക്കുകയും ചെയ്യുന്നവരില്‍ വിഷാദം ഹൃദയാഘാതം പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. നീര്‍ക്കെട്ടിനൊപ്പം വിഷാദവും കൂടിയുണ്ടെങ്കില്‍ ഗുരുതരാവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വീണ്ടും കൂടുതലാകുമെന്നറിയണം. ഹൃദയാഘാതമുണ്ടാകുന്ന ആറില്‍ ഒരാള്‍ക്ക് വിഷാദമുണ്ടെന്നാണ് അറിയുന്നത്. മരണം സംഭവിക്കാനുള്ള സാധ്യതയും ഇവരില്‍ കൂടുതലായിരിക്കും. തൊണ്ടയിലും സന്ധികളിലും മറ്റും നീര്‍ക്കെട്ടും വേദനയും ഉണ്ടാകുമ്പോള്‍ അത് നിസ്സാരമായി തള്ളിക്കളയരുത്. കാല്‍ വണ്ണകളില്‍ ഉരുണ്ട് കയറ്റം അനുഭവപ്പെടുമ്പോഴും.
നീര്‍ക്കെട്ടും അതിന്റെ അനുബന്ധരോഗങ്ങളും ഗുരുതരാവസ്ഥകളും മറ്റും ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒപ്പം ശാസ്ത്രീയമായി ചികിത്സിക്കുവാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും രോഗമോചനം നേടുവാനും വേണ്ടത്ര അറിവുകള്‍ ഇന്ന് ലഭ്യമാണ്.
൫൫൫൫൫൫
Generated from archived content: essay1_aug10_12.html Author: dr-pm.mani