ദൈവത്തിന്‌ പ്രിയപ്പെട്ടവർ

ശ്രീ. എം.കെ ചന്ദ്രശേഖരന്റെ ‘ദൈവത്തിന്‌ പ്രിയപ്പെട്ടവർ’ എന്ന ലഘുനോവൽ കയ്യിലെടുക്കുമ്പോൾ സ്വഭാവികമായും ഒന്നുരണ്ടു ചോദ്യങ്ങൾ മനസ്സിലേയ്‌ക്കു കടന്നുവരും. ആരായിരിക്കും ദൈവത്തിന്‌ പ്രിയപ്പെട്ടവർ? എങ്ങനെയാണ്‌ ദൈവത്തിന്‌ പ്രിയപ്പെട്ടവരാകുക? “കരുണയുള്ളവർ ഭാഗ്യവാന്മാർ- അവർക്ക്‌ കരുണ ലഭിയ്‌ക്കും.” “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ – അവർ ദൈവത്തെ കാണും”. ഈ ദൈവവചനങ്ങൾ ഉദ്‌ഘോഷിയ്‌ക്കുന്നതും ഉയർത്തിപ്പിടിയ്‌ക്കുന്നതുമായ മൂല്യങ്ങൾ കരുണയും സ്‌നേഹവും ഹൃദയശുദ്ധിയുമാണ്‌. തിർച്ചയായും അവയുള്ളവരായിരിക്കും ദൈവത്തിനെന്നും പ്രിയപ്പെട്ടവർ. നോവലിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ കള്ളന്മാരും കൊള്ളക്കാരും അധോലോകനായകന്മാരും. പിടിച്ചുപറിക്കാരും വേശ്യകളും ഒക്കെയുള്ള കൊച്ചിനഗരത്തിലെ ദുർഗന്ധം വഹിക്കുന്ന, നഗരത്തിന്റെ മുഴുവനും മാലിന്യങ്ങൾ വഹിയ്‌ക്കുന്ന പേരിൽ മാത്രം ‘കസ്‌തൂരി’യുള്ള കസ്‌തൂരിപ്പറമ്പിലെ താമസക്കാരുടേയും അവരോടു ബന്ധപ്പെട്ട മറ്റു ചില മനുഷ്യരുടേയും കഥയിൽ ദൈവത്തിനു പ്രിയപ്പെട്ടവരായി ഒരുപാടു പേരുണ്ട്‌. അവർ ഔപചാരികമായ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവരോ സമൂഹത്തിൽ ഉന്നതസ്‌ഥാനം വഹിക്കുന്നവരോ സംസ്‌ക്കാരസമ്പന്നരോ ഒന്നുമല്ല. മാത്രവുമല്ല ഒറ്റനോട്ടത്തിൽ അവരിൽ പലരും ചെയ്യുന്ന പ്രവർത്തികൾ നമുക്കു പരിചയമുള്ള മൂല്യങ്ങളുടെ അളവുകോലുകൊണ്ടളക്കുമ്പോൾ വലിയ മാനങ്ങൾ തരുന്നതുമല്ല. പിന്നെയെങ്ങനെ അവർ ദൈവത്തിനു പ്രിയപ്പെട്ടവരായി എന്നതിലേയ്‌ക്കുള്ള ഒരന്വേഷണമാണീ നോവൽ.

ആരാണീ ദൈവമക്കളിൽ പ്രഥമ ഗണനീയൻ? നോവലിന്റെ തുടക്കത്തിൽ നാം പരിചയപ്പെടുന്ന ശിവാനന്ദൻ മുതലാളിയാണോ? എല്ലാം നഷ്‌ടപ്പെട്ട്‌ അവസ്‌ഥയിൽ ഏതോ നിയോഗം കൊണ്ടെന്നപോലെ കസ്‌തൂരിപ്പറമ്പിലെത്തിച്ചേരുകയും അവിടത്തെ അന്തേവാസികളുടെ മുതലാളിയാവുകയും ഭാര്യയും മകനും വളരെയടുത്തുണ്ടായിരിയ്‌ക്കേത്തന്നെ ഒറ്റയ്‌ക്കു കഴിയേണ്ടി വരികയും തന്റെ ഉപജീവനത്തിനു വക കസ്‌തൂരിപ്പറമ്പിലെ ഭിക്ഷക്കാരുടെ പിച്ചക്കാശിൽ നിന്നു കണ്ടെത്തുകയും അതേസമയം അതിലെ മറ്റൊരു പങ്ക്‌ അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. അയാളുടെ മനസ്സിൽ കരുണയും സഹജീവികളോടുള്ള അനുതാപവുമുണ്ട്‌. അതുകൊണ്ടാണല്ലോ അയാൾ തന്നെ അഭയം കൊടുത്ത മുരുകനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കരുതുന്നതും അയാളുടെ സുഖദുഃഖങ്ങൾ തന്റേതുകൂടിയാണെന്നു തോന്നുന്നതും. മഴയുള്ള ഒരു രാത്രിയിൽ വഴിയരികിൽ കണ്ട ഒരു കുഞ്ഞിനെ കൊണ്ടുവരാൻ വേണ്ടി മുരുകനെ പറഞ്ഞയക്കേണ്ടിവരുമ്പോൾ അവനത്‌ ബുദ്ധിമുട്ടാവുമോ എന്നു ചിന്തിയ്‌ക്കുന്നതും ഈ അനുതാപം കൊണ്ടുതന്നെ. ഒരു മുതലാളി തൊഴിലാളി ബന്ധമല്ല ശിവാനന്ദന്‌ മുരുകനോടുള്ളത്‌. സംഭവങ്ങളുടെ ഗതിവിഗതികൾ കൊണ്ട്‌ നഷ്‌ടപ്പെട്ടുവെന്ന്‌കരുതിയിരുന്ന ഭാര്യയേയും മകനേയും കണാനിടവരികയും അവളപ്പോൾ മുരുകന്റെ ഭാര്യയാണെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴാണ്‌ ശിവാനന്ദന്റെ മനസ്സിനുള്ളിലെ ദൈവത്തെ നമ്മളാദ്യം കണ്ടുമുട്ടുന്നത്‌. ആ അവസരത്തിൽ ശിവാനന്ദൻ കാണിച്ച വിവേകവും നിയന്ത്രണവും സംസ്‌കാരസമ്പന്നരെന്ന്‌ നാം കരുതുന്നവരിൽ നിന്നു പോലും പ്രതീക്ഷിക്കാൻ കഴിയാത്തതാണ്‌. ഒടുവിൽ, താൻ സമ്പാദിച്ചതെല്ലാം അവർക്കു വിട്ടുകൊടുത്ത്‌ ശിവാനന്ദൻ പിൻവാങ്ങുകയാണ്‌. മുരുകൻ ആ സമയത്ത്‌ “ദൈവം” എന്നു വിളിയ്‌ക്കാനാഗ്രഹിക്കുന്നുണ്ട്‌., അവന്റെ മുതലാളിയെ രാജ്യമൊഴിയുന്ന രാജാവിനെപ്പോലെ താനടക്കിവാണിരുന്ന കസ്‌തൂരിപ്പറമ്പു വിട്ടൊഴിയേണ്ട സന്ദർഭം വരുമ്പോൾ തന്നെ ‘മുതലാളി’യെന്ന്‌ വിളിയ്‌ക്കരുതെന്നും താനതുവരെ നടത്തിയത്‌ തട്ടിപ്പും വെട്ടിപ്പുമായിരുന്നുവെന്നു തുറന്നുപറയാനുള്ള ഹൃദയ വിശാലതയും തന്റേടവും അയാൾക്കുണ്ട്‌. നോവലിന്റെ അവസാനമെത്തുമ്പോഴേയ്‌ക്കും വായനക്കാർ ഇഷ്‌ടപ്പെടുകയും അല്‌പം ബഹുമാനിയ്‌ക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാവുന്നു, ശിവാനന്ദൻ.

ശിവാനന്ദനെപ്പോലെയെങ്കിലും നഷ്‌കളങ്കതകൊണ്ടും വിശ്വസ്‌തതകൊണ്ടും നമ്മെ ആകർഷിക്കുന്നു, മുരുകനും. തനിയ്‌ക്കൊരു ജീവിതം തന്ന മുതലാളിയോട്‌ ആ ജീവനാന്തം കടപ്പാടും സ്‌നേഹവും പുലർത്തുന്നു, മുരുകൻ. ഉപാധികളില്ലാത്ത സ്‌നേഹമാണ്‌ മുരുകന്റേത്‌. പള്ളിയെ തന്റെ ജീവിതസഖിയാക്കിയതും അതുകൊണ്ടുതന്നെ വള്ളിയെ തന്റെ ജീവിതസഖിയാക്കിയതും അതുകൊണ്ടുതന്നെ. വള്ളിക്ക്‌ പറയാനിഷ്‌ടമില്ലാത്ത അവളുടെ ജീവിതകഥ അയാൾക്കു കേൾക്കണമെന്നില്ല. അവളുടെ പൂർവ്വ കഥ എങ്ങനെയായാലും അവളിപ്പോൾ അയാളെ വിശ്വസിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്‌ത്‌ കൂടെക്കഴിയുന്നു എന്നംഗീകരിയ്‌ക്കാനുള്ള മഹാമനസ്‌കത മുരുകനുണ്ട്‌. മാത്രവുമല്ല, തന്റെ ജീവിത പങ്കാളിയുടെ ഇഷ്‌ടം തന്റെകൂടെ ഇഷ്‌ടമാക്കുന്ന ഒരു വലിയ മനസ്സിനുടമയുമാണയാൾ. മണിക്കുട്ടനെ അയാൾക്കു സ്‌നേഹിയ്‌ക്കാൻ കഴിയുന്നതതുകൊണ്ടാണ്‌.

നോവലിന്റെ അവസാനം കടന്നുവരുന്ന ഒരപ്രധാന കഥാപാത്രമാണ്‌ മാത്യൂസ്‌ എന്ന അമേരിക്കൻ മലയാളി. കസ്‌തുരിപ്പറമ്പിന്റെ യഥാർത്ഥ അവകാശി. അയാളുടെ ഹൃദയത്തിലുമുണ്ട്‌ നന്മയുടെ ഒരു പ്രകാശം. കസ്‌തൂരിപ്പറമ്പ്‌ കോർപ്പറേഷന്‌ കൈമാറുന്നതോടൊപ്പം അതിലെ അന്തേവാസികളുടെ സുരക്ഷയും മാത്യൂസ്‌ ഉറപ്പാക്കുന്നുണ്ട്‌. ഇത്രയും കാലം അവർക്ക്‌ സംരക്ഷണമേകിയ ശിവാനന്ദന്റെ നല്ല മനസ്സുകാണാനും ബോംബെയിൽ അയാൾക്കൊരു ജോലി തരപ്പെടുത്തിക്കൊടുക്കാനും മാത്യൂസിനു കഴിയുന്നു. കരുണയുള്ള മറ്റൊരു ഹൃദയം.

ആദിമദ്ധ്യാന്തങ്ങൾ തമ്മിലുള്ള പൊരുത്തം, നാടകീയമായ സംഭവങ്ങൾ എന്നിവകൊണ്ട്‌ ഒറ്റയടിയ്‌ക്ക്‌ വായിച്ചുപോകാവുന്ന നോവലാണിത്‌. പച്ചയായ ജീവിതങ്ങളുടെ കഥപറയുമ്പോൾ ശ്രീ ചന്ദ്രശേഖരനുപയോഗിയ്‌ക്കുന്ന ഭാഷയ്‌ക്ക്‌ കാവ്യാത്മകതയില്ല, ഒട്ടും. പക്ഷേ അതങ്ങനെതന്നെ വേണമായിരിയ്‌ക്കും. കവിതാത്മകമായ ഭാഷയിലെഴുതാവുന്ന ഒരു കഥയല്ല, ആ മനുഷ്യരുടേത്‌. വികാരങ്ങളിലും വിചാരങ്ങളിലും ജീവിതരീതിയിലും ഒട്ടും നിറങ്ങളില്ലാത്തവരാണവർ. ഭാഷയുടെ സൗന്ദര്യം കൊണ്ടല്ല, നന്മയോടുള്ള അഭിനിവേശം കൊണ്ടാണ്‌ ഈ നോവൽ ശ്രദ്ധേയമാവുന്നത്‌.

ജീവിതത്തിൽ നാം ശങ്കിച്ചു നില്‌ക്കുന്ന ചില സന്ദർഭങ്ങളുണ്ട്‌. ഈ ലോകഭാഷ അക്രമത്തിന്റെയും അനീതിയുടേയും സ്വാർത്ഥതയുടേതുമല്ലേ, കരുണ, ത്യാഗം സ്‌നേഹം തുടങ്ങിയവ എന്നോ വലിച്ചെറിയേണ്ടിയിരുന്ന മൂല്യങ്ങളല്ലേ എന്നൊക്കെ ചിന്തിപ്പിയ്‌ക്കുന്ന അവസരങ്ങളാവുന്നു, കൂടുതൽ അല്ല, അന്തിമ വിജയം നന്മയുടേതാണെന്നും അത്‌ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കൊഴുകുന്ന ഒരിളനീർച്ചോലയാണെന്നുമുള്ള തിരിച്ചറിവുണ്ടാക്കുന്നു, ഈ നോവൽ. “ഒരു തൂവൽകൊണ്ട്‌ ഹൃദയത്തെ തലോടുന്ന അനുഭവം”. ഒപ്പം ഇതെഴുതിയ നന്മനിറഞ്ഞ ഒരു മനസ്സിന്റെ സ്‌പന്ദങ്ങളും നമുക്കനുഭവവേദ്യമാകുന്നു.

Generated from archived content: vayanayute11.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here