കിണറിന്റെ മൗനത്തിലേക്കാഴുന്ന പുഴകൾ

2009-ലേയ്‌ക്കു പുഴ ഒഴുകിയെത്തുമ്പോൾ മനുഷ്യജന്‌മത്തിന്റെ ഏതേതെല്ലാം വ്യാകുലതകളും, വൈകാരികസംഘർഷങ്ങളും ആത്‌മീയ-രാഷ്‌ട്രീയ-സാംസ്‌കാരിക പ്രതിസന്ധികളും അതിന്റെ അടിയൊഴുക്കുകളെ നിർണ്ണയിക്കുന്നുണ്ട്‌ എന്ന ഒരന്വേഷണമാണ്‌ ഈ ലേഖനത്തിൽ നടത്തിയിരിക്കുന്നത്‌. ‘പുഴ വീണ്ടും പറയുന്നു’ എന്ന സമാഹാരത്തിലെ കഥകളുടെ ആന്തരലോകത്തെ വിശകലനം ചെയ്യുമ്പോൾ, ഒരു പുഴയുടെ തെളിഞ്ഞ പ്രവാഹനൈരന്തര്യത്തെക്കാൾ എനിക്കനുഭവപ്പെട്ടത്‌ വീട്ടുമുറ്റത്തെ കിണറിന്റെ ആർദ്രമൗനവും ഉൾമുറികളിലേയ്‌ക്കുള്ള അതിന്റെ നിസ്സംഗമായ പിൻവാങ്ങലുമാണ്‌. ഇരുപത്തഞ്ചോളം കഥകളാണ്‌ സമഹരിച്ചിട്ടുള്ളത്‌. മൂന്നോ, നാലോ കഥകളൊഴിച്ചു നിർത്തിയാൽ മറ്റുള്ളവ വ്യക്തിമനസ്സുകളിലേയ്‌ക്ക്‌ – അവയുടെ ചാഞ്ചാട്ടങ്ങളിലേയ്‌ക്കും കുതിച്ചു ചാട്ടങ്ങളിലേയ്‌ക്കും – പാപത്തിന്റെയും പകയുടെയും ഇരുളിടങ്ങളിലേയ്‌ക്കും വെളിച്ചം കാണിക്കുന്നു.

ലൈംഗികതയുടെ രാഷ്‌ട്രീയം പല തലങ്ങളിൽ ചർച്ചചെയ്യുന്ന പത്തോളം കഥകൾ ആഖ്യാനത്തിന്റേ ചാരുതകൊണ്ടും കയ്യടക്കം കൊണ്ടും മികച്ചു നിൽക്കുന്നു. അഥവാ, അധികാരത്തെ നിർണയിക്കുന്ന ലൈംഗികതയെ മുഖ്യപ്രമേയമാക്കിയതുകൊണ്ടാണോ അവയ്‌ക്ക്‌ ഈ ഗുണം ലഭിച്ചത്‌? സ്വാതന്ത്ര്യത്തിന്റെ ആഘോഷമെന്ന നിലയിലും, കീഴടങ്ങലിന്റെയും കീഴടക്കലിന്റെയും അടയാളമെന്നനിലയിലും, രണ്ടു സംസ്‌ക്കാരങ്ങളുടെ കൂടിച്ചേരൽ എന്ന നിലയിലും, ഇരയും അക്രമിയും സന്ധിചെയ്യുന്ന ഇടം എന്ന നിലയിലും അനുരഞ്ജനത്തിന്റെ സുവിശേഷം എന്ന നിലയിലും ലൈംഗികത ഈ കഥകളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌. ഉമ്പ്രി, കാകതാലീയം, ക്ലോക്ക്‌, പന്നിക്കൂടുകൾ, ഭഗവതിരൂപിണി, അപഹരിക്കപ്പെട്ട സ്വപ്‌നങ്ങൾ, ഓർമ്മകളുടെ മണം, 17.12.2007, ഡിജോ കാപ്പൻ പതിനൊന്നാമൻ എന്നീ കഥകൾ എടുത്തുപറയാവുന്നതാണ്‌.

‘ഉമ്പ്രി’യിലെ ഉമ്പ്രി, ‘പന്നിക്കൂടുകളിലെ’ എൽസ എന്നീ സ്‌ത്രീകഥാപാത്രങ്ങൾ പുരുഷകേന്ദ്രീകൃതമായ ലൈംഗികതയുടെ ഇരകളാണ്‌, മൃഗീയവും പ്രാകൃതമായ രതിയുടെ ഇരകൾ. ഉമ്പ്രിയുടെ വിത്തുകാളയും എൽസയുടെ അമ്മായിയപ്പന്റെ പന്നികളും കൂടി ചവിട്ടിക്കുഴച്ച്‌ കീഴടക്കിയ മണ്ണ്‌! ഉടലുകളിലേയ്‌ക്ക്‌ പരസ്യമായും നീളുന്ന അശ്ലീലച്ചിരികളിൽ നിന്ന്‌ രക്ഷപ്പെടാൻ മാതൃത്വത്തിന്റെ സവിശേഷത നിറഞ്ഞ ശരീരത്തിലേയ്‌ക്ക്‌ പരിണമിക്കാൻ ഇരുവരും കൊതിക്കുന്നു. ‘ഭഗവതിരൂപിണി’ യിലെ രുദ്ര മാതൃത്വത്തിലേയ്‌ക്ക്‌ സുരക്ഷിതയാവാൻ ആഗ്രഹിക്കുന്നില്ല; അവൾ ഗർഭമലസിപ്പിക്കുന്നു. സർപ്പക്കാവിലെ ഇരുട്ടിൽ നിന്ന്‌ അവളിലേയ്‌ക്ക്‌ കടന്നു കയറിയ പാപബോധം പകയായി മാറുകയും ബ്രഹ്‌മചാരിയുടെ പുരുഷത്വത്തെ കീഴടക്കുകയും ചെയ്യുന്നു. ‘കാകതാലീയം’ വരിയുടയ്‌ക്കപ്പെട്ടവന്റെ പ്രതിഷേധത്തിൽ നിന്നുയരുന്ന നിലവിളിയാണ്‌. കമ്പോളവല്‌ക്കരണത്തിന്റെ ആകർഷണീയതയും ആൺ-പെൺ ഉടലുകളിൽ അധിഷ്‌ഠിതമായ കാമത്തിന്റെ തീക്ഷ്‌ണ പ്രലോഭനങ്ങളും ഒരു ഗ്രാമത്തെ അധിനിവേശിക്കുന്നതിന്റെ മനോഹരമായ ആഖ്യാനമാണ്‌ ഈ കഥ. ‘ക്ലോക്ക്‌’, ചില ഒളിയിടങ്ങളിലേയ്‌ക്ക്‌ മൂർച്ചയോടെ കയറിച്ചെന്ന്‌, വിഹ്വലമായ വെളിച്ചപ്പെടലുകളെ കാലത്തിന്റെ അടയാളപ്പെടുത്തലാക്കി മാറ്റുന്നു. അയലത്തെ ചേച്ചി, വേശ്യ, ഭാര്യ, മകൾ – എന്നിവരിലൂടെ വായിച്ചെടുക്കപ്പെടുന്ന സ്‌ത്രൈണലൈംഗികതയും, അതിനെ നിർണയിക്കുകയും വ്യാഖ്യാനിക്കുകയും ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന പുരുഷകാമവും കപടലൈംഗികതയുടെ ഇരുവശങ്ങളാണെന്ന്‌ ഈ കഥ നിരീക്ഷിക്കുന്നു. ഇരയായി മാറിക്കഴിഞ്ഞ മകളിലേയ്‌ക്ക്‌ അച്‌ഛന്റെ കപടസദാചാരത്തിന്റെ കണ്ണുകൾ ഒളിഞ്ഞു വീഴുന്ന നടുക്കുന്ന കാഴ്‌ചയിലൂടെ ‘ക്ലോക്ക്‌’ മിടിച്ചു കടന്നുപോവുന്നു.

ഒരു വിധവയുടെ സ്വകാര്യത, സമൂഹത്തിന്റെ ധാർഷ്‌ട്യമൊളിപ്പിച്ച ചില ദുഷ്‌ടലാക്കുകൾക്ക്‌ സമർഥാ വിധേയമാണെന്ന്‌ ‘ഓർമ്മ’കളുടെ മണത്തിലെ നന്ദിനി സ്വയം ന്യായീകരിക്കുന്നു. മരണമടഞ്ഞ ഭർത്താവിന്റെ ഗന്ധം തന്നെയാണ്‌ അയാളുടെ മരുമകനും എന്ന്‌ തിരിച്ചറിഞ്ഞത്‌ നന്ദിനിയുടെ ഉടലാണോ മനസ്സാണൊ എന്ന്‌ അവൾക്കു സന്ദേഹമാണ്‌. ഗുരുജി കൊടുത്തയയ്‌ക്കുന്ന പൂക്കൾക്കും അതേ മണം തന്നെ! മനസ്സാണോ ശരീരമാണോ ഒരു വിധവയെ&വ്യക്തിയ്‌ക്കു ഒറ്റു കൊടുക്കുന്നത്‌ എന്ന സംഘർഷം ഗന്ധത്തോടും നിറത്തോടും സ്‌പർശത്തോടും അഭിരുചികളോടും ആഴത്തിൽ കെട്ടുപിണഞ്ഞ്‌ ഇതരകഥകളിലേയ്‌ക്കും വ്യാപിക്കുന്നുണ്ട്‌. ‘വെളുപ്പിനേന്തേ ചുവപ്പുനിറം’ എന്ന കഥ മരണത്തിന്റെ വെളുപ്പിലേക്കും രതിയുടെ ചുവപ്പിലേയ്‌ക്കും മാറിമാറിപ്പകരുന്ന ഭാവതലം ഉൾക്കൊള്ളുന്നു. ‘17.12.2007’ എന്ന കഥയിൽ സാഹിത്യത്തെ ‘വിശപ്പുകൾ’ വിഴുങ്ങുന്ന രസകരമായ കാഴ്‌ച കാണാം. വളക്കാട്ടുകുന്നിൽ നിന്ന്‌ പരക്കുന്ന മഞ്ഞിൻ പടലത്തിനുള്ളിലൂടെ പ്രകൃതി തെളിഞ്ഞുവരുന്നത്രയും സാവധാനത്തിലോ വേഗതയിലോ ആണ്‌ ഡിജോ എന്ന യുവറിപ്പോർട്ടറുടെ പരിണമിപ്പിക്കപ്പെട്ട മനസ്സിന്റെ ആസുരത തെളിയുന്നത്‌. ‘ഡിജോ കാപ്പൻ – പതിനൊന്നാമൻ എന്ന ഈ കഥ ആഖ്യാനചാതുരികൊണ്ടും കയ്യടക്കം കൊണ്ടും ശ്രദ്ധേയമാണ്‌.

അപഹരിക്കപ്പെട്ട സ്വപ്‌നങ്ങളിൽ ബാണിയടക്കമുളള സ്‌ത്രീകൾ, അധിനിവേശിക്കപ്പെട്ട കാശ്‌മീരിന്റെ മുറിവുകൾ നിരന്തരം ഉടലിലും മനസ്സിലും ഏറ്റുവാങ്ങുന്നവരാണ്‌. എതിർത്തുനില്‌പും കീഴടങ്ങലും തമ്മിലുള്ള അതിർത്തിപോലും നശിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ കൂട്ട ആത്‌മഹാത്യയാവും, ശേഷിക്കുന്ന ക്രിയാത്‌മക പ്രതിരോധം എന്ന്‌ ബാണിയും കൂട്ടരും തീരുമാനിക്കുന്നു.

പ്രണയത്തിലും നഷ്‌ടപ്പെടലുകളിലും സ്വാർത്ഥതയിലും നിസ്സഹായതയിലും നിറഞ്ഞു നില്‌ക്കുന്ന വൈകാരികതയെ പ്രവാസിയായ മനുഷ്യന്റെ കുടുംബ ബന്ധങ്ങളിലേയ്‌ക്ക്‌ കാല്‌പനിക ചാരുതയോടെ ആരോപിച്ചിരിക്കുന്ന കഥകളാണ്‌ പ്രവാസി, നീലക്കുറിഞ്ഞിയുടെ കാവൽക്കാരി, കുന്നിറങ്ങിയ വേനൽനിലാവ്‌, പ്രേമം, മാംസത്തുണ്ടുകൾ മുറിച്ചു മാറ്റുംമുമ്പ്‌ എന്നിവ മരണത്തെ സൗന്ദര്യാത്‌മകാമായി ചിത്രീകരിക്കുക മാത്രമല്ല, അതിന്‌ ’വർണത്തിന്റെ ആകർഷണീയത നൽകുകയും ചെയ്യുന്ന കഥയാണ്‌, ‘മാംസത്തുണ്ടുകൾ മുറിച്ചു മാറ്റം മുമ്പ്‌.

’ഒരു പ്രവാസി എഴുത്തുകാരന്റെ ജീവിത ഏടുകളിൽ നിന്നും‘ എന്ന കഥ യഥാർതഥ ആവിഷ്‌ക്കരണം കൊണ്ടും നിർവികാരമായ ആഖ്യാനം കൊണ്ടും മികച്ചുനിൽക്കുന്നു. കോർപ്പറേറ്റ്‌ ലോകങ്ങളുമായി നടത്തേണ്ടിവരുന്ന വിലകുറഞ്ഞ അനുരഞ്ജനങ്ങൾക്കൊടുവിൽ ബലിയാടാകേണ്ടി വരുന്ന ബാല്യത്തിന്റെ കഥ പറയുന്നു. ’പാവക്കുരുതികൾ‘ വർത്തമാനകാലയുവത്വം റിയാലിറ്റിഷോകൾക്കും റിയാലിറ്റികൾക്കും മധ്യേ വലിഞ്ഞു മുറുകുന്ന ’ചതുരക്കാഴ്‌ച‘യും ’ശൂന്യതയുടെ പടവുകൾ‘ ഇറങ്ങി സഹജീവനത്തിന്റെ അർഥപൂർണിമയിലേക്ക്‌ സുരക്ഷിതമായി ചേക്കേറുന്ന മനുഷ്യനും, ഒളിച്ചോട്ടത്തിനും ആൾമാറാട്ടത്തിനും നിശ്ശബ്‌ദമാക്കാൻ കഴിയാത്ത മനസ്സാക്ഷിയുടെ സ്വരത്തിൽ തടവുകാരനായ ഒരുവന്റെ ’പകർന്നാ‘ട്ടവും തുടർന്നുവരുന്ന കഥകളിലുണ്ട്‌. ’ശ്വേതം‘ എന്ന കഥ ഒരു യുവസൈനികന്റെ അശാന്തിയെ ആവിഷ്‌ക്കകരിക്കുന്നുവെങ്കിൽ, സിലിക്കൻവാലിയിൽ നിന്നൊരു പാപ്പാൻ’ സഹ്യന്റെ മകനെ ഓർമ്മിപ്പിക്കുന്നു. ആൾക്കൂട്ടത്തിൽ നിന്ന്‌, നാഗരികതയുടെ അന്യവല്‌കരണത്തിൽ നിന്ന്‌ വനത്തിന്റെ പ്രാചീനതയിലേക്കും തനിമയിലേക്കും രക്ഷപ്പടാൻ ശ്രമിച്ച ശ്രീകുമാറും അയാളുടെ ആനയും ഈ കാഴ്‌ചകളിൽ വേറിട്ടു നിൽക്കുന്നു. ആധുനികോത്തരമായ ഒരു ഭാവിയെക്കുറിച്ചും അതിന്റെ ജനിതക വ്യതിയാനങ്ങളെയും കുറിച്ചും ആശങ്കപ്പെടുന്നു, ‘പിറക്കാനിരിക്കുന്ന ഗേൾ’.

ഇന്ത്യ-ശ്രീലങ്ക സാംസ്‌ക്കാരിക പശ്ചാത്തലത്തിൽ ശുഭാപ്‌തിവിശ്വാസത്തിന്റെ തിളക്കങ്ങൾ അവശേഷിപ്പിച്ചുകൊണ്ട്‌ എഴുതപ്പെട്ട രണ്ടു കഥകളാണ്‌, ‘ദീപുരാജ്യത്തുനിന്നുള്ള വാർത്തകളും’ ‘പുലിപ്പേടി’യും സിംഹള ജനതയുടെയും തമിഴ്‌മക്കളുടെയും ഉത്‌കണ്‌ഠകളെയും വേദനകളെയും, ഒരു റിപ്പോർട്ടറുടെ വസ്‌തുനിഷ്‌ഠതയിൽ ആഖ്യാനം ചെയ്‌തതുകൊണ്ടും ഈ കഥകളുടെ ഭാവതലത്തിന്‌ കൈവന്ന ഗൗരവവും സാന്ദ്രതയും എടുത്തുപറയേണ്ടതാണ്‌. ആരാണ്‌ യഥാർത്ഥ പ്രവാസി എന്ന ചോദ്യത്തിനുത്തരമായി, സംഗമിത്രയും മൈഥിലിയും അനിരുദ്ധനും അമർനാഥും ആൽബട്രോസ്‌ പക്ഷികളും കുരങ്ങുകളും നാഗരികനായ ഓരോ മനുഷ്യനും ഈ പേജുകളിൽ നിരന്നുനില്‌ക്കുന്നു. ഏകാഗ്രതയിൽ നിന്ന്‌ വായനക്കാരനെ വ്യതിചലിപ്പിക്കുന്ന അനവധി വ്യക്തി-വംശചരിത്രവായനകളെ ഉൾക്കൊള്ളുന്നു എന്ന പ്രത്യേകത ‘പുലിപ്പേടി’യ്‌ക്കുണ്ട്‌.

‘ദ്വീപുരാജ്യത്തുനിന്നുള്ള വാർത്തകൾ’ ഏറെക്കുറെ കാല്‌പനികമായ ആഖ്യാനംകൊണ്ട്‌ മൈഥിലിയുടെ മയക്കത്തിനും ഉണർച്ചയ്‌ക്കും ഇടയിലൂടെ തെന്നിനീങ്ങുന്ന ഒരു കടൽ സഞ്ചാരാനുഭവം സൃഷ്‌ടിക്കുന്നുണ്ട്‌. കഥ തുറന്നിടുന്ന വാതായനങ്ങൾക്കുപുറത്ത്‌, സ്വർണമണികളെ പ്രസവിക്കുന്ന ഗോതമ്പുപാടങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാചീന മാനവികതയുടെ വിശുദ്ധിനിറഞ്ഞ അമർനാഥ്‌ നില്‌ക്കുന്ന കാഴ്‌ച ‘പുഴയുടെ തീരങ്ങൾക്ക്‌ ഒരു പുതിയ സംസ്‌ക്കാരപ്പിറവിയുടെ വാഗ്‌ദാനങ്ങൾ നല്‌കിയതുകൊണ്ടുതന്നെയാവാം ഈ കഥ അവാർഡിനർഹമായത്‌.

എന്നാൽ, പാതിരായ്‌ക്ക്‌ വീശുന്ന കാറ്റിനെയും, വീട്ടുമുറ്റത്തെ രാത്രിപുഷ്‌പമായ പരിജാതത്തിന്റെ സുഗന്ധപൂരത്തെയും സാക്ഷിനിർത്തി, കിതപ്പടക്കി നിൽക്കുന്ന കിണറുകളിലെ വെള്ളം ഇരുണ്ടു തന്നെ കാണപ്പെടുന്നു. വെള്ളിപ്പരൽ മീൻ തിളക്കങ്ങളോ വെള്ളാരങ്കല്ലുകളോ അതിൽ കാണില്ല ആകാശത്തെ പ്രതിഫലിപ്പിക്കാൻ മോഹിച്ചിട്ടും കഴിയാതെ, രാത്രിയിൽ മാത്രം ദൃശ്യമാകുന്ന ദീപ്‌തനക്ഷത്രങ്ങളെ നെഞ്ചോട്‌ ചേർത്ത്‌ കിണറ്റുവെള്ളം സ്വകാര്യതയെ കൊണ്ടാടുന്നു (’മഴയ്‌ക്കപ്പുറം‘ എന്ന കവിത (വിജയലക്ഷി). പുഴ വീണ്ടും പറയുന്നത്‌ ആഴക്കിണറുകളുമായുള്ള സൗഹൃദത്തെക്കുറിച്ചായിരിക്കട്ടെ എന്ന്‌ ഞാൻ ആശിക്കുന്നു.

Generated from archived content: vayanayute20.html Author: dr.ligi_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here