കുരിശിന്റെ വഴി

ഔതക്കുട്ടി ഔതക്കുട്ടിയിലേയ്‌ക്ക്‌ മടങ്ങി വന്ന സമയം മുറിയിലിരുട്ടായിരുന്നു. ജനാലകൾ അടച്ച്‌, വാതിൽ പുറത്തു നിന്നു പൂട്ടി ഭദ്രം. അയാൾക്ക്‌ ദാഹിച്ചു. തൊണ്ടയിൽ ഒരു ചുഴലി ചിറകിട്ടടിക്കുന്നു. വീർത്തുപൊട്ടാൻ തയ്യാറായ അനേകം ഞരമ്പുകളുടെ സന്നാഹമാണ്‌ താനെന്ന്‌ ഔതക്കുട്ടി കണ്ടു. നാക്കു പുറത്തേക്കിട്ട്‌ ചുണ്ടിന്റെ വശങ്ങളിലൂടെ ഈന്തയൊലിപ്പിച്ച്‌ അണയ്‌ക്കുന്ന രണ്ടാമൻ ഔതക്കുട്ടിയുടെ ഉള്ളിലിരുന്ന്‌ ചുരമാന്തി ഇനി ഒരല്‌പസമയം അയാൾ ധൃതിപ്പെട്ടു. ‘എ​‍േൻ​‍ാളും എന്റെ പ്രാണനും പുറത്തുണ്ടാവും’ – ഉടുതുണി വാരിയെടുത്തു ചുറ്റി ഔതക്കുട്ടി ജനലിൽ പിടിച്ചുകയറി കഴുക്കോലിൽ തൂങ്ങി ഓടി ഒളിക്കാൻ പണിപ്പെട്ടു. രണ്ടേ രണ്ടോട്‌ – അതിനിടയിലൂടെ പുറത്തെ പതിഞ്ഞ ആരവം അയാൾ കേട്ടു. പെട്രോമാക്‌സിന്റെ വെളിച്ചം വെളിച്ചത്തിനു മീതെ ഇരുട്ട്‌, ഇരുട്ട്‌ പഴകിയ ഔതക്കുട്ടിയുടെ കണ്ണ്‌ പുളിച്ചു. “എവിടെ എ​‍േൻ​‍ാള്‌? എന്റെ പ്രാണൻ ആനിക്കുട്ടി?” ഔതക്കുട്ടി നിലവിളിക്കായി കാത്തു. കമ്പിപ്പാരകളും വേലിപ്പത്തലുകളും ചുടുകട്ടകളും ഉണ്ടാക്കിയ നിശ്ശബ്‌ദത അയാൾ ശ്രവിച്ചു. അടക്കിപ്പിടിച്ച രണ്ട്‌ തേങ്ങലുകൾക്കായി അയാൾ ദാഹിച്ചു. “ആനിമോളേ, നല്ലപെണ്ണേ ഇപ്പ സമയം നല്ലതാണ്‌. കുറച്ചു കഴിഞ്ഞാ അപ്പനിങ്ങനേല്ല. നമ്മള്‌ തല്ലിക്കൊന്ന ‘ടെറർ’ നെപ്പോലെ നാല്‌ക്കാലിയാവും പൊരപ്പൊറത്തൂന്ന്‌ ചാടിത്താഴത്തിറങ്ങിയ ബാക്കിവെച്ചേക്കരുത്‌. പെണ്ണേ, ആനിക്കൊച്ചിനെ നോക്കിക്കോണം. പേ പിടിച്ചതിനേ പിടിക്കാത്തതിനേം തിരിച്ചറിയാനൊക്കേല” – ഔതക്കുട്ടിയിൽ നിന്ന്‌ പുറത്തുവരാൻ പണിപ്പെട്ട വാക്കുകൾ വിയർപ്പുത്തുളളികളായി ഒഴുകി. ഉള്ളിരുന്ന്‌ രണ്ടാമൻ കുതറുന്നത്‌ അയാൾ അറിഞ്ഞു നാൽക്കാലിയും ഇരുകാലിയും തമ്മിലുള്ള ദൂരക്കുറവ്‌ ഔതക്കുട്ടിയെ ഒരു നിമിഷത്തേക്ക്‌ വിസ്‌മയപ്പിച്ചു. ദാഹം അയാളിൽ മിടിക്കാൻ തുടങ്ങി. കിണറുകളും പുഴകളും മഴത്തുള്ളികളും കണ്ണീരും വിയർപ്പും അയാളിൽ നിന്ന്‌ അകന്നകന്ന്‌ പോയി. പകരം, ഓർമ്മ ചുണ്ടിന്റെ ഇരുവശങ്ങളിലൂടെ ഈന്തയായി ഒലിച്ച്‌, അയാളെ വിഴുങ്ങി. നാട്ടുകാർ തല്ലിക്കൊന്ന ‘ടെറർ’ എന്ന വളർത്തു നായയുടെ ദയനീയമായ നോട്ടം ഔതക്കുട്ടിയുടെ രക്‌തത്തിലൂടെ പേവിഷത്തെക്കാൾ വേഗത്തിൽ സഞ്ചരിച്ച്‌ ആത്മാവിലെത്തി.

പേപ്പട്ടിവിഷത്തിന്റെ പ്രതിരോധ കുത്തിവയ്‌പിനെ കുറിച്ചും ലൂയിപാസ്‌റ്ററെപ്പറ്റിയും പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഔതക്കുട്ടിയുടെ ഓർമ്മയിൽ ആനിയ്‌ക്ക്‌ തലവേദനിച്ചു. സെന്റ്‌ ജോർജ്ജ്‌ സ്‌കൂളിന്റെ നിലയ്‌ക്കാത്ത ആരവങ്ങളിൽ നിന്ന്‌ ഉച്ചബെല്ലടിച്ചതിനുശേഷം അവൾ പുറത്തിറങ്ങി. റോഡ്‌ മുറിച്ചു കടന്ന്‌ ഇടപ്പള്ളിപ്പള്ളിമുറ്റത്തേക്ക്‌ കയറി. മുമ്പിലായാരോ ശവവും ചുമന്ന്‌ കയറുന്നതുപോലെ ആനിക്കു തോന്നി. കിണറ്റുകരയിൽ നിന്ന്‌ തൊട്ടിയിൽ വെള്ളമെടുത്ത്‌ മുഖവും കഴുത്തും കഴുകുമ്പോൾ അവൾ തൊട്ടിയിലേക്കു നോക്കി. അമ്മയുടെ നോട്ടം, അപ്പന്റെ പരവേശം – തൊട്ടിയിൽ എവിടെയെങ്കിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ? സിമിത്തേരിയിൽ നിന്ന്‌ കിണറിന്റെ ആഴങ്ങളിലേക്ക്‌ ജിവിച്ചിരിക്കുന്നവർ കാണാത്ത ഊടുവഴികളുണ്ടാവുമോ? ഇടപ്പള്ളി സിമിത്തേരിയുടെ ജനകീയത മടുത്തിട്ട്‌ ആത്മാക്കൾ പള്ളിക്കടിയിലൂടെ കിണറിന്റെ ഇരുട്ടിൽ വന്നിരുന്ന്‌ മുകളിലേക്ക്‌ പ്രത്യാശയോടെ ദാഹിച്ചെത്തുന്നവരിലേക്ക്‌ ഉറ്റുനോക്കുന്നുണ്ടാവുമോ? ഉച്ചവെയിൽ സിമിത്തേരിയെ പൊളിച്ചു കൊണ്ടിരുന്നു. ആനി തുറന്നവാതിലൂടെ അകത്തേക്ക്‌ കയറി, മറിയത്തിന്റെ മടിയിൽ മരിച്ചു കിടക്കുന്ന യേശുവിന്റെ അടുത്തെത്തി.

“എൻ ജനമേ ചൊൽക

ഞാനെന്തു ചെയ്‌തു?.

കുരിശെന്റെ തോളിലേറ്റാൻ….

പൂന്തേൻ തുളുമ്പുന്ന

നാട്ടിൽ ഞാൻ നിങ്ങളെ

ആശയോടൊനയിച്ചൂ……

എന്തേയിദം നിങ്ങളെല്ലാം

മറന്നെന്റെ ആത്മാവിനാതങ്കമേറ്റി?”….

ദൈന്യമായ നോട്ടത്തോടെ യേശു അവളോടു ചോദിച്ചു. ആനി അലിവോടെ മുട്ടുകുത്തി. “പാവം പിടിച്ച യേശുവെ, കഴിഞ്ഞ മുപ്പതുകൊല്ലമായി നീ എന്നോട്‌ ഇതു തന്നെ ചോദിക്കുന്നു. നിനക്കുതന്നെ തീർച്ചയില്ലാതിരുന്ന ഒരു പ്രത്യാശ നീ എന്തിന്‌ ജനത്തിനു കൊടുത്തു?” അവൾ അവന്റെ തിരുവിലാവിൽ വിരലാൽ സ്‌പർശിച്ചു. രക്തം വിയർത്ത ശരീരത്തെ സ്‌നേഹത്തോടെ തഴുകി. അപ്പനേയും അമ്മയേയും അവനരികെ നിർത്തി തിരക്കിട്ട്‌ സ്‌കൂളിലേയ്‌ക്ക്‌ നടന്നു. സ്‌കൂളുവിട്ടതിനുശേഷം പതിവുപോലെ മാനേജരച്ചനെ കണ്ടു. അതേ പതിവു വാക്കുകൾ. പതിവ്‌ ഉപചാരങ്ങൾ, പതിവ്‌ ഖേദ പ്രകടനം “ആനിടീച്ചറോട്‌ വേണ്ടതിൽ കൂടുതൽ താല്‌പര്യം കാണിക്കുന്നെന്നാ മറ്റ്‌ ടീച്ചർമാര്‌ പറയുന്നെ. ഈസ്‌റ്റർ കഴിഞ്ഞാലുടൻ ഡിപ്പോസിറ്റ്‌ തുക തീർത്തു തരണം അല്ലെങ്കിൽ കമ്മിറ്റിക്കാര്‌ വേറെ ആളെ വയ്‌ക്കും. ഞാനെന്തു ചെയ്യാനാ”. മാനേജരച്ചൻ നിസ്സഹായമായ ശരീരഭാഷയോടെ അവളെ നോക്കി. പാവം ആനി ദയവോടെ പുറത്തേയ്‌ക്കു നടന്നു.

വൈകുന്നേരം ജോസഫും കുട്ടികളുമൊത്ത്‌ അവൾ കുരിശിന്റെ വഴിയിൽ നിന്നു.

“നരികൾക്കുറങ്ങുവാനളയുണ്ടു

പറവയ്‌ക്കു കൂടുണ്ടു പാർക്കുവാൻ

നരപുത്രനൂഴിയിൽ തലയൊന്നു ചായ്‌ക്കുവാൻ

ഇടമില്ലോരേടവും………..

”നീ ഭാഗ്യവാൻ“ ആനി മുട്ടുകുത്തി നിന്ന്‌ പിറുപിറുത്തു. തൂങ്ങപ്പെട്ട രൂപത്തിൽ കിടന്ന്‌ യേശു അവളെ ചോദ്യരൂപത്തിൽ ശ്രവിച്ചു. തിരിച്ചടയ്‌ക്കാത്ത ബാങ്കുവായ്‌പകൾ, വാടകക്കുടിശ്ശികകൾ, മുടങ്ങിയേ പോകുന്ന പോളിസികൾ, തുളസിയിലകൊണ്ടും പനിക്കൂർക്കകൊണ്ടും ശമിപ്പിക്കാനാവാതെ പെരുകുന്ന ജലദോഷപ്പനികൾ, എത്ര തയ്‌ച്ചാലും പിന്നെയും കീറിപ്പോകുന്ന അടിവസ്‌ത്രങ്ങൾ, എത്ര പങ്കിട്ടാലും പിന്നെയും പിന്നെയും ബാക്കിയാവുന്ന വേദനകൾ. അപ്പം വർദ്ധിപ്പിച്ചവനേ, നിനക്കറിയാമോ മനുഷ്യൻ അപ്പം കൊണ്ടു മാത്രമാണ്‌ ജീവിക്കുന്നത്‌”.

യേശു നാലാം പ്രാവശ്യം നിലത്തു വീണു ചോരയിൽ ഒട്ടിപ്പിടിച്ച വസ്‌ത്രം പറിച്ചെടുത്തപ്പോൾ അവന്‌ കഠിനമായി വേദനിച്ചു. അവന്റെ അങ്കി തുന്നൽ കൂടാതെ നെയ്യപ്പെട്ടതായിരുന്നു അതിനുവേണ്ടി അവർ നറുക്കിട്ടു.

ആനി കുട്ടികളെയും കൊണ്ട്‌ സിമിത്തേരിയിലേക്കു പോയി. മെഴുകുതിരിയും പൂക്കളും പിടിച്ചുകൊണ്ട്‌ അവർ കണ്ണടച്ചു നിന്നു. “അമ്മേ എന്താ പ്രാർത്ഥിക്കേണ്ടത്‌?” ആനി യേശുവിനെ ചൂണ്ടി. കുഞ്ഞുങ്ങൾ നിശബ്‌ദരായി.

അച്ചൻ പീഢാസഹനത്തിന്റെ പുസ്‌തകം തുറന്നുവായിച്ചു. ‘ഞാൻ അവനെ കണ്ടു. ഒരു പ്രത്യേകതയുമില്ലാത്തവൻ.. ക്ഷീണിതൻ, സങ്കടങ്ങളുടെ മനുഷ്യൻ“ മാർബിൾ പാകിയ ഒരു കല്ലറയ്‌ക്കു മുകളിൽ കുട്ടികളെ ഇരുത്തി ആനി മുട്ടിന്മേൽ നിന്നു. അവൾക്കു വിയർത്തു. മെഴുകുതിരികൾ ചെറിയ ശബ്‌ദത്തോടെ മറിഞ്ഞു വീണ്‌ ഉരുകി. ഓർക്കാനാളില്ലാതെ ശയിക്കുന്നവർക്കുവേണ്ടി ഒരു പ്രാർത്ഥന ചൊല്ലാൻ അവളാഗ്രഹിച്ചു.

എലിസബത്ത്‌ ഓർമ്മയിൽ വന്ന പ്രാർത്ഥനകളൊക്കെ ചൊല്ലിത്തീർത്തിട്ടും പിന്നെയും പുതിയ പുതിയ പ്രാർത്ഥനകൾ തലപൊക്കിവരുന്നു. ’ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധമറിയമെ, പാപികളുടെ സങ്കേതമേ, ഇതാ നിന്റെ പക്കൽ ഞങ്ങളോടിവന്നിരിക്കുന്നു. ഞങ്ങളുടെ മേൽ അലിവായിരുന്ന്‌ ഞങ്ങൾക്കുവേണ്ടി നിന്റെ തിരുക്കുമാരനോട്‌ പ്രാർത്ഥിക്കണമെ……‘ മുട്ടിന്മേൽ ഇഴഞ്ഞുകൊണ്ട്‌ അവൾ അടുക്കളയിലെത്തി പലകപ്പുറത്ത്‌ കൈകുത്തിക്കിടന്നുകൊണ്ട്‌ മണ്ണെണ്ണ സ്‌റ്റൗ കത്തിച്ചു. ചായ കുടിക്കാതെ, കുരിശിന്റെ വഴിയ്‌ക്കു പോയ ആനിയും ജോസഫും കുട്ടികളും വരുമ്പോൾ ചായ തിളപ്പിച്ചു വയ്‌ക്കണം. കാലത്തുണ്ടാക്കിയ പിടി ആവികൊള്ളിച്ചു വച്ചാൽ പിള്ളേരു കഴിച്ചോളും. ചിലപ്പോൾ ജോസഫും. സ്‌റ്റവിന്റെ പിസ്‌റ്റണടിച്ച്‌ എലിസബത്തിന്റെ കയ്യിൽ തഴ&?221.​‍ു വന്നിരുന്നു. നാളെ കൊഴുക്കട്ടയുണ്ടാക്കണം.. ചെറുപ്പത്തിൽ അമ്മയോടൊപ്പം കൊഴുക്കട്ട പിടിക്കാനിരിക്കുന്നത്‌, ജോസഫും ചേട്ടന്മാരും വരുമ്പോൾ കുമ്പിളപ്പത്തിനുവേണ്ടി തല്ലുപിടിക്കുന്നത്‌ ഞായറാഴ്‌ച കാലത്ത്‌” പള്ളീന്നു വന്നിട്ട്‌ ശർക്കര നീരൊലിക്കുന്ന തണുത്ത കൊഴുക്കട്ട കട്ടൻചായയ്‌ക്കു കൂട്ടിത്തിന്ന്‌ തൃപ്‌തരാകുന്നത്‌ – ഓർമ്മകളൊക്കെ അറുപത്തിനാലാംവയസ്സിലും ചെറുപ്പമായി വരുന്നല്ലോ എന്ന്‌ എലിസബത്ത്‌ ചിന്തിച്ചു. പകലോ രാത്രിയോ ഒന്നു കണ്ണടച്ചാൽ മരിച്ചു പോയവർ ചക്രം പിടിച്ച വണ്ടിയിൽ ആകാശത്തൂന്ന്‌ മിന്നായം പോലെ എലിസബത്തിന്റെ ജനലിൽക്കൂടി അകത്തേയ്‌ക്ക്‌ വരും. ഗൾഫിൽ ജോലിക്കുപോയി കാണാതെയായ, ചേച്ചിയുടെ മകൻ ആന്റപ്പനടക്കം. ഞെട്ടി എഴുന്നേക്കുമ്പോൾ ആരുമില്ല. ആത്മാക്കൾ വന്നുവിളിക്കയാണോ? അവൾക്ക്‌ പേടി തോന്നുന്നു. വീണ്ടും ഉറങ്ങുമ്പോൾ ഭാരമുള്ളൊരു ശരീരം നെഞ്ഞത്തമരും പോലെ ശരീരത്തെ ഞെരിയ്‌ക്കും പോലെ. കഴുത്തിലും കവിളുകളിലും ചുണ്ടിലും ചട്ടയ്‌ക്കുള്ളിലും ഉടുമുണ്ടിനുളളിലും ആരോ നിറഞ്ഞുകവിയും പോലെ. ശ്വാസം മുട്ടി പിടഞ്ഞെഴുന്നേറ്റ്‌ കിതയ്‌ക്കുമ്പോൾ ആരുമില്ല. അടുത്ത മുറിയിൽനിന്ന്‌ ജോസഫിന്റെ കൂർക്കംവലി കേൾക്കാം. ’ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന്‌ വിങ്ങിക്കരഞ്ഞ്‌ ഞങ്ങൾ അങ്ങേപ്പക്കൽ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്‌ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമെ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ അനന്തരഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമെ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമേ, ആമേൻ‘

എലിസബത്ത്‌ പ്രാർത്ഥനകൾ മാറിമാറി ചൊല്ലിക്കൊണ്ടേയിരിക്കും. ആനി രാവിലെ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ വരുമ്പോൾ അവൾക്ക്‌ ജോസഫിന്റെ മണമാണോ? അവളുടെ ക്ഷീണിച്ച ശരീരം അവനെ ദിനവും ഏറ്റുവാങ്ങുന്നുണ്ടാവുമോ?…. എലിസബത്തിന്‌ പെട്ടെന്ന്‌ അവളോട്‌ സ്‌നേഹവായ്‌പുണ്ടായി. കുട്ടികൾ ഓടിവന്ന്‌ അവളെ കെട്ടിപ്പിടിച്ച്‌ ചട്ടയ്‌ക്കുള്ളിൽ കൈ കടത്തി മുലഞ്ഞെട്ടുകളിൽ തെരുപിടിപ്പിച്ചുകൊണ്ടിരിക്കും. എലിസബത്ത്‌ അവരെ നിർബന്ധിച്ചു പല്ലു തേപ്പിച്ചു. ഭക്ഷണം കഴിപ്പിക്കും. കഥ പറഞ്ഞുകൊടുക്കും. ജ്ഞാനസുന്‌ദരിയുടെ കഥ, ജീവിതനൗകയുടെ കഥ, അന്നംകുട്ടിയും ഏലിക്കുട്ടിയുമൊരുമിച്ച്‌ വേദപാഠക്ലാസിൽ പോകാറുണ്ടായിരുന്ന കഥ, അപ്പൻ വള്ളത്തേൽ പോയ്‌വരുമ്പോൾ മുറുക്കുകൊണ്ടു വരാറുള്ളകഥ, അമ്മ പള്ളിപ്പെരുന്നാളിന്‌ ചായക്കച്ചവടം നടത്തുമായിരുന്ന കഥ. കുട്ടികൾ ഭക്ഷണം കഴിച്ചു പോയാലും എലിസബത്ത്‌ കഥകളിൽ നഷ്‌ടപ്പെട്ട്‌ പ്രാർത്ഥനകളിൽ ഉയിർത്തെഴുന്നേറ്റ്‌ പുത്തൻ പാനയും മിശിഹാചരിത്രവും പൊടിതട്ടി അങ്ങനെ മുന്നോട്ടു പോവുന്നു.

ചായ അരിച്ചൊഴിക്കുമ്പോൾ എലിസബത്തിന്‌ ദാഹിച്ചു. ശരീരത്തിലെ തൊലിയ്‌ക്കടിയിലൂടെ മാംസത്തിനു മുകളിൽ ഉറുമ്പുകൾ നുരയ്‌ക്കുന്നു. തുള്ളികുത്തി വിയർക്കുന്നു. നാവു കുഴഞ്ഞു പോവുന്നു. ഹൃദയം നെഞ്ചിൽകൂടു നിറഞ്ഞ്‌ പുറത്തേയ്‌ക്ക്‌ മിടിക്കുന്നു. ആനിയും പിള്ളേരും പള്ളിയിൽ നിൽക്കുന്നത്‌ അവൾ കണ്ടു. “എനിക്കു ദാഹിക്കുന്നു” – യേശു ദയനീയമായി നിലവിളിച്ചു. വിനാഗിരിയിൽ മുങ്ങിയ പഞ്ഞികൊണ്ട്‌ അവർ അവന്റെ ചുണ്ടു നനച്ചു “എല്ലാം പൂർത്തിയായി” – എന്ന്‌ നിശ്വസിച്ച്‌ യേശു കുരിശിൽ തല ചായ്‌ച്ച്‌ മരിച്ചു. മരിച്ചെന്നുറപ്പു വരുത്തിയശേഷം അവർ അവന്റെ ശരീരം കുരിശിൽ നിന്നിറക്കി മറിയത്തിന്റെ മടിയിൽ കിടത്തി അവന്റെ ദൃഢമായ കൈകൾ ഒടിഞ്ഞു തൂങ്ങിക്കിടന്നു.

എലിസബത്തിന്റെ മടിയിൽ അവന്റെ ഭാരം നിറഞ്ഞു. അവന്റെ ശ്‌മശ്രുക്കൾ അവളുടെ തുടയെ സ്‌പർശിച്ചു. ഒരു തേക്കത്തോടെ അവൾ തറയിലേക്ക്‌ ചരിഞ്ഞു.

“അരുമ സുതന്റെ മേനി

മാതാവു മടിയിൽ കിടത്തിടുന്നു

അലയാഴി പോലെ നാഥേ

നിൻ ദുഃഖമതിരു കാണാത്തതല്ലേ………”

ജനാവലി കുരുശിന്റെ വഴിയിൽ അസ്വസ്‌ഥരായി മൗനം പാലിച്ചു. പള്ളിയെ പ്രദക്ഷിണം വയ്‌ക്കാനായി ആളുകൾ വരിയായി നിന്നപ്പോൾ ആനി, കുഞ്ഞുങ്ങളുടെ തളർച്ച കണ്ടു. ജോസഫിനെ ആംഗ്യം കാണിച്ച്‌ അവൾ കുട്ടികളുമായി വീട്ടിലേക്കു നടന്നു. നാത്തൂൻ ചായയുണ്ടാക്കി വച്ചിരിക്കും. ആനിയ്‌ക്ക്‌ ഉന്മേഷം തോന്നി. എതിരെവന്ന ഒരപരിചിതനിൽ നിന്ന്‌ സങ്കടങ്ങളുടെ പരിചിതമായ ഒരല ഒഴുകിവന്ന്‌ അവളെ തൊട്ടു. വീട്‌ കുറച്ചകലെ തലതാഴ്‌ത്തി നിൽക്കുന്നത്‌ അവൾ കണ്ടു. “നാളെ കൊഴുക്കട്ട ശനിയാണ്‌. നമുക്ക്‌ കൊഴുക്കട്ട തിന്നണ്ടേ?” – അവൾ കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചു.

സന്തോഷത്തോടെയാണ്‌ ജോസഫ്‌ അച്ചൻ നീട്ടിയ വെള്ളിക്കുരിശ്‌ ഏറ്റുവാങ്ങിയത്‌. ചെറിയ കുടമണികളുടെ തൊങ്ങലുകൾ കുരുശിന്റെ ഭാരത്തെ ലഘൂകരിച്ചുകൊണ്ട്‌ അയാളുമായി ചങ്ങാത്തം സ്‌ഥാപിച്ചു. അപ്പൻ പെരുന്നാളിന്‌ തിരുസ്വരൂപം ചുമക്കുന്നത്‌ ആദരവോടെ നോക്കിനിന്ന കുട്ടിക്കാലം അയാൾ ഓർത്തു. മെയ്‌ 1ന്‌ രൂപം പുറത്തിറങ്ങും എന്തൊരു പുരുഷാരം! ഗീർവർഗീസ്‌ പുണ്യാളൻ പുരുഷാരത്തിനു മുകളിലൂടെ ആടിയുലഞ്ഞ്‌ നീണ്ടും. വെറ്റില വലിച്ചെറിയുന്ന കൈകൾ വിയർപ്പ്‌, പൊട്ടിത്തകരുന്ന മുല്ലമാലകളിൽ നിന്നുതിർന്ന്‌ പതിക്കുന്ന പൂക്കൾ, കുന്തിരിക്കത്തിന്റെ പേടിപ്പിക്കുന്ന ഗന്ധം ബാന്റുമേളവും ചെണ്ടയും വെടിമരുന്നും കൂടിയുണ്ടാകുന്ന മറവിയുടെ ശബ്‌ദം, കുഞ്ഞുങ്ങളുടെ കരച്ചിൽ, കച്ചവടക്കാരുടെയും ഭിക്ഷക്കാരുടെയും ദീനശബ്‌ദങ്ങൾ, പള്ളിമേടയിൽ നിന്നുയരുന്ന ഇറച്ചിക്കറിയുടെ മാദകഗന്ധം. പള്ളിക്കകത്ത്‌ മരപ്പണിക്കാരൻ ജോസഫും ഭാര്യ മറിയവും അവരുടെ മകനും തനിച്ചാണല്ലോ എന്ന്‌ എന്തുകൊണ്ടാണ്‌ ആ സമയങ്ങളിൽ താൻ ഓർക്കാറുണ്ടായിരുന്നതെന്ന്‌ ജോസഫ്‌ അതിശയിച്ചു. മാർച്ച്‌ 19ന്‌ കണ്ണമാലിയിൽ നേർച്ച സദ്യയുണ്ണാൻ അപ്പൻ കൊണ്ടുപോകും. “നിനക്ക്‌ പുണ്യാളന്റെ പേരാ ഇട്ടത്‌” – എന്ന്‌ ആദ്യം കേട്ടതുമുതൽ താനനുഭവിക്കുന്ന ചെറുതല്ലാത്ത അവകാശബോധം കൊണ്ടാവാം.

“കുരിശിൻ മരിച്ചവനേ

കുരിശാലെ വിജയം വരിച്ചവനേ

മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ

വഴിയേ വരുന്നു ഞങ്ങൾ……………..”

അപ്പനെ ഓർത്തിട്ടോ കുരിശിനെ ഓർത്തിട്ടോ ജോസഫിന്റെ ഓർമ്മ ഇടറി. എമ്മാനുവൽ എന്ന യേശു കുരിശിന്മേൽ വിശ്രമിച്ചുകൊണ്ട്‌ ജനാവലിയുടെ പിറകിലായി. ’എന്തൊരു ഏകാന്തത‘ – യേശുവിന്റെ ഉയർന്ന നാസികയും എഴുന്നുനില്‌ക്കുന്ന വാരിയെല്ലും ഒട്ടിയ വയറും ശ്രദ്ധിച്ചുകൊണ്ട്‌ ജോസഫ്‌ പിറുപിറുത്തു. ജോസഫ്‌ എന്ന മരപ്പണിക്കാരൻ പിതാവിന്റെ വിരൽത്തുമ്പ്‌ ഉപേക്ഷിച്ച എമ്മാനുവലിന്റെ കൈത്തലത്തിന്റെ ഏകാന്തത തുളയ്‌ക്കപ്പെട്ട്‌ ചോരത്തുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു. ജോസഫിന്‌ പൊടുന്നനെ വെള്ളിക്കുരിശു പിടിച്ച കൈത്തലം വേദനിച്ചു. കുരിശിൻ ചുവട്ടിൽ കണ്ണീരൊഴുക്കിനിന്ന മറിയവും മാറത്തടിച്ചു നിലവിളിക്കുന്ന യരുശലേം പുത്രിമാരും തുവാലകൊണ്ട്‌ യേശുവിന്റെ മുഖം തുടച്ച വേറോനിക്കയും ഇടവും വലവും കുഞ്ഞുങ്ങളെ കൈപിടിച്ചു കൊണ്ട്‌ നടന്നുപോയ ആനിയും വൃദ്ധകന്യകയായ എലിസബത്തും മുമ്പെത്തേയും പോലെ തന്നെ ഇപ്പോഴും അയാളുടെ വേദനയെ വർദ്ധിപ്പിച്ചില്ല. “ ഏൽ, ഏൽ….. ലാമാസ; രത്താനീ?!…… എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട്‌ നീ എന്നെ ഉപേക്ഷിച്ചു?!” എന്നൊരു നിലവിളിയുടെ അറ്റത്ത്‌ യേശുവിനോടൊപ്പം അവന്റെ അപ്പനുമുണ്ടായിരുന്നോ, എന്ന പരിഹാസമില്ലാത്ത സംശയം ജോസഫിന്റെ കൈകളെ ബലഹിനമാക്കിക്കൊണ്ടിരുന്നു.

എലിസബത്തിന്റെ ചീർത്തു വിളറിയ ശരിരത്തെ ആനി തന്റെ ബലഹീനമായ കൈകളിൽ താങ്ങിയുയർത്താൻ പണിപ്പെട്ടു. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമനുഭവപ്പെട്ടപ്പോൾ ആനിയുടെ കൈകൾ വിറയ്‌ക്കുകയും ശിരസിലെ അജ്‌ഞ്ഞാത കേന്ദ്രത്തിൽ നിന്ന്‌ മൂർച്ചയുള്ള ഒരു ചൂട്‌ നെറ്റിയിലെ ഞരമ്പുകളിലേയ്‌ക്ക്‌ പൊടുന്നനെ പ്രവഹിക്കുകയും ചെയ്‌തു. . മിഴിച്ചുനിൽക്കുന്ന കുട്ടികളെക്കുറിച്ച്‌ ഒറ്റ നിമിഷത്തേയ്‌ക്ക്‌ ആനി ഓർത്തു. അവൾ ഇഴഞ്ഞുപോയി അല്‌പം വെള്ളമെടുത്ത്‌ എലിസബത്തിന്റെ വിളർത്ത ചുണ്ടുകളിലേയ്‌ക്ക്‌ ഇറ്റിച്ചു. എന്നാൽ അവളുടെ തുറന്ന കണ്ണുകൾ ദാഹത്തെ വിസ്‌മരിച്ചു കഴിഞ്ഞതായി തോന്നിച്ചു. “ഈശോ മറിയം ഔസേപ്പേ, ഈ ആത്മാവിന്‌ കൂട്ടായിരിക്കണമെ” – എന്നൊരു പ്രാർത്ഥന മുഴുമിപ്പിക്കുന്നതിനുമുമ്പ്‌ കണ്ണഞ്ചിക്കുന്ന ഒരു പ്രകാശം ആനിയുടെ ഞരമ്പുകളെ വലിച്ചു മുറുക്കുകയും അവളുടെ കൈകാലുകൾ കോച്ചിവലിക്കുകയും ചെയ്‌തു. കുട്ടികൾക്ക്‌ മുന്നറിയിപ്പു കൊടുക്കാനാവും മുമ്പ്‌ വായിൽ നിന്ന്‌ നുരയും പതയും ഒഴുകി അവൾ തറയിൽ അവർക്കരുകിലായി വീണുകിടന്നു കണ്ണുകാണാത്ത ഒരു വെളിച്ചത്തിൽ ഇഴഞ്ഞുകൊണ്ടിരിക്കെ, ഇരുകാലുകളിൽ എഴുന്നേറ്റു നടന്നു വന്ന ഔതക്കുട്ടി പണ്ടൊക്കെ ചെയ്യാറുണ്ടായരുന്നതുപോലെ, അരുമയോടെ ആനിമോളുടെ നെറുകയിൽ തലോടാനായുകയും ഒരിരുമ്പു താക്കോൾ അവളുടെ കൈകളിൽ പിടിപ്പിക്കാൻ നീട്ടിക്കൊണ്ടേയിരിക്കുകയും ചെയ്‌തു.

Generated from archived content: story1_dec22_09.html Author: dr.ligi_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here