ബെല്ലടിക്കുമ്പോള്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള ക്ലാസ്സില്‍ പ്രത്യുദ്പാദനത്തെക്കുറിച്ചാണ് പഠിപ്പിക്കേണ്ടിയിരുന്നത്. വിഷയത്തില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയും , ഇത് തീര്‍ത്തും സയന്‍സാണെന്ന് ഇടക്കിടെ പൊന്തിവരുന്ന ചില കൗമാരച്ചിരികളെ അമര്‍ത്തി ഉദ്ബോധിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ , പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എങ്ങെനെയാണ് കരുതിയിരിക്കണം എന്ന് ഒരദ്ധ്യാപകന്റെ ചുമതലാബോധത്തോടെ ഓര്‍മ്മിപ്പിച്ചും മുന്നോട്ടു പോകുമ്പോഴാണ് മൂന്നാമത്തെ ബെഞ്ചില്‍ നിന്നും നിനച്ചിരിക്കാതെ മാതംഗി ചാടിയെഴുന്നേറ്റ് കൈകള്‍ കുടഞ്ഞ് തലയങ്ങോട്ടുമിങ്ങോട്ടുമാട്ടി ഉറക്കെക്കരഞ്ഞ് തളര്‍ന്നു വീണുപോയത്. എന്തുചെയ്യണമെന്നമ്പരന്നു നില്‍ക്കേ ആരോ പതുക്കെ പറയുന്നതു കേട്ടു . ‘’ അതിനു വട്ടാ’‘

പെണ്‍കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധ വേണമെന്നു മാത്രമേ മുപ്പതുവര്‍ഷം അദ്ധ്യാപകനായിരുന്ന അച്ഛന്‍ താന്‍ ജോലിക്കു കയറുമ്പോള്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളു. സ്റ്റാഫ്റൂമില്‍ തന്റെ നേര്‍ക്കു നീണ്ടുവരുന്ന അനേകം കണ്ണുകളിലെ ചോദ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഒരു ദിവസം മാതംഗിയെ വിളിച്ചു സംസാരിക്കുമ്പോള്‍ ആ കുട്ടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയുണ്ടായില്ല. പക്ഷെ അത്ഭുതപ്പെടുത്തുന്ന നിര്‍വികാരതയോടെ അവള്‍ പറഞ്ഞു ‘’ എന്റെ ചേട്ടന്‍ അവനാ കാരണം. അമ്മ അവനെ ഏല്‍പ്പിച്ചതാ എന്നെ. പത്തില്‍ പഠിക്കുമ്പോഴാ അബോര്‍ഷന്‍ ചെയ്തു. ആണുങ്ങളെ ഒന്നിനേം കണ്ടുകൂടാ എനിക്ക്’‘. ഞെട്ടിത്തരിച്ചു പോയത താനാണ് എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ വാക്കുകള്‍ക്കു വേണ്ടി പരതുമ്പോള്‍ മാതംഗിയുടെ മുഖത്ത് പരിഹാസച്ചിരി വിടര്‍ന്നു ‘’ ഒന്നും പറയാനില്ല അല്ലേ സാറെ?’‘ യാതൊന്നും സംഭവിക്കാത്തതു പോലെ അവള്‍ മുറിവിട്ടു പോയി.

ഉറക്കം നഷ്ടപ്പെട്ട രാവുകളില്‍ അവളില്‍ ആരോടെങ്കിലുമുള്ള വിശ്വാസം ഊട്ടിയുറപ്പുക്കേണ്ടത് ഒരദ്ധ്യാപകനാണെന്ന നിലയില്‍ തന്റെ കര്‍ത്തവ്യമാണെന്നു സ്വയം ബോധ്യപ്പെടുത്തിയും, ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് നെറ്റിലന്വേഷിച്ചും അവസാനം ഒരുപാധിയുമില്ലാതെ സ്നേഹിക്കുക എന്നതാണ് ഏറ്റവും നല്ല വഴിയെന്നു മനസിലുറപ്പിച്ചും എന്നെങ്കിലുമൊരിക്കല്‍ അവളത് തിരിച്ചറിയുകയും എല്ലാം ശരിയാവുകയും ചെയ്യുമെന്നു വിശ്വസിച്ചും ഒരു പൂജാവധി കഴിഞ്ഞു സന്തോഷത്തോടെ ‘ പ്രിയപ്പെട്ട അനുജത്തിക്ക്’ എന്ന് സ്നേഹപൂര്‍വം അവളെ അഭിസംഭോധന ചെയ്ത കത്ത് ക്ലാസ്സു കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ കയ്യില്‍‍ കൊടുത്ത് ചാരി‍താര്‍ത്ഥ്യത്തോടെ സ്റ്റാഫ് റൂമിലേക്കു നടന്നു.

ലഞ്ച് ബ്രേക്കിന് മാതംഗിയെ വെളിയില്‍ കണ്ടു. സംശയിച്ചു നില്‍ക്കാതെ അവളകത്തു കയറി അനുവാദം ചോദിക്കാതെ മുന്നിലുള്ള സീറ്റിലിരുന്നു . പെട്ടന്ന് , ഒരു ചോദ്യത്തിനിട കിട്ടുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റിന്റെ വേഗതയോടെ അവള്‍ കയ്യില്‍ കയറിപ്പിടിച്ചു. കൈത്തണ്ടയില്‍ പല്ലുകളമര്‍ന്നപ്പോള്‍ നിലവിളിച്ചു പോയി. ഷര്‍ട്ടില്‍ രക്തത്തുള്ളികള്‍. ചുരുട്ടിപ്പിടിച്ച കടലാസ് മുഖത്തേക്ക് വലിച്ചെറിഞ്ഞ് പല്ലില്‍ കുരുങ്ങിയ ഷര്‍ട്ടിന്റെ കഷണം ചോരയോടൊപ്പം അവിടെത്തന്നെ തുപ്പി അമാനുഷികമായ വേഗതയില്‍ മാതംഗി ഗ്രൗണ്ടിനു കുറുകെ ഓടി.

അപ്പോള്‍ ബ്രേക്കു കഴിഞ്ഞ് ബെല്ലടിച്ചു.

Generated from archived content: story1_nov1_12.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here