ആത്മീയ പ്രതിസന്ധികളിൽ പെട്ടുഴലുന്ന ഒരു സാധാരണക്കാരന്റെ സംഘർഷങ്ങളെ ഭാവാത്മകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന കവിതകളാണ് ‘ആറാം വിരൽത്തുമ്പത്ത്’ എന്ന സമാഹാരത്തിന്റെ ഉള്ളടക്കം. സ്‌ഥാപനവല്‌ക്കരിക്കപ്പെട്ട ആദ്ധ്യാത്മികതയോടുള്ള പ്രതിഷേധവും പുച്ഛവും നൈരാശ്യവും ഈ കവിതകളുടെ മുഖമുദ്രയാണ്. ക്രിസ്‌തീയ ബിംബങ്ങൾ ഇവയുടെ ഭാവപരിസരത്തിന് ആഴംകൂട്ടുകയും പുതിയ മാനങ്ങൾ പകരുകയും ചെയ്യുന്നു. ക്രിസ്‌തു എന്ന മനുഷ്യപുത്രൻ തന്റെ തന്നെ സത്തയിലുൾച്ചേർന്നിരിക്കുന്നത് കവി തിരിച്ചറിയുന്നു. ആത്മീയതയുടെ ആഘോഷവേളകൾക്കിടയിൽ അറുക്കപ്പെടാൻ പോവുന്ന ആട്ടിടയൻ ക്രിസ്‌തുവുമാണ്; കവിയുമാണ്.
കുന്തിരിക്കം, രൂപക്കൂട്, അന്ത്യകൂദാശ, ജപമാല, ഒറ്റിക്കൊടുക്കൽ, കുരിശ്, – തുടങ്ങിയവ മനുഷ്യപുത്രൻമാരുടെ സംഘർഷങ്ങളെ സംവഹിക്കുന്ന പ്രതിരൂപങ്ങളായി മാറുന്നു. അകക്കണ്ണിലിരുട്ട് വ്യാപിക്കുമ്പോൾ
“നേരുകളില്ലെന്നൊരവസ്‌ഥ,
നേരുകൾ ചെയ്യാനാവാത്തൊരവസ്‌ഥ”
നാം തിരിച്ചറിയുന്നു. മരണത്തിന്റെ മടുപ്പിക്കാത്ത മണത്തെ കവി കൂട്ടുകാരനായി വരിക്കുന്നു. ക്യൂ പാലിക്കുന്ന ശവശരീരങ്ങളും മതവിശ്വാസങ്ങളില്ലാത്ത ആത്മഹത്യകളും മനുഷ്യപുത്രന്റെ തിരുമുറിപ്പാടുകളിൽ വീണ്ടും രക്തമിറ്റിക്കുന്നു. കുരിശുമരണവും ഓർമ്മപ്പെരുന്നാളുകളും മദ്യവും മാംസവുമായി, കുഞ്ഞാടുകളുടെ ബലിയായി ആഘോഷിക്കപ്പെടുന്നതിനോടുള്ള എതിർപ്പ് കവിതയുടെ അഗ്നിയായ് വെളിച്ചമായ് രൂപാന്തരം പ്രാപിക്കുന്നു.
ഇരുട്ടത്തിരുന്നുകൊണ്ട് ഈ കവി വെളിച്ചത്തിനായി പ്രാർത്ഥിക്കുന്നു. പുണ്യം പഴകിയാൽ പാപം പിറകേ വരുമെന്നും പാപം പഴകിയാൽ ഒരിയ്‌ക്കൽ നീ പുണ്യത്തിന്നടിമായാകുമെന്നും ഈ വെളിച്ചം കവിയെ പഠിപ്പിച്ചുവത്രെ. കവിയുടെ വാക്കുകളിൽ സത്യസന്ധതയുടെ തെളിച്ചവും ആത്മാർത്ഥതയും നിഴലിക്കുന്നു എന്നതാണ് ഈ സമാഹാരത്തിന്റെ മേന്മ. “മുലപ്പാൽ നുണയാനിനി ഒരു കുഞ്ഞുപോലും ജനിക്കാതിരിക്കട്ടെ” എന്ന് കവി പ്രാർത്ഥിച്ചുപോവുന്നതും ആ ആത്മകഥകൊണ്ടു തന്നെ.
ആറാം വിരൽത്തുമ്പത്ത്
പ്രസാധകർഃ എച്ച് ആന്റ് സി പബ്ലീഷിംഗ് ഹൗസ്
ഗ്രന്ഥകർത്താഃ വില്യംസ്‌ജി
പേജ് – 48, വില 40 രൂപ.
Generated from archived content: book2_feb3_11.html Author: dr.ligi_joseph