ലോക സിനിമ കാലത്തിന്റെ കയ്യൊപ്പ്‌ മേടിച്ച ചലച്ചിത്ര പ്രതിഭകൾ

സിനിമ ഒരു ദൃശ്യാവിഷ്‌കാരമാണ്‌. സർവ്വസാധാരണമായ ചില ദ്യശ്യങ്ങളിൽ നിന്നുതന്നെയും ഒരു കലാകാരന്റെ അകക്കണ്ണുകൾ സുന്ദരവും അർത്ഥപൂർണവുമായ ചില സംവേദനങ്ങൾ കണ്ടെടുക്കുകയും അത്തരം ദൃശ്യങ്ങളെ ചാരുതയോടെ ചേർത്തടുക്കി ഒരു ദർശനത്തെ കലാപരമായ സത്യസന്ധതയോടെ പ്രേക്ഷകനിലേക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.

ലോക സിനിമ – കാലത്തിന്റെ കയ്യൊപ്പ്‌ മേടിച്ച ചലച്ചിത്ര പ്രതിഭകൾ എന്ന ചലച്ചിത്ര പഠന ഗ്രന്ഥത്തിൽ ലേഖകൻ എം.കെ. ചന്ദ്രശേഖരൻ ഈ ചലച്ചിത്ര പ്രതിഭകളെയും അവരുടെ പ്രധാന ചിത്രങ്ങളെയും വിലയിരുത്തുന്നത്‌ മുകളിൽ പറഞ്ഞ സ്വർഗ്ഗപ്രക്രീയാ രീതിയെ വിശകലനം ചെയ്‌തുകൊണ്ടാണ്‌. എന്തുകൊണ്ട്‌ ഈ പുസ്‌തകം വായനക്കാർക്ക്‌ തികച്ചും സമഗ്രമായ ഒരവബോധം (ചലച്ചിത്രത്തെപ്പറ്റിയും അതിന്റെ സ്രഷ്‌ടാവിനെ പറ്റിയും) നൽകുന്നു എന്ന ചോദിച്ചാൽ, ഈ വിശകലനരീതി അത്രമേൽ സൂക്ഷമവും ലളിതവും ചരിത്രത്തോടു നീതി പുലർത്തുന്നതുമാണ്‌ എന്നാണ്‌ ഉത്തരം.

ഏഴു അദ്ധ്യായങ്ങളിലായി, ലോകസിനിമയുടെ നാഴികക്കല്ലുകളായി മാറിയ ചലച്ചിലത്രകാരന്മാരെയും അവരുടെ പ്രധാന സൃഷ്‌ടികളെയും വിശകലനം ചെയ്യുന്നു. ഒന്നാം അദ്ധ്യായം ചാർളി ചാപ്ലിനെപ്പറ്റിയാണ്‌. ചാപ്ലിനെ ഷോമാനാക്കിയത്‌ സ്വന്തം ജീവിതം തന്നെയാണെന്നും അദ്ദേഹത്തിന്റെ സിനിമകൾ സ്വേച്ഛാധിപത്യത്തോടും അമാനവികതയോടും രസകരമായി കലഹിച്ചത്‌ എപ്രകാരമാണെന്നും ലേഖകൻ വളരെ യുക്തി ഭദ്രമായി പ്രതിപാദിക്കുന്നു.

ഇഗ്‌മാർ ബർഗ്‌മാനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ ദാർശനിക തലങ്ങളെ കുറിച്ചോ അതു പങ്കുവയ്‌ക്കുന്ന സൂക്ഷ്‌മസ്‌പർശിയായ മാനസിക തലങ്ങളെ പറ്റിയോ അറിഞ്ഞു എന്നുവരില്ല. മരണഭയമെന്ന നിത്യസഹചാരി എന്ന അദ്ധ്യായത്തിൽ ബർഗ്‌മാൻ എന്ന ചലച്ചിത്രകാരൻ ലോകത്തെ അറിയിക്കാൻ ശ്രമിച്ച ആഴമേറിയ ചില അന്വേഷണങ്ങൾ, എപ്രകാരം ദൃശ്യാവിഷ്‌ക്കാരമായി രൂപം കൊണ്ടുവെന്ന്‌ വ്യക്തമാക്കുന്നു. സെവൻത്‌സീൽ എന്ന സിനിമയുടെ വിശദമായ പരിശോധന ലേഖകൻ ഈ അദ്ധ്യായത്തിൽ നിർവഹിച്ചിട്ടുണ്ട്‌.

ബൈസ്‌ക്കൾ തീവ്‌സ്‌ എന്ന മഹത്തായ ചലച്ചിത്രത്തിന്റെ മുൻപും പിൻപുമുണ്ടായ വിവിധഭാഷാ ചിത്രങ്ങളെക്കൂടി സൂചിപ്പിച്ചുകൊണ്ടെഴുതിയിരിക്കുന്ന മൂന്നാം അദ്ധ്യായം, വിക്‌ടോറിയാ ഡിസീക്കയുടെ ഔന്നിത്യത്തെയും ഒപ്പം ആ സിനിമയുടെ മാനവിക തലത്തെയും വളരെ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു. സിനിമയെ തികച്ചും മാനുഷികമായ ഒരു കോണിൽ നിന്ന്‌ നോക്കിക്കാണാനും ഒപ്പം സത്യജിത്‌റേയെയും ഡിസീക്കയെയും വളരെ അടുപ്പിച്ചുവച്ച്‌ ഒത്തുനോക്കാനും ഈ അദ്ധ്യായത്തിൽ ലേഖകൻ മുതിർന്നിട്ടുണ്ട്‌.

വിവിധ ഫിലിം സൊസൈറ്റികളുടെ ഫലമായി നടന്നിട്ടുള ഫിലിം ഫെസ്‌റ്റിവലുകളിൽ പ്രായഭേദമന്യേ കേരളത്തിലെ ജനങ്ങൾ കണ്ടാസ്വദിച്ചിട്ടുള്ള അന്യഭാഷാചിത്രങ്ങളിൽ മുൻപന്തിയിൽ നില്‌ക്കുന്നത്‌ ജാപ്പനീസ്‌ സംവിധായകനായ അകിരാ കുറോസവയുടെ ചിത്രങ്ങളാണ്‌. റാഷെ മോൺ എന്ന ചിത്രം മാത്രം കണ്ടവർക്കും പ്രകൃതിയെ ഉപാസിച്ച ചലച്ചിത്ര ശില്‌പി എന്ന അദ്ധ്യായം തികച്ചും അർത്ഥപൂർണ്ണമാണെന്ന്‌ തിരിച്ചറിയാവുന്നതാണ്‌. കാട്‌, മഴ, മഞ്ഞ്‌, മനുഷ്യൻ – ഇവയ്‌ക്ക്‌ കുറോസവ നല്‌ക്കുന്ന നാനാർതഥങ്ങളെക്കുറിച്ച്‌ ലേഖകൻ സോദാഹരണം വിശദീകരിക്കുമ്പോൾ നമുക്ക്‌ അത്‌ ബോധ്യപ്പെടും. അടിയൊഴുക്കായി റേയുടെ ദൃശ്യങ്ങളെയും ലേഖകൻ കാണിച്ചു തരുന്നുണ്ട്‌. കുറോസവയുടെയും റേയുടെയും സിനിമകളിലെ ശബ്‌ദവും ഗന്ധവും പോലും വായനക്കാരനിലേക്ക്‌ പ്രസരിപ്പിക്കാൻ ഈ അധ്യായത്തിലൂടെ ലേഖകന്‌ കഴിഞ്ഞിരിക്കുന്നു.

ഈ പുസ്‌തകം വായിച്ചു തുടങ്ങുമ്പോൾതന്നെ പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിക്കപ്പെടുന്ന പേരാണ്‌ റേയുടേത്‌. അഞ്ചാം അധ്യായത്തിൽ, ഒരേയൊരു സത്യജിത്‌റേ എന്ന പേരിൽ അത്‌ പടർന്നുപന്തലിച്ചിരിക്കുന്നു. ഇന്ത്യൻ അവസ്‌ഥകളെ ഇത്ര ഗംഭീരമായി അർത്ഥഗർഭമായി പുനർനിർമ്മിച്ചിട്ടുള്ള മറ്റൊരു ചലച്ചിത്രകാരനില്ല എന്ന്‌ നമുക്ക്‌ ബോധ്യപ്പെടും. പാഥേർ പാഞ്ചാലിയുടെ സൂക്ഷ്‌മമായ വിശകലനവും തുടർന്നുള്ള സിനിമകളിലേക്കുള്ള ചില തിരിനീട്ടലുകളും ഈ അധ്യായത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്‌. നോവലിനെയും സിനിമയെയും ചേർത്തുനിർത്തി, റേ കണ്ടെടുത്ത ചില ദൃശ്യങ്ങളുടെ സാംഗത്യവും കലാമേന്മയും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത മൂല്യങ്ങൾക്കും ചലച്ചിത്ര വീക്ഷണങ്ങൾക്കും എതിരെ കലഹിച്ച ഗൊദാർദിനെപ്പറ്റി പറയുന്ന ആറാം അധ്യായം ബ്രെത്ത്‌ലെസ്സ്‌ എന്ന സിനിമയുടെയും ഒപ്പം അദ്ദേഹത്തിന്റെ മറ്റ്‌ സിനിമകളുടെയും ഒരു സ്‌ഥൂലനിരൂപണം ഉൾക്കൊള്ളുന്നു. ചലച്ചിത്രകാരൻ എന്ന നിലയിലുള്ള, ഗൊദാർദിന്റെ വ്യത്യസ്‌തതയെക്കുറിച്ചും ചില ദൃശ്യങ്ങളുടെ പ്രത്യേക വിന്യാസത്തെ കുറിച്ചും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ഗൊദാർദിന്റെ സിനിമകളെ പറ്റിയുള്ള ദുരൂഹത വായനക്കാരിലേക്കും പടരുന്നുണ്ട്‌ എന്നതാണ്‌ സത്യം.

ബാറ്റിൽഷിപ്‌ പൊട്ടംകിൻ എന്ന നിശബ്‌ദ ചിത്രത്തിന്റെ സൂക്ഷ്‌മവും സമഗ്രവുമായ വിലയിരുത്തലാണ്‌ ഏഴാം അധ്യായത്തിലെ ലോകസിനിമയെ കീഴ്‌മേൽ മറിച്ച നിശബ്‌ദ ചിത്രം എന്ന തലക്കെട്ടിനു കീഴെ. കറുപ്പിലും വെളുപ്പിലും, നിശബ്‌ദവും ചടുലവുമായ ഷോട്ടുകളിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ സിനിമയെക്കുറിച്ച്‌, ഇതു കാണാത്ത വ്യക്തികളിലേക്കും ആകർഷണത്തിന്റെ ഒരു തീപ്പൊരി പാറിക്കാൻ ഈ ലേഖനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഈ സിനിമ ആവേശത്തോടെ ആവർത്തിച്ചു കണ്ട ഒരാളാണ്‌ ലേഖകനെന്ന്‌ ഓരോ വരിയും വിളിച്ചു പറയുന്നു.

ലോകസിനിമയോടുള്ള ആദരവിനൊപ്പം ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും സത്യജിത്‌റേ എന്ന മഹാനായ ചലച്ചിത്രകാരനോടുള്ള ആവേശം കലർന്ന സ്‌നേഹാദരങ്ങളും ഈ പുസ്‌തകത്തിന്‌ ആധാരമായി വർത്തിച്ചിട്ടുണ്ട്‌. നല്ല വായനാക്ഷമതയും സരളമായ പ്രതിപാദനരീതിയും ഒരാസ്വാദകന്റെ സഹൃദയത്വവും ഈ പുസ്‌തകത്തിലേക്ക്‌ സാധാരണക്കാരനെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. തിരക്കഥയും ഛായാഗ്രഹണവും ശബ്‌ദസന്നിവേശവും മുമ്പെപ്പോഴത്തെക്കാളും ഇതിന്റെ ശ്രദ്ധയും പഠനവും ആവശ്യപ്പെടുന്ന ഇക്കാലത്ത്‌ ഈ പുസ്‌തകം കുട്ടികൾക്കും വലിയവർക്കും ഒരു കൈപ്പുസ്‌തകമായി ഉപകരിക്കും.

(കടപ്പാട്‌ ഃ ക്രിട്ടിക്‌സ്‌ വേൾഡ്‌)

Generated from archived content: book1_nov20_09.html Author: dr.ligi_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here