അനസിന്റെ ചെറുകഥകൾ ശാസ്‌ത്രത്തിന്റെയും യുക്തിയുടെയും അന്തരീക്ഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അവയ്‌ക്ക് അതിവിശേഷമായ വ്യക്തിത്വമുണ്ട്. സൂക്ഷ്‌മനിരീക്ഷണങ്ങൾ സൂചിമുനപോലെ പ്രത്യക്ഷപ്പെടുന്നു. സമ്പന്നന് ഒരു നേരം കഴിക്കാതെ പോയ ആഹാരത്തിന്റെ ഓർമ്മയാണ് വിശപ്പ്; ജനനത്തിന്റെ ജാതിയും മതവും വർഷവും വർണ്ണവും ദേശവും ഭാഷയും കാലവും കോലവും ലിംഗവും കുലവുമെല്ലാം അതീത കാര്യങ്ങളാകുമ്പോൾ ദേശീയതയെക്കുറിച്ചുളള അഭിമാനം അപ്രസക്തം; ഭൂമിയുടെ അതിരുകൾ മായുന്നു; ആകാശത്തിൽ അതിരുകൾ നിറയുന്നു; ട്രെയിനിന് അടിയിൽപ്പെട്ട് ജീവിതാന്ത്യം എന്നു ഭയക്കുമ്പോൾ ലവൽ ക്രോസിലൂടെ ഇരച്ചുവന്ന ടിപ്പർ ലോറി തട്ടി മരണം; അങ്ങനെ അനേകം യാദൃശ്ചികതകൾ സൃഷ്‌ടിച്ചുകൊണ്ടാണ് ഓരോ കഥയുടെയും പിറവി.
എല്ലാം തന്നെ ചെറിയ കഥകൾ. വ്യത്യസ്‌തമായ കഥാന്തരീക്ഷം. അധികവും ശാസ്‌ത്രസംജ്ഞകളുമായി ബന്ധപ്പെട്ടത്. ഒരേ താളത്തിൽ പണിയെടുക്കേണ്ടിവരുന്ന ‘എക്‌സ്’ ചിന്തകൾക്കു ശമനം കിട്ടാൻ പുദിൻഹാര കഴിച്ച് യന്ത്രത്തിന്റെ മോണിട്ടറിനു മുന്നിൽ തല കുമ്പിട്ടിരിക്കുന്നു. ഹൃദയം വികാരങ്ങളുടെ സ്രോതസ്സല്ല, രക്തം പമ്പ് ചെയ്യാനുളള ശാരീരികാവയവം മാത്രം. നാല് അറകളും വാൽവുകളുമുളള ഒരു യന്ത്രം. പ്രതിക്കൂട്ടിൽ നിന്ന അശ്വത്ഥാമാവ് കൂടു തകർത്ത് ഐൻസ്‌റ്റീന്റെ കൈയും പിടിച്ച് കോടതിയുടെ പുറത്തേക്കു നടക്കുന്നു. ഐൻസ്‌റ്റീന്റെ പ്രചോദനം അശ്വത്ഥാമാവിന്റെ ബ്രഹ്‌മശിരോസ്‌ത്രം.
മറ്റെങ്ങും വായിച്ചിട്ടില്ലാത്ത, വായിക്കാൻ ഇടയില്ലാത്തതാണ് അനസിന്റെ ചെറുകഥകൾ. അത് ആഹ്ലാദകരമായ അനുഭവമാണ്. അപൂർവ ലാവണ്യം കൊണ്ട് ഈ രചനകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കഥ ഒരു ബിന്ദുവിൽ നിന്ന് അത്യാവശ്യം വേണ്ട വാക്കുകളിൽ വികസിക്കുന്നു. ഒരുറവയിൽ നിന്ന് നേർത്ത നീരൊഴുക്കുപോലെയാണ് ഈ കഥകൾ സംഭവിക്കുന്നത്. അതിന്റെ സാന്ദ്രമായ ആവിഷ്‌കാരം ഒറ്റപ്പെട്ട വ്യക്തിത്വം സൃഷ്‌ടിക്കുന്നു. വാചാലത എങ്ങുമില്ല. വായനയിൽ അനുഭൂതിയുടെ അനേകം അടരുകൾ സൃഷ്‌ടിക്കുന്ന ഈ ഇരുപത്തിയൊന്നു കഥകളും മലയാള ചെറുകഥയെ ഏറെ സമ്പന്നമാക്കുന്നുവെന്ന് സന്തോഷത്തോടെ പറയാം.
ഇക്വേഷൻസ് (കഥകൾ), അനസ്, വില – 35.00, മെലിൻഡ ബുക്‌സ്.
Generated from archived content: book1_aug17_05.html Author: dr-george-onakkur