പടികൾ കയറുന്ന പെൺകുട്ടി

തകഴി സ്‌മാരക ഫൗണ്ടേഷൻ ‘സാഹിതീയം’ നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സമ്മാനർഹമായ കഥ.

ഇപ്പോൾ ശ്രീലക്ഷ്‌മി എന്ന പതിനാറു വയസ്സുള്ള കുട്ടി ഒറ്റയ്‌ക്ക്‌ ആ പുതിയ ആറു നിലകെട്ടിടത്തിന്റെ പടികൾ കയറുകയാണ്‌. ലിഫ്‌റ്റ്‌ ഉപയോഗിച്ചുകൂടേ എന്ന ചോദ്യത്തിന്‌ അതുപയോഗിച്ച്‌ ശ്രിലക്ഷ്‌മിക്ക്‌ പരിചയമില്ലെന്നും പേടിയാണെന്നും ഉത്തരം പറയാം. (അവളുടെ മുഖത്തെ പരിഭ്രമം മുഴുവൻ കാണാൻ ക്യാമറ ക്ലോസപ്പിൽ) പരിഭ്രമം മാത്രമല്ല ലേശം അപരിചിതത്വവും അവൾക്കുണ്ട്‌. അവളെ നമുക്കൊന്നടുത്തറിയാം. (ക്യാമറ ശ്രിലക്ഷ്‌മിയുടെ വേഷത്തിലേക്ക്‌) പടിപടിയായി ഞൊറിവുകൾ തുന്നിച്ചേർത്ത പിങ്ക്‌ നിറമുള്ള മിഡിയും, പിങ്ക്‌ പൂക്കൾ ചിരിയ്‌ക്കുന്ന വെള്ള ഷോർട്ട്‌ ടോപ്പും. മുടി ഒരു ഭാഗം സ്ലൈഡിട്ട്‌ ഒതുക്കി മറുഭാഗം സ്വതന്ത്രമാക്കിയിരിക്കുന്നു. ആ സ്‌റ്റൈൽ അവളൊരു സിനിമാ മാസികയിൽ നിന്ന്‌ പഠിച്ചതാണ്‌. അതവൾക്ക്‌ നന്നായി ചേരുന്നുണ്ടെന്ന്‌ ആരും പറയാതെ തന്നെ അവൾക്കറിയാമെങ്കിലും അപൂർവ്വമായേ അവളങ്ങനെ മുടികെട്ടാറുള്ളൂ. അടുത്ത ബന്ധുക്കളുടെ വിവാഹത്തിനോ, സ്‌കൂളിലെ ആനിവേഴ്‌സറിയ്‌ക്കോ അങ്ങനെ വല്ലപ്പോഴും. എന്താണെപ്പോഴും അങ്ങനെ ചെയ്യാത്തത്‌ എന്നു തോന്നുന്നുണ്ടോ? കാരണം ശ്രീലക്ഷ്‌മി പുറത്തു പോവുന്നത്‌ വല്ലപ്പോഴുമാണ്‌. ബന്ധുക്കൾ വളരെ കുറവ്‌. അവരുടെ കല്യാണങ്ങളും കുറവ്‌. പിന്നെ, അവർ താമസിക്കുന്നത്‌ ടൗണിൽ നിന്നും അതായത്‌ ശ്രിലക്ഷ്‌മി ഇപ്പോൾ നിൽക്കുന്ന സ്‌ഥലത്തു നിന്നും ഇരുപത്തിമൂന്നു കിലോമീറ്റർ ദൂരെയാണ്‌. നാട്ടിൽ മുഴുവൻ അസൂയക്കാരെകൊണ്ട്‌ നിറഞ്ഞിരിയ്‌ക്കുകയാണെന്ന്‌ അവളുടെ അമ്മ എപ്പോഴും പറയും. അതിപ്പോൾ അവൾക്കും കുറേശ്ശെ ബോധ്യപ്പെട്ടു വരുന്നുണ്ട്‌. “എന്റെ മോളെ കുറച്ചു കാണാൻ കൊള്ളാം. അതോണ്ട്‌ നാട്ടുകാർ വെറുതെ കുറ്റം കണ്ടുപിടിച്ചോളും” എന്നാണ്‌ അമ്മയുടെ നിലപാട്‌. അക്കാരണം കൊണ്ടുതന്നെ നാട്ടുകാരെക്കൊണ്ട്‌ കുറ്റം പറയിപ്പിക്കത്തക്ക ഡ്രെസ്സിങ്ങൊന്നും ശ്രീലക്ഷ്‌മി ചെയ്യാറില്ല. അതിനോടെത്ര ആഗ്രഹമുണ്ടെങ്കിലും. ഇതാ, ഇപ്പോൾത്തന്നെ നോക്കൂ, ഈ മിഡി കഴിഞ്ഞ വർഷം ഓണത്തിന്‌ വാങ്ങിയതാണ്‌. ഇപ്പോഴത്തെയും, കൂട്ടി ഇത്‌ രണ്ടാമത്തെ തവണയാണിടുന്നത്‌. നാട്ടിലെവിടെയിടാനാണെന്നേയ്‌? പിന്നെ, മാലയും കമ്മലും – വൈറ്റ്‌ മെറ്റലിന്റെ ഒരു സെറ്റ്‌ സ്വപ്‌നം കണ്ട്‌ ശ്രീലക്ഷ്‌മി എത്ര രാത്രികളുറങ്ങിയിട്ടുണെന്നോ? ലവേഴ്‌സ്‌ ചോയ്‌സ്‌ ആന്റ്‌ ഫാൻസി‘ എന്നു പേരുള്ള, കുമാരേട്ടന്റെ കടയിൽ കാണാൻ ഭംഗിയുള്ള ഒന്നുമില്ല. പേരുമാത്രം, ഒരു ഗമയൊക്കെയുണ്ട്‌. ശ്രീലക്ഷ്‌മിക്ക്‌ അല്ലെങ്കിലും ഇംഗ്ലീഷ്‌ പേരാണ്‌ താല്‌പര്യം, അതല്ലേ ഓണത്തിന്‌ തുണിയെടുക്കുമ്പോൾ അവളെപ്പോഴും ’പാരഡൈസ്‌ റെഡിമെയ്‌ഡ്‌സ്‌‘ ൽ നിന്നു തന്നെ തുണിയെടുക്കാൻ അച്ഛനെ നിർബന്ധിക്കുന്നത്‌? ആർക്കുവേണം ’പുല്ലുകാട്ടിൽ ടെക്‌സൈറ്റയിൽസി‘ൽ നിന്നും തുണി?.

ശ്രീലക്ഷ്‌മിയുടെ മറ്റൊരു പ്രശ്‌നം. അവളുടെ പേരാണ്‌. അമ്മയും അച്ഛനും എന്തിനാണീ പേര്‌ തനിയ്‌ക്കിട്ടതെന്ന്‌ അവളെപ്പോഴും സങ്കടത്തോടെ ആലോചിക്കും. വേറെ എത്ര ഫാഷനുള്ള പേരുകളുണ്ട്‌? ലിത, ഫോമി, സിന്റ, ഡെൽഫി, മിന്നു….. അങ്ങനെ എന്തെങ്കിലുമൊക്കെ ഇടാമായിരുന്നില്ലേ? പക്ഷേ ആ സങ്കടം കുറച്ചുകുറഞ്ഞു. ഈയിടെയായി. അതിനുകാരണം വഴിയേ മനസ്സിലാവും.

ഉടുപ്പിലും ആഭരണത്തിലും ഏറെ ശ്രദ്ധിക്കുന്ന ശ്രീലക്ഷ്‌മി ഇന്ന്‌ അത്രയൊന്നും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്‌. അത്‌ അവളുടെ മുടിയാണ്‌. ആർക്കും കണ്ടാൽ കുറ്റം പറയാനൊക്കുകയില്ലെങ്കിലും ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിൽ മുടിയിൽ ഇത്ര എണ്ണ വേണ്ടായിരുന്നു എന്ന്‌ കാണുന്നവർക്കൊരഭിപ്രായം പറയാം. എണ്ണയുള്ളതുകൊണ്ട്‌, ഒരു ഭാഗത്ത്‌ സ്ലൈഡുകുത്താതെയിട്ട മുടി, തല ചലിപ്പിക്കുമ്പോൾ അവൾ വിചാരിച്ചതു പോലെനെറ്റിയിലും കണ്ണിലേയ്‌ക്കും വീഴുന്നില്ല. കാവ്യമാധവനൊക്കെ ചെയ്യുന്നതുപോലെ ഒരു ദ്രുത ചലനംകൊണ്ട്‌ പാറിവീഴുന്ന മുടിയിഴകൾ പൂർവ്വാസ്‌ഥാനത്താക്കുന്ന വിദ്യ അവൾ പറ്റുമ്പോഴൊക്കെ പരിശീലിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്നത്തെ മുടിയുടെ പ്രകടനം ശ്രീലക്ഷ്‌മിയുടെ ആത്മവിശ്വാസം കുറെ കെടുത്തിക്കളഞ്ഞിട്ടുണ്ട്‌. പിന്നെ ആ ചെരിപ്പ്‌. മിഡിയിടുമ്പോൾ ’ഹൈഹിൽഡ്‌‘ ചെരിപ്പിടണമെന്ന്‌ ആർക്കാണറിഞ്ഞുകൂടാത്തത്‌? പക്ഷേ, അവിടെയുമൊരബദ്ധം പറ്റി. ശ്രീലക്ഷ്‌മിയുടെ ചെരിപ്പ്‌ ഇന്നലെ പൊട്ടിപ്പോയി. വേറൊന്ന്‌ വാങ്ങാൻ സമയമില്ലായിരുന്നു. തൽക്കാലം എട്ടിൽ പഠിക്കുന്ന അനിയത്തിയുടെ ’മീഡിയം ഹീൽസ്‌‘ വെച്ച്‌ അഡ്‌ജസ്‌റ്റ്‌ ചെയ്യുകയായിരുന്നു. അതും അവൾക്കൊട്ടും തൃപ്‌തിയായിട്ടില്ല.

ഇനി ശ്രീലക്ഷ്‌മിയുടെ മനസ്സിനുളളിലേക്ക്‌. (ക്യാമറ ഇപ്പോൾ ശ്രീലക്ഷ്‌മിയുടെ മുഖത്തും ഫയലിലുണ്ടായിരുന്ന ഒരു നാട്ടിൻപുറത്തെ ദൃശ്യങ്ങളിലും, മാറി മാറി).

അല്ലെങ്കിലും ധൃതിയിലൊക്കെ കാര്യങ്ങൾ തീരുമാനിച്ചാലിങ്ങനെയാണ്‌. ഇന്നിങ്ങോട്ടു വരണമെന്ന്‌ വിളിച്ചു പറയുന്നത്‌ ഇന്നലെ രാത്രി ഒമ്പതരയ്‌ക്കാണ്‌. മനുഷ്യന്‌ ഒരുങ്ങാനുള്ള നേരം കിട്ടണ്ടേ? ഹോ! എന്തൊരു വെപ്രാളമായിരുന്നു അപ്പോൾ തൊട്ട്‌! രാത്രി ശരിക്കുറങ്ങിയതു കൂടിയില്ല. അച്ഛനും, അമ്മക്കും അതിലേറെ. കൂട്ടുകാരികളുടെ കൂടെ, പ്ലസ്‌ വൺ പരീക്ഷ കഴിഞ്ഞയുടെനെ, സിനിമ കാണാനും ഐസ്‌ക്രീം കഴിയ്‌ക്കാനും ഒറ്റത്തവണയേ അമ്മയും അച്ഛനും ഇല്ലാതെ ടൗണിൽ വന്നിട്ടുള്ളൂ. ഇപ്പോൾ ഒറ്റയ്‌ക്ക്‌ വരണമെന്ന്‌ പറയുമ്പോൾ! അല്ല, ടെൻഷൻ തനിയ്‌ക്കുമുണ്ട്‌. പക്ഷെ അതും പറഞ്ഞിരുന്നാൽ കാര്യം നടക്കുമോ? എന്നാ നിങ്ങളുടെ കൂടെ പോ“ എന്നമ്മ അച്ഛനോട്‌ പറയുന്നതു കേട്ടു. ”വരണോടി, ഞാൻ“ എന്നച്ഛൻ ചോദിച്ചപ്പോൾ ”ഏയ്‌, ഇപ്പോഴെനിയ്‌ക്കറിയാം ഒറ്റയ്‌ക്കു പോകാൻ. ഇത്‌ നാലാമത്തെ തവണയല്ലേ“ എന്നു ധൈര്യപൂർവ്വം പറഞ്ഞത്‌ ഞാൻ തന്നെയാ. എട്ടു മണിക്കെത്തണം എന്നു പറഞ്ഞതുകൊണ്ട്‌ ആറു മണിയ്‌ക്കേ വീട്ടിൽ നിന്നിറങ്ങി. ഒരു ഗ്ലാസു കട്ടൻ കാപ്പി മാത്രമാണ്‌ കുടിച്ചത്‌. ”ചോറുപൊതിയണോ“ എന്നമ്മ. വേണ്ടാന്നു പറഞ്ഞു. തോട്ടും കരയിൽ നിന്ന്‌ ടൗണിലേക്ക്‌ നേരെ ബസ്സില്ല. അച്ഛൻ കൂടെ വന്ന്‌ കയറ്റിവിട്ടത്‌ നന്നായി. ചില ബസ്സുകൾ വളഞ്ഞേ പോകുവത്രേ. അങ്ങനെയാണെങ്കിൽ എട്ടുമണിക്കിവിടെ എത്തില്ല.

അല്ല, ഫോട്ടോയെടുക്കുന്ന കാര്യമായതു കൊണ്ടാണിത്ര ശ്രദ്ധിയ്‌ക്കുന്നത്‌. ഡ്രെസ്സിങ്ങിൽ. നാളെ പത്രത്തിൽ പേരും ഫോട്ടോയും വരുമെന്നു പറഞ്ഞു, ജോസഫ്‌ സാർ. എന്തൊരു നല്ല പെരുമാറ്റവും ചിരിയുമാണ്‌ സാറിന്റെ! ആദ്യത്തെ തവണ കണ്ടപ്പോൾ എനിയ്‌ക്ക്‌ പേടിയായിരുന്നു. പക്ഷെ സാറ്‌ ഓരോ തമാശയൊക്കെ പറഞ്ഞ്‌ ”ഇങ്ങനെ ബലം പിടിച്ചിരിക്കല്ലേ മാഷേ“ എന്നു പുറത്തു തട്ടിയപ്പോൾ അമ്മയും അച്ഛനും ഞാനും ചിരിച്ചുപോയി. ഇത്രവലിയ ആളായിട്ടും അങ്ങേർക്ക്‌ അതിന്റെയൊന്നുമില്ലെന്ന്‌ അമ്മയും അച്ഛനും ഒരു പോലഭിപ്രായപ്പെട്ടു. പേരെന്താണെന്നു ചോദിച്ചപ്പോൾ ഞാൻ പതുക്കെയാണന്ന്‌ പറഞ്ഞത്‌. ”ഇത്ര നല്ല പേരൊക്കെയായിട്ട്‌ മോളെന്താ ഇത്ര പതുക്കെ പറയുന്നത്‌“ എന്നു ചോദിച്ചു, സാറ്‌ ”ലക്ഷ്‌മീദേവിയെപ്പോലെയുണ്ട്‌“ എന്ന്‌ പറഞ്ഞപ്പോൾ എനിക്ക്‌ നാണം വന്നു അപ്പോൾ മുതലാണ്‌ ശരിയ്‌ക്കും ഈ പേരിഷ്‌ടമായത്‌. മാത്രമല്ല അച്ഛനോടയാൾ ”ഇപ്പോഴത്തെ പേരുകൾക്കൊന്നും ഒരർത്ഥമില്ലെന്നേയ്‌ – ഷിന്റു, മിന്റു, കിന്റു, അങ്ങനെയൊക്കെയല്ലേ കുട്ടികൾക്കിടുന്ന പേരുകൾ. മോൾക്ക്‌ നല്ല പേരാണിട്ടത്‌. എന്നൊക്കെ പറഞ്ഞപ്പോൾ അച്ഛനും അയാളെ ഒരുപാടിഷ്‌പ്പെട്ടു. അനിയത്തിക്ക്‌ തുടക്കം മുതൽ ഒരു മൂഡ്‌ഔട്ട്‌ ആയിരുന്നു. അന്ന്‌ അവളെങ്ങോ മാറിനിന്ന്‌ ഓരോന്നു നോക്കിക്കൊണ്ടിരുന്നകാരണം ഇതൊന്നും കേട്ടുമില്ല, അറിഞ്ഞുമില്ല. അല്ലെങ്കിലും അവളെങ്ങനെയാ. ഒരു പഠിപ്പിസ്‌റ്റ്‌.

ഈശ്വരാനുഗ്രഹം വരുന്ന ഓരോ വഴികള്‌! എന്റെ പിറന്നാളിന്റെയന്ന്‌ അമ്പലത്തിൽ പോയപ്പോൾ തൊട്ട്‌ തുടങ്ങിയതാണ്‌ എന്തോ നല്ലതു വരാൻ പോകുന്നു എന്ന തോന്നൽ, ക്ലാസിലെ മിക്ക കുട്ടികളും ടൗണിലെ ’ഐശ്വര്യ ഹൈപ്പർ മാർക്കറ്റ്‌‘ സന്ദർശിച്ചിരുന്നു. അവരവിടത്തെ വിശേഷങ്ങൾ പറയുമ്പോൾ കൊതിയാകും. ഒരു കുട്ടി പോയ ദിവസം കല്‌പനചേച്ചി വന്നിരുന്നുവത്രേ. വേറൊരു കുട്ടിയ്‌ക്ക്‌ നറുക്കെടുപ്പിലൂടെ ഒരു വാട്ടർ ബോട്ടിൽ കിട്ടി. സുജ അവിടെച്ചെന്ന്‌ പാട്ടുപാടി. എന്തോ സമ്മാനവും കിട്ടി. വീട്ടിൽച്ചെന്ന്‌ ഈ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ “നമുക്കും അങ്ങോട്ടു പോവാം, അച്ഛാ” എന്നു വാശിപിടിച്ചപ്പോൾ അച്ഛൻ സമ്മതം മൂളുമെന്ന്‌ ഞാൻ വിചാരിച്ചതേയില്ല. ഹൊ, എന്തൊരു നല്ല ദിവസമായിരുന്നു, അന്ന്‌! രാവിലെ മുതൽ സന്തോഷം മാത്രം. പട്ടുപാവാട വേണോ, ചുരിദാർ വേണോ എന്നാലോചിച്ചാലോചിച്ചു പോയി. കുറേനേരം. പിന്നെ രണ്ടും ഇട്ടുനോക്കിയപ്പോൾ പാവാട മതി എന്നു തീരുമാനിച്ചു. ഞായറാഴ്‌ചയും കട തുറക്കുന്നതുകൊണ്ട്‌ അച്ഛനും സൗകര്യമായി. എല്ലാവരും കൂടി ഓരോന്നൊക്കെ പറഞ്ഞ്‌ ഹോട്ടലിൽ നിന്ന്‌ കാപ്പിയൊക്കെ കുടിച്ച്‌…. ഈ ടൗണിലുള്ളവർക്കെന്തൊരു രസമാണ്‌! എത്രയെത്രകാഴ്‌ചകൾ! ഡ്രെസ്സുകൾ! പക്ഷെ അവിടെയെത്തിയപ്പോൾ പാവാടയിടണ്ടായിരുന്നുവെന്നു തോന്നി എനിക്ക്‌. ഞങ്ങളുടെ പ്രായമുള്ള കുട്ടികളൊക്കെയിടുന്ന ഡ്രസ്സുകൾ കണ്ടാൽ കൊതിയാകും. “അവരൊക്കെ ഭയങ്കര പണക്കാരാവും അല്ലേടി”, എന്ന്‌ ഞാൻ അനിയത്തിയെ തോണ്ടി ചോദിച്ചു. ഈ കാറിലൊക്കെ വന്നിറങ്ങി കുറെ സാധനങ്ങൾ വാങ്ങിപ്പോകുന്നവർക്കൊക്കെ എന്തു രസമായിരിക്കും?

ഓരോന്ന്‌ കണ്ടു കണ്ട്‌ അന്നു സമയം പോയതറിഞ്ഞില്ല. കാര്യമായിട്ട്‌ ഒന്നും വാങ്ങിയ്‌ക്കാനും തോന്നിയില്ല. എനിക്ക്‌ വേണ്ടതൊന്നുമവിടെയില്ല. ഒന്നെടുത്താൽ ഒന്നു ഫ്രീ. ഷൂവിന്‌ സോക്‌സ്‌. സോപ്പിന്‌ തിപ്പെട്ടി. അഞ്ചുകിലോ അരിയ്‌ക്ക്‌ ഒരു കിലോ പഞ്ചസാര, അങ്ങനെയങ്ങനെ… ഇതൊന്നും എന്റെ ഡിപ്പാർട്ടുമെന്റല്ല. വല്ല മാലയോ വളയോ ഒക്കെ ഏതിന്റെയെങ്കിലും കൂടെ ഫ്രീ കൊടുത്തുകൂടെ, ഇവർക്ക്‌? പിന്നെ ചുരിദാർ തുണികൾ! ഓ ഇപ്പോൾ ഫാഷനല്ല. അല്ലെങ്കിലും അച്ഛന്റെ കയ്യിൽ ഒരു പാടൊന്നും കാശുകാണില്ല. അവിടെ വരുന്നവരൊക്കെ എത്ര സാധനങ്ങളാ വാങ്ങിക്കൂട്ടുന്നത്‌!. അമ്മയും അച്ഛനും തമ്മിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. അമ്മയ്‌ക്ക്‌ പഞ്ചസാര ഫ്രീ കിട്ടുന്ന കാര്യം കണ്ടപ്പോൾ അരി വാങ്ങിയാലോ എന്നൊരാഗ്രഹം അഞ്ചുകിലോയ്‌ക്ക്‌ നൂറ്റിയമ്പതു രൂപ വില. അതിന്റെ കൂടെ ഒരു കിലോ പഞ്ചസാര വെറുതെ. പതിനെട്ടമ്പതിനാണ്‌ വീട്ടിൽ അരി വാങ്ങുക. അതിനേക്കാൾ എത്ര കൂടുതലാ ഇത്‌ എന്നച്ഛൻ. എന്നാലും ഇത്രടം വന്നിട്ട്‌ ഒന്നും വാങ്ങാതെയെങ്ങനാണന്നമ്മ. അരി അതുവരെ ചുമന്നോണ്ടു പോവണ്ടേ എന്നും ബസ്സിൽ നല്ല തിരക്കാവുമെന്നച്ഛൻ. സാരമില്ല, പകുതി പകുതി പിടിക്കാമെന്നമ്മ. അതിന്‌ ഇതൊറ്റ പാക്കറ്റല്ലേ എന്നച്ഛൻ. അവസാനം അമ്മ ജയിച്ചു. കൗണ്ടറിന്ന്‌ ബില്ലിനോടൊപ്പം ഒരു കൂപ്പൺ കിട്ടിയത്‌ പൂരിപ്പിച്ചു കൊടുക്കാൻ പറഞ്ഞു. എന്റെ പേരെഴുതെന്നെല്ലാവരും. പേരെഴുതിയതും പെട്ടിയിലിട്ടതും അടുത്തവീട്ടിലെ ഫോൺ നമ്പർ കൊടുത്തതുമൊക്കെ ഞാൻ തന്നെയാ. തിരിച്ചെത്തിയിട്ടും പറഞ്ഞു കഴിഞ്ഞില്ല വിശേഷങ്ങൾ. ഐശ്വര്യ ഹൈപ്പർ മാർക്കറ്റിന്റെ കവറിൽ പിറ്റേദിവസം റെക്കോർഡ്‌ പൊതിഞ്ഞുകൊണ്ടുപോയത്‌ നാലു പേരു കാണട്ടെ എന്നു വെച്ചുതന്നെയാ. എന്തായാലും ഫലമുണ്ടായി. റോഷ്‌നിയും സിമിയും കണ്ടയുടനേ ചോദിച്ചു. അവരോട്‌ കുറച്ചു കൂട്ടിയും പറഞ്ഞു. ദിലീപ്‌ വന്നിരുന്നു അന്നവിടെ എന്നൊക്കെ. അവരതു വിശ്വസിക്കുകയും ചെയ്‌തപ്പോ അന്ന്‌ സന്തോഷം കൊണ്ട്‌ സന്തോഷം.

പിന്നെ ഒരാഴ്‌ച കഴിഞ്ഞപ്പോഴല്ലേ, അത്ഭുതം! മനോജേട്ടന്റെ വീട്ടിലേക്ക്‌ ഒരു ഫോൺ ഐശ്വര്യയിൽ നിന്ന്‌! അന്നു പൂരിപ്പിച്ചിട്ട കൂപ്പൺ ഒന്നാം സമ്മാനത്തിനർഹമായിരിക്കുന്നു! ഐശ്വര്യ ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നറുക്കെടുപ്പ്‌! ഒന്നാം സമ്മാനം ശ്രി ലക്ഷ്‌മിക്ക്‌! കമ്പ്യൂട്ടർ! എനിയ്‌ക്ക്‌ കരച്ചിലു വന്നു. എനിയ്‌ക്കോ? ഇന്നേവരെ ഒന്നിലും സമ്മാനം കിട്ടാത്ത എനിയ്‌ക്ക്‌! സത്യമായിട്ടും? മനേജേട്ടന്റെ അമ്മ വരെ പറഞ്ഞു “ഭാഗ്യമുണ്ടല്ലോടി, നിനക്ക്‌?” ആ പ്രദേശം മുഴുവനും അറിഞ്ഞു. ഓരോരുത്തർ വന്നിട്ട്‌ ഓരോന്നു ചോദിയ്‌ക്കുകയാണ്‌. ഹൊ, എന്തൊരു ശല്യം! സമ്മാനം മേടിയ്‌ക്കാനങ്ങോട്ടു ചെല്ലണമെന്ന്‌. തിങ്കളാഴ്‌ച സ്‌കൂളുണ്ട്‌. അച്ഛനു ജോലിയ്‌ക്കു പോണം. ഓ, അതൊന്നും സാരമില്ല. ഇത്ര വലിയ സമ്മാനം കിട്ടുമ്പോഴല്ലേ സ്‌കൂളും, ജോലിയും! ഈശ്വരാ! എങ്ങനെ വിശ്വസിക്കുമിത്‌?എന്തായാലും അച്ഛനും അമ്മയും ഞാനും കൂടി പത്തുമണിയ്‌ക്കേ അവിടെയെത്തി കമ്പ്യൂട്ടർ എങ്ങനെകൊണ്ടുവരും? വലുതല്ലേ? ബസ്സിലൊക്കെകൊണ്ടുവന്നാൽ കേടുവരില്ലേ? അവസാനം ഓട്ടോപിടിയ്‌ക്കാമെന്നു വെച്ചു. ഇരുനൂറു രൂപയാവും, അച്ഛൻ കണക്കുകൂട്ടി. ഇരുപതിനായിരത്തിന്റെ സാധനമല്ലെ, ഇരുനൂറുകളഞ്ഞാലെന്താ എന്ന അമ്മ പ്രായോഗികബുദ്ധിയുപദേശിച്ചു. ഇരുനൂറോ ഇരുപതിനായിരമോ എന്തെങ്കിലുമാകട്ടെ. വീണ്ടും ഐശ്വര്യയിൽപ്പോകുന്നതും സമ്മാനം വാങ്ങുന്നതും ഒക്കെ ഓർത്ത്‌ എനിയ്‌ക്കന്നു സമയം നീങ്ങുന്നില്ല എന്ന്‌ തോന്നി. മാനേജർ വരട്ടെയെന്ന്‌ കൗണ്ടറിലുള്ളയാള്‌. കാത്തുനിൽക്കുകതന്നെ. ഒന്നിരിക്കാനും കൂടി സ്‌ഥലമില്ല. നിന്നു കാലു കഴച്ചു. അവിടെ വന്നവരൊന്നും എന്നെ ശ്രദ്ധിക്കാത്തത്‌ എനിയ്‌ക്ക്‌ സമ്മാനം കിട്ടിയത്‌ അറിയാഞ്ഞിട്ടാവുമെന്ന്‌ ഞാനോർത്തു. പന്ത്രണ്ടു മണിയായി. ഇനിയും വന്നില്ല മാനേജർ. വീണ്ടും കാത്തുനിൽക്കാൻ പറഞ്ഞു. ഒന്നര മണിയായപ്പോൾ ഒരാൾ വന്നു വിളിച്ചു. നല്ല തണുപ്പുള്ള ഒരു മുറി. വട്ടം കറങ്ങുന്ന കസേരയിൽ ചിരിച്ചുകൊണ്ടിരിക്കുന്നു. ജോസഫ്‌ സാർ. അപ്പോൾ പേരറിയില്ലായിരുന്നു, എനിയ്‌ക്ക്‌. പിന്നെ പഠിച്ചതാ, “കൺഗ്രാജുലേഷൻസ്‌”. സാർ കൈനീട്ടി എന്റെ കയ്യുപിടിച്ചു കുലുക്കി. തിരിച്ച്‌ ’താങ്ക്‌യു‘ പറയാൻ ഒരു ചമ്മലാണെങ്കിലും ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. പിന്നെ പേരെന്താ, വീടെവിടെ, എന്തു ചെയ്യുന്നു? അച്ഛനെന്താ ജോലി തുടങ്ങി നൂറു ചോദ്യങ്ങൾ. പേര്‌ പറഞ്ഞപ്പോഴാണ്‌ അതു നല്ല പേരാണെന്നുമൊക്കെ സാറു പറഞ്ഞതും എനിക്കിഷ്‌ടമായതും. എവിടെയാ കമ്പ്യൂട്ടർ വെച്ചിരിക്കുന്നതാവോ? പാക്ക്‌ ചെയ്യാൻ വെച്ചിരിക്കുമോ? ഒന്നു കാണാമായിരുന്നു, അതിനെപ്പറ്റിയൊന്നും പറയുന്നില്ലല്ലോ. ഹാവൂ അവസാനം പറഞ്ഞു – കംപ്യൂട്ടർ എറണാകുളത്ത്‌ ഹെഡ്‌ ആഫീസിലാണ്‌. വരാൻ ഒന്നുരണ്ടു ദിവസമെടുക്കും. എനിയ്‌ക്കു സങ്കടമായി. അന്നു തന്നെ വീട്ടിൽ കൊണ്ടു പോകാമെന്ന്‌ പ്രതീക്ഷിച്ചിരുന്നതാണ്‌. പോട്ടെ എനിയ്‌ക്കു തന്നെ രണ്ടു ദിവസം കഴിഞ്ഞു കിട്ടുമല്ലോ. വ്യാഴാഴ്‌ച വരാനും കുറെ കടലാസുകൾ പൂരിപ്പിച്ചു കൊടുക്കാനുണ്ടെന്നും പറഞ്ഞ്‌ വീണ്ടും നല്ലൊരു ചിരി സമ്മാനിച്ച്‌ ഞങ്ങളെ യാത്രായാക്കി, ജോസഫ്‌ സാർ.

വ്യാഴാഴ്‌ച അമ്മ വരുന്നില്ലെന്നു പറഞ്ഞു. അന്ന്‌ പ്രാക്‌ടിക്കലുള്ള ദിവസമായിരുന്നു. എനിയ്‌ക്ക്‌. എന്നാലും പോകാതിരിക്കുന്നതെങ്ങനെ? നാട്ടിലാണെങ്കിൽ എല്ലാവരും പത്രത്തിൽ ഫോട്ടോ വരാത്തതെന്താണെന്ന്‌ ചോദിക്കുന്നു. അച്ഛനും ഞാനും കൂടെ ചെന്നപ്പോൾ കുറെ കടലാസ്സുകൾ ഒപ്പിടീച്ചു. അന്ന്‌ ജോസഫ്‌ സാറിന്റെ കൂടെ മറ്റ്‌ രണ്ടുപേരുമുണ്ടായിരുന്നു. അവരുടെ നോട്ടവും ഭാവവും ഒന്നും എനിക്ക്‌ ഇഷ്‌ടമായില്ല. പക്ഷേ, ജോസഫ്‌ സാർ – അദ്ദേഹത്തെ ഇഷ്‌ടപ്പെടാതിരിക്കാനാവില്ല. കോട്ടും സൂട്ടും ടൈയും ഒക്കെ കണ്ടാൽ മലയാളമേ പറയില്ല എന്ന്‌ തോന്നും. എന്നാലും വാ തുറന്നാൽ തമാശയേ പറയൂ. അച്ഛനോട്‌ വീണ്ടും പേരിനെപ്പറ്റി ചോദിച്ചു. “ശ്രീലക്ഷ്‌മിയുടെ അമ്മൂമ്മയുടെ പേരാണോ ലക്ഷ്‌മിക്കുട്ടി”. എന്ന്‌? അതെ“ എന്ന്‌ അച്ഛനത്ഭുതം. ”എനിയ്‌ക്കു തോന്നി“ എന്ന്‌ സാറ്‌. എങ്ങനെയാ സാറിന്‌ അമ്മൂമ്മയുടെ പേരറിയുന്നത്‌? അച്ഛനത്‌ ചോദിച്ചില്ലെങ്കിലും സാറ്‌ പറയുകയാണ്‌, ”അതു മോളെ കണ്ടപ്പോൾ തോന്നി“ എന്ന്‌. അവിടെനിന്ന എല്ലാവരും ചിരിച്ചു തകർത്തു. എന്തൊരു ചിരിയായിരുന്നു.

അന്നും കിട്ടിയില്ല, കമ്പ്യൂട്ടർ. ’അടുത്തായാഴ്‌ച വീണ്ടും ചെല്ലുമ്പോൾ കമ്പ്യൂട്ടറിന്റെ മുന്നിൽ നിർത്തി ഫോട്ടോ എടുക്കുമെന്നും അത്‌ പത്രത്തിൽ കൊടുക്കുമെന്നും സാറ്‌ പറഞ്ഞപ്പോൾ ആശ്വാസമായി. അതു തന്നെയാ നല്ലത്‌. കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന്‌ ഫോട്ടോ എടുക്കുമ്പോൾ ഒരു ഗമയൊക്കെ കാണും. ഏതു പത്രത്തിലാ കൊടുക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോൾ എല്ലാത്തിലും എന്ന്‌ പറഞ്ഞ്‌ ചിരിച്ചു, സാറും മറ്റു രണ്ടുപേരും. ഇവരെന്തിനാ ഇങ്ങനെ ചിരിക്കുന്നതാവോ? അടുത്തയാഴ്‌ച വരുമ്പോൾ ഒറ്റയ്‌ക്കുവന്നാൽ മതിയെന്നും ഇപ്പോൾ വഴിയൊക്കെ മനസ്സിലായില്ലെ എന്നും ഞങ്ങളെയൊക്കെ പരിചയപ്പെട്ടല്ലൊ, പേടിമാറിയില്ലേ എന്നും സാറ്‌ ചോദിച്ചപ്പോൾ ശരിയാണെന്ന്‌ എനിക്കും അച്ഛനും തോന്നി. അല്ലെങ്കിലും അച്ഛനങ്ങനെ ലീവൊന്നും കിട്ടില്ല. ശമ്പളം വെട്ടും. ”നീ ഒറ്റയ്‌ക്ക്‌ പോരുമോ മോളേ“ യെന്നച്ഛൻ ചോദിച്ചപ്പോ, ”പിന്നേ, ശ്രീക്കുട്ടിവരു“മെന്ന്‌ മറുപടിപറഞ്ഞത്‌ ജോസഫ്‌ സാറാണ്‌. ആ വിളി എനിയ്‌ക്കിഷ്‌ടമായി. ശ്രീക്കുട്ടി‘, നല്ല രസമുണ്ട്‌. ആരും എന്നെ അങ്ങനെ വിളിക്കാറില്ല. കമ്പ്യൂട്ടർ പായ്‌ക്ക്‌ ചെയ്‌ത്‌ അവരു കൊടുത്ത അഡ്രസ്സിൽ വിട്ടിലെത്തിയ്‌ക്കാമെന്നും ഫോട്ടോ എടുത്തുകഴിഞ്ഞാൽ ഉച്ചയോടെ ഞാൻ വീട്ടിലെത്തുമെന്നും ജോസഫ്‌ സാർ അച്ഛന്‌ ഉറപ്പുകൊടുത്തിട്ടുണ്ട്‌.

……………………………………………………………………………………………………

ശ്രീലക്ഷ്‌മിയ്‌ക്ക്‌ പറയാനുള്ളത്‌ നമ്മൾ കേട്ടുകഴിഞ്ഞു. എന്തുകൊണ്ടാണ്‌ ശ്രീ ലക്ഷ്‌മി ഇപ്പോൾ ആറാം നിലയിലേയ്‌ക്കുള്ള പടികൾ ഒറ്റയ്‌ക്കു കയറുന്നത്‌ എന്നു കാഴ്‌ചക്കാർക്ക്‌ ബോധ്യപ്പെട്ടുവെന്ന്‌ കരുതുന്നു.

അന്നു വന്ന ഓഫീസ്‌ ആറാം നിലയിലല്ലായിരുന്നുവല്ലോ, താഴെ തൂത്തുവാരിക്കൊണ്ടിരുന്ന സ്‌ത്രീ കഷ്‌ടം വച്ച്‌ നിന്നിരുന്നുവല്ലോ, ആ കെട്ടിടത്തിൽ മറ്റെല്ലാ കടകളും അടഞ്ഞുകിടപ്പാണല്ലോ, ഫോട്ടോ എടുക്കാനുള്ളവരെ കാണുന്നില്ലല്ലോ എന്നും മറ്റുമുള്ള ചോദ്യങ്ങൾ ശ്രീലക്ഷ്‌മിയോടൊപ്പം പങ്കുവെയ്‌ക്കാൻ കാഴ്‌ചക്കാരെ വിട്ടുകൊണ്ട്‌ ക്യാമറ ലോങ്ങ്‌ ഷോട്ടിലേക്ക്‌ പിൻവാങ്ങുകയാണ്‌. നാളത്തെ പത്രത്തിൽ കമ്പ്യൂട്ടറിനോടൊപ്പം ചിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ പടം നമുക്ക്‌ പ്രതീക്ഷിക്കാം.

നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങളുടെ ക്യാമറാമാനും പ്രൊഡക്ഷൻ യൂണിറ്റും ഹിഡൻ ക്യാമറയുമായി ഈ പെൺകുട്ടിയെ ബസ്സിറങ്ങിയപ്പോൾ മുതൽ ഫോളോ ചെയ്യുകയും അവളോട്‌ സംസാരിക്കുകയും ചെയ്‌തതിന്റെ വെളിച്ചത്തിലാണ്‌ ഈ എപ്പിസോഡ്‌ പൂർത്തിയാക്കിയത്‌. ടി.വിയിൽ വരുമെന്ന്‌ പറഞ്ഞപ്പോൾ ശ്രീലക്ഷ്‌മി പരിപൂർണ്ണ സഹകരണമാണ്‌ ഞങ്ങളോട്‌ കാണിച്ചത്‌.

പ്രിയപ്പെട്ട പ്രേക്ഷകരേ, ’നടന്നതും നടക്കാവുന്നതും‘ എന്ന ഈ റിയാലിറ്റി ഷോയുടെ ഏറ്റവും ആകർഷകമായ അവസാന ഭാഗം പൂർത്തീകരിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു. ശ്രീലക്ഷ്‌മിക്ക്‌ അന്നുതന്നെ കമ്പ്യൂട്ടർ കിട്ടിയൊ? ഉച്ചക്ക്‌ തന്നെ വീട്ടിലെത്തിയോ തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി ഈ സംഭവത്തിന്റെ രണ്ടാം ഭാഗം എഴുതി എത്രയും പെട്ടെന്ന്‌, അതായത്‌ ഒരാഴ്‌ചക്കുള്ളിൽ ഞങ്ങൾക്കയച്ചുതരിക. യാഥാർത്ഥ്യത്തോട്‌ ഏറ്റവും അടുത്തു നിൽക്കുന്നതേതെന്ന്‌ ജഡ്‌ജിംഗ്‌ കമ്മറ്റി തീരുമാനിക്കുന്നതും ആ ഭാവനയ്‌ക്ക്‌ 40 പവൻ സമ്മാനം ജി.കെ.ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ കൊടുക്കുന്നതുമാണ്‌. നിങ്ങളുടെ പേര്‌ രജിസ്‌റ്റർ ചെയ്യേണ്ട ഫോർമാറ്റ്‌…….

Generated from archived content: story2_may26_09.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here