ഇത് കഥയിലെ ജനാധിപത്യത്തിന്റെ കാലം. ജീവിതത്തിന്റെ വ്യത്യസ്‌തവിതാനങ്ങളിൽ നിന്നുളള ഒട്ടെറെ എഴുത്തുകാർ വൈവിധ്യം പുലർത്തുന്ന രചനകളുമായി രംഗത്തെത്തുന്നു. കഥയുടെ ഉളളിടങ്ങളിലേക്കു കടന്നാൽ മറ്റൊരു കാഴ്‌ച. കേന്ദ്രീകൃതമായ പ്രമേയങ്ങളോ ആശയലോകങ്ങളോ രചനാസങ്കേതങ്ങളോ അല്ല കഥാസാഹിത്യത്തിൽ കാണുന്നത്. ഓരോ കഥാകൃത്തും ഇക്കാര്യത്തിൽ വേർതിരിഞ്ഞു നിൽക്കുന്നു. ഒരേ കഥാകൃത്തിന്റെ തന്നെ വ്യത്യസ്‌തകഥകളിലും ഈ വൈവിധ്യം കാണാം. ഇത്തരത്തിലുളള കഥാന്തരീക്ഷത്തിലാണ്, ആർജ്ജവമുളള കഥകളുമായി ശ്രീകണ്‌ഠൻ കരിക്കകം കടന്നുവന്നത്-‘വേതാളം വലനെയ്യുന്നു’ എന്ന ആദ്യസമാഹാരത്തിലൂടെ.
‘കടൽ ഹൃദയം’ ശ്രീകണ്‌ഠന്റെ രണ്ടാമത്തെ കഥാസമാഹാരമാണ്. പതിമൂന്നു കഥകൾ. ആദ്യസമാഹാരത്തിലെ രചനകളിൽ നിന്ന് ശ്രദ്ധാപൂർവ്വം മുന്നേറുന്ന കഥാകൃത്തിനെ കടൽഹൃദയത്തിലെ കഥകളിൽ കാണാനാകും. സമകാലിക ജീവിതാവസ്ഥയുടെ ഞെരുക്കത്തിനിടയിൽ അസ്വസ്ഥരാകുന്ന സാധാരണ മനുഷ്യരുടെ ചിത്രങ്ങളാണീ കഥകളിൽ തെളിയുന്നത്. അതിന്റെ വേപഥു, ധർമ്മസങ്കടം, ആത്മനിന്ദ എന്നിവയൊക്കെ കഥയുടെ ഭാവതലത്തിൽ മുതിർന്നു നിൽക്കുന്നു. പ്രാദേശികാനുഭവത്തിന്റെ ഭാഷയും അന്തരീക്ഷവും മിക്കകഥകളിലും വ്യക്തിത്വദായകമായ ഒരാവരണമായി പടർന്നു നിൽക്കുന്നു.
ആദ്യസമാഹാരത്തിലെ കഥകളെ അപേക്ഷിച്ച് കൂടുതലായി കഥാരചനയിലെ പുതുസങ്കേതങ്ങളെ സാക്ഷാത്‌കരിക്കാനുളള ശ്രമവും ഈ സമാഹാരത്തിലെ കഥകളിൽ കാണാം. എങ്കിലും അതിനേക്കാൾ പ്രധാനം, ചെറുകഥ എന്ന സാഹിത്യരൂപത്തിന് സ്വാഭാവിക ചാരുതയായിത്തീരുന്ന ഭാവഗീതസ്‌പർശം, മിക്കകഥകളിലുമുണ്ട് എന്നതാണ്. ഭാഷ ബിംബാത്മകമായിത്തീരുന്നതിലൂടെയാണത് ഏറെയും വെളിവാകുന്നത്. തിരക്കു പെയ്യുന്ന നഗരം (ബാധ) ഏകാന്തത ഉരുകിയുറച്ച രാത്രി (കാവൽ വേട്ട) ഓർമ്മകളുടെ മഴ നനഞ്ഞു (പിൻവിളിമുഴക്കങ്ങൾ) മരുന്നുകൾ മാത്രം കൊണ്ടൊരുക്കിയ ചിതയിൽ വെന്തെരിയുന്ന ഭാര്യ (ആരക്കാലുകളിൽ തൂങ്ങിയാടി ചില കണ്ണാടിക്കാഴ്‌ചകൾ) അയഞ്ഞ ഗർഭപാത്രം പോലെ സ്‌മൃതികൾ താണു കിടന്ന ഉറി (തഴമ്പ്) എന്നിങ്ങനെ അത്തരം ബിംബാവലികൾ ഈ കഥകളിൽ പലതിനും ഭാവ ദീപ്‌തി നൽകുന്നു.
ഇതിന്റെ വിപരീത തലത്തിൽ നേർത്ത, ഇരുണ്ട ഹാസ്യവും വിരുദ്ധോക്തിയും ചേർന്നു വരുന്ന മറ്റൊരാഖ്യാനധാരയുണ്ട്. ഈ രണ്ട് വിപരീതധാരകൾ- ഭാവഗീതാത്മകതയും വിരുദ്ധോക്തി കലർന്ന ഇരുണ്ട ഹാസ്യവും -തമ്മിലുളള ചേർച്ചയിലൂടെ രൂപപ്പെടുന്ന രചനാശില്‌പം ചില കഥകളിലുണ്ട്. കടൽഹൃദയം എന്ന കാല്‌പനിക ചാരുതയാർന്ന ശീർഷകത്തിനു താഴെ അത്തരത്തിലുളള ഒരു കഥയാണുളളത്. ആ ഗണത്തിൽപ്പെട്ട കഥകളിലൂടെ നമ്മുടെ കാലത്തിന്റെ കപടനാട്യങ്ങളെയും ഹൃദയച്ചുരുക്കത്തെയും അവതരിപ്പിക്കാൻ കഥാകാരനു കഴിയുന്നു. തഴമ്പ് എന്ന കഥ അത് നിപുണമായി നിർവഹിക്കുന്ന മറ്റൊരു രചനയാണ്.
ആദ്യസമാഹാരത്തെ അപേക്ഷിച്ച് കൂടുതൽ മൂർത്തമായ ജീവിത ചിത്രണശേഷിയും ശില്‌പസൂക്ഷ്‌മതയും പ്രകടിപ്പിക്കുന്ന ചെറുകഥകളാണ് ശ്രീകണ്‌ഠൻ കരിക്കകത്തിന്റെ കടൽഹൃദയത്തിലുളളത്. ചെറുകഥാ രചനയുടെ എളുപ്പം വഴങ്ങാത്ത മാജിക് പ്രകടിപ്പിക്കാനാവുന്ന കഥകൾ തനിക്ക് എഴുതാനാകുമെന്ന സൂചനകൾ പലതും ഈ സമാഹാരത്തിലെ കഥകളിലുണ്ട്. അത് സാക്ഷാത്‌കരിക്കാൻ കഴിയുന്ന രചനകൾ എഴുതാൻ ഈ കഥാകൃത്തിന് കാലം കരുത്തു നല്‌കട്ടെ എന്ന് ആശംസിക്കുന്നു.
കടൽഹൃദയം (കഥകൾ), ശ്രീകണ്‌ഠൻ കരിക്കകം, സെഡ് ലൈബ്രറി, വില – 50.00.
Generated from archived content: book1_aug24_05.html Author: dr-ks-ravikumar